ഈ പ്രളയകാലത്ത് ധാരാളം നന്മമനസ്സുകളെ സോഷ്യൽ മീഡിയ വഴി നമ്മൾക്കെല്ലാം അറിയുവാൻ കഴിഞ്ഞു. അതിൽ ഏറ്റവും പ്രശംസ നേടിയത് എറണാകുളത്തെ ബ്രോഡ് വേയിലെ കച്ചവടക്കാരനായ നൗഷാദിക്ക ആയിരുന്നു. അതുപോലെ തന്നെ മറ്റൊരു നന്മ മനസ്സിനെക്കൂടി നേരിട്ടറിയുവാൻ കഴിഞ്ഞ അനുഭവമാണ് വിദ്യ സജയൻ എന്ന അദ്ധ്യാപിക പങ്കുവെയ്ക്കുന്നത്. ആ അദ്ധ്യാപികയുടെ ഫേസ്‌ബുക്ക് കുറിപ്പ് താഴെ കൊടുക്കുന്നു. ഒന്നു വായിക്കാം…
“എറണാകുളത്തെ നൗഷാദിക്കയെയും ചാലക്കുടിയിലെ ആന്റോ ചേട്ടനെയും പോലെ ഞങ്ങളും കണ്ടു ഇന്നൊരു രജിതചേച്ചിയെ. പോട്ട പനമ്പിള്ളി കോളേജ് ജംഗ്ഷനിലെ ശ്രീവൽസം ടെക്‌സ്റ്റൈൽസ് ഉടമ പൂവത്തിങ്കൽ വത്സൻചേട്ടന്റെ പ്രിയപത്‌നി രജിതചേച്ചി.
പ്രളയദുരിതബാധിതരെ സഹായിക്കാൻ ക്യാമ്പുകളിലേക്ക് SNDP LP സ്കൂളിലെ കുട്ടികളുടെ വക വിഭവങ്ങൾ എത്തിക്കുന്നതിനായി ഞങ്ങൾ PTA യിലെ 20 അംഗങ്ങളും HM ഡിജി ടീച്ചറും കൂടി വിഭവസമാഹരണത്തിനു ഇറങ്ങി. കുട്ടികളുടെ വീടുകൾ ഉൾപ്പെടുന്ന ഏരിയയും ആ ഏരിയകളിലെ കവലകളിലെ കടകളും കുട്ടികളുടെ വീടുകളിൽ നിന്നുള്ളവിഭവങ്ങളും. ഇതായിരുന്നു ലക്ഷ്യം.
പ്രവർത്തനത്തിന് ഇറങ്ങിയ സംഘടനകളിൽ ഒന്നാമതാവാൻ കഴിഞ്ഞില്ലെങ്കിലും വെറുതേ കയ്യും കെട്ടി നോക്കിയിരിക്കാൻ ഞങ്ങൾക്കും ആവുമായിരുന്നില്ല. കാരണം ഞങ്ങളുടെ കുട്ടികൾ ദുരിതബാധിതർക്ക് വേണ്ടി ഒരുപാട് സ്നേഹം നിറച്ച കരുതിവപ്പുകൾ ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു.
രജിതചേച്ചി എങ്ങനെ നൗഷാദിക്കയാകുന്നു ?? ആ നൂറു ജോഡി കുഞ്ഞുടുപ്പുകൾ എങ്ങനെ ഒരുപാട് ചാക്കുകെട്ടുകൾക്ക് തുല്യമാകുന്നു ?? നാലോ അഞ്ചോ സംഘടനകൾ തുടർച്ചയായി കയറി ഇറങ്ങി ശേഖരണം നടത്തിയ ഒരു കുഞ്ഞു കട. എല്ലാവരെയും ഒരുപോലെ സഹായിച്ചവർ. പനമ്പിള്ളി കോളേജ് ജംഗ്ഷനിലെ വലിയ ആൾത്തിരക്കില്ലാത്ത ഒരു ചെറിയ കവലയിൽ ഉള്ള കട. ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിച്ച പനമ്പള്ളി കോളേജിന് പരിമിതിയിലും വാരിക്കോരി കൊടുത്ത് ക്ഷീണിച്ച കട.
ഞങ്ങൾക്ക് വേണ്ടി 100 ജോഡി ഉടുപ്പുകൾ വാരിയെടുത്ത തരുമ്പോഴും ഫോട്ടോയോ പബ്ലിസിറ്റിയോ വേണ്ടെന്ന് ഒട്ടും നാട്യമില്ലാതെ വിനയത്തോടെ ഒരേ പുഞ്ചിരിയോടെ പറയുന്ന കടക്കാരി. ഹൃദയം നിറഞ്ഞ അഭിനന്ദനം അറിയിക്കുമ്പോഴും ചെയ്തത് വലിയ കാര്യമല്ലെന്ന് ചിരിയിൽ അറിയിക്കുന്ന മനസ്സ്. അർഹതപ്പെട്ട കൈകളിൽ എത്തനെ എന്ന പ്രാർത്ഥന മാത്രമേ ഉള്ളൂ എന്ന് പറഞ്ഞ് ഞങ്ങൾക്ക് നേരെ കണ്ണു നിറഞ്ഞു കൈ കൂപ്പിയ ഒരു എളിയ വീട്ടമ്മ…
രജിത ചേച്ചി… നിങ്ങൾ തന്ന 100 ജോഡി ഞങ്ങൾക്ക് ലക്ഷം ജോഡിയാണ്. നിങ്ങളെപ്പോലെ ഉള്ളവർ ഉള്ളപ്പോൾ നമ്മൾ കേരളീയർ ഇതിലും വലിയ ദുരന്തങ്ങൾ അതിജീവിയ്ക്കും. വത്സൻ ചേട്ടനും രജിത ചേച്ചിക്കും കുടുംബത്തിനും ശ്രീവത്സത്തിനും ഹൃദയം നിറഞ്ഞ ഭാവുകങ്ങൾ…”