എഴുത്ത് – ഷെഫീഖ് ഇബ്രാഹിം (കണ്ടക്ടർ, കെഎസ്ആർടിസി എടത്വ).
ജൂലൈ 4 , പ്രഭാതം… പതിവുപോലെ രാവിലെ 07.30 ന് എടത്വയില്‍ നിന്നും JN 653 ലോ ഫ്ളോര്‍ നോണ്‍ ഏസി ബസ്സില്‍ സര്‍വ്വീസ് ആരംഭിച്ചു. കുട്ടനാടിന്‍റെ ഹൃദയഭാഗമായ എടത്വയിലൂടെയാണ് ബസ്സിന്‍റെ യാത്ര. ആദ്യ ട്രിപ്പ് ആലപ്പുഴ എത്തി തിരുവല്ലാ – ആലപ്പുഴ ചെയിനില്‍ പ്രവേശിക്കുകയാണ് ചെയ്യുന്നത്. രാത്രി 0930 ന് ആലപ്പുഴയില്‍ നിന്നും എടത്വ എത്തി രാത്രി 1040ന് സര്‍വ്വീസ് അവസാനിപ്പിക്കുന്നു.
ഈ ദിനവും പതിവുപോലെ തുടങ്ങി. അത്യാവശ്യം തിരക്കുണ്ടായിരുന്നു. തകഴി ക്ഷേത്രത്തിന്‍റെ സ്റ്റോപ്പില്‍ നിന്നും കുറെ യാത്രികര്‍ കയറി. പഠിക്കുവാന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുണ്ടായിരുന്നു. കണ്‍സഷന്‍ ഇല്ലാത്ത വിദ്യാര്‍ത്ഥികളാണ് ജെന്‍റം ബസ്സ് തെരെഞ്ഞെടുക്കുന്നത്.തകഴിയില്‍ നിന്നും കയറിയ ഒരു യാത്രക്കാരി ടിക്കറ്റ് എടുത്തതിന് ശേഷം മുന്‍സീറ്റില്‍ തലചായ്ച്ച് ഉറങ്ങാനുളള തയ്യാറെടുപ്പിലായിരുന്നു. യാത്രക്കിടയില്‍ കാഴ്ച്ചകള്‍ കാണുന്നവരും, ഉറങ്ങുന്നവരും, മൊബൈലില്‍ പാട്ടുകേള്‍ക്കുന്നവരും, ഫോണില്‍ സംസാരിക്കുന്നവരും അങ്ങനെ അങ്ങനെ വിവിധ തരത്തിലുളള യാത്രികര്‍ ആണ് ബസ്സിലുണ്ടാകുന്നത്.
ആലപ്പുഴ പട്ടണത്തിലേക്ക് പ്രവേശിച്ച് ബസ്സ് പിച്ചു അയ്യര്‍ ജംഗ്ഷനില്‍ എത്തിയപ്പോള്‍ മുന്‍ സീറ്റിലിരുന്ന വിദ്യാര്‍ത്ഥിനികള്‍ എന്നെ വിളിച്ചു. ഈ ചേച്ചിക്ക് തലകറകങ്ങുന്നു എന്ന് പറഞ്ഞു.പെട്ടെന്ന് തന്നെ വെളളം ഉണ്ടോ എന്ന് സഹയാത്രികരോട് ചോദിച്ചു. ആ കുട്ടികള്‍ കൈവശമുണ്ടായിരുന്ന വെളളത്തിന്‍റെ ബോട്ടില്‍ കണ്ടക്ടറായ എന്‍റെ കൈയ്യിലേക്ക് നല്‍കി.പെട്ടെന്ന് ഇതൊന്നും ശ്രദ്ധിക്കാതെ മൊബൈലുമായി ഇരുന്ന ഒരു സ്ത്രീ യാത്രികയോട് വെളളം നല്‍കുവാന്‍ പറഞ്ഞു. വെളളം കൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ സീറ്റിലേക്ക് തന്നെ കുഴഞ്ഞു വീഴുകയാണ് ഉണ്ടായത്.
