എഴുത്ത് – ജയകൃഷ്ണൻ ആലപ്പുഴ.
എന്ത് ഉഡായിപ്പാണ് കെഎസ്ആർടിസി സാറമ്മാരെ? കാശ് കിട്ടി കീശ വീർക്കുമ്പോൾ ഓർക്കണം ഓരോ യാത്രക്കാരൻ്റെയും പ്രാക്കും അതോടൊപ്പം ഉണ്ടെന്ന്. എസി മൾട്ടി ആക്സിൽ എന്ന് വെബ് സൈറ്റിൽ നൽകി വെടി തീർന്ന പഴയ RA സീരിസ് വോൾവോ വെച്ച് 21.30 തിരുവനന്തപുരം – കണ്ണൂർ ഷെഡ്യൂൾ ഓപ്പറേറ്റ് ചെയ്ത് കെഎസ്ആർടിസി യാത്രക്കാരെ വഞ്ചിക്കുന്നു. മാസങ്ങളോളമായി ഇത് തുടരുന്നു. തെറ്റായ വിവരം നൽകി യാത്രക്കാരെ ആകർഷിച്ച് പാതി വഴിയിൽ യാത്ര അവസാനിപ്പിച്ച് യാത്രക്കാരെ മടുപ്പിച്ചാൽ അല്ലേ പിന്നീട് ഡയമണ്ടിനും, മാധവിക്കും കുടുതൽ ബുക്കിങ്ങ് ലഭിക്കുകയുള്ളൂ .
ഇന്നലെ ഈ അന്യായം ചോദ്യം ചെയ്ത എറണാകുളത്തെ ഒരു ബാങ്ക് ഉദ്യോഗസ്ഥനോട് “നിങ്ങൾക്ക് വേണമെങ്കിൽ ഇനി മുതൽ ബുക്ക് ചെയ്താൽ മതി യാതൊരു നിർബന്ധവും ഇല്ല” എന്ന് ഒരു ഉത്തരവാദിത്തപ്പെട്ട ജീവനക്കാരൻ പറയുകയുണ്ടായി. ഇത് കൂടുതൽ ചോദ്യം ചെയ്തപ്പോൾ മറ്റൊരു ഉദ്യോഗസ്ഥനിൽ നിന്ന് ലഭിച്ച മറുപടി പ്രസ്തുത ഷെഡ്യൂളിന് മൾട്ടി ആക്സിൽ ബസ്സുകൾ നൽകേണ്ടതില്ല എന്ന് മറ്റൊരു ഉദ്യോഗസ്ഥൻ്റെ ഉത്തരവുണ്ടത്രേ.
പിന്നെ ആളെ പറ്റിക്കാൻ എന്തിനാണ് എസി മൾട്ടി ആക്സിൽ ബസ് എന്ന് വെബ്ബ് സൈറ്റിൽ നൽകിയിരിക്കുന്നത്? പണി എളുപ്പമാക്കാൻ അവസാന റോയിലെ 4 സീറ്റ് അങ്ങ് ബ്ലോക്കും ചെയ്യും. എസി മൾട്ടി മാറി മൾട്ടി ഇല്ലാത്ത എസി ആയി. എ സി യുടെ കാര്യം ഒന്നും പറയാതെ ഇരിക്കുന്നതാ നല്ലത് RA 102 അല്ലേ.
ഇത്രയും ചെയ്തപ്പോൾ ഇവരുടെ ജോലി കഴിഞ്ഞു. മൾട്ടിയിൽ സുഖ യാത്ര പ്രതീക്ഷിച്ച് വരുന്ന യാത്രക്കാരൻ യാത്രക്ക് ശേഷം വീണ്ടും ഒന്ന് ബുക്ക് ചെയ്യാൻ മടിക്കും. റിസർവേഷൻ ഫീസ് സഹിതം 883 രൂപ നൽകി കെ എസ് ആർ ടി സി മൾട്ടി എന്നുള്ള പറ്റിക്കൽ വേണോ അതോ 850 നൽകി ഗോൾഡേട്ടനോ മാധവിയോ വേണോ എന്ന്.
കഴിഞ്ഞ മാസം RA സിരീസ് പഴയ വോൾവോ വണ്ടി 21.30 ന് തിരുവനന്തപുരത്ത് നിന്നെടുത്ത് ആറ്റിങ്ങൽ വന്ന് ബിഡി വലിച്ചപ്പോൾ (ബ്രേക്ക് ഡൗൺ) യാത്രക്കാരുടെ ബഹളത്തെ തുടർന്ന് വേറൊരു മൾട്ടി ആക്സിൽ വണ്ടി ഓടിയെത്തി യാത്ര തുടർന്നിരുന്നു. അപ്പോൾ വണ്ടി ഇല്ലാഞ്ഞിട്ടല്ല. പിന്നെന്തിനാണാവോ ഈ പ്രഹസനം?