യാത്രാവിവരണം – അഖിൽ സുരേന്ദ്രൻ അഞ്ചൽ.
പത്തനംതിട്ട ജില്ലയിലെ കൂടൽ എന്ന സ്ഥലത്ത് നിന്ന് ഏകദേശം 2 km സഞ്ചരിച്ചാൽ ഇഞ്ചപ്പാറ എന്ന സ്ഥലത്ത് എത്തിച്ചേരാം ഇവിടെയാണ് ചരിത്ര പ്രസിദ്ധമായ രാക്ഷസൻ പാറ സ്ഥിതി ചെയ്യുന്നത്.
നിഗ്ഗൂഡമായ കഥകൾ കാണാനും കേൾക്കാനും മനോഹരമായ സൂര്യാസ്തമയം കാണാനും ഇന്ന് എന്റെ പ്രിയപ്പെട്ട സ്നേഹിതരെ കൂട്ടി കൊണ്ടുപോകുന്നത് ചരിത്രത്തിന്റെ അവശേഷിപ്പായ രാക്ഷസൻപാറയിലേക്കാണ്. ചരിത്ര താളുകളിൽ രേഖപ്പെടുത്തിയ രാക്ഷസൻ പാറയിലേക്ക്.
പ്രിയപ്പെട്ടവരെ ചെറുപ്പക്കാലത്ത് നമ്മൾ ഓരോത്തരും മുത്തശ്ശിക്കഥകളിൽ ഒരു പാട് രാക്ഷസൻമ്മാരുടെ കഥകൾ കേട്ടിട്ടുണ്ടാവും ഇലേ എന്നാൽ ഇന്ന് പ്രിയപ്പെട്ടവർക്ക് ഞാൻ ഒരു കഥ പറഞ്ഞ് തരാം ഒരു യാത്രയുടെ കഥ.
ഞാൻ ജോലി ചെയ്യുന്നത് മുദ്രാ വിഷൻ ടി വി ചാനലിൽ ട്രാവൽ ഡെസ്ക്കിൽ ആണ് ജോലി ആരംഭിച്ച സമയം മുതലേ സീനയർ ക്യാമറമാനായ സുനിൽ ജി രാക്ഷസൻ പാറയെക്കുറിച്ച് പറഞ്ഞിരുന്നു. പക്ഷേ പാതി വഴിയിൽ എവിടെയോ ചില തടസ്സങ്ങൾ നേരിട്ടത്തിനാൽ നടക്കാത്ത പോയി ആ യാത്ര പക്ഷേ വിധിയോ ഇങ്ങനെയായിരുന്നു അത് അങ്ങനെയലേ സംഭവിക്കുകയുള്ളു .
ഈ യാത്ര സുനിൽജിക്ക് ഒപ്പം തന്നെ ചെയ്യാൻ കഴിഞ്ഞതിൽ എന്റെ മനസ്സിന് വലിയ സന്തോഷം നല്കി. ഒപ്പം അനുജൻ അരുൺ കരവാളൂരും,ഹരികൃഷ്ണൻ ചേട്ടനും, കൊച്ചണ്ണൻ എന്ന് ഞങ്ങൾ സ്നേഹത്തോടെ വിളിക്കുന്ന രജീഷ് ചേട്ടനും ആയിരുന്നു യാത്രയിലെ മറ്റ് സഹയാത്രികർ.
ഇടിയും മിന്നലോടും കൂടിയ ഇടിഞ്ഞിറങ്ങിയ മഴയിൽ ഞങ്ങൾ അഞ്ച് പേർ അങ്ങനെ രാക്ഷസൻ പാറയിലേക്ക് യാത്ര ആരംഭിച്ചു. ഏകദേശം വൈകുന്നേര സമയം, മഴ പെയ്ത് തോർന്ന നേരമാണെങ്കിലും ചാറ്റൽ മഴയുണ്ട്. പ്രദേശമാകെ ശാന്തമാണ്.
ചെറിയൊരു ഗ്രാമ പ്രദേശമാണ് ഇഞ്ചപ്പാറ എന്ന് പറയുന്ന ഈ സ്ഥലം.
