എഴുത്ത് – ജൂലിയസ് മാനുവൽ (juliusmanuel.com).

ഞാനൊക്കെ പഠിച്ചിരുന്ന സമയത്ത് സ്‌കൂളിൽ നിന്ന് ടൂറിന് പോകുക എന്നാൽ ഒന്നുകിൽ ഊട്ടിക്ക് , അല്ലെങ്കിൽ കൊടൈക്കനാലിന് , അതുമല്ലെങ്കിൽ കന്യാകുമാരിക്ക്‌ . കടപ്പുറത്തു നിന്നും രണ്ടു രൂപയ്ക്കു കിട്ടുന്ന വിവിധ വർണ്ണങ്ങളിലുള്ള മണ്ണ് ഒരു ട്രോഫി പോലെ വീട്ടിലെ ഷോകെയ്‌സിൽ ഉണ്ടായിരുന്നു . പിന്നീട് വളർന്ന് കാലിനിടയിൽ ബൈക്ക് എത്തിയപ്പോൾ പോകാൻ പ്രത്യേകിച്ച് ലക്ഷ്യമൊന്നും വേണ്ടന്നായി .

ഏറ്റുമാനൂർ ചന്തയിൽ മീൻ മേടിക്കാൻ പോയ മകൻ ഒരാഴ്ച കഴിഞ്ഞു പറമ്പിക്കുളം പോയി വന്നപ്പോഴൊന്നും വീട്ടുകാർ ഞെട്ടിയില്ല . പോകുന്ന വഴി എവിടുന്നെങ്കിലും ഒരു ബൂത്തിൽ കയറി കാര്യം പറഞ്ഞാൽ പപ്പയ്ക്ക് തൃപ്തിയാകുമായിരുന്നു . കൂട്ടിന് രാജേഷ് ശിവനെന്ന വഷളൻ നായര് ചെറുക്കനും ( കക്ഷി അറിയപ്പെടുന്ന അദ്ധ്യാപകനായതിനാൽ ടാഗുന്നില്ല ). ആനക്കൂട്ടം കണ്ടാൽ എണ്ണമെടുക്കാതെ പോകില്ലെന്ന പ്രത്യേക രോഗത്തിനടിമയായിരുന്ന രാജേഷ് ഇത്തരം പല അവിചാരിത യാത്രകളിലും എന്റെ സഹചാരിയായിരുന്നു . അതൊക്കെ ഒരു കാലം.

പക്ഷെ ഞാൻ പറയാനുദ്ദേശിക്കുന്നത് ഇതൊന്നുമല്ല . എവിടേക്കാണ് നാം യാത്ര പോകുന്നത് ? എല്ലാവരും മീശപ്പുലിമല കയറി , അതുകൊണ്ട് ഞാനും പോയി എന്നതാണ് ലൈൻ . കാശ്മീരും , വടക്കേ ഇന്ത്യയും ,വടക്കുകിഴക്കൻ സംസ്ഥാനങ്ങളും ഷെരീഫിനെയും (ഷെരീഫ് ചുങ്കത്തറ) ഹുസൈനെയും (Hussain Nellikkal) പോലുള്ളവർ യാത്രചെയ്ത് മലയാളികളെ പരിചയപ്പെടുത്തിയതിനാൽ കുറേപ്പേർ ആ വഴിക്കും പോകുന്നു .

ഇവിടെ അമേരിക്കയിലും ഉണ്ട് വമ്പൻ ട്രാവൽ ഗ്രൂപ്പുകൾ. ആരെങ്കിലും എവിടെങ്കിലും പോയി ഒരു യാത്രാവിവരണം എഴുതിയാൽ പിന്നെ അങ്ങോട്ട് ആളുകളുടെ ഒഴുക്കാണ് . മലയാളികളുടെ കാര്യമാണെങ്കിൽ പറയേണ്ട . ഫ്ലോറിഡ മല്ലൂസ് ആദ്യം ട്രിപ്പ് പോകുക ബഹാമസിനായിരുക്കും . അവിടെയൊരു ചുക്കും കാണാനില്ല . പക്ഷെ യാത്ര ചെയ്യുന്ന ക്രൂയിസ് ഷിപ്പിലെ “കലാപരിപാടികളാണ് ” മുഖ്യ ഇനം . ഈയിടെയായി കണ്ടു വരുന്ന മറ്റൊരു രോഗം , കല്യാണം മെക്സിക്കോയിലോ , ബെലീസിലോ , ബഹാമാസിലോ അല്ലെങ്കിൽ ഹവായിലോ വെച്ച് നടത്തുക എന്നതാണ് . പറഞ്ഞു വരുന്നത് നാം എപ്പോഴും ഒഴുക്കിന് പിറകെയാണ് . എന്നാൽ വളരെ വ്യത്യസ്തമായി ചിന്തിക്കുന്ന ഒരു സഞ്ചാരികുടുംബത്തെയാണ് ഇവിടെ നാം പരിചയപ്പെടാൻ പോകുന്നത് .

