ടാറ്റ സൺസിന്റെയും ടാറ്റ ഗ്രുപ്പിന്റെയും ചെയർമാൻ ആയിരുന്നു രത്തൻ നാവൽ ടാറ്റ എന്ന രത്തൻ ടാറ്റ. 1991 ൽ ജെ. ആർ. ഡി ടാറ്റയിൽ നിന്ന് ടാറ്റാ ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനം ഏറ്റെടുത്തതോടെ ടാറ്റ ഗ്രൂപ്പ് വളർച്ചയിലേക്ക് വീണ്ടും കുതിച്ചു തുടങ്ങി. ഇദ്ദേഹത്തിന്റെ കാലത്താണ് പൂർണ്ണമായും ഇന്ത്യയിൽ തന്നെ രൂപകല്പന ചെയ്തു നിർമ്മിച്ച ആദ്യത്തെ കാറുകളായ ഇൻഡിക്കയും നാനോയും ടാറ്റാ മോടോഴ്സ് പുറത്തിറക്കിയത്. നാനോക്കാകട്ടെ ലോകത്തിലെ തന്നെ ഏറ്റവും വിലക്കുറവുള്ള കാറെന്ന ഖ്യാതിയുമുണ്ട്. വിദേശകമ്പനികൾ ഏറ്റെടുത്തുകൊണ്ട് ടാറ്റയുടെ വ്യവസായസാമ്രാജ്യം ആഗോളവ്യാപകമായി വിപുലീകരിക്കുന്നതിനും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ടാറ്റാ ഗ്രൂപ്പിന് കഴിഞ്ഞു.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും എന്തുകൊണ്ട് റ്റാറ്റ മോട്ടോർസ് ലക്ഷ്വറി – സ്പോർട്ട്സ് കാർ നിർമ്മാണത്തിൽ മുൻപരിചയം ഇല്ലാതിരുന്നിട്ടും ജ്വാഗർ – ലാൻഡ് റോവർ ഡിവിഷൻ 2008ൽ സ്വന്തമാക്കി എന്നതു എല്ലാവരിലും സംശയം ഉണർത്തിയ ചോദ്യമാണ്. എന്നാൽ അതൊരു മധുര പ്രതികാരമായിരുന്നു എന്നത് പിന്നീടാണ് പുറംലോകം അറിഞ്ഞത്. ആ സംഭവം ഇങ്ങനെ..
1998 – 1999 കാലഘട്ടത്തിൽ ഇൻഡിക്ക മോഡലുകൾ ഇറക്കിക്കൊണ്ട് പാസഞ്ചർ കാർ വിപണിയിലേക്ക് ടാറ്റ ശ്രദ്ധേയമായ ചുവടുവെയ്പ്പ് നടത്തുകയുണ്ടായി. എന്നാൽ നിർഭാഗ്യവശാൽ ആദ്യ വരവിൽ ഇൻഡിക്ക പൂർണ്ണപരാജയമാകുകയാണ് ചെയ്തത്. മാരുതി, ഹ്യുണ്ടായ് തുടങ്ങിയ ശക്തരായ എതിരാളികളായിരുന്നു ടാറ്റാ ഇൻഡിക്കയുടെ ഈ ആദ്യ പരാജയത്തിനു കാരണം. പരാജയം മണത്തോടെ ഈ വിഭാഗം ഏതെങ്കിലും കമ്പനിയ്ക്ക് വിൽക്കുവാൻ രത്തൻ ടാറ്റയോട് അടുത്ത സുഹൃത്തുക്കളും ബിസ്സിനസ്സ് നിരീക്ഷകരും അഭിപ്രായപ്പെട്ടു.
