വിവരണം – Pranav Viswanath

പുഷ്കർ – രാജസ്ഥാനിലെ അജ്മീർ ജില്ലയിൽ നിന്നും 11 കിലോമീറ്റർ വടക്കു കിഴക്ക് മാറിയാണ് പുഷ്കർ എന്ന പ്രദേശം. ഈവർഷം നവംബർ 4 മുതൽ 12 വരെയായിരുന്നു പുഷ്‌കർമേള. നവംബർ മാസത്തിലെ കാർത്തിക പൂര്ണിമയിലാണ് പുഷ്‌കർമേള നടത്തുന്നത്. ഒരേസമയം ഐതീഹ്യപരമായും ചരിത്രപരമായും വാണിജ്യപരമായും വിനോദപരമായും പ്രാധാന്യമുള്ള അപൂർവം ചില സ്ഥലങ്ങളിൽ ഒന്നാണ് പുഷ്കർ. 2000 വർഷത്തിലധികം പഴക്കമുള്ള പുരാതന പവിത്ര ക്ഷേത്രമാണ് പുഷ്കർ.

ഐതീഹ്യപരമായി ബ്രഹ്മാവ് സ്വയം തിരഞ്ഞെടുത്തതും വിശ്വാമിത്ര മഹര്ഷിയാൽ പണികഴിപ്പിക്കപ്പെട്ടതുമായ ക്ഷേത്രമാണ് പുഷ്കർ. ബ്രമാവിന്റെ പ്രീതിഷ്ടയുള്ള അപൂർവം ചില ക്ഷേത്രങ്ങളിൽ ഒന്നും, പ്രധാന പ്രതിഷ്ഠയായി ബ്രഹ്മാവുള്ളതും ഉത്സവം കൊണ്ടാടുന്നതുമായ ഒരേഒരു ബ്രഹ്മ ക്ഷേത്രമാണ് പുഷ്കർ.

ചരിത്രം പറഞ്ഞാൽ മുഗൾ രാജാക്കന്മാരുടെ തേരോട്ടത്തിൽ ഇന്ത്യയിലെ ഹിന്ദു ക്ഷേത്രങ്ങൾ തകർക്കപെട്ടപ്പോൾ അവശേഷിച്ച അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണിത്. മുഗൾ ചക്രവർത്തി ഔറംഗസേബ് പുഷ്കറിലെ ഭൂരിഭാഗം ക്ഷേത്രങ്ങൾ നശിപ്പിച്ചെങ്കിലും പുഷ്കർ ബ്രഹ്മക്ഷേത്രം നശിപ്പിക്കാൻ കഴിഞ്ഞില്ല. നവംബര് മാസത്തിലെ കാർത്തിക പൂർണിമ ദിവസം കൊണ്ടാടുന്ന ഉത്സവമാണ് പുഷ്‌കർമേള.

ലോകത്തിലെ ഏറ്റവും വലിയ ഒട്ടക ചന്ത കൂടിയാണ് പുഷ്‌കർമേള. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾ ഈ ദിവസങ്ങളിൽ പുഷ്കറിൽ കാണാം. ഒട്ടകം മാത്രമല്ല കുതിരകൾ കന്നുകാലികൾ എന്നിവയുടെ വ്യാപാരവും ഈ സമയത്തു അവിടെകാണാം. 20000 മുതൽ 200000 രൂപ വരെയുള്ള ഒട്ടകങ്ങൾ വില്പനച്ചന്തയിൽ കാണാം.

അഞ്ഞൂറിൽ അധികം ക്ഷേത്രങ്ങളാൽ ചുറ്റപെട്ടുകിടക്കുന്ന പവിത്രമായ പുഷ്കർ നദി പ്രധാനമായ ഒന്നാണ്. ബലി അർപ്പിക്കാനും മറ്റു പൂജകൾചെയ്യാനും ഇവിടെ സാധ്യമാണ്. മധുരപലഹാരം ദാനം ചെയുന്നത് ഇവിടുത്തെ പ്രധാന വഴിപാടാണ്. കേവലം വ്യാപാരഉല്സവം മാത്രമല്ല പുഷ്‌കർമേള വിവിധതരം കരകൗശല വസ്തുക്കൾ, വസ്ത്രങ്ങൾ, മധുര പലഹാരങ്ങൾ എന്നിവയുടെ വലിയ വാണിജ്യ മേഖലകൂടിയാണ് പുഷ്‌കർമേള.

സന്ധ്യയുടെ വശ്യതയിൽ പുഷ്‌കർമേള കാണാൻ അതിഗംഭീരമാണ്. നിറങ്ങളുടെ ആഘോഷംകൂടിയാണ് പുഷ്‌കർമേള. വിവിധ നിറങ്ങളിലുള്ള പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചു നിൽക്കുന്ന പുഷ്കർ സ്ത്രീകളെ കാണാൻ പ്രേത്യേക ഭംഗിയാണ്. കണ്ണെത്താ ദൂരംവരെ നീണ്ടുകിടക്കുന്ന ഒട്ടകങ്ങളെയും അവയ്ക്കുവേണ്ടിയുള്ള ലേലംവിളിയും ബഹു രസമാണ്. ചൈനീസ്, ജാപ്പനീസ്, അമേരിക്കൻസ്, ഇംഗ്ലീഷ്‌സ് എന്നുവേണ്ട ലോകത്തിന്റെ നാനാഭാഗത്തു നിന്നുള്ള ആൾക്കാരെ പുഷ്കറിൽ കാണാം എന്നുള്ളതും അത്ഭുതം ആണ്.

ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലമാണ് പുഷ്കർ. ട്രെയിൻ മാർഗം വരുന്നവർ അജ്മീർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി അവിടുന്ന് 20 രൂപ ടിക്കറ്റിനു ബസ്സ് കിട്ടുന്നതാണ് പുഷ്കറിലെക്ക്. വിമാനമാർഗം വരുന്നവർക്കു ജയ്‌പ്പൂരാണ് അടുത്തുള്ള എയർപോർട്ട്. അവിടെനിന്നും 135 കിലോമീറ്റര് സഞ്ചരിച്ചാൽ അജ്‌മീർ എത്താം. അവിടെനിന്നും ബസ്സോ ഓട്ടോയോ ക്യാബോ ലഭിക്കുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.