ഫ്ലോറിഡയിലെ Wakulla കൗണ്ടിയിൽ താമസിക്കുന്ന , ഗവേഷകരും സഞ്ചാരപ്രിയരുമായ ദമ്പതികളാണ് റിയാനും , റെബേക്കയും (Ryan, 45, Rebecca, 44). അവർക്ക്‌ ഒന്പതുവയസ്സുള്ള ഒരു മകളും ഉണ്ട് (Sklya). വർഷങ്ങൾക്ക് മുൻപ് മയാമിയിലെ ഒരു ബീച്ചിലൂടെ നടന്നപ്പോഴാണ് റിയാന് ആകെ ഒരു വിമ്മിഷ്ടം അനുഭവപ്പെട്ടത് . ബീച്ച് ആകെ ജനനിബിഡം . ഒച്ചയും ബഹളവും . ഭൂമിയിലുള്ള സകല മനുഷ്യരും അന്ന് ബീച്ചിലെത്തിയതായി റിയാന് തോന്നി .

ആകെ ഭ്രാന്ത് പിടിച്ച് വീട്ടിലെത്തിയ റിയാൻ റെബേക്കയോട് പറഞ്ഞു . ഇനി യാത്ര പോകുമ്പോൾ ആരുമില്ലാത്ത എവിടേക്കെങ്കിലും പോകണം . തിരക്ക് എനിക്ക് അലർജി ആയി തുടങ്ങി . എങ്കിൽ ചന്ദ്രനിൽ പോകേണ്ടി വരും . റെബേക്ക കളിയാക്കി . പക്ഷെ റിയാൻ ഓർമ്മിപ്പിച്ചു , നാം അലാസ്കക്ക് പോയത് ഓർമ്മയില്ലേ എന്ത് ശാന്തവും സുന്ദരവുമായിരുന്നു . അതുപോലുള്ള ഏതെങ്കിലും സ്ഥലം , അതാണ് ഞാൻ ഉദ്യേശിച്ചത് . അങ്ങിനെ ഒരു സ്ഥലം ഈ ഫ്ലോറിഡയിൽ ഉണ്ടാവുമോ ? മനുഷ്യനിൽ നിന്ന് ഏറെ അകന്നോരു സ്ഥലം ? “റിമോട്ടെസ്റ്റ് പ്ലേസ് ” എന്നാണ് റിയാൻ ഉദ്യേശിച്ചത് .

ജീവനുള്ള GIS ഗുരു ആയ റെബേക്ക (geographic information system) ആ വെല്ലുവിളി ഏറ്റെടുത്തു . ഗൂഗിൾ എർത്തും മാപ്പുകളും വെച്ചൊരു പിടി പിടിച്ചു . ഹ്യുമൻ സെറ്റിൽമെന്റുകളിൽ നിന്നും റോഡുകളിൽ നിന്നും (നടപ്പാതയും) ഏറ്റവും അകന്നിരിക്കുന്ന സ്ഥലം , അതായിരുന്നു “റിമോട്ടെസ്റ്റ് പ്ലേസ്” എന്നതിന് ആ ദമ്പതികൾ കൊടുത്ത നിർവചനം . ഏറെ പ്രയാസപ്പെട്ടെങ്കിലും റെബേക്ക അത്തരമൊരു സ്ഥലം ഫ്ലോറിഡയിൽ കണ്ടെത്തി ! കൂറ്റൻ ചതുപ്പ് നിലമായ എവർ ഗ്ലെഡ്‌ ദേശീയോദ്യാനത്തിലെ Marjory Stoneman Douglas Wilderness ആണ് സ്ഥലം . തൊട്ടടുത്ത റോഡിൽ നിന്നും മനുഷ്യവാസ മേഖലയിൽ നിന്നും കുറഞ്ഞത് പതിനേഴ് മൈൽ മാറിയാണ് ആ സ്ഥലമുള്ളത് . കൂട്ടുകാരൻ സ്റ്റീവ് ജോൺസനോടൊപ്പം ചതുപ്പുനിലങ്ങളിലൂടെ മുപ്പത് മണിക്കൂർ ബോട്ടോടിച്ച് അവർ അവിടെ എത്തുക തന്നെ ചെയ്തു ! അന്ന് അവരുടെ മകളുടെ പ്രായം വെറും പത്തുമാസം ! (30 December 2009).

