അനുഭവക്കുറിപ്പ് – സനൽ ലാൽ ജനാർദ്ദനൻ
“ഈ പോസ്റ്റ് ടൈപ്പ് ചെയ്യുമ്പോഴും മനസ്സിലെ പേടിയും അധികമുള്ള ഹൃദയമിടിപ്പും മാറിയിട്ടില്ല. ജീവൻ തിരിച്ചു കിട്ടി എന്നത് തന്നെ വല്യ കാര്യമാണ് എന്ന് വിശ്വസിക്കാൻ ശ്രമിക്കുകയാണ്. പക്ഷെ ഒരു കാര്യം.. സ്വകാര്യ ബസ്സുകൾ, അതിലെ ഡ്രൈവർമാർ മറ്റ് വാഹനളോടും, അതിലെ യാത്രക്കാരോടും, വഴിയാത്രക്കാരോടും കുറച്ച് കാരുണ്യം കാണിക്കണം എന്നാണ് എനിക്ക് അഭ്യർത്ഥിക്കാനുള്ളത്. നിങ്ങള്ക്ക് സമയം ആയിരിക്കും വലുത്. പക്ഷെ നമുക്ക് ജീവനേക്കാൾ വലുതല്ല സമയം.
ഇന്ന് ഉച്ചക്ക് ഏകദേശം 2:50 ന് നീലേശ്വരം കരുവാച്ചേരി വളവിൽ വച്ചാണ് സംഭവം. ഞാൻ നീലേശ്വരത്ത് നിന്നും ചെറുവത്തൂർ ഭാഗത്തേക്ക് പോകുകയായിരുന്നു. കരുവാച്ചേരി വളവ് കഴിഞ്ഞതും മുന്നിൽ രണ്ട് ബസ്സുകൾ എതിർ ദിശയിൽ വരുന്നു. നമ്മുടെ നാട്ടിൽ തന്നെ ഏറ്റവും അപകട സാധ്യത ഉള്ള വളവുകളിൽ ഒന്നാണ് കരുവാച്ചേരി വളവ്. അവിടെ വച്ച് ഒരു സ്വകാര്യ ബസ്സ് മറ്റൊരു സ്വകാര്യ ബസ്സിനെ മറികടക്കാൻ ശ്രമിക്കുകയാണ്. മറികടക്കാൻ ശ്രമിക്കുന്നത് കണ്ണൂർ കാസറഗോഡ് റൂട്ടിൽ ഓടുന്ന ഷിയ ബസ്.
എന്റെ വണ്ടി റോഡിൽ നിന്നും താഴെ ഇറങ്ങാൻ ഒരു നിമിഷം വൈകിയിരുനെങ്കിൽ പൊടി പോലും ബാക്കി ഉണ്ടാകുമായിരുന്നില്ല. റോഡിൽ നിന്നും താഴെ ഇറക്കിയ ശേഷം കുറച്ച് നിമിഷം ഒന്നും മനസ്സിലായില്ല. പിന്നെ വണ്ടി തിരിച്ച് ബിസ്സിനെ പിന്തുടർന്ന്, മാർക്കറ്റിൽ വച്ച് പിടിച്ചു. ഡ്രൈവറോട് കാര്യങ്ങൾ ചോദിക്കാൻ ചെന്നു.
ഏറ്റവും രസം അവന്റെ മറുപടിയാണ്. ഡ്രൈവറുടെ മറുപടി “ഞാൻ എനിക്ക് തോന്നിയ പോലെ വണ്ടി ഓടിക്കും, നിനക്കൊക്കെ വേണമെങ്കിൽ നീ സൂക്ഷിച്ചു പൊയ്ക്കോ”. എന്താല്ലേ…
ഇവനോടൊക്കെ പിന്നെന്ത് പറയാൻ. എന്തായാലും ഇന്ന് സമയം വൈകി. നാളെ കാസറഗോഡ് ചെന്ന് RTO ക്ക് നേരിട്ട് പരാതി കൊടുക്കാൻ തീരുമാനിച്ചു. മനുഷ്യ ജീവന് യാതൊരു വിലയും കൽപ്പിക്കാത്ത ഇത്തരം ഡ്രൈവർമാരെ സൂക്ഷിക്കുക. അപകടങ്ങൾ ഉണ്ടാവുകയല്ല.. ഇവനെ പോലുള്ളവർ ഉണ്ടാക്കുകയാണ് ചെയ്യുന്നത്.”
റോഡിൽ ബസ്സുകളുടെ മരണപ്പാച്ചിലിന് ഒരിക്കലും ഒരു അവസാനമുണ്ടാകില്ല. അതിപ്പോൾ കെഎസ്ആർടിസി ആയാലും പ്രൈവറ്റ് ആയാലും. ബസ്സുകാരുടെ മത്സരയോട്ടങ്ങൾക്കും മരണപ്പാച്ചിലിനും ഒരറുതി വരണമെങ്കിൽ നമ്മുടെ അധികാരികൾ തന്നെ വിചാരിക്കണം. ഒന്ന് – നല്ല റോഡുകൾ വേണം, രണ്ട് – ഓരോ റൂട്ടുകളിലെയും സമയം പുനഃക്രമീകരണം നടത്തണം.
NB – ഈ പോസ്റ്റിനു താഴെ പ്രൈവറ്റ്, കെഎസ്ആർടിസി ചേരി തിരിഞ്ഞു കമന്റിട്ടു ന്യായീകരിക്കുന്നവരോട് ഒന്നും പറയാനില്ല. അനുഭവം വരുമ്പോൾ ഫാനിസം എല്ലാം മറന്നോളും.