ലേഖകൻ – Mansoor Kunchirayil Panampad.
നാനൂറോളം കമ്പനികളെ അതിന്റെ ചെയർമാനായി കൊണ്ട് നിയന്ത്രിക്കുന്ന റിച്ചാര്‍ഡ് ബ്രാന്‍സണ്‍ എന്ന ലോകം കീഴടക്കിയ സംരംഭകനായ ഈ അതുല്യ പ്രതിഭയെ കുറിച്ചാണ് ഇന്നത്തെ അറിവ്….
പതിനാറാം വയസില്‍ സ്‌കൂള്‍ പഠനം അവസാനിപ്പിക്കാന്‍ തീരുമാനിച്ച കുട്ടിയെക്കുറിച്ച് ഹെഡ്‌മാസ്‌റ്റര്‍ പറഞ്ഞു. ”ഒന്നുകില്‍ ഇവന്റെ ജീവിതം ജയിലില്‍ അവസാനിക്കും. അല്ലെങ്കില്‍ ഇവന്‍ കോടീശ്വരനാകും.” രണ്ടാമതു പറഞ്ഞതു സംഭവിച്ചു. വര്‍ഷങ്ങള്‍ക്കിപ്പുറം ആ പയ്യന്‍ ബ്രിട്ടണിലെ അതിസമ്പന്നരില്‍ ഒരാളാണ്. പേര് സര്‍ റിച്ചാര്‍ഡ് ബ്രാന്‍സണ്‍. ഇന്ത്യയിലുള്‍പ്പെടെ സ്‌ഥാപനങ്ങളുള്ള വെര്‍ജിന്‍ ഗ്രൂപ്പിന്റെ സ്‌ഥാപകന്‍.
ലോകം കീഴടക്കിയ അതുല്യമായ പ്രതിഭ നാനൂറോളം കമ്പനികളുടെ ഉടമ, സ്വന്തമായി ഒരു ട്രെയിൻ കമ്പനി, വിമാന കമ്പനി, മൊബൈൽ ഫോൺ കമ്പനി, മുപ്പത് രാജ്യങ്ങളിലായി പടർന്നു പന്തലിച്ച വ്യവസായ സാമ്രാജ്യത്തിനുടമ… തീർന്നില്ല, വിശേഷണങ്ങൾ. ഭൂമിയിൽ മാത്രമല്ല, ആകാശത്തും തന്റെ വ്യവസായ സാമ്രാജ്യ കൊടി പാറിക്കാനായി സ്പെയ്‌സ് ടൂറിസം കമ്പനി ആരംഭിച്ച സംരംഭകൻ… ബ്രിട്ടനിലെ സമ്പന്നരുടെ പട്ടികയിൽ നാലാം സ്ഥാനത്ത് നിൽക്കുന്ന, ഈ വിസ്മയം മറ്റാരുമല്ല, റിച്ചാർഡ് ബ്രാൻസൺ ആണ്.
ലോകത്തെ മികച്ച പത്ത് സംരംഭകരിൽ ഒരാളായ, ‘വിർജിൻ’ ഗ്രൂപ്പിന്റെ ഉടമയായ റിച്ചാർഡ് ബ്രാൻസണിന്റെ ജീവിതം നമ്മെ വിസ്മയിപ്പിക്കുന്നതും ആവേശം കൊള്ളിക്കുന്നതുമാണ്. സാഹസികത കൂടപ്പിറപ്പായ ബ്രാന്‍സണ്‍ ശൂന്യാകാശത്തില്‍ ആളെ എത്തിക്കുന്ന ഭൗമാന്തര വിനോദ സഞ്ചാര പദ്ധതിക്കു പിറകേയാണിപ്പോള്‍. നമ്മുടെ നാട്ടുകാരന്‍ സന്തോഷ് ജോര്‍ജ് കുളങ്ങരയും ബ്രാന്‍സന്റെ കമ്പനിയില്‍ നിന്ന് ഒരു ടിക്കറ്റ് വാങ്ങിയിട്ടുണ്ട്.
റിച്ചാര്‍ഡ് ബ്രാന്‍സണ്‍ എന്ന പ്രതിഭയെ പ്രശസ്തിയുടെയും സമ്പത്തിന്റെയും കൊടുമുടിയിലേക്ക് എത്തിച്ചത് അദ്ദേഹത്തിന്റെ കഠിനാധ്വാനവും ആർജ്ജവത്വവും മാത്രമാണ്. ഒപ്പംതന്നെ എടുത്തുപറയേണ്ട മറ്റൊരു കാര്യം, ആളുകളുമായി ബന്ധം സ്ഥാപിക്കാനും ഇടപഴകാനും ബന്ധങ്ങൾ നിലനിർത്താനുമുള്ള അദ്ദേഹത്തിന്റെ മിടുക്കാണ്. ആ കഴിവാണ് ‘വിർജിൻ’ എന്ന വൻ വ്യവസായ സംരംഭത്തിന്റെ മൂലധനം എന്നു വേണമെങ്കിലും പറയാം.
