വിവരണം – Sree Hari.
ത്രിരാഷ്ട്ര ഗൾഫ് ട്രിപ്പിന്റെ അവസാന പാദം യാത്ര ഖത്തർ എയർവെയ്സിൽ മസ്കറ്റ് റ്റു ബാങ്കോക് ആയിരുന്നു. മൾട്ടി സിറ്റി ഓപ്‌ഷൻ ഉപയോഗിച്ച് ഒരു ദിവസം ഖത്തറിലെ ദോഹയിൽ ചിലവഴിക്കുന്ന രീതിയിലാണ് ടിക്കറ്റ് എടുത്തത്. കുറച്ചുനാൾ മുമ്പ് ഇന്ത്യക്കാർക്ക് ഫ്രീ വിസയും ആക്കിയതോടുകൂടി സിമ്പിളായി ഒരു രാജ്യംകൂടി കാണാൻ പറ്റുമല്ലോ. ഖത്തർ എയർവേയ്‌സിന്റെ ഒരു പ്രൊമോഷൻ നടക്കുന്ന സമയമായതിനാൽ പൊട്ടന് ലോട്ടറിയടിച്ചപോലെ ഫ്രീയായി ‘ഹിൽട്ടൺ’ ഫൈവ് സ്റ്റാർ ഹോട്ടലിൽ ഒരു നൈറ്റ് താമസവും തരപ്പെട്ടു.
സന്ധ്യക്ക് മുന്നേ ദോഹ എയർപോർട്ടിൽ കാലുകുത്തിയ എന്നെ വരവേൽക്കാൻ അവിടെയുള്ള ആത്മാർത്ഥ സുഹൃത്തും യാത്രികനുമായ Nazarali എത്തിയിരുന്നു. ദാ ഈ നിമിഷം മുതൽ നാളെ ഉച്ചകഴിഞ്ഞ് ഫ്‌ളൈറ്റ് കയറുന്നവരെയുള്ള കറക്കം കാരുണ്യവാനായ ആ മനുഷ്യൻ സ്വമേധയാ ഏറ്റെടുത്തു. എങ്കിലും മൂപ്പര് മനസ്സിൽ പറഞ്ഞത് ഞാൻ വായിച്ചെടുത്തു – “ഫ്രീ ഹോട്ടൽ കിട്ടിയത് ഭാഗ്യം അല്ലെങ്കിൽ ഈ തെണ്ടിയെ വീട്ടിൽ താമസിപ്പിക്കേണ്ടിയും വന്നേനെ.” പ്ലാൻ ബി ആയിട്ട് പബ്ലിക് ബസ് ഉപയോഗിച്ച് അത്യാവശ്യം സ്ഥലങ്ങൾ കറങ്ങാനുള്ള പ്ലാനും ആക്കിവെച്ചിരുന്നു. പക്ഷെ അതിന്റെ ആവശ്യം വേണ്ടിവന്നില്ല.
ആ രാത്രി തന്നെ ദോഹയുടെ ഹൃദയഭാഗത്തേക്കാണ് ഞങ്ങൾ പോയത്. അവിടെയാണ് മെയിൻ കാഴ്ചകളെല്ലാമുള്ളത്. ലൈറ്റിൽ കുളിച്ചു നിൽക്കുന്ന ഇസ്ലാമിക് കൾച്ചറൽ സെന്ററും, മ്യൂസിയവും, സൂഖ് അഥവാ മാർക്കറ്റുമൊക്കെയായി പൊടിപൂരം തന്നെയാണ്. ഇടവഴികളിലുടനീളമുള്ള പലവിധ റെസ്റ്റോറന്റുകളുടെ മുറ്റത്ത് വൈവിധ്യമാർന്ന ഭക്ഷണം നുണഞ്ഞും ഹുക്ക വലിച്ചും അറബികളും മറ്റുള്ളവരും ഇരിപ്പുണ്ട്.