തകഴിയില്‍ നിന്ന് ആലപ്പുഴയിലെ ഒരു സ്വകാര്യ ഫിനാന്‍സ് സ്ഥാപനത്തിലേക്ക് പോകുന്ന വഴിയായിരുന്നു ആ യുവതി. ബോധം നഷ്ടമായി എന്ന് ബോധ്യപ്പെട്ടപ്പോള്‍ വീസില്‍ നീട്ടി ഊതി ഡ്രൈവര്‍ക്ക് അപകട സൂചന നല്‍കി. ബസ്സ് മറ്റു വാഹനങ്ങള്‍ക്ക് തടസ്സമില്ലാതെ പിച്ചു അയ്യര്‍ ജംഗ്ഷനിലെ സ്റ്റോപ്പില്‍ മാറ്റി നിര്‍ത്തി. യാത്രികര്‍ സ്ത്രീകളും, പുരുഷന്‍മ്മാരും യാതൊരു ചലനവുമില്ലാതെ നില്‍ക്കുകയാണ്. ഇത്തരം ഒരു സാഹചര്യം ബസ്സിലുണ്ടായാല്‍ പരിഭ്രമിച്ച് നില്‍ക്കുയല്ല യാത്രികര്‍ ചെയ്യേണ്ടത്.
യാത്രികരെ ഒന്നു ഉണര്‍ത്തേണ്ടതായി വന്നു. സ്ത്രീ യാത്രികയായതിനാല്‍ പുരുഷന്മാര്‍ അല്പം പിന്നോട്ട് പോയിരുന്നു. പക്ഷേ ഇത്തരം അനുഭവം നമ്മളുടെ മകള്‍ക്കോ, സഹോദരിക്കോ,ഭാര്യക്കോ ആണ് ഉണ്ടാകുന്നത് എങ്കില്‍ എന്നൊരോര്‍മ്മപ്പെടുത്തല്‍.. എല്ലാവരും കൂടി പെട്ടെന്ന് എഴുന്നേറ്റു ഓടിയെത്തി.
ജെന്‍റം ബസ്സ് ആയതിനാല്‍ പെട്ടെന്ന് തിരിച്ച് ആശുപത്രിയിലേക്ക് കൊണ്ട് പോകുവാന്‍ കഴിയില്ല എന്ന് മനസ്സിലാക്കിയതിനാല്‍ ഡ്രൈവര്‍ അബ്ദുള്‍ ഗഫൂറിനോട് ഓട്ടോറിക്ഷയിലേക്ക് അസുഖബാധിതയായ സ്ത്രീയെ കയറ്റുന്ന രീതിയില്‍ ബസ്സ് പാര്‍ക്ക് ചെയ്യുവാന്‍ നിര്‍ദ്ദേശിച്ചു. ഒരു യാത്രികനോട് പറഞ്ഞു ഓട്ടോറിക്ഷാ വിളിക്കുവാന്‍. അപ്രകാരം വിളിച്ച ഓട്ടോറിക്ഷയിലേക്ക് സ്ത്രീ യാത്രികരും, പുരുഷ യാത്രികരും ചേര്‍ന്ന് അസുഖബാധിതയെ ഓട്ടോറിക്ഷായിലേക്ക് കയറ്റി. ഈ സമയത്ത് അരികിലുണ്ടായിരുന്ന കന്യാസ്ത്രീയായ ഒരു യാത്രിക ഓട്ടോറിക്ഷയിലേക്ക് കയറി. പിന്നീട് അറിയാന്‍ കഴിഞ്ഞു കാവാലം സ്കൂളിലെ അധ്യാപികയാണ്, പേര് പൗളി എന്നും.