മഴ പെയ്ത് തോർന്നതിനാൽ മൂടൽ മഞ്ഞ് പ്രദേശമാകെ നിറഞ്ഞ് നിൽക്കുന്നത് കാണാം. നല്ല തണുത്ത കാറ്റ് വീശി അടിക്കുന്നുമുണ്ട്. മഴ പെയ്തതിനാൽ പാറകളിൽ നല്ല വഴുക്കലുണ്ട് സാവധാനം ഓരോത്തരും സുരക്ഷിതമായി പാറമുകളിലേക്ക് നടന്ന് കയറാൻ തുടങ്ങി. ദൂരെ രാക്ഷസന്റെ മൂക്കുകൾ പോലെ പാറയിൽ കാണുന്ന ദ്വാരങ്ങൾ സുനിൽ ജി കാണിച്ച് തന്നു. വിദൂര ദ്യശ്യങ്ങളിൽ നിന്ന് പോലും കാണാൻ സാധിക്കും എന്നത് ഞങ്ങളെ ഓരോത്തരെയും അത്ഭുതപ്പെടുത്തി.
പച്ചപ്പാർന്ന മഞ്ഞ് മലകൾ ചേർന്നൊരു പ്രദേശമാണ് ഇപ്പോൾ മുന്നിൽ കാണാൻ കഴിയുന്നത്. പടുകൂറ്റൻ പാറകളും ഇവിടുത്തെ മറ്റൊരു പ്രേത്യേകതയാണ്. കൂടലിന്റെയും കലഞ്ഞൂരിന്റെയും ഹൃദയ ഭാഗങ്ങളും ഈ പാറ മുകളിലെ വ്യു പോയിന്റിൽ നിന്നാൽ കാണാൻ കഴിയും.
ഒരു കാലത്ത് പാറ ലോബികൾ ആർത്തിയോടെ പാഞ്ഞടുത്ത മലനിരകൾ തുരന്നു തുരന്നു നാടിന്റെ ആത്മാവ് തന്നെ കുളം തോണ്ടു മെന്നായപ്പോൾ നാടാകെ ഇളകി, നാട്ടുകാർ സമര രംഗത്തിറങ്ങി. പാറ ഖനനം പൂർണ്ണമായും നിലച്ചതോടെ പത്തനംതിട്ട ജില്ലയിലെ രാക്ഷസൻ പാറ മികച്ച ടൂറിസം സാധ്യതയാണ് ഇപ്പോൾ മുന്നോട്ടു വെയ്ക്കുന്നത്.
പ്രകൃതി സ്നേഹികളുടെ കരുതലും സംരക്ഷണവും ഈ പ്രദേശത്ത് മതിയാവോളം ഉണ്ടെങ്കിലും രാക്ഷസൻ പാറയിലെ രാക്ഷസന്റെ കൈകളിൽ ഈ പ്രദേശം എന്നും സുരക്ഷിതമായിരിക്കും അത് ഉറപ്പാണ്.
രാക്ഷസൻ പാറയുടെ പിന്നാമ്പുറ കഥകളിലൂടെ ഒന്ന് യാത്ര പോയി വരാം – ഗുരു നിത്യചൈതന്യ യതി ചെറുപ്പകാലത്ത് ധ്യാനത്തിനും എഴുത്തിനുമായി തിരഞ്ഞെടുത്ത സ്ഥലമായിരുന്നു രാക്ഷസൻ പാറ. ഇവിടെ പാറപ്പൊട്ടിക്കാൻ ആദ്യ ശ്രമം നടന്ന സമയം ഗുരു നിത്യ ചൈതന്യ യതിയുടെ നേതൃത്വത്തിലായിരുന്നു ആദ്യ സമരം നടന്നത്.
