എഴുത്ത് – Sunil Waynz.
ചെന്നൈയിലെ അതിർത്തി ജില്ലയായ ചെങ്കൽപേട്ട്. അവിടെയുള്ള തിരുക്കഴിക്കുണ്ട്രം എന്ന സ്‌ഥലത്തായിരുന്നു ഡോകടർ അശോകനും അദ്ദേഹത്തിന്റെ പ്രിയപത്നി പുഷ്പാഞ്ജലിയും താമസിച്ചിരുന്നത്.ചെങ്കൽപേട്ട് സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായിരുന്നു അവരുടെ മൂത്തമകൻ ഹിതേന്ദ്രൻ. ഇളയ മകൻ ലക്ഷ്മൺ ആകട്ടെ അതേ സ്‌കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയും.
ആ ചെറിയ പട്ടണത്തിൽ ഒരു സ്വകാര്യ ആശുപത്രി നടത്തി ഉപജീവനം നടത്തുന്ന ആളായിരുന്നു ഡോകടർ അശോകൻ. അദ്ദേഹത്തിന്റെ പത്നി പുഷ്പാഞ്ജലിയും പ്രഗത്ഭയായ ഡോക്ടറാണ്. ഡോ.അശോകൻ മദ്രാസ് മെഡിക്കൽ കോളേജിൽ നിന്നും ഡോ.പുഷ്പാഞ്ജലി ബംഗളൂരു മെഡിക്കൽ കോളേജിൽ നിന്നുമാണ് യഥാക്രമം തങ്ങളുടെ എം.ബി.ബി.എസ് പൂർത്തിയാക്കിയത്.ചെറിയ കുടുംബമായിരുന്നു അവരുടേത്. എല്ലാം കൊണ്ടും ഒരു സന്തുഷ്ടകുടുംബം.
അദ്ദേഹത്തിന്റെ വീടിന് സമീപം വലിയ തോതിൽ പാമ്പുകളുടെ ശല്യം ഉണ്ടായിരുന്നു. വീട്ടിനടുത്താകട്ടെ കളിസ്ഥലങ്ങൾ അധികമൊന്നും ഇല്ലായിരുന്നു താനും. അത് കൊണ്ട് തന്നെ ചെറുപ്പം മുതൽക്കേ കുട്ടികളെ അദ്ദേഹവും ഭാര്യയും കാര്യമായി പുറത്ത് കളിക്കാൻ വിടില്ലായിരുന്നു. ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് അവരുടെ മകൻ ഹിതേന്ദ്രൻ വീഡിയോ ഗെയിമുകളുടെ ലോകത്തേക്ക് ആകർഷിക്കപ്പെടുന്നത്. മകന് അത്തരം ഗെയിമുകളോടുള്ള പ്രിയം മനസ്സിലാക്കിയ അദ്ദേഹം അവന് ഒരു മെക്കാനിക്ക് സെറ്റ് വാങ്ങികൊടുത്തു. മകനാകട്ടെ അത് വച്ച് ഹെലികോപ്റ്റർ, ക്രെയിൻ, വാൻ, ജീപ്പ് തുടങ്ങിയവയെല്ലാം ഉണ്ടാക്കിയെടുത്തു. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ മേട്ടൂർ ഡാമിന്റെ മോഡൽ ഉണ്ടാക്കി തമിഴകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയ ആളായിരുന്നു അവരുടെ മകൻ ഹിതേന്ദ്രൻ.
ഇക്കാരണങ്ങളെല്ലാം കൊണ്ട് തന്നെ സ്‌കൂൾ ശാസ്ത്രമേളകളിലെ സജീവസാന്നിദ്ധ്യമായിരുന്നു മിടുക്കനായ ആ കുട്ടി. സയൻസിനോട് വലിയ തോതിൽ താല്പര്യമുള്ള, വലുതാകുമ്പോൾ ഡോക്ടറാകണമെന്ന് ആഗ്രഹമുള്ള, അധികമാരോടും സംസാരിക്കാത്ത, വാശിക്കാരനല്ലാത്ത, അച്ഛനുമമ്മക്കും സ്നേഹം മാത്രം വാരിക്കോരി നൽകുന്ന ഒരു പാവം കുട്ടി… അതായിരുന്നു ഹിതേന്ദ്രൻ.
തനിക്ക് എന്തെങ്കിലും സാധനം ആവശ്യമുണ്ടെങ്കിൽ മാത്രം ഹിതേന്ദ്രൻ വീട്ടിൽ പറയും. അവനാവശ്യപ്പെട്ട സാധനം വാങ്ങിക്കൊടുത്താൽ അവന് വലിയ സന്തോഷം. ഇല്ലെങ്കിൽ പിന്നെ അക്കാര്യം അവൻ,വീട്ടിൽ ഉന്നയിക്കാറില്ലായിരുന്നു. അതായിരുന്നു അവന്റെ സ്വഭാവം. പത്താം ക്ലാസ് കഴിഞ്ഞതോടെ ഹിതേന്ദ്രന് കമ്പം വാഹനങ്ങളോടായി. മോട്ടോർ സൈക്കിളുകൾ അവന് ഹരമായി മാറി.
