വിവരണം – Muhammed Unais P.

ഇടുക്കി റൈഡിന്റെ നാലാമത്തെ ദിവസം വൈകുന്നേരമാണ് രാമക്കല്‍മേടിലെത്തുന്നത്. രാമക്കല്‍മേടിലെ സൂയിസൈഡ് പോയിന്റും തൊട്ടടുത്തുള്ള കുറവന്‍ കുറത്തി ശില്‍പ്പവും കാണാനാണ് പ്ലാന്‍. കുറവന്‍ കുറത്തി ശില്‍പ്പങ്ങള്‍ നില്‍ക്കുന്ന ഭാഗത്തിനു മുമ്പെയുള്ള കവാടിത്തിനു അരുകിലായി ഇടത്തോട്ടൊരു കാട്ടുവഴി കാണാം. അതിലൂടെ, മുളക്കൂട്ടങ്ങള്‍ക്കിടയിലൂടെ നടന്നു വേണം പാറക്കൂട്ടങ്ങള്‍ നിറഞ്ഞ സൂയിസൈഡ് പോയന്റ് എത്താന്‍. ഇതിനെ രാമക്കല്‍മേട് വ്യൂ പോയന്റ് എന്നും വിളിക്കുന്നുണ്ട്.

ഏകദേശം 600 മീറ്റര്‍ നടക്കാനുണ്ട് പാര്‍ക്കിങ്ങില്‍ നിന്ന് ഇതിന്റെ മുകളിലേക്ക്. വഴിയില്‍ നിന്ന് തന്നെ തമിഴ്നാട് ഭാഗത്തെ താഴ്വാര കാഴ്ച്ചകള്‍ കാണാം. മുകളിലേക്ക് കയറുമ്പോള്‍ ചെറിയ ക്ഷീണമുണ്ടെങ്കിലും അതിര്‍ത്തി കടന്ന് വരുന്ന കാറ്റും താഴ്വാരത്തെ ഹരിത മനോഹരമായ കാഴച്ചകളും ആ ക്ഷീണമെല്ലാം മാറ്റും. അത് തന്നെയാണല്ലോ രാമക്കല്‍മേടിന്റെ പ്രത്യേകതയും. കാലമോ സമയമോ വ്യത്യാസമില്ലാതെ വീശുന്ന കാറ്റ്.

ധാരാളം പാറക്കൂട്ടങ്ങളും താഴ്വാരത്തെ കാര്‍ഷിക ഭൂമികളുമാണ് വ്യൂ പോയിന്റില്‍ നിന്നുള്ള പ്രധാന കാഴ്ച്ചകള്‍. 300 മീറ്റര്‍ കുത്തനെ നില്‍ക്കുന്ന പാറക്കെട്ടുകളും ഇവിടെയുണ്ട്. ഈ പാറക്കെട്ടുകള്‍ക്ക് മുകളില്‍ നിന്ന് തമിഴ്നാട് ഭാഗത്തെ കാര്‍ഷിക ഗ്രാമങ്ങളിലെ മനോഹരമായ കാഴ്ച്ചകള്‍ കാണാം. ഇങ്ങനെ പ്രത്യേക ആകൃതിയിലും വലുപ്പത്തിലും കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പാടങ്ങളുടെയും തോട്ടങ്ങളുടെയും കാഴ്ച്ച ഒരു വ്യത്യസ്തമായ അനുഭവമാണ് ഞങ്ങള്‍ക്ക് നല്‍കുന്നത്. നെല്‍കൃഷികളും തേങ്ങിന്‍ തോട്ടങ്ങളും നാരക തോട്ടങ്ങളും എല്ലാം ഉണ്ട് ഈ കൂട്ടത്തില്‍.