അവിടെയെല്ലാം ചുറ്റിത്തിരിഞ്ഞ് തൊട്ടടുത്തുള്ള കടൽക്കരയിലേക്കുവന്നാൽ മറുവശത്ത് ദോഹയിലെ മനോഹരകെട്ടിടങ്ങൾ ബഹുവർണത്തിൽ തലയുയർത്തി നിൽക്കുന്ന കണ്ണഞ്ചും കാഴ്ച കാണാം. ലോകത്തിലേക്കും വൈവിധ്യമാർന്ന രൂപകല്പനയാണ് ഓരോന്നിനും. ഒന്നിന്റെ ഡിസൈൻ കണ്ട് അന്തം വിട്ട് അടുത്തതിലേക്ക് നോക്കിയാൽ ആദ്യത്തേതിൽനിന്നും യാതൊരു ബന്ധവുമില്ലാത്ത മറ്റൊരു വെറൈറ്റി ഷേപ്. അങ്ങനെയുള്ള കുറെയധികം ബഹുനിലകെട്ടിടങ്ങളുടെ രാത്രികാഴ്ച അതിഗംഭീരം ആണ്.
Corniche എന്നറിയപ്പെടുന്ന 7 കിലോമീറ്ററോളം നീണ്ടുകിടക്കുന്ന ഈ കടൽത്തീരത്തുകൂടിയുള്ള നടപ്പാത ജോഗിങ് പ്രേമികളുടെ ഇഷ്ടസ്ഥലമാണ്. കൂടാതെ ഇടയ്ക്കുള്ള പാർക്കുകളിൽ സമയം ചിലവഴിക്കാൻ വരുന്നവരും കുറവല്ല. കുറച്ചുനേരം അവിടെയെല്ലാം ചിലവഴിച്ച് അടിപൊളി ഫുഡും കഴിച്ച് നേരെ ഹോട്ടലിലേക്ക്. ജീവിതത്തിൽ ആദ്യമായിട്ടും ഒരുപക്ഷെ അവസാനമായിട്ടും ആവും ഫൈവ് സ്റ്റാർ ഹോട്ടലിലൊക്കെ ഉറങ്ങുന്നത്. ഹോ എന്തൊരു രോമാഞ്ചം ഫീലിംഗ്. ഓസിനു തന്നതായതിനാൽ ഭക്ഷണമൊന്നും ഉൾപ്പെട്ടിട്ടില്ലെങ്കിൽക്കൂടി സംഭവം കിടു ആയിരുന്നു.
പിറ്റേന്ന് രാവിലെ എണീറ്റ് ഹിൽട്ടൺ ടൂർ നടത്തി. അതിമനോഹരമായ നീന്തൽകുളവും അവരുടെതന്നെ പ്രൈവറ്റ് ബീച്ചും ഒക്കെയായി സെറ്റപ്പാണ്. ജോലിത്തിരക്ക് ഉണ്ടായിട്ടും എന്നെ രണ്ടുമൂന്ന് സ്ഥലമെങ്കിലും കാണിച്ചിട്ടേ പോകൂ എന്നുപറഞ്ഞ് നാസിർ ഭായി രാവിലെ തന്നെ എത്തി. ആദ്യം പോയത് പേൾ ഖത്തർ എന്ന ഐലന്റിലേക്കാണ്. അതിബൃഹത്തായി പണിതുയർത്തിയിരിക്കുന്ന ഈ റെസിഡൻഷ്യൽ ഏരിയ കാണേണ്ട കാഴ്ചതന്നെയാണ്. ആഡംബര യാച്ചുകളുടെ ഒരു കൂട്ടവും ഇവിടെ കടലിൽ നങ്കൂരമിട്ടിട്ടുണ്ട്.