അന്നൊരു ശനിയാഴ്ചയായിരുന്നു.കൃത്യമായി പറഞ്ഞാൽ 2008 സെപ്റ്റംബർ 24. വൈകുന്നേരം ആറര ആയപ്പോൾ അമ്മ പുഷ്പാഞ്ജലിയുടെ വാക്കുകൾ കേൾക്കാതെ അച്ഛന്റെ ഹെൽമറ്റുമെടുത്ത് കൂട്ടുകാരെ കാണാനായി അവൻ പുറപ്പെട്ടു. ഹെൽമറ്റ് വച്ച് പോകൂവെന്ന അമ്മയുടെ ഉപദേശം അന്നവൻ കേട്ടിട്ടില്ലായിരിക്കാനാണ് സാധ്യത. കൂട്ടുകാരെ കണ്ട് തിരികെ വരുമ്പോഴാണ് ആ അത്യാഹിതം സംഭവിച്ചത്. എതിരെ വന്ന ബസ് തന്റെ വണ്ടിയെ ഇടിക്കുമെന്ന് ഭയപ്പെട്ട ഹിതേന്ദ്രൻ തന്റെ വണ്ടി അതിവേഗം വെട്ടിച്ചു. തിരുക്കഴിക്കുണ്ട്രം – ചെങ്കൽപേട്ട് സംസ്ഥാനപാതയിലെ ടീച്ചേഴ്സ് നഗറിൽ വച്ചായിരുന്നു ആ സംഭവം നടന്നത്.
റോഡരികിൽ ഉണ്ടായിരുന്ന ഒരു കാളവണ്ടിയിൽ ഇടിച്ച് ഹിതേന്ദ്രൻ നിലത്ത് വീണു. അടുത്ത 20 മിനിറ്റോളം ചോര വാർന്ന് അവൻ അവിടെ തന്നെ കിടന്നു. അവിടെയുള്ള ആരും അവനെ തിരിഞ്ഞു പോലും നോക്കിയില്ല. ആ പരിസരത്തുള്ള പലരും അവന്റെ കുടുംബമായി വളരെ അടുപ്പമുള്ളവരും ഡോ.അശോകന്റെ പരിചയക്കാരുമായിരുന്നു. എന്നിട്ടും അങ്ങനെയൊരു അത്യാഹിതം നടന്നത് അവരാരും അറിഞ്ഞില്ല. അറിഞ്ഞവരാകട്ടെ കണ്ട ഭാവവും നടിച്ചില്ല.
അപകടത്തിൽ പെട്ട് 20 മിനിറ്റിനുള്ളിൽ തന്നെ ഹിതേന്ദ്രന്റെ കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോണും കയ്യിൽ ധരിച്ചിരുന്ന ബ്രേസ് ലെറ്റും പോക്കറ്റിൽ ഉണ്ടായിരുന്ന പേഴ്‌സും ആരൊക്കെയോ കവർച്ച ചെയ്തിരുന്നു. ചോര വാർന്നു കിടന്ന ഹിതേന്ദ്രന്റെ കുടുംബത്തെ ആരും വിവരമറിയിച്ചില്ല. എന്നാൽ ഹിതേന്ദ്രന്റെ അച്ഛൻ ചികിത്സിച്ചിരുന്ന ഒരു സ്ഥിരം പേഷ്യന്റ് അത് വഴി വരികയും അയാൾ ഹിതേന്ദ്രന്റെ ബൈക്ക് തിരിച്ചറിഞ്ഞ് ഹിതേന്ദ്രന്റെ അമ്മയെ ഉടനെ കാര്യങ്ങൾ വിളിച്ചു പറയുകയും ചെയ്തു.
നിമിഷങ്ങൾക്കകം ഹിതേന്ദ്രന്റെ അച്ഛൻ അശോകനും അമ്മ പുഷ്പാഞ്ജെലിയും സംഭവസ്ഥലത്ത് കുതിച്ചെത്തി. അവിടെ ഏറ്റവും അടുത്തുള്ള ആശുപത്രി ചെങ്കൽ പേട്ടായിരുന്നു ഉള്ളത്. അവിടേക്ക് കൊണ്ട് പോയ ആ കുട്ടിയെ, എന്നാൽ അതേ വേഗത്തിൽ തന്നെ ചെന്നൈയിലെ തെയ്‌നാംപേട്ടുള്ള അപ്പോളോ ആശുപത്രിയിലേക്ക് കൊണ്ടു പോയി. തമ്പരത്തിന് സമീപമുള്ള വണ്ടലൂരെത്തിയപ്പോഴേക്കും ആ അച്ഛനും അമ്മയ്ക്കും ഏതാണ്ട് മനസ്സിലായിരുന്നു തങ്ങളുടെ പ്രിയപ്പെട്ട മകനെ തങ്ങൾക്ക് എന്നന്നേക്കുമായി നഷ്ടപ്പെടാൻ പോവുകയാണെന്ന്. തലച്ചോറിനേറ്റ മാരകമായ ക്ഷതത്തെ തുടർന്ന് ഹിതേന്ദ്രന്റെ ശരീരഭാഷയിൽ കാര്യമായ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരുന്നു. കുട്ടി ഇടക്കിടെ അസ്വാഭാവികമായി ഛർദ്ദിച്ചു കൊണ്ടേയിരുന്നു.
