തുടർച്ചയായ രണ്ടാം വർഷത്തിലും പ്രളയം ഭീകരതാണ്ഡവമാടിയപ്പോൾ അതിൽപ്പെട്ടു എല്ലാം നഷ്ടമായവർക്ക് കരുത്തും കരുതലുമായി കേരളം ഒറ്റക്കെട്ടായിത്തന്നെ നിൽക്കുകയാണ്. എന്നാൽ ദുരന്തഭൂമിയിൽ എത്തുന്നവരുടെ മനസ്സ് ഒരുനിമിഷം പതറിപ്പോകും. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട വിലാപങ്ങൾ, വീടും സ്വത്തും നഷ്ടപ്പെട്ട് ജീവൻ മാത്രം കയ്യിൽപ്പിടിച്ചവരുടെ ആധികൾ അങ്ങനെയെങ്ങനെ പലതരത്തിലുള്ള അനുഭവങ്ങളാണ് ദുരന്തമേഖല നമുക്കു മുന്നിൽ ചോദ്യചിഹ്നമാകുന്നത്. കവളപ്പാറയിൽ സേവനമനുഷ്ഠിച്ച  ഡോ.ഷിംന അസീസിനും പറയുവാനുള്ളത് ഇത്തരം കരളലിയിപ്പിക്കുന്ന അനുഭവങ്ങളാണ്.

ഷിംനയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ… “കഴിഞ്ഞ മൂന്ന്‌ രാവുകളുടെ പകുതിയും കവളപ്പാറയിലായിരുന്നു. അല്ല, കവളപ്പാറയിലെ അപ്രതീക്ഷിതമായ ആഘാതത്തെ അതിജീവിച്ചവർക്കൊപ്പമായിരുന്നു.

“ഞങ്ങളുടെ എല്ലാം പോയി മോളേ” എന്ന്‌ പറഞ്ഞ്‌ വിങ്ങി പൊട്ടിയവരുടെ കൂടെ കരഞ്ഞു പോയവരാണ്‌ നമ്മളോരോരുത്തരും. മണ്ണിൽ പൂഴ്‌ന്ന്‌ പോയൊരാളുടെ നല്ല പാതിയെക്കണ്ടു, അവരുടെ മൂന്ന്‌ വയസ്സുള്ള കുഞ്ഞിനേയും. അവനെ അവർ നെഞ്ചിലമർത്തിയിരിക്കുന്നു. പനിയെങ്ങനെയുണ്ടെന്ന് പരിശോധിക്കുമ്പോഴെല്ലാം ആ കുഞ്ഞിക്കണ്ണുകളിൽ ആഴ്ന്ന നിശ്ശബ്ദത മാത്രം. മൂന്നാം ദിവസം വീണ്ടെടുക്കപ്പെട്ട ദേഹങ്ങളിൽ അവരുടെ പ്രിയതമനുമൂണ്ടായിരുന്നു. കവളപ്പാറ ഒട്ടേറേ കരളുകളെ പറിച്ചെടുത്ത് കൊണ്ടു പോയിരിക്കുന്നു.

കവളപ്പാറയിലെ ഓർമ്മകളുടെ ശ്‌മശാനത്തിൽ നിന്നും വീണ്ടെടുക്കുന്ന ശരീരങ്ങൾ പോത്തുകല്ല്‌ ജുമാ മസ്‌ജിദിൽ വെച്ചാണ്‌ പോസ്‌റ്റ്‌മോർട്ടം ചെയ്യുന്നത്. അന്യമതസ്‌ഥർ പള്ളിയിൽ കയറരുതെന്ന്‌ മുറുമുറുക്കുന്നതിൽ നിന്നും പള്ളി ശുദ്ധിയായി സൂക്ഷിക്കണമെന്നുമൊക്കെ ഉരുവിട്ട്‌ പഠിച്ചവരിൽ നിന്നും ഇറങ്ങിയോടി നമ്മൾ വെറും വെറും മനുഷ്യരാവുകയാണ്‌. ആ പള്ളിയിലെ പണ്‌ഢിതരെയും ഇന്നലെ കണ്ടിരുന്നു. എല്ലാവരെയും ആശ്വസിപ്പിച്ചും ക്ഷേമമന്വേഷിച്ചും നെടുവീർപ്പുകൾ പൊഴിച്ചും…

പ്രാണൻ പിരിഞ്ഞ ശരീരത്തിന്‌ മണ്ണിനടിയിൽ മണിക്കൂറുകൾ കഴിഞ്ഞാൽ ഒരു കരിംപച്ച രാശിപ്പുണ്ടാകും. അവനെയാകണം പണ്ടാരോ പച്ചമനുഷ്യനെന്ന്‌ വിളിച്ചത്‌. അസ്‌തിത്വം അവിടെയാണ്‌. അവിടെ നമ്മൾ മനുഷ്യൻ മാത്രവുമാണ്‌.

പലപ്പോഴും നമ്മളിലുള്ള മനുഷ്യരെ നേരിൽ കാണാൻ ഇത്ര പേർ ഉയിർ നൽകേണ്ടി വരുന്നല്ലോ… കവളപ്പാറ തന്ന അനുഭവങ്ങൾ മൗനമായി പിടികൂടിയിരിക്കുന്നതിൽ നിന്നും രക്ഷപ്പെടാൻ എത്ര കാലമെടുക്കുമെന്നറിയില്ല. മനസ്സിനും ശരീരത്തിനും വയ്യാതാവുന്നത്‌ പോലെ…

നെഞ്ചിലെ ഭാരത്താൽ കണ്ണ്‌ നനയുന്നതൊരു ശീലമായിരിക്കുന്നു. പക്ഷേ, തളർന്ന്‌ നിൽക്കാൻ അർഹതയില്ല. അവരെ ചേർത്ത്‌ പിടിക്കാതെ വയ്യ, രോഗവും സങ്കടവും ഒപ്പിയെടുത്തോളാമെന്ന്‌ വാക്ക്‌ കൊടുത്തതാണ്‌. കവളപ്പാറ നമ്മുടേതായി മാറുന്നതുമവിടെയാണ്‌…”

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.