കെഎസ്ആർടിസിയുടെ ചങ്ങനാശ്ശേരി – വേളാങ്കണ്ണി സൂപ്പർ എക്സ്പ്രസ്സ് ബസ്സിനു മുന്നിൽ തടസ്സം സൃഷ്ടിച്ച് പ്രൈവറ്റ് ഓർഡിനറി ബസ്. പ്രസ്തുത സംഭവത്തെക്കുറിച്ച് വേളാങ്കണ്ണി എക്സ്പ്രസിലെ ഡ്രൈവറും സോഷ്യൽ മീഡിയയിൽ പ്രസിദ്ധനായ സന്തോഷ് കുട്ടൻ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് താഴെ കൊടുക്കുന്നു.
“ഇന്നലെ ഈ ബസ് ഇതിന്റെ മുതലാളി ആണോ ഓടിച്ചത്? അതോ ഡ്രൈവർ സാറാണോ? ബഹുമാനപ്പെട്ട കോട്ടയം ജില്ലാ കളക്ടർ ബഹുമാനപ്പെട്ട ട്രാഫിക് പോലീസ് മേലധികാരികൾ അറിയുവാൻ, കോട്ടയം മുതൽ ഏറ്റുമാനൂർ വരെ വളരെയധികം തിരക്കുള്ള റോഡാണ്. അവിടെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു സംഭവം പലപ്പോഴായി എനിക്ക് ഉണ്ടായിട്ടുണ്ടെങ്കിലും ഒരു കാരണവുമില്ലാതെ എന്നെ അസഭ്യം പറയുന്ന രീതിയിൽ വരെ. കാര്യങ്ങൾ എത്തിയതുകൊണ്ടും, വളരെ ക്രൂവൽ ആയ ഒരു ഡ്രൈവിംഗ് ശൈലി എനിക്ക് അനുഭവപ്പെട്ടത് കൊണ്ടും ഞാൻ ഈ കാര്യം അധികാരികളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നു. ഞാൻ അത്ര നല്ല ഡ്രൈവിംഗ് ഒന്നുമല്ല, പക്ഷേ മനപ്പൂർവ്വം ഞാൻ ആരെയും ഉപദ്രവിക്കാറില്ല.
ഇനി കാര്യത്തിലേക്ക് വരാം. ഇന്നലെ (06-09-2019) ചിത്രത്തിൽ കൊടുത്തിരിക്കുന്ന ബസ്സിന്റെ ഡ്രൈവർ ആണെങ്കിലും മുതലാളി ആണെങ്കിലും സംക്രാന്തി കവലയിൽ നടന്ന സംഭവം ഒന്ന് ചോദിച്ചു മനസ്സിലാക്കുക. വാഹനം ഒതുക്കി നിർത്തി യാത്രക്കാരെ കയറ്റുക, അത് കെഎസ്ആർടിസി ആണെങ്കിലും പ്രൈവറ്റ് ബസ് ആണെങ്കിലും അതിൽ ഡ്രൈവർ പാലിക്കേണ്ട പ്രധാന മര്യാദകളിൽ ഒന്നാണ്. പിന്നെ, തൻറെ വാഹനത്തെ ഏതെങ്കിലും വാഹനം ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ അവന് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിൽ പ്രവർത്തിക്കുകയും അവരുടെ ഗ്ലാസ് പൊട്ടാൻ പാകത്തിൽ അതിൽ സ്വന്തം വണ്ടിയുടെ ബാക്ക് സൈഡ് കൊണ്ട് പണി തരുകയും ചെയ്യുന്നത് അത്ര നല്ല പ്രവർത്തി അല്ല എന്ന് സഹോദരൻ മനസ്സിലാക്കുന്നത് നല്ലതായിരിക്കും.
പിന്നെ ഇത്രയും സഹിച്ചിട്ടും മിണ്ടാതെ ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന എന്നെ താങ്കൾ വെളിയിലേക്ക് വിളിച്ച് പറഞ്ഞ അസഭ്യം എന്താണെന്ന് വൃത്തിയായി എനിക്കറിയാം. എന്തൊക്കെയായാലും തന്നെ ഡ്രൈവിംഗ് പഠിപ്പിച്ച ആശാന്മാർ അല്ല എന്നെ ഡ്രൈവിംഗ് പഠിപ്പിച്ചത് എന്ന് മനസ്സിലാക്കുക. അതൊക്കെ പോട്ടെ വളരെ ധൃതിയിൽ അപകടകരമായ രീതിയിൽ അങ്ങനെ പോയിട്ടും സംക്രാന്തി കഴിഞ്ഞ് മെഡിക്കൽ കോളേജിലേക്ക് തിരിയുന്ന വഴി വരെ എൻറെ മുന്നിൽ വളരെ വേഗത കുറച്ച് എനിക്ക് സൈഡ് തരാതെ പോയതും ശരിയായില്ല. കാരണം ഇതൊരു സൂപ്പർ എക്സ്പ്രസ് സർവീസ് ആണ്. താങ്കൾ പൊട്ടൻ ഒന്നുമല്ല, വണ്ടി കണ്ടാൽ മനസ്സിലാകും. എന്നിട്ടും താങ്കൾ അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അത് മനപ്പൂർവമാണ്.
അതുകൊണ്ട് ഇനി മുതൽ നമുക്ക് ഒരു കാര്യം ചെയ്യാം. കെഎസ്ആർടിസി ആണെങ്കിലും പ്രൈവറ്റ് ബസ് ആണെങ്കിലും ബസ് വേറെ ഉണ്ടെങ്കിൽ അവിടെ മാക്സിമം ചേർത്തു നിർത്തി മറ്റുള്ളവർക്ക് ബുദ്ധിമുട്ടുക്കാത്ത രീതിയിൽ ആളെ കയറ്റി ഇറക്കി നമുക്ക് മുന്നോട്ടു പോകാം. അതല്ലേ അതിൻറെ ശരി?
കെഎസ്ആർടിസി ആണെങ്കിലും പ്രൈവറ്റ് ബസ് ആണെങ്കിലും ബസ്റ്റോപ്പിൽ ബസ് നിർത്തുന്നതിനായി അനുവദിച്ചിട്ടുള്ള സ്ഥലത്തേക്ക് പൂർണമായും ബസ് കയറ്റി നിർത്തി ആളെ ഇറക്കുകയും കയറ്റുകയും ചെയ്യണമെന്നും മറ്റുള്ള വഴിയാത്രക്കാർക്ക് യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാകാത്ത രീതിയിൽ തന്നെ വേണം ഇത് ചെയ്യാൻ എന്നും ഏതൊരു ഡ്രൈവർക്കും അറിയാമെന്നിരിക്കെ ഇത് ചെയ്യാതിരിക്കുന്നത് ക്രിമിനൽ കുറ്റം തന്നെയാണ്. യാതൊരു സംശയവുമില്ല. ആയതിനാൽ ബഹുമാനപ്പെട്ട ട്രാഫിക് പോലീസ് അധികാരികളുടെ ഭാഗത്തു നിന്നും ഇക്കാര്യം എല്ലാവരുടെയും ശ്രദ്ധയിൽ കൊണ്ടുവരണമെന്നും അതിനുവേണ്ട നടപടിയെടുക്കണമെന്നും എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു, അപേക്ഷിക്കുന്നു.”