ആ പാവം മാതാപിതാക്കളുടെ മനസ്സ് അപ്പോഴും പ്രാർത്ഥിച്ചു കൊണ്ടേയിരുന്നു. ഹിതേന്ദ്രൻ..തങ്ങളുടെ പ്രിയപ്പെട്ട മകൻ, ജീവിതതിലേക്ക് തിരികെ വരണമേയെന്ന് അവർ സർവശക്തനായ ദൈവത്തോട് അപേക്ഷിച്ചു കൊണ്ടേയിരുന്നു വണ്ടി വൈകാതെ അപ്പോളോ ആശുപത്രിയിൽ എത്തി. സി.ടി.സ്കാൻ ചെയ്ത് പുറത്തിറക്കിയപ്പോൾ ഡോക്ടർമാർ പറഞ്ഞത് രക്ഷപ്പെടാനുള്ള സാധ്യത കേവലം ഒരു ശതമാനം മാത്രമാണെന്നാണ്. പ്രതീക്ഷയുടെയും വേദനയുടെയും നൂൽപാലം ഒരുപോലെ അനുഭവവേദ്യമാകുന്ന അതിക്രൂരമായ മാനസികാവസ്ഥ. സ്വാഭാവികമായും പ്രതീക്ഷകളുടെ ബലം മനസ്സിന് ഉണ്ടാകേണ്ടതുമാണ്. പക്ഷേ അതല്ല യാഥാർത്ഥ്യമെന്ന് ഭിഷഗ്വരരായ ആ മാതാപിതാക്കൾ അനുനിമിഷം തിരിച്ചറിഞ്ഞു കൊണ്ടേയിരുന്നു.
ഹിതേന്ദ്രന്റെ അമ്മ ഡോ.പുഷ്പാഞ്ജലി അതിനോടകം നിശ്ശബ്ദയായി കഴിഞ്ഞിരുന്നു. ഇന്റൻസീവ് കെയറിൽ അവർ രണ്ട് ദിവസം കൂടി കാത്തു. കുട്ടിയുടെ നിലയിൽ കാര്യമായ പുരോഗതിയില്ലെന്നും ഇനിയൊരു തിരിച്ചു വരവിന് പ്രതീക്ഷ വയ്‌ക്കേണ്ടതില്ലെന്നും ഡോക്ടർമാർ പറഞ്ഞപ്പോൾ ആ മാതാപിതാക്കൾ ആദ്യം ചിന്തിച്ചത് അവയവദാനത്തെ കുറിച്ചാണ്. ഹിതേന്ദ്രന്റെ അച്ഛനാണ് അക്കാര്യം ആദ്യം സൂചിപ്പിച്ചത്. അദ്ദേഹം അക്കാര്യം അവതരിപ്പിക്കുമ്പോഴും അവന്റെ അമ്മ നിശ്ശബ്ദയായിരുന്നു. ആ മൗനം അവരുടെ സമ്മതം തന്നെയാകുമെന്ന് അദ്ദേഹം മനസ്സിൽ കരുതി.
48 മണിക്കൂർ കഴിഞ്ഞു.മസ്തിഷ്ക മരണം സംഭവിച്ചുവെന്ന് ഡോകടർമാർ രേഖാമൂലം ഹിതേന്ദ്രന്റെ മാതാപിതാക്കളെ അറിയിച്ചു. വീണ്ടും രണ്ട് ദിവസം കൂടിയെടുത്തു അവയവദാനത്തിനുള്ള തയ്യാറെടുപ്പിന്. മദ്രാസ് മെഡിക്കൽ കോളേജിലെ ന്യൂറോ സർജൻമാരിൽ ഒരാൾ ഹിതേന്ദ്രന്റെ അച്ഛന്റെ പ്രൊഫസ്സറായിരുന്നു. കാത്തു നിൽക്കുന്നതിൽ ഒരർത്ഥവുമില്ലെന്ന് അദ്ദേഹം ഡോ.അശോകനോട് പറഞ്ഞു. ഹിതേന്ദ്രന്റെ അവയവങ്ങൾ ദാനം ചെയ്യാമല്ലേയെന്ന് അദ്ദേഹം അശോകനോട് ചോദിച്ചു. മകന്റെ ഹൃദയം, കരൾ, വൃക്കകൾ, കണ്ണുകൾ, മജ്ജ എന്നിവ ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് നൽകണമെന്ന് അദ്ദേഹം ഹിതേന്ദ്രന്റെ അച്ഛനോട് പറഞ്ഞു.
