കെഎസ്ആർടിസി ബസുകളിൽ നാം യാത്ര ചെയ്യാറുണ്ട്. എന്നാൽ അതിൽ ജോലി ചെയ്യുന്നവർ അനുഭവിക്കുന്ന കഷ്ടപ്പാടുകളെക്കുറിച്ച് അധികമാരും ഓർക്കാറില്ല. ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവയ്ക്കുന്നത് കെഎസ്ആർടിസിയിലെ വനിതാ കണ്ടക്ടർമാരാണ്. കാരണം അവർ കുടുംബത്തെയും കുട്ടികളെയും വിട്ടാണ് ഈ ബുദ്ധിമുട്ടേറിയ ജോലിയ്ക്ക് വരുന്നത്. ചില ഡ്യൂട്ടികൾ രാത്രി വൈകി കഴിയുമ്പോൾ ഇവരിൽ പലർക്കും അന്ന് വീട്ടിൽ പോകുവാൻ സാധിക്കാറില്ല.
ഡിപ്പോയിലെ റസ്റ്റ് റൂമിൽ ഉറങ്ങിയെന്നു വരുത്തി, രാവിലെ എഴുന്നേറ്റ് ആദ്യ ബസിൽ കയറി വീടെത്തിയശേഷം ഇവർക്ക് കുടുംബിനി എന്ന റോളിലേക്ക് കടക്കേണ്ടതായുണ്ട്. ക്ഷീണവും ഉറക്കക്കുറവുമൊക്കെ ഒരു ഭാഗത്ത് മാറ്റിവെച്ചുകൊണ്ട് അമ്മയും, ഭാര്യയും, മരുമകളുമൊക്കെയായ കുടുംബമെന്ന ലോകത്തേക്ക്… എന്നിട്ട് അടുത്ത ദിവസം വീണ്ടും കെഎസ്ആർടിസിയിലെ തിരക്കും, മണിയടി ശബ്ദവുമൊക്കെയായി ജോലിയിലേക്കും. ഇത്തരമൊരു അനുഭവം പങ്കുവെയ്ക്കുകയാണ് കണ്ണൂർ ജില്ലയിലെ ഇരിട്ടി സ്വദേശിനിയും, കെഎസ്ആർടിസി പയ്യന്നൂർ ഡിപ്പോയിലെ കണ്ടക്ടറുമായ ഷൈനി സുജിത്ത്.
ഷൈനിയുടെ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ – “അലാറം അടിക്കുന്നു. മൊബൈൽ എടുത്ത് നോക്കി, വെളുപ്പിന് 4 മണി. പുറത്ത് മഴ തകർത്തു പെയ്യുന്നു. മഴ എപ്പോഴും ഒരു ദൗർബല്യമാണ്. മൂടിപ്പുതച്ചു ഉറങ്ങാൻ. താരാട്ടിന്റെ താളമുണ്ട് മഴയ്ക്ക്. പിന്നെ കുടയില്ലാതെ നടക്കാൻ, കട്ടൻ ചായയോടൊപ്പം ഓർമകൾ അയവിറക്കാൻ.
മടി തോന്നുന്നു. നല്ല ക്ഷീണമുണ്ട്. ഇന്നലെ ഡ്യൂട്ടി കഴിഞ്ഞു വന്നപ്പോ വൈകി. വീട്ടിലേക്ക് വണ്ടി കിട്ടിയില്ല. ഒടുവിൽ ഡിപ്പോയിലെ സ്റ്റേ റൂമിൽ തങ്ങി. വെളുപ്പിന് 5 മണിയുടെ ബത്തേരി വണ്ടിക്ക് പോയാൽ 7 മണിക്ക് വീടെത്തും. അടുത്ത വണ്ടിക്ക് പോയാലോ? ഇത്തിരി കൂടി ഉറങ്ങാം. അലാറം ഓഫ് ആക്കി കിടന്നു. സുജി (ഭർത്താവ്) ഇപ്പൊ പോയിക്കാണും. ഈ മഴയത്ത് ഒരു മണിക്കൂർ ബൈക്ക് യാത്രയും ഉണ്ട്. സുജി 4.50 ന്റെ ജനശതാബ്ദി എക്സ്പ്രസിന് എറണാകുളത്തേക്ക് ഡ്യൂട്ടിക്ക് പോകുന്നു.
