കോവിഡ് 19 ബാധിച്ചുള്ള മരണസംഖ്യയില്‍ ഇറ്റലി ചൈനയെ മറികടന്നു. ഇറ്റലിയില്‍ വ്യാഴാഴ്ച്ച മാത്രം 427 പേരാണ് കോവിഡ് 19 ബാധിച്ച് മരിച്ചത്. ഇതോടെ ഇറ്റലിയിലെ ആകെ മരണസംഖ്യ 3405 ആയി. ചൈനയില്‍ ഇതുവരെ 3245 പേര്‍ കോവിഡ് 19 ബാധിച്ച് മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്.

ഇറ്റലിയിൽ കഴിയുന്ന തൻ്റെ അമ്മ വിവരിച്ച കാര്യങ്ങളും ഞെട്ടിക്കുന്ന അനുഭവങ്ങളും പങ്കുവെച്ചുകൊണ്ട് ജേർണലിസ്റ്റ് ആയ Anna Rahees ഫേസ്‌ബുക്കിൽ ഷെയർ ചെയ്ത കുറിപ്പ് താഴെ കൊടുക്കുന്നു.

ഇറ്റലിയിലെ മെസ്സിനയിലാണ് അമ്മ ജോലി ചെയ്യുന്നത്. ഒന്ന് ഉറങ്ങി എണീറ്റപ്പോ 368 പേര് മരിച്ചു എന്ന് കേൾക്കുന്നു എന്നാണ് ഇന്ന് രാവിലെ അമ്മ പറഞ്ഞത്. ഒരാഴ്ചയിൽ അധികമായി ജോലിക്ക് പോകുന്നില്ല. ബാങ്ക്, പോസ്റ്റ്‌ ഓഫിസ്, സ്കൂൾ, കോളജ്, ഓഫീസുകൾ എന്ന് വേണ്ട സകലതും അടച്ചിട്ടിരിക്കുന്നു. വീടിന്റെ ബാൽക്കണിയിൽ ഇറങ്ങി നിക്കുമ്പോൾ അപ്പുറത്തെ വീട്ടിൽ ആരെങ്കിലും കണ്ടാൽ കൈ വീശും. പേടി പങ്ക് വെക്കും. വേറെ ആരെയും കാണുന്നില്ല. സംസാരിക്കുന്നില്ല. വേറെ എങ്ങും പോണില്ല.

തൊട്ടടുത്ത നഗരം വരെ കൊറോണയിൽ മുങ്ങി കഴിഞ്ഞു. അടുക്കളയിൽ ഭക്ഷണ സാധനങ്ങൾ തീർന്നു തുടങ്ങി. ഉള്ള പാസ്തയും തക്കാളിയും ബ്രോക്കോളിയും അരിഷ്ടിച് അരിഷ്ടിച് ചെലവാക്കുന്നു. അടുത്തെങ്ങും തുറന്നിരിക്കുന്ന സൂപ്പർ മാർക്കറ്റുകൾ ഇല്ല. ദൂരം താണ്ടി പോയി വല്ലോം വാങ്ങണമെങ്കിൽ ഹൈ റിസ്ക് എടുക്കണം. വലിയ സൂപ്പർ മാർക്കറ്റുകളിൽ നീണ്ട നിരയുണ്ട് ആൾക്കാരുടെ. ആ ക്യുവിൽ പോയി നിക്കാൻ പേടിയാണെന്ന് പറഞ്ഞ് ആശങ്കപ്പെട്ടു അമ്മ. തത്കാലം സുരക്ഷിതമായ ഒരിടത്ത് ആണല്ലോ എന്ന സമാധാനം മാത്രമാണ് ഉള്ളത്.

ആയിരം ആയിരം മലയാളികൾ ഉണ്ട് അവിടെ. ആദ്യം ഒക്കെ നിയന്ത്രണത്തിന്റെ കീഴിൽ ആയിരുന്നു. ഓരോ ദിവസവും അവസ്ഥ മാറി. പലർക്കും നേരെ ചൊവ്വേ ചികിത്സ പോലുമില്ല. പ്രായം ആയവരെ എഴുതി തള്ളിയ പോലെയാണ് എന്നും കേൾക്കുന്നു.

ഇന്നിപ്പോ, ഇതാ കേൾക്കുന്നു. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇന്ത്യയിൽ പ്രവേശന വിലക്ക്. എന്തേലും വന്നാൽ ഇങ്ങോട്ട് കേറി വാ എന്ന് പറയാൻ പോലുമുള്ള വഴി അടഞ്ഞു. ഒന്നുമില്ല.. ഒന്നും സംഭവിക്കില്ല എന്ന് പരസ്പരം ആശ്വസിപ്പിക്കാൻ മാത്രമേ ആവതുള്ളു.

അവിടെ നിന്ന് കേട്ടറിഞ്ഞിടത്തോളം അങ്ങേയറ്റം അശ്രദ്ധ കൊണ്ടും സംവിധാനങ്ങളുടെ വീഴ്ചയും ഒക്കെയാണ്. അത്കൊണ്ട് ഇവിടുത്തെ മനുഷ്യരോടാണ്. അടുത്ത രണ്ട് ആഴ്ച നമുക്ക് നിർണായകമാണ്. സർക്കാർ സംവിധാനങ്ങളുടെ നിർദേശങ്ങൾ പാലിക്കണം. കൂട്ടം കൂടിയും കള്ളത്തരം കാണിച്ചും സഹജീവികളെ കൂടി കുരുതി കൊടുക്കരുത്. ഭേദപ്പെട്ട സംവിധാനങ്ങൾ നമുക്കുണ്ട്. അത് ഉപയോഗപ്പെടുത്തണം. കരുതിയിരിക്കണം.

കടപ്പാട് – മീഡിയ വൺ.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.