സമുദ്ര നിരപ്പില്‍ 3560 അടി ഉയരത്തിലാണ് ഈ പാറക്കെട്ടുകല്‍ സ്ഥിതിചെയ്യുന്നത്. രാമക്കല്‍ മേട് എന്നാല്‍ ‘രാമന്റെ കല്ലിന്റെ നാട്’ അല്ലെങ്കിൽ ‘ശ്രീരാമൻ കാല് വച്ചിരുന്ന ദേശം’ എന്നാണ് അര്‍ത്ഥം. ഹിന്ദു ദൈവമായ ശ്രീരാമന്‍ അദ്ധേഹത്തിന്റെ പത്നിയായ സീതയെ തട്ടിക്കൊണ്ടുപോയ രാവണനെ തിരഞ്ഞു വരുമ്പോള്‍ ഇവിടെ കാലുകുത്തി എന്നാണ് ഐതീഹ്യം.
വ്യൂ പോയിന്റില്‍ നിന്ന് ഇറങ്ങിയതിന് ശേഷം നേരെ പോയത് കുറവന്‍ കുറത്തി ശില്‍പ്പങ്ങള്‍ സ്ഥിതി ചെയ്യുുന്ന ഭാഗത്തേക്കാണ് പോകുന്നത്. വഴിയരികില്‍ തമിഴ് നാട് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ബോര്‍ഡും. കേരവും തമിഴ്നനാടും അതിര്‍ത്ഥി പ്രദേശമാണല്ലോ രാമക്കല്‍മേട്. ഈ മലയുടെ പല ഭാഗങ്ങള്‍ ഇന്ന് തമിഴ്നാടിന്റെ അധീനതയിലാണ്.

പനോരമിക് വ്യൂ ആണ് ഇവിടെ എല്ലായിടത്തും നിന്നുള്ള കാഴ്ച്ച. തമിഴ്നാടിലെ കമ്പം ഭാഗത്തെ വീടുകളും നിര്‍മ്മിതികളും എല്ലാം മുകളില്‍ നിന്ന് കാണാം. രാമക്കല്‍ മേടിലെ പ്രധാന ആകര്‍ഷണമാണ് കുറവന്‍ കുറത്തി ശില്‍പ്പം. 2005ല്‍ ആണ് ഈ ശില്‍പ്പം ഇവിടെ സ്ഥാപിച്ചത്. കുറവന്‍ കുറത്തി ശില്‍പ്പത്തിന്റെ അരികില്‍ മലമുഴക്കി വേഴാമ്പലിന്റെ ശില്‍പ്പം കാണാം. ഒരു വാച്ച് ടവറിന്റെ രൂപത്തിലാണ് ഈ ശില്‍പ്പം നിര്‍മ്മിച്ചിട്ടുള്ളത്. അത് കൊണ്ട് തന്നെ ഈ ശില്‍പ്പത്തിന്റെ അകത്ത് കയറി പ്രകൃതി ഭംഗി ആസ്വദിക്കാം.

ചുവട്ടിലെ മണ്ണ് ഒലിച്ചുപോയി വേരുകള്‍ പുറത്തേക്ക് വന്ന മണ്ടയില്ലാത്ത ഒരു വന്‍മരവും അതിന്റെ മുകളില്‍ നാളത്തെ പ്രതീക്ഷയുടെ പൊന്‍വെളിച്ചം പകര്‍ന്ന് പറന്നു വന്നിരിക്കുന്ന മലമുഴക്കി വേഴാമ്പലും. പ്രകൃതിയെ നശിപ്പിച്ച മണ്ണും വായുവും ജലവും മലിനമാക്കിയ മനുഷ്യനുള്ള ചൂണ്ടു പലകയായി വേഴാമ്പലിന്റെ ചുണ്ടുകളില്‍ കടിച്ചു പിടിച്ചിരുക്കുന്ന ഒരു കുഞ്ഞു ചെടിയും. ഈ ചെടി നാളത്തെ പ്രതീക്ഷയാണെന്നാണ് ശില്‍പ്പിയുടെ ഭാവന.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.