വിവരണം – നിധിൻ ടി.ജി.

മരണം കൺമുൻപിൽ കണ്ട നിമിഷം…എറണാകുളം സേലം ഹൈവേ 5 am, വടക്കഞ്ചേരി കഴിഞ്ഞു കുതിരാൻ കയറി തുടങ്ങി. ചെറിയ ചാറ്റൽ മഴ ഉണ്ട്. വെളുപ്പിന് വീട്ടിൽ നിന്നും ഇറങ്ങുമ്പോ അമ്മ പറഞ്ഞിരുന്നു, നിർത്തി നിർത്തി പോയ മതി മോനെ എന്ന്. കുതിരാൻ ഇറങ്ങിയിട്ട് നിറുത്തി ഒരു ചായ കുടിക്കാം എന്ന് ഉറപ്പിച്ചു.

നല്ല ബ്ലോക്ക് ആയിരുന്നു കുതിരാനിൽ. എതിരെ വരുന്ന വണ്ടികളുടെ ലൈറ്റ് എല്ലാം കൃത്യം കണ്ണിൽ, റോഡ് ആണോ കുഴി ആണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ. ഒരു ബെൻസ് ലോറി മുൻപിൽ കിടന്നു കളിക്കുന്നുണ്ട്, ലോഡ് ഒന്നും ഇല്ല. ഓവർ ടേക്ക് ചെയ്യാൻ നോക്കിയിട്ട് പറ്റുന്നതും ഇല്ല. മൊത്തം dark scene. ബുള്ളറ്റ് std 350 ആണ് നമ്മുടെ companion. സാധാരണ നമ്മൾ മലയാളികൾ റോഡ് നിയമം നന്നായി പാലിക്കുന്നവരാണല്ലോ..

രാവിലെ 9 മണിക്ക് മുൻപേ സേലം പിടിക്കണമായിരുന്നു അതിന്റെ ഒരു ടെൻഷനും, ചാറ്റൽ മഴയും, ഇരുട്ടും, ഷോഗമായി പോകുന്ന heavy vehicle ന്റെ ഇടയിൽ പെട്ട ഒരു പാവം ടൂവീലർകാരന്റെ മനസ്സും ആയപ്പോൾ ഞാൻ വണ്ടി ലെഫ്റ്റ് സൈഡിൽ കൂടെ എടുത്തു. കുതിരാന്മല അയ്യപ്പൻറെ അമ്പലം റൈറ്റിൽ കണ്ടപ്പോ ഉള്ളിൽ ഒന്ന് വിളിച്ചു സ്വാമിയേ ശരണമയ്യപ്പ…

ടാർ ഇട്ട റോഡിൽ നിന്നും ഇറക്കി ആണ് പൊയ്ക്കൊണ്ടിരുന്നത്. ബുള്ളറ്റ് അല്ലെ ആ ഒരു കുഞ്ഞു അഹങ്കാരം ഉള്ളിലും ഉണ്ട്. കുതിരാൻ ഇറങ്ങി ഏകദേശം കഴിയാറായി.
ഒരു ഗാപ് കിട്ടിയപ്പോ വണ്ടി ഞാൻ റോഡിലേക്ക് കയറ്റി. ഫ്രന്റ് വീൽ കയറി, പക്ഷെ ബാക്ക് വീൽ കയറിയില്ല. കാരണം ടാർ ചെയ്ത റോഡിനു നിരപ്പിൽ നിന്നും വിചാരിച്ചതിലും ഉയരം  ഉണ്ടായിരുന്നു. ഈ കാര്യം ഞാൻ തിരിച്ചറിയുന്നതിലും മുൻപേ വണ്ടി എന്റെ കയ്യിൽ നിന്നും പോയിരുന്നു.

