യാത്രകൾ പോകുവാൻ ഇഷ്ടമില്ലാത്തവർ ആരാണുള്ളത്? എന്നാൽ കിട്ടുന്ന ഒഴിവു സമയങ്ങളെല്ലാം യാത്രകൾ പോകുന്ന, തൊട്ടടുത്ത കവലയിലേക്കെന്നും പറഞ്ഞു മൂന്നാറും കൊടൈക്കനാലുമൊക്കെ കറങ്ങുന്നവർ, ബൈക്കും എടുത്തുകൊണ്ട് ഊരുതെണ്ടിയായി ജീവിതം ആസ്വദിച്ച് നടക്കുന്നവർ ഇവരിൽ ഭൂരിഭാഗം ആളുകളും ഒരിക്കലെങ്കിലും വീട്ടുകാരുടെ അടുത്ത് നിന്നും വഴക്കും പരാതിയുമൊക്കെ കേട്ടിട്ടുണ്ടാകും.

ചിലർക്കാകട്ടെ പാരയാകുന്നത് ബന്ധുക്കളും അയൽക്കാരുമൊക്കെയായിരിക്കും. യാത്ര പോയ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ സോഷ്യൽ മീഡിയയിൽ പോസ്റ്റുന്നതു നോക്കി തക്കം പാർത്തിരിക്കുന്ന ചിലർ പാരയുമായി മുന്നോട്ടു വരും. “എന്താണ്, മോൻ ഫുൾ കറക്കമാണല്ലോ. നിങ്ങളിങ്ങനെ കയറൂരി വിട്ടേക്കുവാണോ?” എന്നൊക്കെ ചോദ്യശരങ്ങൾ തുടങ്ങുകയായി. അതിങ്ങനെ നീണ്ടു നീണ്ടു ലഹരി ഉപയോഗത്തെക്കുറിച്ചും മറ്റുമൊക്കെ എത്തുമ്പോൾ അതോടെ തീർന്നു… പിന്നെ ട്രിപ്പ് അടിക്കുന്ന മകന് വിലക്ക് വീഴുകയായി.

ഒന്നുകിൽ ബൈക്കിന്റെ താക്കോൽ വാങ്ങി വെക്കും. അല്ലെങ്കിൽ അച്ഛനോ അമ്മയോ കലിതുള്ളി അവസാന വാണിംഗും കൊടുക്കും. അതോടെ മകന്റെ യാത്രാ മോഹങ്ങൾക്ക് കൂച്ചുവിലങ്ങു വീഴുകയായി. ഇതു തന്നെയായിരിക്കും ഏഷണി വെക്കാൻ വന്നയാളുടെ ലക്ഷ്യവും. വന്ന കരയാൻ സാധിച്ച ചാരിതാർഥ്യത്തോടെ അവർ ചിരിച്ചുകൊണ്ട് മുങ്ങും.

ഇതൊക്കെ എല്ലായിടത്തും സംഭവിക്കുന്ന കാര്യങ്ങളാണ്. പക്ഷേ, എല്ലാ മാതാപിതാക്കളും ഒരുപോലെയാകില്ല. മകന്റെ ലഹരി യാത്ര മാത്രമാണ് എന്ന തിരിച്ചറിവുള്ള, മക്കൾ ഒരിക്കലും വഴി തെറ്റില്ലെന്നുറപ്പുള്ള അച്ഛനമ്മമാർ ആരോക്കെ എന്തൊക്കെ പാര പണിതാലും കുലുങ്ങില്ല. “നീ പൊയ്‌ക്കോടാ മോനെ…” എന്നുള്ള ലൈനായിരിക്കും. പക്ഷെ ഇത്തരം അച്ഛനമ്മമാർ വളരെ കുറവായിരിക്കും. ഈ വിഷയത്തിൽ ആരെയും കുറ്റം പറഞ്ഞിട്ടും കാര്യമില്ല.

എന്നാൽ മേൽപ്പറഞ്ഞ രണ്ടാമത്തെ ചിന്താഗതിക്കാരായ അച്ഛനമ്മമാരെയായിരിക്കും സഞ്ചാരപ്രേമികളായ മക്കൾ ആഗ്രഹിക്കുന്നത്. അത്തരത്തിലൊരു സംഭവം പങ്കുവെയ്ക്കുകയാണ് യാത്രാപ്രേമിയും സോഷ്യൽ മീഡിയയിലെ യാത്രാ ഗ്രൂപ്പുകളിൽ ആക്റ്റീവ് മെമ്പറുമായ കാഞ്ഞിരപ്പള്ളി സ്വദേശി യദുകുൽ കെ.ജി.

യദുകുൽ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ഇങ്ങനെ – “ഒരു ദിവസം രാത്രി ബാഗൊക്കെ പായ്ക്ക് ചെയ്ത് ഒരു യാത്രയ്ക്കിറങ്ങാൻ തുടങ്ങുമ്പോ അവിചാരിതമായി കുറച്ച് ബന്ധുമിത്രാദികൾ കടന്നുവരികയുണ്ടായി. ‘ഈ പാതിരാത്രി ഇതെങ്ങോട്ടാ’ എന്ന ചോദ്യത്തിൽ തുടങ്ങി കേരളത്തില്‍ പടർന്നു പന്തലിക്കുന്ന ലഹരിയുടെ വേരുകളിലേയ്ക്ക് വരെ ചർച്ച നീണ്ടപ്പോൾ, അകത്ത് മുറിയില്‍ നിന്നും അഛൻ്റെ ശബ്ദം “എടാ ഉവ്വേ നീ സമയം കളയാതെ പോയേച്ചും വാ… ഇല്ലെങ്കില്‍ നിന്നെ നോക്കി ലവൻമാര് പോസ്റ്റാവൂലേ..” Then turn your face to those ബന്ധുമിത്രാദികൾ & say GIVE ME SOME WAY.”

ഏതൊരു യാത്രാപ്രേമിയും മനസ്സുകൊണ്ട് ആഗ്രഹിക്കുന്ന ആ ഒരു മാസ്സ് സന്ദർഭം, അച്ഛന്റെ മാസ്സ് ഡയലോഗ്… ഇങ്ങനെ കട്ടസപ്പോർട്ട് ഉള്ള അച്ഛനമ്മമാർ ഉണ്ടെങ്കിൽ പിന്നെ എങ്ങനെയാണു ട്രിപ്പ് പോകാതിരിക്കുക. ജീവിതം ഒന്നേയുള്ളൂ. അത് ജീവിച്ചു തന്നെ തീർക്കണം. വെറുതെയങ്ങു ജീവിച്ചാൽ പോരാ, ആസ്വദിച്ചു, ആഗ്രഹങ്ങൾ തീർത്തു തന്നെ ജീവിക്കണം. എങ്കിലേ ജീവിതത്തിനു ഒരു അർഥം ഉണ്ടാകുകയുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.