അങ്ങനെ അത് വിൽക്കുവാനായി ടാറ്റ പ്രമുഖ കാർ നിർമ്മാതാക്കളായ ഫോർഡിനു പ്രൊപ്പോസൽ അയച്ചു. സംഭവത്തോട് ഫോർഡ് താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ ചർച്ച ചെയ്യുവാനായി രത്തൻ ടാറ്റയും സംഘവും ഫോർഡ് കമ്പനിയുടെ ആസ്ഥാനവും അമേരിക്കയുടെ ഓട്ടോമൊബൈൽ തലസ്ഥാനം എന്ന് അറിയപ്പെടുന്നതുമായ ഡിട്രോയിറ്റിലേക്ക് (Detroit) യാത്ര തിരിച്ചു.
അവിടെ വെച്ച് നടന്ന മീറ്റിംഗിൽ ഫോർഡ് അംഗങ്ങൾ ടാറ്റയെ കണക്കറ്റു പരിഹസിച്ചു. രത്തൻ ടാറ്റായുടെ മുഖത്തു നോക്കി “അറിയാത്ത പണിയ്ക്ക് എന്തിനാണ് പോയതെന്നും ഫോർഡിന്റെ ഔദാര്യം ഒന്നുകൊണ്ടു മാത്രമാണ് തങ്ങളിത് വാങ്ങുവാൻ തീരുമാനിച്ചതെന്നും” ഫോർഡിന്റെ തലവനായ ബിൽ ഫോർഡ് പറയുകയുണ്ടായി. അപമാനിതനായ രത്തൻ ടാറ്റ ആ കരാറിൽ നിന്നും പിന്മാറി. മടക്കയാത്രയിലും രത്തൻ ടാറ്റയെ ഈ കയ്‌പേറിയ അനുഭവം കുത്തിനോവിച്ചു കൊണ്ടിരുന്നു.
തിരികെ ഇന്ത്യയിൽ എത്തിയ രത്തൻ ടാറ്റ ഒന്നും ആർക്കും കൈമാറില്ലെന്നു തീരുമാനിച്ചു. അങ്ങനെ കഠിനമായ തിരിച്ചടികൾക്കിടയിലും പാസഞ്ചർ കാർ വിപണിയിൽ ടാറ്റ കുതിച്ചു കയറുവാൻ തുടങ്ങി. എന്നാൽ വർഷങ്ങൾക്കിപ്പുറം ഫോർഡ് കമ്പനിയെ കാത്തിരുന്നത് തകർച്ചയുടെ നാളുകളായിരുന്നു. കടക്കെണിയിലായ ഫോർഡ് കമ്പനിയ്ക്ക് സഹായ ഹസ്തവുമായി 2008 ൽ സാക്ഷാൽ രത്തൻ ടാറ്റയാണ് വന്നത്. ഫോർഡിന്റെ ആഡംബര ബ്രാൻഡായ ജാഗ്വാര്‍-ലാന്‍ഡ് റോവറിനെ വാങ്ങുവാൻ ടാറ്റ സന്നദ്ധതയറിയിച്ചു.
കാലം തിരിച്ചു കറങ്ങുന്ന സമയമായിരുന്നു അന്ന്. ഫോർഡ് ചെയർമാൻ ബിൽ ഫോർഡും കൂട്ടരും ഇന്ത്യയിലെ ടാറ്റായുടെ ആസ്ഥാനമായ ബോംബെ ഹൗസിൽ എത്തി കരാറിൽ ഒപ്പുവെച്ചു. മുൻപ് ഇതുപോലെ ഒരു യാത്ര രത്തൻ ടാറ്റയും സംഘവും പോയത് ഓർമ്മയുണ്ടല്ലോ അല്ലേ. പക്ഷേ അന്ന് ഫോർഡ് മേധാവി ചെയ്തതുപോലെ മോശമായി പെരുമാറി പകവീട്ടാൻ ടാറ്റ നിന്നില്ല. അങ്ങനെ നഷ്ടത്തിലോടിയിരുന്ന ഫോർഡിന്റെ ജാഗ്വാർ – ലാൻഡ്റോവർ വിഭാഗത്തെ 9300 കോടി ഇന്ത്യൻ രൂപയ്ക്ക് ടാറ്റ കരസ്ഥമാക്കി. ജാഗ്വാര്‍ -ലാന്‍ഡ് റോവറിനെ ഏറ്റെടുത്ത ടാറ്റയോട് ഫോര്‍ഡ് എന്നും കടപ്പെട്ടിരിക്കുമെന്നായിരുന്നു ചര്‍ച്ചയില്‍ ബില്‍ ഫോര്‍ഡ് രത്തന്‍ ടാറ്റയോട് പറഞ്ഞത്.