അവിടുന്ന് നേരെ പോയത് Katara village എന്നയിടത്തേക്കാണ്. ടൂറിസ്റ്റുകൾക്കും ലോക്കൽസിനും വേണ്ട എല്ലാം ഒരുക്കിയിട്ടുള്ള ഇടം എന്ന് വേണമെങ്കിൽ പറയാം. ഹെറിറ്റേജ് സൈറ്റും, തിയേറ്ററും, ഗാലറികളും, ഭക്ഷണശാലകളും, വിനോദോപാധികളും, ബീച്ചും, കടലിലെ ആക്റ്റിവിറ്റിസുമൊക്കെയായി വൈകിട്ടോടെ ഇവിടം ആളുകളെക്കൊണ്ട് നിറയും. ഈ നട്ടുച്ചനേരത്ത് ഇവിടെ ഒന്നും ചെയ്യാനില്ലാത്തതിനാൽ വെറുതെ ഒന്ന് നടന്ന് കണ്ടുമടങ്ങി.
അല്പം തണുപ്പ് കൊണ്ടേക്കാമെന്നുവെച്ച് കിടിലനൊരു മാളിലേക്കാണ് എന്നെ കൂട്ടിക്കൊണ്ടുപോയത്. ഇതിന്റെ ഉള്ളിലേക്കെത്തിയ ഞാൻ അന്തംവിട്ടുപോയി. ഇറ്റാലിയൻ മാതൃകയിലാണ് ഇതിന്റെ ഉൾവശം. ഹൈലൈറ്റ് എന്തെന്നാൽ 150 മീറ്ററോളം നീളത്തിൽ ഇൻഡോർ കനാലും അതിലൂടെ ചെറുവള്ളങ്ങളും. മേൽക്കൂരയാവട്ടെ ആകാശം പോലെയും. ശെരിക്കും ഒരു കിടിലൻ വെറൈറ്റി ഷോപ്പിംഗ് മാൾ. ഇതിന്റെ മുന്നിൽത്തന്നെയാണ് The Tourch എന്നപേരിൽ ഒരു ടോർച്ചിന്റെ ഷേപ്പിൽ നിർമിച്ചിട്ടുള്ള ഹോട്ടൽ ഉള്ളത്. ഇതിന്റെ മുകളിലുള്ള ഒരു കഫെയിൽ പോയാൽ അടിപൊളി സിറ്റി വ്യൂ ഒക്കെ കണ്ടിരുന്ന് വല്ലതും മുണുങ്ങാം.
ഉച്ചയോടെ ഖത്തർ പര്യടനം അവസാനിപ്പിച്ച് ഹോട്ടലിലെത്തി. കുറച്ചുസമയംകൂടി അഞ്ച് നക്ഷത്രം മുതലാക്കിയിട്ട് പോകാമെന്നുവെച്ച് സുഹൃത്തിനെ പറഞ്ഞയച്ചു. വീണ്ടും ബാത്ത് ടബിലോക്കെ കിടന്ന് അറുമാദിച്ച് 2 മണിക്ക് ചെക്ക്‌ഔട്ട് ചെയ്തു. ഹോട്ടലിന്റെ മുന്നിൽ നിന്നുതന്നെ എയർപോർട്ട് ഷട്ടിൽ ബസ് ഉണ്ടായിരുന്നതിനാൽ അതിൽക്കയറി നേരെ എയർപോർട്ടിലേക്ക്.
അങ്ങനെ ചുരുങ്ങിയ സമയംകൊണ്ടുള്ള ഖത്തർ കറക്കത്തിന് വിരാമമായി. ഈയവസരത്തിൽ പറയാതിരിക്കാൻ പറ്റില്ല, ഖത്തർ എയർവേയ്‌സ് അതിഗംഭീര സർവീസ് ആയിരുന്നു. അതിന്റെയുള്ളിലെ റോസ് കളർ മൂഡ് ലൈറ്റിങ്ങും ഫുഡും ആണ് എടുത്തുപറയേണ്ടത്.