വിവരണം – Praveen Shanmukom to ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ.
42 വർഷമായി ഭക്ഷണപ്രേമികൾക്കിടയിൽ അറഞ്ചം പുറഞ്ചം നിറഞ്ഞു വിലസുന്ന ഒരു കട. മാർച്ച് മാസത്തിലെ കോവിഡ് പ്രവാഹത്തിന് മുമ്പൊരു ദിനം; സൂര്യൻ മിന്നിച്ച് നില്ക്കുന്ന സമയം; ഊണിനായി ഹാജരായി. തുടുതുടുത്തൊരു കിളിരം ഇലയിൽ ചൂട് ചമ്പാവരി ചോറ് മുന്നിൽ എത്തി. അവിയൽ, കാരറ്റ് മെഴുക്ക് പുരട്ടി, കിച്ചടി, നാരങ്ങ അച്ചാർ, പിന്നെ നമ്മുടെ പരിപ്പും പപ്പടവും. പപ്പടം പൊടിച്ച് പരിപ്പിൽ ഒരു കൂട്ടിപിടിത്തം. അവിയലാകട്ടെ കിച്ചടിയാകട്ടെ തൊടു കറികളെല്ലാം ഒന്നിനൊന്നു മെച്ചം.
അതിനിടെ പൊരിച്ച മീൻ ഇങ്ങ് എത്തി. അതിന്റെ കിടപ്പ് കണ്ടപ്പോഴേ തോന്നി ആൾ നിസ്സാരക്കാരനല്ല എന്ന്. വായിൽ ഒന്ന് തൊട്ടു വയ്ക്കേണ്ട താമസം രുചിയുടെ പ്രപഞ്ചം ഇങ്ങ് എത്തി. ആ പൊരിയും ആ സവാളയും ആ രുചിയും ആ മൊരു മൊരുപ്പും. ഞാൻ അവിടയങ്ങ് ലോക്ക്ഡൗൺ ആയി.
അതിനിടയിൽ അടിപൊളി സാമ്പാർ എത്തി. മീൻ ചാർ എത്തി. അവസാനം ആ മാർവലെസ് പുളിശ്ശേരിയും. എല്ലാം കൊണ്ട് സംതൃപ്തനായി എഴുന്നേറ്റു. മാമന്റെ ഒരു ഫോട്ടോയെടുത്ത് വിളിയിലിറങ്ങി. നാക്കിന്റെ തുമ്പത്ത് അപ്പോഴും ഇപ്പോഴും ആ മീനിന്റെ രുചി.
42 വർഷങ്ങൾക്കും മുമ്പുള്ള ഒരു കാലഘട്ടം. ശ്രീ എം മണി അഥവാ ആരോമാ മണി, അദ്ദ്ദേഹത്തിന്റെ ഉടമസ്ഥതയിൽ സംഗീത, ഇമ്പാല തുടങ്ങിയ മൂന്ന് നാല് ഹോട്ടലുകൾ ഉണ്ടായിരുന്ന ഒരു കാലം. അതിന്റെയെല്ലാം മേൽനോട്ടം വഹിച്ച് ചുറു ചുറുക്കനായ ഒരു ചെറുപ്പക്കാരൻ. പേര് എൻ.ഗോപാലകൃഷ്ണൻ നായർ. ശ്രീ ആരോമാ മണി സിനിമയുടെ വെന്നി കൊടിയുടെ ആഴങ്ങളിലേക്ക് ഇറങ്ങിയപ്പോൾ ശ്രീ ഗോപാലകൃഷ്ണൻ നായർക്ക് അധിക ചുമതലയുടേയും അധ്വാനഭാരത്തിന്റേയും നാളുകളായി.
ഇതിനിടയിൽ സ്വന്തമായി സ്വതന്ത്രമായി ചെറിയൊരു ഭക്ഷണയിടം തുടങ്ങുന്നതിനുള്ള ആലോചനയിലായി അദ്ദേഹം. പുളിമൂടിൽ അപ്പോൾ ഉണ്ടായിരുന്ന ബാങ്കിലെ ജീവനക്കാരും അദ്ദേഹത്തെ അതിനായി പ്രേരിപ്പിച്ചു, പിന്തുണച്ചു. അങ്ങനെ അവിടെയുള്ള 20 ജീവനക്കാർക്കായി താൻ താമസിച്ചിരുന്ന തകരപറമ്പിലെ സ്വന്തം വീടിന്റെ മുൻവശം ഹോട്ടലാക്കി തുടങ്ങിയതാണ് ഈ സംരംഭം. അവിടത്തെ പുളിശ്ശേരിക്ക് പേരു വന്നു, ജനങ്ങൾ അതിനെ പുളിശ്ശേരിക്കട എന്ന് വിളിച്ചു. അങ്ങനെ അത് പേരുമായി.
വർഷങ്ങളായി, ഇപ്പോഴും ആ വീട് മുഴുവൻ ഹോട്ടലാണ്. മുൻവശം കണ്ടാൽ വളരെ കുറച്ചേ ഇരിക്കാൻ കഴികയുള്ളുവെന്നു തോന്നാം. അകത്തോട്ട് സ്ഥലം ഉണ്ട് . 18 പേർക്ക് ഇരിക്കാം.
ലോക്ക്ഡൗണിൽ മെയ് 4 മുതൽ തന്നെ പാഴ്സൽ സൗകര്യം ലഭ്യമാണ്. പണ്ടും ഇപ്പോഴും ഉച്ചയ്ക്ക് 12 മുതൽ 3 മണി വരെയാണ് സമയം. ഒരിടക്കാലത്ത് തുടങ്ങിയ പ്രാതൽ ഈയിടക്ക് ലോക്ക്ഡൗണിന് മുമ്പ് കുറച്ച് ദിവസങ്ങളിൽ രാവിലെ 7 മണി മുതൽ 9 മണി വരെ സമയങ്ങളിൽ പുനരാരംഭിച്ചിരുന്നു. അതിപ്പോൾ ഇല്ല. സാഹചര്യങ്ങൾ അനുകൂലമായി വരുമ്പോൾ വീണ്ടും തുടങ്ങും.
സർക്കാറിന്റെ നിയമത്തിനും അനുശാസനത്തിനും വിധേയമായി വരുന്നവരെ ഇരുത്തി കഴിപ്പിക്കേണ്ട സമയം ആഗതമാകുമ്പോൾ അതനസുരിച്ചുള്ള ഒരുക്കങ്ങൾ നടത്തുന്നത്തിന്റെ തയ്യാറെടുപ്പിലാണ് ഇപ്പോൾ പുളിശ്ശേരിക്കട. സ്ഥലം: തകരപറമ്പ് ഫ്ളൈഓവർ വഴി വരുമ്പോൾ IOB ഇന്ത്യൻ ഓവർസീസ് ബാങ്കിന് എതിർവശത്തായി..