ജനറല്‍ ഹോസ്പിറ്റല്‍ ലക്ഷ്യമാക്കി ഹെഡ്ലൈറ്റ് പ്രകാശിപ്പിച്ച് ഓട്ടോറിക്ഷ നീങ്ങി. യാത്രക്കിടയില്‍ പേര് ചോദിച്ചു മാളവിക എന്നാണെന്ന് മനസ്സിലാക്കി. തകഴി സ്വദേശിനിയാണ്. ജനറല്‍ ഹോസ്പിറ്റലിന്‍റെ കാഷ്വാലിറ്റിയുടെ വാതില്‍ക്കല്‍ ആട്ടോറിക്ഷ നിന്നു. അവിടെ നിന്ന സെക്യൂരിറ്റിയോട് വീല്‍ ചെയറിന്‍റെ സ്ഥാനം മനസ്സിലാക്കി അത്യാഹിത വിഭാഗത്തിന്‍റെ വാതില്‍ക്കല്‍ നിന്ന ഒരു ചെറുപ്പക്കാരന്‍റെയും സഹായത്തോടെ മാളവികയെ ഡോക്ടറുടെ അരികില്‍ എത്തിച്ചു. ഒരു ലേഡി ഡോക്ടര്‍ പെട്ടെന്ന് വന്ന് പരിശോധിക്കുകയും, ആവശ്യമായ മെഡിസിന്‍സ് നല്‍കുകയും ചെയ്തു. രക്ത സാമ്പിളുകള്‍ പരിശോധിക്കേണ്ടതായും ഉണ്ടായിരുന്നു. ഹോസ്പിറ്റലിലും, വെളിയിലുമായി രക്ത സാമ്പിളുകള്‍ പരിശോധനക്ക് നല്‍കി. ഇ.സി.ജി എടുക്കാനും ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു.
ആട്ടോറിക്ഷയില്‍ കയറ്റി ആശുപത്രിയിലേക്ക് പോകുന്നതിന് മുമ്പ് ഇനിയുളള ബോട്ട് ജെട്ടി ജംഗ്ഷനില്‍ കൂടി യാത്രക്കാരെ ഇറക്കിയതിന് ശേഷം ആലപ്പുഴ ഡിപ്പോയിലേക്ക് പോകുവാന്‍ നിര്‍ദ്ദേശിച്ചു. ആശുപത്രിയില്‍ എത്തിയതിന് ശേഷം ജനറല്‍ കണ്‍ട്രോളിംഗ് ഇന്‍സ്പെക്ടറോട് വിവരങ്ങള്‍ പറയുകയും, അത് ഒക്വറന്‍സ് ബുക്കില്‍ രേഖപ്പെടുത്തുകയും ചെയ്തു.
കാവാലത്തെ സ്കൂളിലേക്ക് പോകുന്ന വഴിയായിരുന്നു സിസ്റ്റര്‍ പൗളി. ആശുപത്രിയിലെത്തി മാളവികയുടെ ഫോണിലെ ഡയല്‍ കോളിലുണ്ടായിരുന്ന ‘AMMA’ എന്ന പേരിലുളള നമ്പറിലേക്ക് സിസ്റ്റര്‍ പൗളി വിളിക്കുകയും, വിവരങ്ങള്‍ അറിയിക്കുകയും ചെയ്തു. അതുപ്രകാരം തകഴിയിലെ മാളവികയുടെ ഭര്‍ത്താവിന്‍റെ അമ്മയും, ചേട്ടനും ആലപ്പുഴ ജനറല്‍ ഹോസ്പിറ്റലില്‍ എത്താമെന്ന് പറഞ്ഞിരുന്നു. ബന്ധുക്കള്‍ വന്നതിന് ശേഷം സ്കൂളിലേക്ക് പോയാല്‍ മതിയോ എന്ന് അഭ്യര്‍ത്ഥിച്ചപ്രകാരം സിസ്റ്റര്‍ ആശുപത്രിയില്‍ നില്‍ക്കുകയും ചെയ്തു.
