ഇന്ന് കേരളത്തിലെ 75 ശതമാനത്തിൽ കൂടുതൽ ടൂറിസ്റ്റ് ബസ്സുകളും എസ്.എം. കണ്ണപ്പ ഓട്ടോമൊബൈൽസ് ‘പ്രകാശ്’ എന്ന പേരിൽ നിർമിക്കുന്ന ബോഡിയാണ് ഉപയോഗിക്കുന്നത്. അതേ പ്രകാശിന് നിന്നും ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് മറ്റൊരു വ്യത്യസ്ത മോഡൽ ബസ്സാണ്. പ്രകാശിന്റെ ഏറ്റവും പുതിയ മോഡലായ ഇതിനു ‘Astra’ എന്നാണ് പേര് നൽകിയിരിക്കുന്നത്. ഭാരത് ബെൻസ് ഷാസിയിലാണ് ഈ മോഡൽ അവതരിപ്പിച്ചിട്ടുള്ളത്.
2018 ൽ പുറത്തിറക്കിയ Cappella മോഡലിനോട് ചെറിയ സാമ്യം തോന്നിക്കുന്ന മുൻഭാഗമാണ് ‘Astra’ യ്ക്കും ഉള്ളത്. എങ്കിലും പുതിയ മോഡലായ Astra’യിൽ തികച്ചും വ്യത്യസ്തമായി തന്നെ മുൻഭാഗം ഡിസൈൻ ചെയ്തിരിക്കുന്നതായി കാണാം. ഒപ്പം ഭാരത് ബെൻസിന്റെ ലോഗോ മുന്നിലെ ഗ്രില്ലിൽ കൊടുത്തിട്ടുമുണ്ട്. അതോടൊപ്പം തന്നെ ഏറ്റവും താഴെയായി ഫോഗ് ലാംബ് നൽകിയത് ബസ്സിന്റെ ഭംഗി വർദ്ധിപ്പിക്കുന്നു.
വോൾവോ ബസ്സുകളിലേതിനു സമാനമായ റിയർവ്യൂ മിറർ ആണ് ഈ മോഡലിനും കമ്പനി നൽകിയിരിക്കുന്നത്. പിൻഭാഗത്ത് കാര്യമായി വർക്കുകൾ ഒന്നും തന്നെയില്ല. റിയർ ലാമ്പുകൾ ചതുരാകൃതിയിൽ ആണ്. 2019 മുതൽ ഇറങ്ങിയ വേഗ മോഡലിനും ഇതേ റിയർ ലാംപ് പ്രകാശ് ഉപയോഗിച്ചിരുന്നു. പതിവിൽ നിന്നും വ്യത്യസ്തമായി 3 ലാമ്പുകൾ മാത്രമാണ് ബസ്സിന്റെ ഇരു വശങ്ങളിലും നൽകിയിരിക്കുന്നത്. എടുത്തു പറയേണ്ട മറ്റൊരു കാര്യം പ്രകാശിന്റെ ലോഗോയോട് കൂടിയ വീൽ കപ്പ് ആണ്. അലോയ് വീലിന്റെ ഫിനിഷിങ് തോന്നിക്കുന്ന തരത്തിലാണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
1968 ൽ എസ്.എം. കണ്ണപ്പ ഓട്ടോമൊബൈൽസ് (SMK) എന്ന പേരിലാണ് പ്രകാശിന്റെ തുടക്കം. ബസ്സുകളുടെ ഷാസി വാങ്ങി സ്വന്തമായി ബോഡി കെട്ടി നിരത്തിലിറക്കുന്ന നിരവധി ബോഡി വർക്ക്ഷോപ്പുകൾ ഇന്നുണ്ട്. എന്നാൽ പ്രകാശിന്റെ പേരും പെരുമയും കടത്തിവെട്ടാൻ പോന്ന തരത്തിൽ വിപ്ലവമുണ്ടാക്കുവാൻ ആർക്കും കാര്യമായി സാധിച്ചിട്ടില്ലെന്നതാണ് സത്യം.
പ്രകാശ് കമ്പനിയുടെ രജിസ്‌ട്രേഡ് ഓഫീസ് സ്ഥിതി ചെയ്യുന്നത് ബെംഗളൂരുവിലെ ലാൽ ബാഗിന് എതിർവശത്തായാണ്. കൂടാതെ പീനിയയിലും മാന്ധ്യയിലും രണ്ടു യൂണിറ്റുകളും പ്രവർത്തിക്കുന്നുണ്ട്. ഏതാണ്ട് എട്ടേക്കറോളം വരുന്ന പ്രകാശ് പ്രൊഡക്ഷൻ യൂണിറ്റിൽ നിന്നും ഒരു മാസം ശരാശരി മുന്നൂറോളം ബസ്സുകൾ പുറത്തിറങ്ങുന്നുണ്ട്.
കേരളത്തിലെ 75 ശതമാനത്തിൽ കൂടുതൽ ടൂറിസ്റ്റ് ബസ്സുകളും എസ്.എം. കണ്ണപ്പ ഓട്ടോമൊബൈൽസ് ‘പ്രകാശ്’ എന്ന പേരിൽ നിർമിക്കുന്ന ബോഡിയാണ് ഉപയോഗിക്കുന്നത്. നല്ല ഭംഗിയും ഫിനിഷിംഗുമുള്ള അവരുടെ ബോഡി നിർമ്മാണ രീതികൾ മറ്റു നിർമാതാക്കൾ മാതൃകയാക്കേണ്ടി വന്നത് പ്രകാശിൻ്റെ സ്വീകാര്യതയാണ് വെളിവാക്കുന്നത്. അതുകൊണ്ടു തന്നെ പ്രകാശിന്റെ പുതിയ മോഡലായ Astra യെ ബസ് പ്രേമികളും, ബസ്സുടമകളുമെല്ലാം ഇപ്പോഴേ നെഞ്ചിലേറ്റിക്കഴിഞ്ഞു.
വിവരങ്ങൾക്ക് കടപ്പാട് – ‘TOURIST BUS’ FB Page, ചിത്രങ്ങൾ : S.M.KANNAPPA Automobiles Private Limited.