ശരീരത്തിൽ നിന്നും മാറ്റുന്ന ഹൃദയം മുപ്പത് മിനിറ്റിനുള്ളിൽ മറ്റൊരു ശരീരത്തിൽ തുന്നിച്ചേർക്കണം. അതിന് മുമ്പ് ഹൃദയം സ്വീകരിക്കാൻ അവശ്യമുള്ളവരുണ്ടോയെന്ന് അറിയണം. ആ ജോലി അതിനോടകം അപ്പോളോയിലെ ഡോക്ടർമാർ ഏറ്റെടുത്തു. അവരുടെ അന്വേഷണത്തിലാണ് ചെന്നൈ മുഗപ്പയറിലെ ഫ്രണ്ടിയർ ലൈഫ് ലൈൻ ആശുപത്രിയിൽ ഡോ.കെ.എം.ചെറിയാന്റെ ചികിത്സയിലുള്ള 9 വയസ്സുകാരിയായ ഒരു പെൺകുട്ടിക്ക് ഹൃദയം വേണമെന്ന് അറിഞ്ഞത്. ബംഗളൂരു സ്വദേശികളായ ശേഖർ – മഞ്ജുള ദമ്പതികളുടെ മകൾ അഭിരാമിയായിരുന്നു ആ കുട്ടി.
മറ്റൊരു ഹൃദയം ലഭിക്കുന്നില്ലെങ്കിൽ മകൾക്ക് ജീവിതത്തിലേക്ക് ഇനിയൊരു തിരിച്ചുവരവിനുള്ള സാധ്യതയില്ലെന്ന് മാതാപിതാക്കളെ പറഞ്ഞു മനസ്സിലാക്കി അധികം വൈകുന്നതിന് മുൻപാണ് ആ ഫോൺ സന്ദേശം ഡോ.ചെറിയാനെ തേടിയെത്തിയത്. ബംഗളൂരു സ്വദേശികളായ ശേഖറിന്റെയും മഞ്ജുളയുടെയും ഏക മകളായിരുന്നു അഭിരാമി. സാമ്പത്തികമായി ഉയർന്ന നിലയിലുള്ള കുടുംബമായിരുന്നു അവരുടേത്. മകൾക്ക് വേണ്ടി ലക്ഷങ്ങൾ മുടക്കാനും അവർ തയ്യാറായിരുന്നു. പക്ഷേ പണമെത്ര ഉണ്ടെങ്കിലും തങ്ങളുടെ മകൾക്ക് ചേർന്നൊരു ഹൃദയം ലഭിക്കുമോ എന്ന് ആ മാതാപിതാക്കൾക്ക് അറിയില്ലായിരുന്നു.
ഹിതേന്ദ്രന്റയും അഭിരാമിയുടേയും രക്തഗ്രൂപ്പ് സമാനമാണെന്നും ഹൃദയം സ്വീകരിക്കാമെന്നും ഇതിനിടെ തെളിഞ്ഞു. അപ്പോഴേക്കും ഡോ.അശോകനും ഡോ.പുഷ്പാഞ്ജലിയും അവയവദാനത്തിനുള്ള സമ്മതപത്രങ്ങളിൽ ഒപ്പ് വച്ചിരുന്നു.
അപ്പോളോ ആശുപത്രിയിൽ ഡോ.ചെറിയാനൊപ്പമുള്ള ഡോ.മധു ശങ്കർ, ഡോ.ആന്റോ സഹായരാജ് എന്നിവർ ഹൃദയം എടുക്കാനെത്തി. ഹിതേന്ദ്രന്റെ ശരീരത്തിൽ നിന്നെടുത്ത ഹൃദയം അവരാണ് പ്രത്യേക ഐസ്ബാഗിൽ നിക്ഷേപിച്ചത്.
സമയം വൈകുന്നേരം. ചെന്നൈ നഗരം വാഹനങ്ങളുടെ തിരക്കിലേക്ക് നീങ്ങുന്ന നേരം. അപ്പോളോയും ഫ്രണ്ടിയർ ആശുപത്രിയും തമ്മിലുള്ള ദൂരം ഏതാണ്ട് 20 കിലോമീറ്റർ ആണ്. അഭിരാമിക്ക് ഹൃദയം 30 മിനിറ്റിനുള്ളിൽ ലഭിക്കണം. പക്ഷേ നഗരത്തിലെ തിരക്കിൽ എത്ര വേഗത്തിൽ വണ്ടി ഓടിച്ചാലും അവിടെയെത്താൻ കുറഞ്ഞത് 45 മിനിറ്റ് വേണം. വ്യത്യാസം 15 മിനിറ്റ്!!