ഒരു പാട് കെട്ട് കഥകളാണ് രക്ഷൻ പാറയിലെ രാക്ഷസനെക്കുറിച്ച് പലർക്കും പറയാനുള്ളത്. അതിൽ ഒന്ന് പറയാം. ക്രൂരനായ രാക്ഷസൻ ഇഞ്ചപ്പാറ നിവാസികളെ ആക്രമിച്ച് കൊല്ലുകയും, സഹിക്കവയ്യാതെ ജനങ്ങൾ കലഞ്ഞൂർ മഹാദേവരുടെയും കൂടൽ ദേവിയുടെയും മുന്നിൽ അഭയം പ്രാപിച്ചു. ദേവിയും മഹാദേവനും ചേർന്ന് രാക്ഷസനെ അമ്പെയ്ത് കൊന്നു. ഇതാണ് രാക്ഷസന്റെ ഒരു കഥ. ഇനിയും നിഗ്ഗൂഡ കഥകൾ ഒരു പാട് ഉണ്ട്.
ഞാൻ ഒരു കഥ പറയട്ടേ സുഹൃത്തുക്കളെ, വാസ്തവത്തിൽ ചില മനുഷ്യരല്ലേ യഥാർത്ഥ രാക്ഷസന്മാർ? പാറക്വാറി കൊണ്ട് വന്ന് ഒരു നാടിന്റെയും ജനങ്ങളുടെയും പ്രകൃതിയുടെയും, സന്തുലിതാവസ്ഥയും സംസ്കാരവും പൈതൃകവും നശിപ്പിക്കുന്ന യഥാർത്ഥ കഴുക്കൻമാരായ രാക്ഷസൻമ്മാർ ഇവരല്ലേ?
എല്ലാ സഞ്ചാരികളും “ഈ പൈതൃക സമ്പത്തിനെ കാത്ത് സംരക്ഷിക്കണം” എന്ന ദ്യഢ നിശ്ചമായ തീരുമാനത്തിൽ രാക്ഷസൻ പാറയിലേക്ക് യാത്ര ചെയ്യുക.
സഞ്ചാരികളെ ദയവായി ശ്രദ്ധിക്കുക – രാക്ഷസൻ പാറ മുകളിൽ സ്വയം സംരക്ഷണം ഉറപ്പു വരുത്തുക. അതിശക്തമായ കാറ്റ് വീശുന്ന മേഖലയാണ്. പാറമുകളിൽ കാൽ വഴുതുന്നതിന് സാദ്ധ്യത കൂടുതലാണ്. പാറമുകളിൽ ഭക്ഷണം കൊണ്ട് പോയി കഴിക്കുന്നത് ഒഴുവാക്കണം. ഭക്ഷണം അഥവാ കഴിച്ചാലും വേസ്റ്റുകൾ ഇവിടെ നിക്ഷേപിക്കരുത്. പ്ലാസ്റ്റിക്ക് കുപ്പികൾ ഒരു കാരണവശാലും പാറമുകളിൽ നിക്ഷേപിക്കരുത്. പരിപാവനമായ രാക്ഷസൻ പാറ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോത്തരുടെയും കടമയാണ് മറക്കരുത്.
മദ്യം, മയക്കു മരുന്ന് നിരോധിത മേഖലയാണ്. പാറയുടെ സൈഡിൽ പോകരുത്. സൈഡിൽ ചെന്ന് നിൽക്കരുത്. പാദരക്ഷകൾ കഴിവതും ഒഴുവാക്കുക. ഇതൊക്കെ നമ്മൾ ഓരോത്തരും ശ്രദ്ധിച്ചാൽ നമ്മുടെ യാത്രകളെ നമ്മുക്കോരോത്തർക്കും മനോഹരമാക്കി തീർക്കാവുന്നതാണ്.
രാക്ഷസൻ പാറയിൽ എത്തിച്ചേരാൻ – പത്തനംതിട്ട ജില്ലയിലെ കൂടൽ എന്ന സ്ഥലത്ത് നിന്ന് ഏകദേശം 2 km സഞ്ചരിച്ചാൽ ഇഞ്ചപ്പാറ എന്ന സ്ഥലത്ത് എത്താം. ഇവിടെയാണ് രാക്ഷസൻപാറ സ്ഥിതി ചെയ്യുന്നത്.