ഇന്ത്യയിലെ ഏറ്റവും ധനികനായ ജൂലറിയുടമയെന്ന ബഹുമതി, നമ്മുടെ തൃശ്ശൂരിൽ നിന്നാരംഭിച്ചു ഇന്ന് ലോകമെമ്പാടും പടർന്നു പന്തലിച്ചു കിടക്കുന്ന ജ്വല്ലറി ശൃംഖലയായ കല്യാൺ ജ്വല്ലേഴ്‌സ് ഉടമ ടി എസ് കല്യാണരാമന് ആണ്. ഇതുകൂടാതെ സ്വന്തമായി വിമാനങ്ങളുള്ള മലയാളികളിൽ ഒരാൾ എന്ന ഖ്യാതിയും കല്യാണരാമൻ്റെ ബിസിനസ്സ് വഴിയിലെ തിലകക്കുറികളിൽ ഒന്നാണ്.
ഷോറൂമുകളുടെ എണ്ണം ഇന്ത്യയിലെമ്പാടും വർദ്ധിച്ച സാഹചര്യത്തിൽ ഇവിടങ്ങളിലേക്ക് എളുപ്പം സഞ്ചരിക്കുന്ന എന്ന ഉദ്ദേശ്യത്തോടു കൂടി 2012 ലാണ് കല്യാണരാമൻ തൻ്റെ ആദ്യത്തെ വിമാനം വാങ്ങുന്നത്. ‘എംബ്രെയർ ഫെനം 100’ എന്ന പ്രൈവറ്റ് ജെറ്റ് വിമാനമായിരുന്നു അത്. രണ്ടു പൈലറ്റുമാര്‍ ഉള്‍പ്പെടെ ഏഴു പേര്‍ക്കു സുഖമായി യാത്രചെയ്യാവുന്ന വിമാനം 30 കോടിയോളം രൂപയ്ക്കാണ് കല്യാണ്‍ വാങ്ങിയത്. കേരളത്തില്‍ റജിസ്റ്റര്‍ ചെയ്യുന്ന ആദ്യ സ്വകാര്യ യാത്രാവിമാനമെന്ന ബഹുമതിയും ഈ ചെറുവിമാനത്തിനാണ്. ബ്രസീലിൽ നിന്നുമായിരുന്നു ‘എമ്പ്രയര്‍ ഫെനം 100’ എന്ന ഈ വിമാനം കല്യാൺ ഗ്രൂപ്പ് വാങ്ങിയത്.
ഒറ്റയടിക്ക് മൂന്നര മണിക്കൂര്‍ തുടര്‍ച്ചയായി പറക്കാന്‍ വിമാനത്തിന് കഴിയുമെങ്കിലും ഒരു മണിക്കൂര്‍ പറക്കാന്‍ ഏകദേശം 50,000 രൂപ ചെലവാകും. പ്രമുഖ വാഹന നിര്‍മാതാക്കളായ ബിഎംഡബ്ലിയു ആണ് വിമാനത്തിന്റെ ഉള്‍വശം ഒരുക്കിയിരിക്കുന്നത്. അന്ന് ഇന്ത്യയിൽ സ്വകാര്യ ആവശ്യത്തിനായി രജിസ്റ്റര്‍ ചെയ്യുന്ന 61 മത്തെ വിമാനമായിരുന്നു കല്യാണിന്റെ ‘എമ്പ്രയര്‍ ഫെനം 100.’
പിന്നീട് വിമാനം ചെല്ലാത്ത ഇടങ്ങളിൽ എത്തിപ്പെടാനായി അമേരിക്കൻ – കനേഡിയൻ കമ്പനിയായ ബെല്ലിന്റെ 429 ഹെലികോപ്ടറും ടിഎസ് കല്യാണരാമൻ വാങ്ങുകയുണ്ടായി. ഏകദേശം 48 കോടിരൂപയാണ് ബെല്‍ 429 ഹെലികോപ്റ്ററിന്റെ വില. പ്രാറ്റ് & വിറ്റ്നെയ് കാനഡ PW207D ടർബോഷാഫ്റ്റ് എൻജിൻ ഉപയോഗിക്കുന്ന ബെല്‍ 429 ഹെലികോപ്റ്ററിനു 2+3+3 എന്നുള്ള രീതിയിൽ എട്ടുപേർക്ക് സഞ്ചരിക്കാനുള്ള സൗകര്യമുണ്ട്. നാലു ബ്ലേഡ് മെയിൻ റോട്ടറും രണ്ട് ബ്ലേയ്ഡ് ടെയിൽ റോട്ടറുമാണ് 429 ഹെലികോപ്റ്ററിന്.