വാങ്ങി കുറച്ചു നാളുകൾക്കുള്ളിൽ ജാഗ്വാർ – ലാൻഡ്റോവർ ടാറ്റാ മോട്ടോഴ്സിന്റെ കീഴിൽ വിജയക്കൊടി പാറിച്ചു. കമ്പനി ഏറ്റെടുക്കാന്‍ ടാറ്റ കൊടുത്തതിനേക്കാള്‍ കൂടുതല്‍ പണം JLR ലാഭമായി മാത്രം ഉണ്ടാക്കുന്നുമുണ്ട്. ഇതാണ് കാലം കാത്തുവെച്ച മധുരമായ ഒരു പ്രതികാരം. കേൾക്കുമ്പോൾ ഒരു സിനിമാക്കഥ പോലെ തോന്നുന്നുണ്ട് അല്ലേ? വർഷങ്ങൾക്കിപ്പുറം ഈ സംഭവം പുറത്തറിയിച്ചത് ടാറ്റ ക്യാപിറ്റല്‍ തലവനായിരുന്ന പ്രവീണ്‍ കാഡ്‌ലെയാണ്. 1999 ലെ ടാറ്റയുടെ ഫോർഡ് സന്ദർശനത്തിൽ രത്തൻ ടാറ്റയോടൊപ്പം പ്രവീണ്‍ കാഡ്‌ലെയും ഉണ്ടായിരുന്നു. 2015 ൽ ഒരു അവാർഡ് സ്വീകരണ ചടങ്ങിനിടെയാണ് കാഡ്‌ലെ ഈ സംഭവം പുറത്തു പറഞ്ഞത്.
ജെ.ആർ.ഡി.ടാറ്റയേപ്പോലെ രത്തൻ ടാറ്റയും കഴിവുറ്റ ഒരു പൈലറ്റ് ആണ്. സ്വന്തം ഫാൾകൻ ബിസിനസ് ജെറ്റ് അദ്ദേഹം സ്വയം പറത്താറുമുണ്ട്. പ്രധാന ടാറ്റ കമ്പനികളായ ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോർസ്, ടാറ്റ പവർ, ടാറ്റ കൺസൽട്ടൻസി സർവീസസ്, ടാറ്റ ടീ, ടാറ്റ കെമികൽസ്, ടാറ്റ ടെലിസെർവീസസ്, ദി ഇന്ത്യൻ ഹോട്ടൽസ് കമ്പനി തുടങ്ങിയവയുടെ ചെയർമാൻ കൂടിയായിരുന്ന രത്തൻ ടാറ്റ 2012 ഡിസംബറിൽ ചെയർമാൻ സ്ഥാനമൊഴിഞ്ഞു.
രത്തൻ ടാറ്റായുടെ ഈ മധുരപ്രതികാരം നമുക്കെല്ലാവർക്കും ഒരു പ്രചോദനമാണ്. താഴ്ചകൾ എല്ലാവര്ക്കും സംഭവിക്കാം. പക്ഷേ അതിൽ തളരാതെ പ്രയത്നിച്ചാൽ ലഭിക്കുന്നത് കുന്നോളം ഉയർച്ച തന്നെയായിരിക്കും.
വിവരങ്ങൾക്ക് കടപ്പാട് – www.sociochick.com.
1 comment
Please check the loss Jaguar ,Land Rover division made last year.