ഡോക്ടർമാർ ആ യാത്രയുടെ വൈഷമ്യം നേരത്തെ തിരിച്ചറിഞ്ഞിരുന്നു. ചെന്നൈ പോലീസ് കമ്മീഷണർക്ക് അവരുടെ അടിയന്തിര സഹായാഭ്യർത്ഥന ലഭിച്ചു. പോലീസ് കമ്മീഷണർക്ക് സംഭവത്തിന്റെ ഗൗരവം മനസ്സിലാകുകയും ചെയ്തു. നഗരത്തിന്റെ ഹൃദയധമനികളാണ് മൗണ്ട് റോഡും നുങ്കമ്പാക്കം റോഡും.ഈ റോഡിലൂടെ വേണം ഹൃദയവുമായുള്ള യാത്ര. 20 കിലോമീറ്റർ ദൂരമുള്ള റോഡിലെ എല്ലാ ട്രാഫിക് സിഗ്നലുകളും ഹിതേന്ദ്രന്റെ ഹൃദയത്തിനായി മാത്രം തുറക്കാൻ പോലീസ് അന്ന് തീരുമാനിച്ചു.
ഹൃദയവുമായി ഡോ.മധു ശങ്കറും ഡോ.ആന്റോ സഹായരാജും പുറപ്പെടുന്നു. ആശുപത്രി മുറ്റത്ത് ആംബുലൻസ്, അതിന് മുൻപിലൊരു കാർ. ഹൃദയം കൊണ്ട് പോകാനായി ആംബുലൻസാണ് ഒരുക്കി നിർത്തിയിരിക്കുന്നത്. പക്ഷേ ഡോ.മധു ഓടിക്കയറിയത് കാറിലാണ്. ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ കാറായിരുന്നു അത്. ആംബുലൻസിന്റെ യാത്ര സുഗമമാക്കാൻ അദ്ദേഹം നേരിട്ട് എത്തിയതായിരുന്നു. കാറിൽ കയറിയതും ഡോ.മധു ഒന്നേ പറഞ്ഞുള്ളൂ
“ഡോ.ചെറിയാന്റെ ആശുപത്രി.”
കാർ പുറപ്പെടുന്നു. പിന്നാലെ ആംബുലൻസ്. കണ്ണടച്ച് തുറക്കും മുൻപേ കാർ അതിവേഗത്തിൽ പറന്നു. 20 കിലോമീറ്റർ ദൂരം താണ്ടാൻ കാർ ഡ്രൈവർ മോഹൻ എടുത്തത് വെറും 11 മിനിറ്റ്. അഭിരാമിക്ക് ഹിതേന്ദ്രന്റെ ഹൃദയം സ്വന്തം!! 2008 ഒക്ടോബർ 2 നായിരുന്നു ഹിതേന്ദ്രന്റെ ചിതാഭസ്മം കന്യാകുമാരിയിലെ കടലിൽ അവന്റെ മാതാപിതാക്കൾ ഒഴുക്കിയത്.
ഹിതേന്ദ്രൻ പിന്നെയും ജീവിച്ചു. അവൻ മുഖാന്തരം അവയവങ്ങൾ ലഭിച്ച ആറു പേരിലൂടെ. ഹിതേന്ദ്രന്റെ കരൾ ലഭിച്ചത് ഒരു മലയാളി സ്ത്രീക്കാണ്. ഹിതേന്ദ്രന്റെ അവയവങ്ങൾ വാങ്ങിയവരെ അവന്റെ മാതാപിതാക്കൾ പിന്നീട് ബന്ധപ്പെട്ടിട്ടേയില്ല. അതൊരു തെറ്റായ രീതിയാണെന് ആ അച്ഛനും അമ്മയും ഇപ്പോഴും വിശ്വസിക്കുന്നു.
ഹിതേന്ദ്രന്റെ വൃക്കകൾ ചെന്നൈയിലെ രണ്ട് പേർക്കും, കണ്ണുകൾ ചെന്നൈ ശങ്കര നേത്രാലയത്തിനും കൈമാറുകയുണ്ടായി. മനുഷ്യരൂപമെടുത്ത ദൈവമായാണ് ഹിതേന്ദ്രനെ ആ കുട്ടിയുടെ ഹൃദയം ലഭിച്ച അഭിരാമിയും മാതാപിതാക്കളും ഇപ്പോഴും കാണുന്നത്. ഹിതേന്ദ്രന്റെ ഹൃദയവുമായി ജീവിച്ച അഭിരാമി ഒരു വർഷത്തിന് ശേഷം ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് നിര്യാതയാവുകയിരുന്നു. അഭിരാമിയുടെ വീട്ടിലെ പൂജാമുറിയിൽ ദൈവങ്ങൾക്കൊപ്പം ഇന്ന് ഹിതേന്ദ്രന്റെ ഫോട്ടോ കൂടിയുണ്ട്. കൂടാതെ ഹൃദ്രോഗികളെ സഹായിക്കാനായി അഭിരാമിയുടെ മാതാപിതാക്കൾ ഒരു ചാരിറ്റബിൾ സൊസൈറ്റിയും രൂപീകരിച്ചിട്ടുണ്ട്.
