കെഎസ്ആർടിസി എന്നു പറയുമ്പോൾ നമ്മുടെ സ്വന്തം ബസ് ആണ് എന്നതാണ് എല്ലാവരുടെയും മനസ്സിൽ. ദുരിതക്കയത്തിൽ മുങ്ങിയ കെഎസ്ആർടിസിയെ കരകയറ്റുവാൻ ഭൂരിഭാഗം ജീവനക്കാരും പരിശ്രമിച്ചു കൊണ്ടിരിക്കുന്ന ഈ സമയത്ത് ചിലർ യാത്രക്കാരെ എന്നെന്നേക്കുമായി കെഎസ്ആർ അകറ്റുവാനാണ് അവരുടെ മോശം പെരുമാറ്റം കൊണ്ട് ശ്രമിക്കുന്നത്. ഇത്തരത്തിൽ ഒരു അനുഭവം വിവരിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ഡോക്ടറും പിജി വിദ്യാർത്ഥിനിയുമായ തിരുവനന്തപുരം സ്വദേശിനി ആര്യ ശ്രീ ഒരു കുറിപ്പ് ഫേസ്‌ബുക്കിൽ പങ്കുവെയ്ക്കുകയുണ്ടായി. ഏവരെയും അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്ന ആ പോസ്റ്റ് താഴെ കൊടുത്തിരിക്കുന്നു. ഒന്നു വായിക്കാം.
“സാഹിത്യപരമായി ഒന്നും എഴുതാൻ അറിയാത്ത എന്തിന് ഒരു ഡയറിക്കുറിപ്പ് പോലും എഴുതിയിട്ടില്ലാത്ത ഞാൻ facebook ൽ ആദ്യമായി ഇടുന്ന പോസ്റ്റ്. ഇന്ന് (13-05-2019) രാത്രി DAMS ലെ ക്ലാസ് കഴിഞ്ഞു തമ്പാനൂരിൽ നിന്നും കയറിയ RPC 158 (KL15 A 788) നാഗർകോവിൽ fast passenger ബസ്സിൽ ഉണ്ടായ ഒരു ദുരനുഭവം. രാത്രി ബസ്സിൽ ഒറ്റയ്ക്ക് കയറാൻ സ്വതവേ ധൈര്യമില്ലാത്ത ഞാൻ ക്ലാസ്സിൽ കൂടെയുണ്ടായിരുന്ന രണ്ടു ചേച്ചിമാരും ഒരു ചേട്ടനും ഉണ്ടല്ലോ എന്ന ധൈര്യത്തിൽ ബസ്സിൽ കയറി മയങ്ങിത്തുടങ്ങിയ സമയം. ആദ്യത്തെ ബഹളം… ബസ്റ്റോപ്പിൽ കൃത്യമായി ബെൽ അടിക്കാത്ത കണ്ടക്ടറോട് കാരണം ചോദിക്കുകയാണ് യാത്രക്കാരൻ. തിരിച്ച് വളരെയധികം ശകാരിച്ച്കൊണ്ട് മറുപടി പറഞ്ഞു കണ്ടക്ടർ അത് കളഞ്ഞു.
രണ്ടാമത്തെ രംഗം : നെയ്യാറ്റിൻകര ബസ് സ്റ്റോപ്പിൽ ഇറങ്ങാൻ മറന്ന രണ്ടാമത്തെ യാത്രക്കാരനാണ് അടുത്ത ഇര. സ്റ്റോപ്പിൽ ഇറങ്ങാൻ മറന്നുപോയി എന്ന് പറഞ്ഞ അദ്ദേഹത്തെ കണ്ടക്ടർ പരസ്യമായി ശകാരിക്കുകയും പരിഹസിക്കുകയും രാത്രി 10.45 കഴിഞ്ഞിട്ട് പോലും bell അടിക്കാൻ തുനിയാതെ അടുത്ത ബസ് സ്റ്റോപ്പ് വരെ അയാളെ നിർത്തുകയും ചെയ്തു. പ്രതികരണശേഷിയില്ലാത്ത അദ്ദേഹം ഉറങ്ങി പോയത് സ്വന്തം തെറ്റാണെന്ന കുറ്റബോധം കൊണ്ട് തന്നെ ഒന്നും മിണ്ടാതെ ഇറങ്ങി പോയി.
രംഗം മൂന്ന് : ടിക്കറ്റ് എടുത്തപ്പോൾ തന്നെ “സ്റ്റോപ്പ് ഉണ്ടോ” എന്ന് ചോദിച്ചു കയറിയ യാത്രക്കാരൻ “ഇറങ്ങണം” എന്ന് പറഞ്ഞിട്ടും ഒരു മര്യാദയും കൂടാതെ സ്റ്റോപ്പ് കഴിഞ്ഞും ബെൽ അടിക്കാതെ അത് ചോദ്യം ചെയ്ത യാത്രക്കാരനെ വളരെ നികൃഷ്ടമായ വാക്കുകൾ കൊണ്ട് കണ്ടക്ടർ പതിവുപോലെ ശകാരിച്ചു. എന്റെ മനസ്സിൽ ചെറിയൊരു ദേഷ്യം കണ്ടക്ടറോട് തോന്നിത്തുടങ്ങി. കൂടെയുണ്ടായിരുന്ന ഒരു ചേച്ചി ഇറങ്ങിയത് കൊണ്ടും ഞങ്ങൾ രണ്ടു പെൺകുട്ടികൾ മാത്രം ബസ്സിൽ ഉള്ളതുകൊണ്ടും പ്രതികരിക്കാൻ എന്റെ ശബ്ദം പൊങ്ങിയില്ല.
