കടപ്പാട് – ‎Thrissur Kannur FP‎.

തൃശ്ശൂരിന്റെ ബസ് ചരിത്രത്തെക്കുറിച്ച് ഓർത്തെടുക്കുമ്പോൾ തുടങ്ങേണ്ടത് എവിടെ നിന്നാണ്‌? സംശയമില്ല, പി.എസ്.എൻ മോട്ടോർസിൽ നിന്നും തന്നെ.

പാലക്കാടിന്‌ കണ്ടത്തെന്ന പോലെ, ഷൊർണ്ണൂരിന്‌ മയിൽവാഹനമെന്ന പോലെ, കോഴിക്കോടിന്‌ സി.ഡബ്ള്യു.എം.എസ് എന്ന പോലെ, ഗുരുവായൂരിന്‌ ബാലകൃഷ്ണ എന്ന പോലെ,മദ്ധ്യകേരളത്തിൽ, തൃശ്ശൂർ-എറണാകുളം-പാലക്കാട് ജില്ലകളിൽ, സർവ്വീസ് നടത്തിയിരുന്ന, തൃശ്ശൂർ ആസ്ഥാനമായ ബസ് കമ്പനി ആയിരുന്നു പി.എസ്.എൻ മോട്ടോർസ്.

തൃശ്ശൂരിൽ പ്രമുഖ സംരഭകനായ ശ്രീ പി.എസ്.നാരായണ അയ്യർ 1923 ഇൽ തുടങ്ങിയ സംരഭങ്ങളിൽ ഒന്നായിരുന്ന ഒരു മോട്ടോർ കമ്പനിയിൽ നിന്നാണ്‌ പി.എസ്.എൻ മോട്ടോർസിന്റെ തുടക്കം. 6 ബസ്സുകളായിരുന്നു തുടക്കകാലത്ത്. പിന്നീട് നിരവധി റൂട്ട് ബസ്സുകളുമായി പി.എസ്.എന്റെ സാമ്രാജ്യം പതിയെ വളർന്നു. 1952 ഇലാണ്‌ നരായണ അയ്യരുടെ മകൻ ശ്രീ പി.എൻ.കൃഷ്ണയ്യർ പി.എസ്.എൻ മോട്ടോർസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി റെജിസ്റ്റർ ചെയ്യുന്നത്.

പിന്നീടുള്ള രണ്ടു ദശാബ്ദക്കാലം തൃശ്ശൂർ ബസ്സ് മേഖലയിൽ പി.എസ്.എൻ മോട്ടോർസിന്റെ സുവർണ്ണകാലമായിരുന്നു. ഏകദേശം ഇരുന്നൂറോളം ബസ്സുകളുമായി മദ്ധ്യകേരളത്തിലെ ഏറ്റവും വലിയ ബസ്സ് സർവ്വീസുകളിലൊന്നായി പി.എസ്.എൻ വളർന്നു. തൃശ്ശൂർ ജില്ലയിലെ മിക്ക റൂട്ടുകളിലും പി.എസ്.എന്റെ സാന്നിധ്യമുണ്ടായി. തൃശ്ശൂർ-ചാലക്കുടി-എറണാകുളം, തൃശ്ശൂർ-ചാലക്കുടി-പെരുമ്പാവൂർ, തൃശ്ശൂർ-കോതമംഗലം, തൃശ്ശൂർ-പാലക്കാട്, തൃശ്ശൂർ-കൊടുങ്ങല്ലൂർ എന്നിങ്ങനെയുള്ള എല്ലാ പ്രമുഖ റൂട്ടുകളിലും പി.എസ്.എൻ ബസ്സുകൾ ഓടി.