മോനെ സ്കൂളിൽ വിടണം. അമ്മയ്ക്ക് വയ്യ. “രാവിലെ വരില്ലേ” ന്ന് ഇന്നലെ വിളിച്ചപ്പോ ചോദിച്ചിരുന്നു. ഓർത്തപ്പോ ഉറക്കം വന്നില്ല. വേഗം എഴുന്നേറ്റു ബത്തേരി വണ്ടിക്ക് തന്നെ വീട്ടിലെത്തി. അമ്മമ്മ ആണെങ്കിൽ അവൻ പെട്ടെന്ന് റെഡി ആവും. അമ്മയേ (എന്നെ) കണ്ടാൽ പിന്നെ അവനെ കുളിപ്പിക്കണം, എന്നിട്ട് എടുത്തോണ്ട് വരണം, പുതപ്പിന്റെ അടിയിൽ ഒളിച്ചിരിക്കുന്ന ആളെ കണ്ട് പിടിച്ച് ഭക്ഷണം കൊടുക്കണം, അങ്ങനെ അങ്ങനെ.. അവന്റെ കുറുമ്പുകളുടെ പിറകെ ഒരു ഓട്ടമാണ്. അമ്മയായ എന്നെ വല്ലപ്പോഴും കിട്ടുന്നത് അവനും മുതലെടുക്കും.
ഡ്യൂട്ടിയിൽ തിരക്കുകൾ ആണെങ്കിലും അവൻ തനിച്ചാവാതിരിക്കാൻ ഞങ്ങൾ രണ്ടുപേരും ശ്രമിക്കും. “നീ വിട്ടോ, ഞാൻ അര മണിക്കൂർ late ആണെന്ന്” വിളിച്ചു പറയുമ്പോ തികട്ടി വരുന്ന ഒരു വലിയ തേങ്ങൽ പുറത്തേയ്ക്ക് വരുത്താതെ തീർക്കും. ഒരുമിച്ചൊരു യാത്ര എന്നതൊക്കെ സ്വപ്നങ്ങളിൽ മാത്രമായി.
സുഹൃത്തുക്കൾ വിളിക്കുമ്പോ ചോദിക്കും “പുതിയ ഫേസ്‌ബുക്ക് പോസ്റ്റുകൾ ഒന്നും കാണാറില്ലല്ലോ ഷൈനീ” എന്ന്. പക്ഷേ ഇതൊക്കെ, ഈ തിരക്കുകളൊക്കെആണ് കാരണങ്ങൾ.
പുറത്ത് ആർത്തലച്ച് നല്ല താളത്തിൽ പെയ്യുന്നുന്നുണ്ട്. മറ്റൊരു ലോകത്തേക്ക് കൂട്ടികൊണ്ട് പോകാൻ തയ്യാറാണ്. സമയമില്ല ഇപ്പൊ വരാൻ. സൗകര്യമില്ല മഴയേ നിന്നെ ആസ്വദിക്കാൻ. അലക്കാൻ കൂട്ടിയിട്ട തുണികളും കഴുകാൻ ബാക്കിയായ പാത്രങ്ങളും എന്നെ കൊണ്ട് പോകുന്ന വേറൊരു ലോകമാണ് എനിക്കിഷ്ടം. ഒപ്പം എത്ര സ്നേഹിച്ചാലും മതിവരാത്ത എന്റെ പ്രിയപ്പെട്ട KSRTC യുടെ ലോകവും. എനിക്കത് മതി… പൊയ്ക്കോട്ടേ…സ്വയം തീർത്ത സ്നേഹത്തിന്റെ ചങ്ങലകളാൽ ഞാൻ ബന്ധിതയാണ്.”