തിരുക്കഴിക്കുണ്ട്രം പഞ്ചായത്തിലാണ് ഹിതേന്ദ്രൻ ജനിച്ചതും വളർന്നതും. ഇവിടെയുള്ള ഒരു പാത ഇന്ന് അറിയപ്പെടുന്നത് ഹിതേന്ദ്രന്റെ പേരിലാണ്. ഹിതേന്ദ്രന്റെ വീടിന് സമീപമുള്ള ഒരു പാർക്ക് പുനർനിർമിച്ച് ഹിതേന്ദ്രന്റെ ഓർമക്ക് സമർപ്പിക്കാനും അന്ന് തീരുമാനമുണ്ടായി. ഡോ.അശോകനേയും ഡോ.പുഷ്പാഞ്ജലിയേയും അനുമോദിക്കാൻ ചെന്നൈ പ്രസ്സ്ക്ലബ് സംഘടിപ്പിച്ച ചടങ്ങിൽ നിരവധി പേർ അവയവദാനത്തിനായുള്ള തങ്ങളുടെ ഇംഗിതം അറിയിച്ചു. സ്വകാര്യ ആശുപത്രിയിൽ വച്ചു നടന്ന മറ്റൊരു ചടങ്ങിൽ അന്നത്തെ തമിഴ്‌നാട് ഉപമുഖ്യമന്ത്രി എം.കെ സ്റ്റാലിനും അദ്ദേഹത്തിന്റെ ഭാര്യ ദുർഗാദേവിയും തങ്ങളുടെ അവയവങ്ങൾ മരണശേഷം ദാനം ചെയ്യാനുള്ള സന്നദ്ധത അറിയിച്ചു. നടൻ ശരത്കുമാർ അടക്കമുള്ള സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ ഹിതേന്ദ്രന്റെ കുടുംബത്തിന് തങ്ങളുടെ ഐക്യദാർഢ്യം അറിയിച്ചു.
സിനിമയെ വെല്ലുന്ന കഥയായത് കൊണ്ട് തന്നെ ഈ സംഭവങ്ങൾക്കെല്ലാം തന്നെ അധികം വൈകാതെ ചലച്ചിത്ര ഭാഷ്യവുമുണ്ടായി. മലയാളസിനിമയുടെ സാമ്പ്രദായിക സങ്കല്പങ്ങൾ തച്ചുടച്ച ട്രാഫിക്ക് എന്ന മലയാളം സിനിമ ഈ സംഭവത്തിന്റെ ചലച്ചിത്രാവിഷ്കരണം ആയിരുന്നുവെന്ന് ഇത് വായിച്ച ഭൂരിഭാഗം പേർക്കും ഇതിനോടകം മനസിലായിട്ടുണ്ടാകുമെന്ന് കരുതുന്നു. ഈ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ബോബി-സഞ്ജയ്മാർ എഴുതിയ തിരക്കഥക്ക് രാജേഷ് പിള്ളയായിരുന്നു മലയാളത്തിൽ ചലച്ചിത്രഭാഷ്യം ചമച്ചത്. 3 കോടി രൂപ മുതൽമുടക്കിൽ പുറത്തിറങ്ങിയ സിനിമ ഏതാണ്ട് 10 കോടിയോളം കളക്ഷൻ സ്വന്തമാക്കി.
മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും സിനിമ റീമേക്കുകളുണ്ടായി. ചെന്നൈയിൽ ഒരു നാൾ എന്ന പേരിൽ തമിഴിൽ പുറത്തുവന്ന സിനിമ തമിഴ്നാട്ടിൽ ബ്ലോക്ക്ബസ്റ്റർ ആയിരുന്നു. മലയാളം ട്രാഫിക്കിന്റെ അസോസിയേറ്റ് ആയി പ്രവർത്തിച്ച ഷഹീദ് ഖാദർ ആയിരുന്നു തമിഴിൽ ഈ സിനിമ ഒരുക്കിയത്. ശരത് കുമാർ, ചേരൻ, പ്രകാശ് രാജ്, പ്രസന്ന, പാർവതി, ഇനിയ എന്നിവരായിരുന്നു തമിഴിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഹിന്ദിയിൽ രാജേഷ് പിള്ള തന്നെയാണ് ചിത്രം സംവിധാനം ചെയ്തത്. അദ്ദേഹത്തിന്റെ മരണശേഷമാണ് ഹിന്ദിയിൽ സിനിമ വെളിച്ചം കണ്ടത് എന്നത് വേദനിപ്പിക്കുന്ന മറ്റൊരു യാഥാർത്ഥ്യം. ജിമ്മി ഷെർഗിൽ, മനോജ് വാജ്‌പേയ്, പ്രെസെൻജിത്ത് ചാറ്റർജി, വിശാഖ് ദാസ്, ദിവ്യ ദത്ത, നികിത തുക്രൽ എന്നിവർക്കൊപ്പം മലയാളി താരം ജിഷ്ണുവും സിനിമയിൽ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. രാജേഷ് പിള്ളക്ക് പുറമേ ജിഷ്ണുവും സിനിമ റിലീസ് ആകുന്നതിന് മുൻപ് നിര്യാതനാവുകയായിരുന്നു. ഹിന്ദിയിലും മികച്ച പ്രതികരണമായിരുന്നു സിനിമക്ക് ലഭിച്ചത്.
അവയവദാനത്തെക്കുറിച്ചുള്ള അന്നോളം നിലനിന്നിരുന്ന പല തെറ്റായ സങ്കൽപങ്ങളേയും പൊളിച്ചെഴുതാൻ തങ്ങളുടെ ധീരമായ പ്രവർത്തി വഴി ഡോ.അശോകനും ഡോ.പുഷ്പാഞ്ജലിക്കും കഴിഞ്ഞുവെന്നതാണ് ഈ സംഭവത്തിൽ ഏറ്റവും ശ്രദ്ധേയമായ ഘടകം. ഒരു പ്രധാന അവയവത്തിന്‍റെ പ്രവര്‍ത്തനം നിലയ്ക്കുന്നത് മൂലം പ്രതിവര്‍ഷം 5 ലക്ഷം പേരെങ്കിലും ഇന്ത്യയിൽ മരിക്കുന്നുണെന്നാണ് ഔദ്യോഗികകണക്കുകൾ പ്രകാരം അറിയാൻ കഴിയുന്നത്.
മസ്തിഷ്‌ക മരണം സംഭവിക്കുന്ന ഒരു മനുഷ്യന് 8 പേരുടെയെങ്കിലും ജീവന്‍ രക്ഷിക്കാമെന്നിരിക്കെയാണ് ഇത്രയും പേരെ മരണത്തിന് വിട്ടു കൊടുക്കേണ്ടി വരുന്നത്. ഇവിടെ തന്നെയാണ് അവയവദാനത്തിന്‍റെ പ്രസക്തിയും. മുന്‍കാലങ്ങളെ അപേക്ഷിച്ച് മസ്തിഷ്‌കമരണം സംഭവിച്ചവരുടെ ബന്ധുക്കള്‍ അവയവദാനത്തിന് മുന്‍കൈ എടുക്കുന്ന അവസ്ഥ ഉണ്ടാകുന്നുണ്ടെങ്കിലും ഇനിയും ഈ സ്ഥിതിവിശേഷത്തിൽ നിന്ന് ഏറെ ദൂരം നാം സഞ്ചരിക്കേണ്ടതുണ്ട്. മാറ്റി വയ്ക്കാന്‍ അവയവം ലഭ്യമല്ലാത്തതിനാല്‍ ഓരോ മിനിട്ടിലും പതിനെട്ട് പേര്‍ വീതമാണ് ഈ ഭൂമിയില്‍ നിന്നും വിടവാങ്ങുന്നത്.
രാജ്യത്ത് വര്‍ഷം ഏതാണ്ട് 5000 വൃക്കകളും 400 കരളുകളും കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെന്നാണ് കണക്ക്. എന്നാല്‍ ഇവയെല്ലാം തന്നെ കൈമാറ്റം ചെയ്യപ്പെടുന്നത് ഭൂരിപക്ഷവും അടുത്ത ബന്ധുക്കള്‍ തമ്മില്‍ മാത്രമാണ്. ഇങ്ങനെ ഒരു സ്ഥിതിവിശേഷം ഇവിടെ ഉണ്ടെന്നിരിക്കെ ഈ വേലിക്കെട്ടിനപ്പുറം ചാടിക്കടന്നാൽ മാത്രമേ അവയവദാനം എന്ന പുണ്യപ്രവർത്തിക്ക് അതിനർഹിക്കുന്ന മേൽവിലാസം നൽകാൻ നാമോരോരുത്തർക്കും സാധ്യമാകുകയുള്ളൂ. സര്‍ക്കാരും സന്നദ്ധസംഘടനകളും വൈദ്യശാസ്ത്രവും എത്ര കണ്ട് പുരോഗമിച്ചാലും മനുഷ്യന്‍റെ കാരുണ്യം കൂടെ ചേർത്തു വച്ചാൽ മാത്രമേ അവയവദാനമെന്നത് സാധ്യമാവുകയുമുള്ളൂ.