നേരെയുള്ള റോഡിൽ cross ആയി വണ്ടി ഒരു ചാട്ടം. ബാക്കിൽ മിന്നിച്ചു  വരുന്ന ഒരു ടോറസ്, ആ ഡ്രൈവർ ഹെഡ്‍ലൈറ് മിന്നിച് എനിക്ക് അപായ സിഗ്നൽ തന്നോണ്ടിരുന്നു. ഞാൻ വിചാരിച്ചു തീർന്നെന്നു. ഒരു കണക്കിന് എങ്ങനെയോ റൈറ്റ് സൈഡിലെ പാറയിൽ ചെന്ന് കയറുന്നതിനു മുൻപേ വണ്ടി ഞാൻ ഇടത്തോട്ട് തിരിച്ചു. അപ്പൊ അതാ നേരത്തെ കണ്ടതിലും ഷാർപ് ആയിട്ടുള്ള വേറെ അപായ സിഗ്നൽ opposite സൈഡിൽ നിന്നും. കല്ലട ട്രാവൽസിന്റെ ആണെന്ന് തോന്നുന്നു ഒരു ബസ്.
ബസിനു അടയായി ഞാൻ എന്ന് ഉറപ്പിച്ച ബാക്കിലെ ടോറസ് ചേട്ടനും നീട്ടി ഒരു ഹോൺ മുഴക്കി.

എല്ലാം ഒരു 3 സെക്കൻഡുകൾ കൊണ്ട് കഴിഞ്ഞു. വണ്ടി സ്റ്റഡി ആയി. ഞാൻ ഇടത്തോട്ട് വണ്ടി എങ്ങനെയോ ചേർത്തു നിർത്തി. കയ്യും കാലും എന്ന് വേണ്ട ആന്തരിക അവയവങ്ങൾ വരെ Drums ശിവമണിയുടെ ചെണ്ട പോലെ തുള്ളായിരുന്നു. ബാക്കിലെ ടോറസ് ചേട്ടൻ വണ്ടി ചവിട്ടി. എന്നിട്ട് ഒരു മുട്ടൻ തെറി വിളിച്ചു. ആളെ പറഞ്ഞിട്ട് കാര്യം ഇല്ല്യ.

വണ്ടി സൈഡ് സ്റ്റാൻഡിൽ ഇട്ടു ഞാൻ ഒന്ന് നിലത്തു ഇരുന്നു. ലോറിക്കാരൻ ഇറങ്ങി വന്നു ചോദിച്ചു “എന്തേലും പറ്റിയോ.” എനിക്ക് ശബ്ദം പുറത്ത് വന്നില്ല. നൈസ് ഒരു ബ്ലോക്ക്. അന്നെന്റെ അച്ഛൻ ഒരുപാടു തുമ്മികാണും. ഒന്നുകൂടെ ഞാൻ okay അല്ലെ എന്നുറപ്പ് വരുത്തി ആ പേരറിയാത്ത ചേട്ടൻ വണ്ടി എടുത്ത് ട്രാഫിക് ക്ലിയർ ചെയ്തു.
ഞാൻ എന്റെ വണ്ടിയും.

പാലത്തിനു താഴെ ലെഫ്റ് സൈഡിലുള്ള ചായക്കടയിൽ വണ്ടി ചവിട്ടി ഒരു ചായ പറഞ്ഞു. ഒരു സിഗരറ്റ് കത്തിച്ചിട്ട് ഒരു puff എടുത്ത് ചായ ഊതി കുടിച്ചു. എന്നിട്ട് ഒന്ന് കണ്ണടച്ചു നടന്നത് ഒന്ന് ഓർത്തു. കുത്തിക്കഴപ്പ് കൊണ്ട് എന്റെ തലച്ചോറ് ഏതേലും കാക്ക കൊത്തി തിന്നേനെ. വീട്ടിൽ ആകെ ഉള്ളൊരു മോനാണ്. എന്റെ അമ്മേടേം അച്ഛന്റേം മുഖം തെളിഞ്ഞു വന്നു മനസ്സിൽ. ഒപ്പം ലേണേഴ്‌സ് ലൈസൻസ് എടുക്കുമ്പോ കേട്ട ഒരു കാര്യവും, “ഇടതു വശത്തുകൂടെ ഓവർ ടേക്കിംഗ് പാടില്ല.” ഒരു വീൽ ചെയറിലോ ശവപ്പെട്ടിയിലോ കിടക്കുന്നതിലും എത്രയോ സുന്ദരമാണ് ഒരു 10 മിനിറ്റ് ലേറ്റ് ആയി എത്തി അവരുടെ തെറി കേൾക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.