തിരുവനന്തപുരം എയർപോർട്ടിൽനിന്നും പ്രവാസികളെ ക്വാറൻന്റൈൻ സെന്ററുകളിൽ എത്തിക്കുന്ന ഡ്യൂട്ടിയാണ്. സന്തോഷം ഉണ്ട് ഇതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ. ആരോഗ്യ പ്രവർത്തകർ, പോലീസുകാർ, ഫയർഫോഴ്സ്, മറ്റ് മേഖലകളിൽ ഉള്ളവർ, സന്നദ്ധ സംഘടനകൾ ഇവരോടൊക്കെ ചേർന്ന് പ്രവർത്തിക്കാൻ കഴിഞ്ഞതിൽ.

പക്ഷേ ഒരു K.S.R.T.C. ജീവനക്കാരൻ എന്ന നിലയിൽ ചില കാര്യങ്ങൾ പറയാതിരിക്കാൻ കഴിയില്ല. ഞായറാഴ്ച വൈകിട്ട് നാലിന് എയർ പോർട്ടിൽ എത്തിയ ഞങ്ങൾ സർവീസ് പോകുന്നത് തിങ്കളാഴ്ച രാവിലെ 08.00 മണിക്ക്. രാത്രി മുഴുവൻ കൊതുകുമായുള്ള യുദ്ധം, അതിൽ അവർ വിജയിച്ചു.

ഞങ്ങൾക്ക് പോകേണ്ടത് തൃശ്ശൂരിലേക്ക് ആയിരുന്നു. തിരുവനന്തപുരത്ത് നിന്ന് വിട്ടാൽ വഴിയിൽ വാഹനം നിർത്താൻ പാടില്ല. പോലീസ് പൈലറ്റ് ആയി കൂടെയുണ്ടാകും. ഡ്യൂട്ടി തുടങ്ങി തീരും വരെ ഒരു മാസ്കും ഒരു ഗ്ലൗസ്സും അൽപ്പം സാനിട്ടൈസറും. ഇതൊക്കെ ഉപയോഗിക്കുന്നതിന് ഒരു സമയ പരിധിയുണ്ടെന്ന് ഓർക്കുക.

അത് പോട്ടെ ഭക്ഷണം ഇല്ല. പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്നില്ല. വൈകിട്ട് നാലിന് ഞങ്ങൾ തൃശ്ശൂർ ജില്ലയിൽ എത്തി. വരുന്ന വഴി പലയിടത്തായി എല്ലാവരും ഇറങ്ങി. ശേഷം ബസ്സിനുള്ളിൽ അവർ വലിച്ചെറിഞ്ഞ് പോയ മാസ്ക്, ഗ്ലൗസ്സ്, ആഹാര അവശിഷ്ടങ്ങൾ, മറ്റ് പലതും പറന്ന് ഡ്രൈവർ ക്യാബിനിൽ എത്തിയിരുന്നു. എന്ത് ചെയ്യാൻ?

മറ്റ് മേഘലകളിൽ ജോലി ചെയ്യുന്ന സർക്കാർ ജീവനക്കാർക്ക് കിട്ടുന്ന ഒരു പരിഗണനയും ഞങ്ങൾക്ക് കിട്ടില്ല. എങ്കിലും പരാതിയില്ല. തിരികേ രാത്രി 11.00 ന് തിരുവനന്തപുരത്ത് എത്തുന്നു. ഈ കഷ്ടപ്പാടുകൾ മറ്റാരും കാണില്ല. ഇവിടെ ആരോഗ്യ പ്രവർത്തകർ, പോലീസ്, ഫയർഫോഴ്സ് അങ്ങനെ ഇതിന്റെ ഭാഗമായി പ്രവർത്തിക്കുന്ന എല്ലാവരേയും പൂവിട്ട് പൂജിക്കുമ്പോൾ ഞങ്ങളേ പൂജിക്കണ്ട, പക്ഷെ ഇക്കൂട്ടത്തിൽ ഞങ്ങളും ഉണ്ടെന്ന് ഓർക്കുക. സ്നേഹത്തോടെ ഒരു K.S.R.T.C. ജീവനക്കാരൻ.

എഴുത്ത് – Shefeek Babu.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.