സഹജീവികളോടുള്ള കരുണ,മനുഷ്യൻ ഇത്തരത്തിൽ പ്രകടിപ്പിച്ചാൽ മാത്രമേ അവയവദാനമെന്ന ആശയം പൂർണ്ണമായും ഇവിടെ സാധ്യമാവുകയുമുള്ളൂ. അവിടെയാണ് ഹിതേന്ദ്രനും അവന്റെ മാതാപിതാക്കളും ഭൂമിയോളം ഉയർന്ന് നിൽക്കുന്നത്. അവയവദാനത്തിന്റെ മഹിമയെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കാൻ വേണ്ടി ഹിതേന്ദ്രന്റെ മാതാപിതാക്കൾ ആരംഭിച്ച എ.പി.ഹിതേന്ദ്രൻ ട്രസ്റ്റ് ഇന്ന് തമിഴ്നാട്ടിലെമ്പാടും അംഗീകരിക്കപ്പെടുന്ന സ്ഥാപനമാണ്. അവയവദാനത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ മുൻപന്തിയിൽ നിൽക്കാൻ തമിഴ്നാടിനെ ഇന്ന് ഈ സംഘടന തെല്ലൊന്നുമല്ല സഹായിക്കുന്നത്.
എന്ത് കൊണ്ട് മകന്റെ അവയവങ്ങൾ ദാനം ചെയ്യാൻ തോന്നി എന്ന ഒരു ദേശീയമാധ്യമത്തിന്റെ ചോദ്യത്തിന് ഒരിക്കൽ ഹിതേന്ദ്രന്റെ അച്ഛൻ ഡോ.അശോകന്റെ മറുപടി ഇങ്ങനെ ആയിരുന്നു “ഏതൊരു വ്യക്തിയെ സംബന്ധിച്ചും അയാളുടെ മരണത്തിന് ചില അവകാശങ്ങൾ ഉണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ഒരാളുടെ മരണം കൃത്രിമമമായി നീട്ടി വയ്ക്കാൻ പാടില്ലെന്ന് ഞാൻ കരുതുന്നു. മസ്തിഷ്കമരണം സംഭവിച്ച വ്യക്തിക്ക് കൃത്രിമ ശ്വാസോച്ഛാസം നൽകിയും ദ്രവരൂപത്തിലുള്ള ഭക്ഷണം നൽകിയും ജീവിതം വലിച്ചു നീട്ടുന്നത് മരിക്കാനുള്ള അവരുടെ അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് വ്യക്തിപരമായി വിശ്വസിക്കുന്നു.
മസ്തിഷ്കമരണം സംഭവിച്ച വ്യക്തിയുടെ ഹൃദയത്തിന്റെ പ്രവർത്തനം നിലക്കാൻ ചിലപ്പോൾ ഒരാഴ്ച വേണ്ടി വരും. അത് വരെ ബന്ധുക്കളും സുഹൃത്തുക്കളും അനിവാര്യമായതിനായി കാത്തു നിൽക്കണം. ഇതാകട്ടെ എല്ലാ അർത്ഥത്തിലും മറ്റുള്ളവർക്ക് അമിതസമ്മർദം ഏൽപ്പിക്കുകയും ചെയ്യും. മസ്തിഷ്കമരണം സംഭവിച്ചവർ തിരിച്ചു വരുമെന്ന് വിശ്വസിക്കുന്ന ചിലരുണ്ട്,അങ്ങനെ വിശ്വസിപ്പിക്കുന്ന ചില ചികിത്സകരുമുണ്ട്. അതല്ല സത്യം. നമ്മുടെ പ്രവർത്തനം, അല്ലെങ്കിൽ നമ്മുടെ തീരുമാനം മറ്റുള്ളവരിൽ അനുകമ്പയും ദയയും വളർത്താൻ സഹായിക്കുമെങ്കിൽ നമുക്കതിനൊന്ന് ശ്രമിച്ചു കൂടെ? എല്ലാവരും ഒരു ദിവസം മരിക്കും. മരണം എല്ലാറ്റിന്റെയും അവസാനമാണെന്ന് ഞാൻ കരുതുന്നില്ല. മറ്റൊരു ജീവിതമോ കാലമോ ഉണ്ടാകാം. ഉണ്ടാകുമെന്നത് തന്നെയാണ് എന്റെ വിശ്വാസം.”
NB – ഹിതേന്ദ്രന്റെ പേരിൽ പ്രവർത്തിക്കുന്ന സംഘടനയുടെ വിശദാംശങ്ങളും അദ്ദേഹത്തിന്റെ മാതാപിതാക്കളുമായുമുള്ള അഭിമുഖങ്ങളുമെല്ലാം യുട്യൂബിൽ ലഭ്യമാണ്.