അങ്ങനെ പോകുന്നതിനിടയിൽ കല്യാണിന്റെ ഷോറൂമുകൾ വിദേശങ്ങളിലും വേരുറപ്പിച്ചു. തങ്ങളുടെ ബിസിനസ്സ് വിദേശത്തേക്കും വികസിച്ചതോടെ എട്ടര മണിക്കൂർ തുടർച്ചയായി പറക്കാൻ ശേഷിയുള്ള ‘എംബ്രെയർ ലെഗസി 650’ എന്ന വിമാനം കൂടി 2015 ൽ കല്യാണരാമൻ വാങ്ങി. 25 മില്യണ്‍ ഡോളര്‍, ഏകദേശം 200 കോടി രൂപയോളം ചെലവഴിച്ചാണ് ഈ പ്രൈവറ്റ് ജെറ്റ് ടിഎസ് കല്യാണരാമൻ സ്വന്തമാക്കിയത്.
സാധാരണ 40 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ലെഗസി 650 വിമാനം, കല്യാൺ ഗ്രൂപ്പ് തങ്ങളുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കിണങ്ങും വിധം 13 പേർക്ക് സഞ്ചരിക്കാവുന്ന തരത്തിലുള്ള വിമാനമാക്കി മാറ്റിയിരിക്കുകയാണ്. വൈഫൈ, ഇന്റര്‍നെറ്റ്, ഫോണ്‍ സൗകര്യങ്ങളോടെയുള്ള ഒരു ഓഫീസ് എന്ന പോലെ കല്യാണിന്റെ എംബ്രെയർ ലെഗസി 650-യുടെ ഒരു ഭാഗം മാറ്റിയിട്ടുണ്ട്. കാബിനില്‍ നടക്കുന്ന സംഭാഷണങ്ങള്‍ കോക്പിറ്റിലേക്ക് എത്താതിരിക്കാന്‍ വേണ്ട വിധത്തില്‍ ഡിസൈന്‍ ചെയ്തിരിക്കുന്നതാണ് ഈ വിമാനത്തിന്റെ ഇന്റീരിയര്‍.
മണിക്കൂറില്‍ പരമാവധി 834 കിലോമീറ്റര്‍ വേഗതയില്‍ പായാന്‍ കഴിവുള്ള ഈ എയര്‍ക്രാഫ്റ്റിൻ്റെ ആകെ ഭാരം 25 ടണ്‍ ആണ്. 7220 കിലോമീറ്റർ നിർത്താതെ പറക്കാനും എംബ്രെയർ ലെഗസി 650-യ്ക്കാവും. ചുരുക്കിപ്പറഞ്ഞാൽ കൊച്ചിയില്‍ നിന്ന് യൂറോപ്പിലേക്കുള്ള ദൂരം ഒറ്റയടിക്ക് താണ്ടാന്‍ ഈ വിമാനത്തിന് സാധിക്കും.
ജാക്കിച്ചാനെ പോലുള്ള ലോകോത്തര സെലിബ്രിറ്റികള്‍ ഉപയോഗിക്കുന്ന ഈ സ്വകാര്യ ജെറ്റ് ഇന്ത്യയില്‍ കുറച്ചാളുകൾക്ക് മാത്രമേയുള്ളൂ. മോശപ്പെട്ട കാലാവസ്ഥകളില്‍ സുരക്ഷിതമായ യാത്ര പ്രദാനം ചെയ്യാന്‍ കഴിയുന്ന വിധത്തില്‍ അത്യാധുനിക സാങ്കേതികതകള്‍ ഉപയോഗിച്ചാണ് ഈ വിമാനം നിര്‍മിച്ചിരിക്കുന്നത്. ഉയര്‍ന്ന വിശ്വാസ്യതയാണ് എമ്പ്രായേര്‍ എക്‌സിക്യുട്ടീവ് ജെറ്റുകളുടെ പ്രത്യേകതകളിലൊന്ന്.
കല്യാണരാമനെ കൂടാതെ ജോയ് ആലുക്കാസ്, ലുലു ഗ്രൂപ്പ് ഉടമ എം.എ. യൂസഫലി, ഷംസീർ വയലിൽ, ക്യാപ്റ്റൻ സക്കീർ സി ഷെയ്ഖ് തുടങ്ങിയ മലയാളി ബിസിനസ്സുകാരും വിമാനങ്ങൾ സ്വന്തമാക്കിയവരാണ്.
വിവരങ്ങൾക്ക് കടപ്പാട് – വിവിധ ഓൺലൈൻ മാധ്യമങ്ങൾ.