പണ്ട് കെ.എസ്.ആർ.ടി.സി പിടിച്ചെടുത്ത മാള സർവ്വീസുകളിൽ പലതും, തൃശ്ശൂർ – മാള – അന്നമനട, തൃശ്ശൂർ – മാള – കൃഷ്ണൻകോട്ട, തൃശ്ശൂർ – മാള – കുണ്ടുർ, തൃശ്ശൂർ – മാള – കണക്കൻകടവ് എന്നിവയെല്ലാം പി.എസ്.എൻ പെർമിറ്റുകളായിരുന്നു എന്നാണ്‌ അറിവ്. തൃശ്ശൂർ – ചിറ്റൂർ – വേലന്താവളം റൂട്ടിൽ ഓടിയിരുന്നു ബസ്സുകളാണ്‌ പി.എസ്.എൻ, ഇന്ന് എസ്.എം.ടി ഓടുന്ന തൃശ്ശൂർ – കോയമ്പത്തൂർ പെർമിറ്റുകളാക്കി മാറ്റിയത്.

1972 ഇലെ തൃശ്ശൂർ – എറണാകുളം റൂട്ട് ദേശസാൽകരണത്തിൽ പി.എസ്.എൻ മോട്ടോർസിന്‌ നിരവധി പെർമിറ്റുകൾ നഷ്ടമായി. തൃശ്ശൂർ – എറണാകുളം, തൃശ്ശൂർ – മാള റൂട്ടുകളിലെല്ലാം കെ.എസ്.ആർ.ടി.സി വന്നു.

സ്റ്റേജ് ക്യാരേർസ് മാത്രമല്ല, മറ്റു ബിസിനസ്സ് സംരഭങ്ങളും പി.എസ്.എൻ ഗ്രൂപ്പിനുണ്ടായിരുന്നു. തൃശ്ശൂർ വടക്കേ ബസ്സ്റ്റാൻഡിനടുത്തുള്ള പെട്രോൾ പമ്പ് ‘പി.എസ്.എൻ’ പമ്പ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത് (ഇന്നും അങ്ങിനെതന്നെ). പാർസൽ സർവ്വീസുകളും ഓട്ടോമൊബൈൽ ഡീലർഷിപ്പുകളും ഒക്കെ ഇതര സംരഭങ്ങളിൽ ഉൾപ്പെട്ടിരുന്നു. ഗജരാജൻ ഗുരുവായൂർ കേശവൻ അസുഖബാധിതനായി ചികിൽസയിൽ കഴിഞ്ഞിരുന്ന കാലത്ത് ശ്രീ പി.എൻ. കൃഷ്ണയ്യർ തന്റെ വണ്ടികളിൽ കേശവന്‌ പനമ്പട്ടകളും മറ്റും അയച്ചു കൊടുത്തിരുന്നു എന്നൊരു കഥ കേട്ടിട്ടുണ്ട്.

എൺപതുകളുടെ അവസാനം പി.എസ്.എൻ കൊടുങ്ങല്ലൂർ – തൃശ്ശൂർ – പാലക്കാട് റൂട്ടിൽ മാത്രമേ നിലവിലുണ്ടായിരുന്നുള്ളൂ. ഏകദേശം നാലോ അഞ്ചോ വണ്ടികൾ മാത്രം. 1997 ഇൽ പുറത്തിറക്കിയ KL-08 L Tata വണ്ടി ആണ്‌ പി.എസ്.എന്റേതായി ഏറ്റവും അവസാനം പുറത്തിറങ്ങിയ ബസ്സ്. ചെറായി – തൃശ്ശുർ – പാലക്കാട് പെർമിറ്റിൽ ഓടിയിരുന്ന ഈ വണ്ടി 1998 ൽ I.T.Motors നു വിറ്റതോടെ അര നൂറ്റാണ്ടു കാലത്തെ പി.എസ്.എൻ ബസ്സ് സർവ്വീസുകൾ ഓർമ്മയായി. പി.എസ്.എൻ ഗ്രൂപ്പിന്റെ മറ്റു ബിസിനസ്സുകൾ ഇന്നും നില നിന്നു പോരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.