അന്നുമിന്നും നമ്മുടെ സമൂഹത്തിൽ ധാരാളം വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന ഒരു വിഭാഗമാണ് പോലീസുകാർ. പോലീസുകാരിൽ ചിലർ മോശക്കാർ ഉണ്ടാകാം, ഉണ്ടായിരുന്നിരിക്കാം. പക്ഷേ ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച പോലീസ് ഫോഴ്സ് ആണ് നമ്മുടെ കേരള പോലീസ് എന്നത് മറക്കരുത്. ഗൾഫ് രാജ്യങ്ങളിലെ പോലീസുകാരുടെ നല്ല പ്രവൃത്തികൾ പ്രവാസികളുടെ അനുഭവങ്ങളിൽക്കൂടി നാം മനസ്സിലാക്കിയിട്ടുള്ളതാണ്. മിക്കയാളുകളും ഗൾഫ് പോലീസിനെ വെച്ച് നമ്മുടെ പോലീസിനെ താരതമ്യപ്പെടുത്തുകയും ചെയ്യാറുണ്ട്.
എന്നാൽ കേരള പോലീസ് ഇന്ന് വളരെയധികം മാറിക്കഴിഞ്ഞു. അത്തരത്തിലൊരു അനുഭവം പങ്കുവെയ്ക്കുകയാണ് മലപ്പുറം ജില്ലയിലെ വെളിയങ്കോട് സ്വദേശിയായ ഖലീൽ ഇബ്രാഹിം. അദ്ദേഹം ഫേസ്‌ബുക്കിൽ ഷെയർ ചെയ്ത അനുഭവക്കുറിപ്പ് ഇങ്ങനെ…
“പൊന്നാനി Highway Patrol team നെ അഭിനന്ദിച്ചേ മതിയാവൂ. ഞങ്ങൾ വളാഞ്ചേരിയിലേക്കുള്ള യാത്രയിൽ കുറ്റിപ്പുറം പാലത്തിന് മുമ്പ് പൊന്നാനി – കുറ്റിപ്പുറം ഹൈവേയിൽ വെച്ച് വണ്ടി over heat ആവുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ വണ്ടി ഒതുക്കി നിർത്തിയിട്ടു. Radiator ൽ ഒരു തുള്ളി വെള്ളമില്ലാത്തതായിരുന്നു കാരണം.
നല്ല മഴയും ഉണ്ടായിരുന്നു. കുടയുമില്ലായിരുന്നു. അടുത്ത് കടകളോ വീടോ ഒന്നും ഇല്ലായിരുന്നു. എന്തു ചെയ്യും എന്ന് കരുതി വണ്ടിയിൽ തന്നെ ഇരിക്കുമ്പോൾ Highway* Patrol team വന്ന് വണ്ടി നിർത്തി കാര്യമന്വേഷിച്ചു. Radiator ൽ വെള്ളമില്ല എന്നറിഞ്ഞപ്പോൾ അവരുടെ കയ്യിലുണ്ടായിരുന്ന രണ്ട് bottle വെള്ളം വണ്ടിയിൽ ഒഴിക്കാനായി തന്നു. എന്നിട്ട് “Start ചെയ്യണ്ട, ഞങ്ങൾ ഇപ്പോൾ വരാം” എന്ന് പറഞ്ഞ് കുടയും തന്ന് അവർ പോയി. പെട്ടെന്ന് തന്നെ അവർ 3 bottle വെള്ളവുമായി വന്നു വണ്ടിയിൽ ഒഴിച്ചു. വണ്ടി start ചെയ്ത് കുഴപ്പമൊന്നുമില്ല എന്ന് ഉറപ്പു വരുത്തിയാണ് അവർ പോയത്. നന്ദി Ponnani highway patrol team..”
നമ്മുടെ പോലീസുകാരിൽ വന്ന മാറ്റം ഇപ്പോൾ മനസ്സിലായില്ലേ? നെഗറ്റീവ് വാർത്തകൾ ഏറെ പുറത്തു വരുന്നതിനിടയിലും ഇതുപോലുള്ള നല്ല കാര്യങ്ങൾ അധികമാരും അറിയപ്പെടാതെ പോകുകയാണ് പതിവ്. ഇന്ന് പോലീസ് സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്നുകൊണ്ട്, ജനങ്ങളുടെ ആവശ്യങ്ങളും കഷ്ടപ്പാടുകളും മനസ്സിലാക്കി, ജനമൈത്രി എന്ന വാക്ക് യാഥാർഥ്യമാക്കിക്കൊണ്ട് നാടെങ്ങും പ്രവർത്തിക്കുന്നുണ്ട്. പ്രളയം വന്നപ്പോൾ നമ്മളെ ചേർത്തു പിടിച്ചവരിൽ നമ്മളെല്ലാം ഒന്നടങ്കം കുറ്റം പറഞ്ഞിരുന്ന പോലീസുകാരും ഉണ്ടായിരുന്നു. ഇന്നും നമുക്ക് ഒരു പ്രശ്നം വന്നാൽ നേരെ പോലീസ് സ്റ്റേഷനിലേക്ക് ചെല്ലുന്നതും അവരിലുള്ള വിശ്വാസം ഒന്നുകൊണ്ടു മാത്രമാണ്.