വിവരണം – പ്രശാന്ത് പറവൂർ.
യു.എ.ഇ.യിൽ എത്തിയതിനു ശേഷമുള്ള ആദ്യത്തെ പകൽ പിറന്നു. ചേച്ചിയുടെ വീട്ടിലായിരുന്നു എൻ്റെ താമസം. തലേന്ന് വൈകി കിടന്നതിനാൽ രാവിലെ വളരെ വൈകിയായിരുന്നു എഴുന്നേറ്റത്. ലീവ് കിട്ടാതിരുന്നതിനാൽ ചേട്ടൻ രാവിലെത്തന്നെ ജോലിയ്ക്ക് പോയിരുന്നു. ഞാനാണെങ്കിൽ ഉറങ്ങിയും, പിന്നെ ചേച്ചിയുടെ മകളുമായി കളിച്ചുമൊക്കെ പകൽസമയം തള്ളിനീക്കി. വൈകുന്നേരം പതിവിലും നേരത്തെ ചേട്ടൻ വീട്ടിലെത്തി. ഫാമിലിയായി ഒരു കറക്കം… അതായിരുന്നു ആദ്യത്തെ പ്ലാൻ.
ചേട്ടൻ വന്ന് കുറച്ചു സമയത്തിനു ശേഷം ചേട്ടന്റെ സുഹൃത്തും ഗുജറാത്ത് സ്വദേശിയുമായ രമേഷ് ഭായി കാറുമായി എത്തിച്ചേരുകയും ഞങ്ങൾ ആ കാറിൽക്കയറി കറക്കം ആരംഭിക്കുകയും ചെയ്തു. ഞങ്ങളുടെ ഒപ്പം ചേട്ടന്റെ സുഹൃത്തിന്റെ മകൻ ഹരിയും പങ്കുചേർന്നു. റാസൽഖൈമ ടൗണിൽ നിന്നും ജബൽജൈസ് എന്ന സ്ഥലത്തേക്ക് ആയിരുന്നു ഞങ്ങളുടെ യാത്ര.
യു.എ.ഇ.യിലെ ഏറ്റവും ഉയരം കൂടിയ മേഖലയാണ് റാസൽഖൈമ എമിറേറ്റിൽ സ്ഥിതി ചെയ്യുന്ന ജബൽജൈസ്. ഞങ്ങൾ താമസസ്ഥലത്തു നിന്നും യാത്ര തുടങ്ങിയപ്പോൾത്തന്നെ അങ്ങകലെ ജബൽജൈസ് മലനിരകൾ തലയുയർത്തി നിൽക്കുന്നത് കാണാമായിരുന്നു. രമേഷ് ആണെങ്കിൽ തന്റെ പഴയ കാർ പറപ്പിച്ചുകൊണ്ടിരുന്നു. പോകുന്ന വഴിയിൽ വ്യത്യസ്തങ്ങളായ കെട്ടിടങ്ങളും, വരണ്ട പ്രദേശങ്ങളും, പലതരത്തിലുള്ള ആളുകളെയും ഒക്കെ കണ്ടിരുന്നു.
ജബൽജൈസിലേക്ക് കയറിപ്പോകുന്നതിനു മുൻപായി മനോഹരമായ ഒരു തടാകം സ്ഥിതി ചെയ്യുന്നുണ്ട്. അവിടം ടൂറിസ്റ്റുകളുടെ ഒരു ഇടത്താവളം കൂടിയാണ്. ഞങ്ങൾ മെയിൻ റോഡിൽ നിന്നും അവിടേക്ക് വണ്ടി തിരിച്ചു. തടാകത്തിനടുത്തായി ധാരാളമാളുകൾ വാഹനങ്ങളിൽ വന്ന് പാട്ടു വെച്ചും, ഗ്രിൽഡ് ചിക്കൻ ഉണ്ടാക്കിയുമൊക്കെ ആസ്വദിക്കുന്നുണ്ട്. കൂടുതലും അറബി വംശജർ തന്നെയായിരുന്നു അക്കൂട്ടരിൽ.
