കോവിഡ്-19 എന്ന കൊറോണ വൈറസ് പിടിമുറുക്കിയതോടെ ബുദ്ധിമുട്ടിലായവരിൽ ഒന്നാണ് ഇന്ത്യൻ റെയിൽവേയും. എന്നാൽ കൊറോണ മൂലമുള്ള പ്രശ്നങ്ങൾ പൂർണ്ണമായും മാറാത്ത സാഹചര്യത്തിൽ കോവിഡിനു ശേഷമുള്ള കാലത്തേക്ക് പ്രത്യേകം കോച്ചുകൾ തയ്യാറാക്കുകയാണ് ഇന്ത്യൻ റെയിൽവേ ഇപ്പോൾ. ഇന്ത്യന്‍ റെയില്‍വേയുടെ കപൂര്‍ത്തലയിലെ റെയില്‍ കോച്ച് ഫാക്ടറിയിലാണ് ‘പോസ്റ്റ് കോവിഡ് കോച്ചുകള്‍’ ഉണ്ടാക്കുന്നത്.
ഇപ്പോഴുള്ള കോച്ചുകളിലേതിൽ നിന്നും വ്യത്യസ്തമായി കൊറോണ വൈറസ് പടരാതിരിക്കാൻ പ്രത്യേകം മാറ്റങ്ങൾ നൽകിയാണ് പുതിയ കോച്ചുകൾ പുറത്തിറക്കുന്നത്. ആളുകളുടെ സ്പർശനം ഒഴിവാക്കുന്നതിനായി കാലുകൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന ടാപ്പുകള്‍, സാനിട്ടൈസർ, കാല്‍കൊണ്ട് തുറക്കാവുന്ന പുറത്തേക്കുള്ള വാതില്‍, വാതില്‍ കൊളുത്തുകള്‍, ടോയ്‌ലറ്റിലെ ഫ്ലഷ് വാല്‍വ്, കൈമുട്ടു കൊണ്ട് തുറക്കാവുന്ന വാതില്‍പ്പിടി എന്നിവയാണ് പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന സൗകര്യങ്ങള്‍.
ചെമ്പ് പ്രതലത്തില്‍ കൊറോണ വൈറസിന് അധികസമയം പ്രവര്‍ത്തനക്ഷമമായി നില്‍ക്കാനാവില്ല. ഈ വസ്തുതയുടെ അടിസ്ഥാനത്തിൽ ട്രെയിനിനകത്തെ കൈപ്പിടികള്‍, കൊളുത്തുകള്‍ എന്നിവയില്‍ ചെമ്പ് പൂശുകയും, എസി കോച്ചുകളുടെ ഉള്‍വശത്തുള്ള വായു ശുദ്ധീകരണത്തിന് പ്ലാസ്മ എയർ സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്യും. പ്ലാസ്മ എയര്‍ ഉപകരണങ്ങള്‍ എസി കോച്ചിനുള്ളിലെ വായുവും ഉപരിതലവും അയോണൈസ്ഡ് വായു ഉപയോഗിച്ച് അണുവിമുക്തമാക്കുകയും കോച്ച് കോവിഡ് 19 കണികകളെ പ്രതിരോധിക്കുകയും ചെയ്യും.
കൂടാതെ ടൈറ്റാനിയം ഡൈഓക്‌സൈഡ് കവചം ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവയെ നശിപ്പിക്കുമെന്നതിനാൽ വാഷ്‌ബേസിനുകള്‍, വാതിലുകള്‍, സീറ്റ്, ബര്‍ത്ത്, സ്‌നാക്ക് ടേബിള്‍, ഗ്ലാസ് ജനല്‍, തറ തുടങ്ങി മനുഷ്യ സ്പര്‍ശമുണ്ടായേക്കാവുന്ന എല്ലാ പ്രതലത്തിലും ഇത് പൂശും. ഇനിയുള്ള ട്രെയിൻ യാത്രകളിൽ യാത്രക്കാർക്ക് മേൽപ്പറഞ്ഞ രീതികളിലെ സൗകര്യങ്ങളായിരിക്കും ലഭിക്കുന്നത്.
ഈ അവസരത്തിൽ ഇത്തരത്തിലൊരു തീരുമാനം ഇന്ത്യൻ റെയിൽവേ കൈക്കൊണ്ടത് എന്തുകൊണ്ടും അഭിനന്ദനീയം തന്നെയാണ്. ഇതുമൂലം ട്രെയിൻ യാത്രകൾ സുരക്ഷിതമാണെന്നുള്ള ഒരു വിശ്വാസം യാത്രക്കാരിൽ ഉണ്ടാക്കിയെടുക്കുവാനും സാധിക്കും. പക്ഷേ അപ്പോഴും പ്രശ്നം മറ്റൊന്നാണ്. ജനറൽ, സ്ലീപ്പർ കമ്പാർട്ട്മെന്റുകളിൽ ആളുകൾ യാതൊരുവിധ സാമൂഹിക അകലവും പാലിക്കാതെ ഓടിച്ചാടി കയറുകയും തിങ്ങിനിറഞ്ഞു യാത്ര ചെയ്യുകയും ചെയ്‌താൽ എല്ലാം തീർന്നില്ലേ? പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ. ഇത്തരത്തിൽ ആളുകളെ തിക്കിനിറച്ചുകൊണ്ടുള്ള യാത്രകൾ തടയുവാനും റെയിൽവേ മുൻകൈയെടുക്കണം.
വിവരങ്ങൾക്ക് കടപ്പാട് – മനോരമ ഓൺലൈൻ.