കേരളത്തിൽ സിനിമാതാരങ്ങളോളം ആരാധകരുണ്ട് കെഎസ്ആർടിസിയ്ക്ക് ഇപ്പോൾ. ആരാധകർ പല തരത്തിലുണ്ട്. ചിലർ കെഎസ്ആർടിസിയിലെ പഴയ ബസ്സുകളുടെ ഫാൻസ് ആയിരിക്കും. മറ്റു ചിലർക്ക് ചില ഡിപ്പോകളിലെ ബസ്സുകളോട് ആയിരിക്കും ഈ ആരാധന. അത്തരത്തിൽ തനിക്ക് ഇഷ്ടപ്പെട്ട ഒരു ബസ്സിനെക്കുറിച്ചും പ്രസ്തുത ബസ് വേറെ ഡിപ്പോയിലേക്ക് സ്ഥലം മാറ്റി പോകുന്ന വിഷമവും ഒക്കെ വിവരിക്കുകയാണ് ആനവണ്ടി പ്രേമിയും ഹരിപ്പാട് സ്വദേശിയുമായ റെജിൻ രാജു. അദ്ദേഹത്തിൻ്റെ കെഎസ്ആർടിസി പ്രേമം വെളിപ്പെടുത്തുന്ന, ബസ് പോകുന്നതിൽ വിഷമത്തോടെയുള്ള ആ കുറിപ്പ് താഴെ വായിക്കാം.
ഓരോരുത്തർക്കും ഓരോ രീതിയിലാണ് ഓരോ വണ്ടികൾ മനസ്സിൽ പതിയുന്നത്. പിന്നീട് ആരാധന തോന്നുന്നത്.. അങ്ങനെ ഒരു പ്രത്യേക തരം ഇഷ്ടം ആയിരുന്നു എനിക്ക് ഈ വണ്ടിയോട്. RAK 897 കരുനാഗപ്പള്ളി.. ഒന്നാമത് ഇവൻ വ്യത്യസ്ത ലുക്ക് കൊണ്ടും പിന്നീട് ആ വരുന്ന വരവ് കൊണ്ടും.. ഇവന്റെ വിൻഡ് ഷെയിൽഡ് സ്റ്റിക്കർ തന്നെ മതി ഇവൻ എത്ര ദൂരത്തുനിന്നു വരുന്നത് കണ്ടാലും അറിയാൻ പറ്റും. മറ്റുള്ള തട്ടുപൊളിപ്പൻ വണ്ടികളേക്കാൾ യാത്ര ചെയ്യാനും മനോഹരം..ഇവൻ റോഡിലൂടെ പോകുന്നത് കാണാൻ തന്നെ ഒരു രസമായിരുന്നു. ഏതൊരു ബസ് ഫാനും ആദ്യം ഒന്ന് നോക്കിയിരിക്കും ഇവനെ കണ്ടാൽ.. ശരിക്കും ഒരു ഒന്നൊന്നര കൊമ്പൻ..
ഇന്ന് ഇവൻ വടകരക്ക് പോയി എന്നറിഞ്ഞപ്പോൾ എന്തെന്നില്ലാത്ത സങ്കടം തോന്നി. ഇത്രയും മനോഹരമായ ഒരു യൂണിക് വണ്ടി എങ്ങനെ ആണ് ഒരു ഡിപ്പോക്ക് കൊടുക്കാൻ സാധിക്കുന്നത് എന്ന് ചിന്തിച്ചു പോയി.. കരുനാഗപ്പള്ളി ഡിപ്പോ എന്ന് പറയുമ്പോൾ എനിക്ക് പോലും ആദ്യം ഇവന്റെ മുഖമാണ് മനസിൽ വരുന്നത്. എന്നെപോലെ ഒരുപാട് ആളുകളുടെ മനസ്സിൽ പതിഞ്ഞ മുഖം എങ്ങനെ ആണ് മാറ്റാൻ സാധിക്കുന്നത് എന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല.. ഒരു പക്ഷെ വിധി ഇന്നിവനെ മറ്റൊരിടത്തേക് പറിച്ചു നടുന്നു. നാളെ നിന്റെ ആ ഭംഗി ഉള്ള വിൻഡ്‌ഷെയിൽഡ് പോലും മാഞ്ഞു പോയേകാം, അല്ലേൽ പറിച്ചു കളഞ്ഞേക്കാം. എങ്കിലും ഞങ്ങൾ ആനവണ്ടി ഫാൻസിന്റെ മനസിൽ നീ എന്നും ആ കരുനാഗപ്പള്ളി കൊമ്പൻ തന്നെ ആണ്..
ഇതിൽ നിന്നും ഞാൻ പഠിച്ച ഒരു കാര്യം നമ്മൾ ഒന്നിനെയും അമിതമായി സ്നേഹിക്കരുത്..ഇതൊന്നും നമ്മളുടേതല്ല.. ഇന്നലേൽ നാളെ ഇത് നമ്മുടെ കാഴ്ചയിൽ നിന്നും പോകും..നമ്മളെ വിട്ടു പോകും.. ഇതൊക്ക കേവലം ബസ് ആണ് അത്ര മാത്രം. പുതിയ റൂട്ടിൽ നിനക്ക് ഒരുപാട് ഫാൻസ് ഉണ്ടാക്കട്ടെ എന്ന് ആശംസിക്കുന്നു. എനിക്ക് ഇഷ്ടപെട്ട ഇവന്റെ ഒരു പഴയ ഫോട്ടോ കൂടെ മുകളിൽ ചേർക്കുന്നു..