കേരളത്തിലെ ഏറ്റവും പ്രശസ്തമായ സിറ്റി ബസ് സർവ്വീസുകളായിരുന്നു എറണാകുളം നഗരത്തിലേത്. കളർകോഡ് വരുന്നതിനു മുൻപ് ചുവപ്പ് നിറമായിരുന്നു ഇവയ്ക്ക്. എറണാകുളത്ത് വന്നിട്ടുള്ളവർ ഈ ചുവപ്പ് ബസുകൾ കണ്ടിട്ടുണ്ടാകും… ഒരിക്കലെങ്കിലും അതിൽ കയറിയിട്ടുമുണ്ടാകും.
എറണാകുളം സിറ്റിയിൽ നിന്നും ആലുവ, കാക്കനാട്, പൂത്തോട്ട, തൃപ്പൂണിത്തുറ, ചിറ്റൂർ, ചേരാനെല്ലൂർ, തേവര ഫെറി, ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി, ഐലന്റ്, പെരുമ്പടപ്പ്, കുമ്പളങ്ങി, ഇടക്കൊച്ചി, ചെല്ലാനം, പൂക്കാട്ടുപടി, പോണേക്കര, പനങ്ങാട്, ചോറ്റാനിക്കര, തുടങ്ങിയ സ്ഥലങ്ങളിലേക്ക് സർവ്വീസ് നടത്തുന്നത് സിറ്റി പെർമിറ്റുകളാണ്.
കൂടാതെ വൈറ്റിലയിൽ നിന്നും പുറപ്പെട്ട് നഗരം ചുറ്റി വൈറ്റിലയിൽത്തന്നെ തിരിച്ചെത്തുന്ന സർക്കിൾ റൂട്ടും എറണാകുളം സിറ്റിയിലുണ്ട്. അതേപോലെതന്നെ കേരളത്തിലെ ഏറ്റവും ദൈർഘ്യമേറിയ സിറ്റി ബസ് റൂട്ടും എറണാകുളത്തു തന്നെയാണ്. 50 ലേറെ കിലോമീറ്ററുകൾ ഒരു വശത്തേക്ക് തന്നെ ദൂരമുള്ള ആലുവ – ചെല്ലാനം റൂട്ട് ആണത്.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും മത്സരയോട്ടവും അപകടങ്ങളും തുടർക്കഥയായപ്പോൾ എറണാകുളത്തെ സിറ്റി ബസ്സുകൾക്ക് കുപ്രസിദ്ധമായ ഒരു പേര് വീണു – റെഡ് കില്ലേഴ്സ്. കൊച്ചി മെട്രോ വന്നതോടു കൂടി സിറ്റി ബസുകളുടെ പ്രശസ്തമായ ചുവപ്പ് നിറം നീലയിലേക്ക് മാറുകയുണ്ടായി. ഇതോടെ വർഷങ്ങൾ നീണ്ട ചുവന്ന കുപ്പായത്തിൽ നിന്നും ബസ്സുകൾ മാറിത്തുടങ്ങി. ഒടുവിൽ കളർകോഡ് വന്നതോടെ സിറ്റി ബസ്സുകളെല്ലാം പച്ച നിറത്തിലുമായി.
പുതിയ കളർകോഡ് പ്രകാരം സിറ്റി ബസുകൾക്ക് പച്ച നിറമാണ് വേണ്ടത്. ഓർഡിനറി ബസുകൾക്ക് നീലയും ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾക്കു മെറൂണുമാണ് കളർ നൽകേണ്ടത്. എല്ലാ ബസുകളുടേയും അടിവശത്ത് വെള്ള നിറം മൂന്നു വരകളായി നൽകുകയും വേണം. സ്റ്റിക്കറുകളും മറ്റും അനുവദിക്കുന്നതല്ല. എന്തൊക്കെ മാറ്റങ്ങൾ സംഭവിച്ചാലും എറണാകുളത്തുകാർക്ക് പ്രിയങ്കരം ആ പഴയ ചുവപ്പ് ബസ്സുകൾ തന്നെയാണെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.