സ്വന്തമായി ചാർട്ട് ചെയ്ത് “കണ്ടെത്തിയ ” , ഫ്ലോറിഡയിലെ റിമോട്ടെസ്റ്റ് പ്ലേസിൽ എത്തിയ അവരുടെ വികാരം പറഞ്ഞറിയിക്കാൻ വയ്യാത്തതായിരുന്നു . അന്നവർ ഒരു തീരുമാനത്തിലെത്തി . അന്പത് അമേരിക്കൻ സംസ്ഥാനങ്ങളിളെയും ” റിമോട്ടെസ്റ്റ് പ്ലേസ് ” കണ്ടെത്തി അവിടെയെല്ലാം പോകണം ! . അസാധ്യമെന്നു ഒറ്റ നിരീക്ഷണത്തിൽ തോന്നിയേക്കാമെങ്കിലും ഈ ദമ്പതികൾ തങ്ങളുടെ കുഞ്ഞുമൊത്ത് അൻപതിൽ മുപ്പതിമൂന്നെണ്ണവും കവർ ചെയ്തു എന്ന് കേട്ടാൽ നാം ഞെട്ടും !

ഇതുവരെയുള്ള അനുഭവങ്ങളിൽ നിന്നും അവർ ചില ഡേറ്റകൾ നമ്മുക്ക് നൽകുന്നു . അമേരിക്കയിലെ റിമോട്ടെസ്റ്റ് സ്ഥലങ്ങളുടെ ശരാശരി വിദൂരത , തൊട്ടടുത്ത റോഡിൽ നിന്നും ഏകദേശം 6.8 മൈലുകൾ ആണ് . എന്നാൽ നേരിട്ട് വഴികൾ ഇല്ലാത്തതിനാൽ അവിടെ ചെന്നെത്താൻ ചിലപ്പോൾ ദിവസങ്ങൾ എടുത്തേക്കാം . പക്ഷെ ഇതുവരെ ആരും ചെല്ലാത്ത ഒരു സ്ഥലം പോലും അവർക്ക് കണ്ടെത്താനായില്ല . പോയ മൂന്നിൽ രണ്ടു സ്ഥലങ്ങളിലും മൊബൈൽ കവറേജ് ഉണ്ടായിരുന്നു . തൊട്ടടുത്ത റോഡിൽ നിന്നും ഏകദേശം 21.7 മൈലുകൾ അകലെ സ്ഥിതി ചെയ്യുന്ന Yellowstone National Park ലെ ഒരു പോയിൻറ്റാണ് അമേരിക്കയിലെ ഏറ്റവും റിമോട്ടെസ്റ്റ് പ്ലേസ് ( ഇതുവരെ ). ഒരാഴ്ച നടന്നാലേ ഇവിടെ എത്തിച്ചേരൂ !

എന്തായാലും കാര്യങ്ങൾ കുറെ യാത്രകൾ കൊണ്ട് തീർക്കാനല്ല ഇവർ ഉദ്യേശിക്കുന്നത് . Project Remote എന്നൊരു മിഷന് തന്നെ അവർ രൂപം കൊടുത്തു . ഭൂമിയിലെ എല്ലാ രാജ്യങ്ങളിലെയും സംസ്ഥാനങ്ങളിലെയും , ജില്ലകളിലെയും റിമോട്ടെസ്റ്റ് പ്ലേസ് കണ്ടെത്തുകയാണ് ഉദ്യേശം . തൽക്കാലം അമേരിക്കയിലെ സകല വിദൂര സ്ഥലങ്ങളും മാപ് ചെയ്ത ശേഷമേ പുറത്തെ കാര്യങ്ങൾ ആലോചിക്കുന്നുള്ളു .

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.