“Sir.. നിങ്ങൾ യാത്രക്കാരോട് ഇത്ര പരുഷമായിപെരുമാറരുത് പ്ലീസ്. Give Respect and Take Respect എന്നാണ്. രാത്രി 10 മണി കഴിഞ്ഞാൽ യാത്രക്കാർ പറയുന്ന സ്റ്റോപ്പിൽ വണ്ടി നിർത്തി കൊടുക്കുക എന്നുള്ളത് rule ആണ്”. പറഞ്ഞത് എന്റെ കൂടെ വന്ന Male Doctor ആയിരുന്നു. എല്ലാവരും ശബ്ദം കേട്ട ദിശയിലേക്ക് തിരിഞ്ഞു. കണ്ടക്ടർ പതിവുപോലെ തിരിഞ്ഞ് വളരെ പരുഷമായ വാക്കുകൾ കൊണ്ട് പ്രതികരിക്കാൻ തുടങ്ങി. വാദപ്രതിവാദം മിനിറ്റുകൾ നീണ്ടു മറ്റൊരു യാത്രക്കാരനും വാ തുറക്കുന്നില്ല.
ഇത്രയും നേരമായിട്ടും സംസാരിക്കുന്ന ഡോക്ടർ കണ്ടക്ടറെ ‘സാർ’ എന്നല്ലാതെ മറ്റൊരു പദംകൊണ്ട് അഭിസംബോധന ചെയ്തിട്ടില്ല. സീറ്റിലിരുന്ന് ഞാൻ ഒരായിരം വട്ടം ആ കണ്ടക്ടറുടെ നേർക്ക് തെറിവർഷം മനസ്സുകൊണ്ട് ചൊരിഞ്ഞു. കൂടെയുള്ള ആരും പ്രതികരിക്കാത്തതിനാൽ ഒരുപാട് വിഷമിക്കുകയും ചെയ്തു. ഇതിനിടയ്ക്ക് കണ്ടക്ടറെ അനുകൂലിച്ച് എത്രയും പെട്ടെന്ന് ബസ് വീട്ടിൽ എത്തിച്ചാൽ മതി എനിക്ക് ഇറങ്ങണമെന്ന് പറഞ്ഞ മനുഷ്യനെ ഞാൻ അതിലും പുച്ഛത്തോടെ ഓർക്കുന്നു. “ആരെങ്കിലും ചാവട്ടെ എനിക്ക് എന്റെ ആവശ്യം നടക്കണം” എന്ന മനോഭാവം….കഷ്ടം!!
പ്രതികരിച്ച ഡോക്ടർ ബസിൽ നിന്നിറങ്ങി കഴിഞ്ഞപ്പോഴായിരുന്നു കണ്ടക്ടറുടെ അടുത്ത കമന്റ് “കള്ളും കുടിച്ച് രണ്ടു മൂന്ന് പെൺകുട്ടികളെയും കൊണ്ട് കറങ്ങിയിട്ട് വരുന്ന വരവാണ്”. ആ രണ്ടു മൂന്നു പെൺകുട്ടികളിൽ ഉൾപ്പെട്ടതായിരുന്നു ഞാനും എന്റെ അടുത്തിരുന്ന ചേച്ചിയും. നാലര വർഷം എംബിബിഎസ് പഠിച്ചു കഷ്ടപ്പെട്ട് ഉറക്കമൊഴിഞ്ഞ് പാസായി അതിലൊന്നും ഒരിടവും എത്തിപ്പെടില്ല എന്ന് മനസ്സിലാക്കി, PG ക്ക് വേണ്ടി നെട്ടോട്ടമോടി പന്ത്രണ്ട് മണിക്കൂർ നീണ്ട ക്ലാസ്സിലിരുന്നു ക്ഷീണിച്ചുവരുന്ന ഞാനും എന്റെ കൂടെ ഉണ്ടായിരുന്ന ചേച്ചിയും..
എന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ മാത്രമേ വീണുള്ളൂ. പ്രതികരിക്കാൻ എന്തുകൊണ്ട് കഴിഞ്ഞില്ല? ആരും കൂടെ കാണില്ല എന്ന് ഉറപ്പുള്ളത് കൊണ്ടാവാം. രാത്രി പത്തര കഴിഞ്ഞു ബസ്സിൽ കയറുന്ന എല്ലാ യുവതികളെയും സംശയത്തിന്റെ ദൃഷ്ടിയോടെ മാത്രം കാണുന്ന കുറെ കണ്ണുകൾ ചുറ്റും ഉള്ളതുകൊണ്ടാവാം. വീട്ടിൽ വന്ന് സംഭവം വിവരിച്ച ഉടനെ കെഎസ്ആർടിസി കൺട്രോൾ റൂമിൽ വിളിച്ച് ധൈര്യമായി പരാതിപ്പെടാൻ പറഞ്ഞ അമ്മയ്ക്ക് നന്ദി. ഇത്രയും മോശമായി പെരുമാറിയ കണ്ടക്ടർക്ക് എതിരെ എന്തെങ്കിലും നിയമ നടപടി ഉണ്ടാകുമെന്ന പ്രതീക്ഷ മനസ്സിലുള്ള ഞാൻ..”
1 comment
ഡോക്ടർ, ആ മാന്യ അദ്ദേഹം യൂണിയൻ നേതാവ് ആയിരിക്കും….. ഒന്നും നടക്കാൻ പോകുന്നില്ല…..