ഒരിടത്ത് വണ്ടി പാർക്ക് ചെയ്ത് ഞങ്ങൾ തടാകത്തിനടുത്തേക്ക് നടന്നു. വരണ്ട പ്രദേശത്തിനു നടുവിൽ നീലനിറത്തിൽ കിടക്കുന്ന തടാകം കാഴ്ച്ചയിൽ വളരെ മനോഹരം തന്നെയായിരുന്നു. ഏതാണ്ട് ലഡാക്കിലൊക്കെ പോയ ഒരു പ്രതീതി. ഇങ്ങനെ ഉപമിക്കാൻ ലഡാക്കിൽ നേരിട്ട് പോയിട്ടില്ലെങ്കിലും ഫോട്ടോയിലൂടെയും വീഡിയോയിലൂടെയുമൊക്കെ കണ്ടിട്ടുണ്ട്. തടാകത്തിനു ചുറ്റും വേലി കെട്ടിയിരുന്നതിനാൽ അതിലിറങ്ങുവാനൊന്നും നമുക്ക് സാധിക്കുമായിരുന്നില്ല. ഒരുകണക്കിന് അത് നന്നായി. അല്ലെങ്കിൽ ആളുകളെല്ലാം കണ്ട് കൊതിമൂത്ത് അതിനകത്തേക്ക് ചാടിയേനെ.
തടാകക്കരയിൽ നിന്നുകൊണ്ട് ഫോട്ടോകളും വീഡിയോയുമൊക്കെ എടുത്തതിനു ശേഷം ഞങ്ങൾ ജബൽജൈസിലേക്കുള്ള യാത്ര വീണ്ടും തുടർന്നു. ഏതാനും മീറ്ററുകൾ പോയതേയുള്ളൂ, അവിടെയതാ പോലീസ് വണ്ടി തടയുന്നു. രമേശ് ഭായി കാര്യം തിരക്കിയപ്പോഴാണ് ഞെട്ടിക്കുന്ന ആ കാര്യം അറിയുന്നത്. ജബൽജൈസിലേക്ക് ആരെയും കടത്തിവിടുന്നില്ല. അവിടെ കനത്ത മഞ്ഞുവീഴ്ചയാണത്രേ. യു.എ.ഇ.യിലും മഞ്ഞുവീഴുമോ എന്ന് അമ്പരക്കേണ്ട, കാര്യം ജബൽജൈസ് വേറെ ലെവലാണ്.
അങ്ങനെ ജബൽജൈസിലേക്കുള്ള യാത്ര പാതിവഴിയിൽ അവസാനിപ്പിച്ച് നിരാശയോടെ ഞങ്ങൾ അവിടെ നിന്നും മടങ്ങി. സമയം ഇനിയുമുണ്ട് ഇരുട്ട് വീഴാൻ. അങ്ങനെ വരുന്ന വഴിയാണ് രമേശ് ഭായിയുടെ ഒരു അമ്മാവൻ അവിടെയടുത്തുള്ള ഒരു മലയടിവാരത്തിൽ വിജനമായ സ്ഥലത്ത് താമസിക്കുന്നുണ്ടെന്നും, അവിടേക്ക് പോകാമെന്നും പറയുന്നത്. പിന്നെ ഞങ്ങളൊന്നും ആലോചിച്ചില്ല, നേരെ രമേഷ്ഭായിയുടെ അമ്മാവന്റെ അടുത്തേക്ക് യാത്രയായി.
അവിടേക്ക് യാത്ര തിരിക്കുമ്പോൾ ഞങ്ങൾ ഒരിക്കൽപ്പോലും വിചാരിച്ചില്ല, ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ചില അനുഭവങ്ങളുടെയിടയിലേക്കാണ് തങ്ങളുടെ യാത്രയെന്ന്. ആ വിശേഷങ്ങളും കാഴ്ചകളുമൊക്കെ ഇനി അടുത്ത ഭാഗത്തിൽ… (തുടരും…)