ഇ.സി.ജി എടുക്കാന്‍ കൊണ്ടുപോകുന്ന സമയത്ത് സിസ്റ്ററുടെ സാന്നിദ്ധ്യം അനുഗ്രഹമായി. സ്ത്രീ യാത്രികര്‍ക്ക് ഇപ്രകാരം സംഭവിക്കുമ്പോള്‍ ഒരു സഹയാത്രികയായ സ്ത്രീ യാത്രിക കൂടെ ഉണ്ടാകുന്നത് നല്ലതാണ് എന്ന് ഈ സംഭവം തെളിയിക്കുന്നു. 8.30 ന് ആണ് സംഭവം നടന്നത് 9.40 ആയപ്പോള്‍ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചേര്‍ന്നു .സോഡിയവും പൊട്ടാസ്യയും പരിശോധിച്ചതിന്‍റെ റിസല്‍ട്ട് ആശുപത്രിക്ക് വെളിയിലെ ലാബില്‍ നിന്ന് വാങ്ങി ഡോക്ടറെ കാണിച്ചു. കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞു. പനി കൂടിയതിനാല്‍ ഉണ്ടായതാകാം എന്നാണ് ഡോക്ടറുടെ ആദ്യനിഗമനം. മറ്റു രക്തസാമ്പിളുകള്‍ കൂടി പരിശോധന ഫലം വന്നതിന് ശേഷം പറയാമെന്ന് ഡോക്ടര്‍ പറഞ്ഞു.
ബന്ധുക്കള്‍ എത്തിച്ചേര്‍ന്നപ്പോൾ വിവരങ്ങള്‍ വിശദമായി അവരോടു പറഞ്ഞു. O.P ടിക്കറ്റും ,ലാബ് പരിശോധന ഫല റിപ്പോര്‍ട്ടും ഭര്‍തൃസഹോദരനെ ഏല്‍പ്പിക്കുകയും, അമ്മയോടും നിരീക്ഷണ മുറിയിലേക്ക് പ്രവേശിച്ച മാളവികയേയും കണ്ട് യാത്ര പറഞ്ഞു ഞാനും സിസ്റ്റര്‍ പൗളിയും ആശുപത്രിയില്‍ നിന്നും ഇറങ്ങി. ബന്ധുക്കള്‍ വന്ന വാഹനത്തില്‍ ഞങ്ങള്‍ രണ്ടുപേരെയും ആലപ്പുഴ ഡിപ്പോയില്‍ എത്തിച്ചു. സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസിലെത്തി സിസ്റ്ററുടെ സേവനങ്ങളെക്കുറിച്ച് പറയുകയും, കാവാലത്തേക്ക് പോകേണ്ട ബസ്സിന്‍റെ സമയം തിരക്കി പറയുകയും ചെയ്തു. കൃത്യം 10 മണിക്ക് തന്നെ ബസ്സ് സര്‍വ്വീസ് പുനരാരംഭിച്ചു.
ആനവണ്ടിയും, ജീവനക്കാരുമാണ് സാധാരണ ഹീറോ ആകുന്നത്. എന്നാല്‍ പതിവില്‍ നിന്നും വ്യത്യസ്തമായി യാത്രക്കിടയില്‍ കുഴഞ്ഞ വീണ സഹയാത്രികയെ കണ്ടക്ടറുടെ ഒപ്പം നിന്ന് കട്ട സപ്പോര്‍ട്ട് നല്‍കി അടുത്തുളള ജനറല്‍ ഹോസ്പിറ്റലില്‍ എത്തിച്ച് ആവശ്യമായ ചികിത്സ നല്‍കി മണിക്കൂറോളം ആശുപത്രിയില്‍ സഹായമായി നിന്ന മാലാഖയാണ് ഇന്നത്തെ എന്‍റെ യാത്രയിലെ നന്മരം. സിസ്റ്റര്‍ പൗളി, കാവാലം ലിറ്റില്‍ ഫ്ളവര്‍ സ്കൂളില്‍ നാലാം ക്ളാസ്സിലെ അധ്യാപികയാണ് .ആ കുഞ്ഞുങ്ങളുടെ പുണ്യമാണ് സിസ്റ്ററെ പോലെ ഒരു അധ്യാപികയെ ലഭിച്ചത്. എല്ലാവരും തിരക്കിലാണ് എന്നറിയാം, നാം പലപ്പോഴും സമൂഹത്തിനോടുളള നമ്മളുടെ ഉത്തരവാദിത്വങ്ങള്‍ മറന്നുപോകുമ്പോള്‍ വ്യത്യസ്തയായി ടീച്ചര്‍…എന്‍റെയും, അതോടൊപ്പം ഞാന്‍ ജീവനു തുല്യമായി സ്നേഹിക്കുന്ന KSRTCയുടെയും ബിഗ് സല്യുട്ട്…