1950ല്‍ ലണ്ടനിലെ ഒരു അഭിഭാഷക കുടുംബത്തിലാണ് ബ്രാന്‍സണിന്റെ ജനനം. അക്ഷരങ്ങള്‍ ചേര്‍ത്തെഴുതുന്നതിനു ബുദ്ധിമുട്ടുള്ള പഠന വൈകല്യം ഉണ്ടായിരുന്നതിനാല്‍ പരീക്ഷകളില്‍ തോല്‍ക്കുന്നത് പതിവായിരുന്നു. അങ്ങനെയാണ് പതിനാറാം വയസില്‍ പഠനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. എന്നുവെച്ചു പഠിപ്പു നിര്‍ത്തി വീട്ടിലിരിക്കാനായിരുന്നില്ല പരിപാടി. സ്‌കൂളില്‍ പഠിക്കുന്ന കാലത്തു തന്നെ ബ്രാന്‍സന്‍ ‘ദ സ്‌റ്റുഡന്റ്’ എന്ന പേരില്‍ ഒരു ചെറിയ മാസിക തുടങ്ങിയിരുന്നു. സ്‌കൂള്‍ പഠനം നിര്‍ത്തിയ അദ്ദേഹം മുഴുവന്‍ സമയവും മാസികയുടെ നടത്തിപ്പിനു മാറ്റിവച്ചു.
ചുറ്റുവട്ടത്തുള്ള സ്‌ഥാപനങ്ങളുടെ പരസ്യം പിടിച്ച് നല്ല ലാഭത്തിലായിരുന്നു അതു നടത്തിയിരുന്നത്. പിന്നീട് മാസികയുടെ ഓഫീസില്‍ ജനപ്രിയ ഗാനങ്ങളുടെ റെക്കോഡുകള്‍ എടുത്തുവച്ചു വില്‍പ്പന തുടങ്ങി. അതിന്റെ പരസ്യവും മാസികയില്‍ കൊടുത്തു. പുറത്ത് ഉള്ളതിനേക്കാള്‍ വിലകുറച്ചായിരുന്നു വില്‍പ്പന. ആളുകള്‍ തള്ളിക്കയറാന്‍ തുടങ്ങിയതോടെ ബിസിനസ് നല്ല വിജയമായി. അങ്ങനെ റെക്കോഡുകള്‍ വില്‍ക്കാന്‍ വേണ്ടിമാത്രം പുതിയൊരു കട തുടങ്ങി.
ബിസിനസിലെ പുതിയ ആളായ ബ്രാന്‍സണ്‍ തന്റെ സംരംഭത്തിന് കന്യക എന്ന് അര്‍ത്ഥം വരുന്ന വെര്‍ജിന്‍ റെക്കോര്‍ഡ് ഷോപ്പ് എന്ന പേരാണിട്ടത്. മറ്റു കടകള്‍ വില്‍ക്കുന്നതിനേക്കാള്‍ കുറച്ചായിരുന്നു പുതിയ കടയിലും കച്ചവടം. മറ്റു കടക്കാര്‍ കേസുമായി വന്നെങ്കിലും വെര്‍ജിന്‍ റെക്കോര്‍ഡ് ഷോപ്പ് വലിയ വിജയമായിരുന്നു. അതോടെ ഒരു പഴയ സ്‌റ്റുഡിയോ വാടകയ്‌ക്കെടുത്ത് ബ്രാന്‍സണ്‍ 1973ല്‍ തന്റെ ഇരുപത്തി നാലാം വയസില്‍ ‘വെര്‍ജിന്‍ റെക്കോര്‍ഡ്‌സ്’ എന്ന പേരില്‍ സ്വന്തമായി സംഗീത കമ്പനി തുടങ്ങി. അതുവരെ ആരും ധൈര്യപ്പെടാതിരുന്ന പരീക്ഷണങ്ങള്‍ക്ക് മുതിര്‍ന്നതോടെ വെര്‍ജിന്‍ മ്യൂസിക്ക് കമ്പനിയുടെ റിലീസുകള്‍ തരംഗമായി.
1984ലാണ് വെര്‍ജിന്‍ അത്‌ലാന്റിക് എയര്‍വേസ് സ്‌ഥാപിച്ചു കൊണ്ട് ബ്രാന്‍സണ്‍ വ്യോമയാന ബിസിനസിലേക്ക് കടക്കുന്നത്. ബ്രിട്ടീഷ് എയര്‍വേയ്‌സായിരുന്നു വെര്‍ജിന്റെ എതിരാളി. പുതിയ കമ്പനിയുടെ വളര്‍ച്ച കണ്ട് ആധിപിടിച്ച ബ്രിട്ടീഷ് എയര്‍വേസുകാര്‍ വെര്‍ജിന്‍ എയര്‍വേസിന്റെ കമ്പ്യൂട്ടറുകളില്‍ നിന്നു വിവരം ചോര്‍ത്തുക അവര്‍ക്കെതിരേ വാര്‍ത്തകള്‍ ചമയ്‌ക്കുക തുടങ്ങിയ അടവുകളെടുത്തു.
ഇതിനെതിരേ ബ്രാന്‍സണ്‍ കോടതിയെ സമീപിച്ച് ഭീമമായ നഷ്‌ടപരിഹാരം നേടിയെടുത്തു. കിട്ടിയ കോടിക്കണക്കിനു രൂപ ജീവനക്കാര്‍ക്ക് പ്രത്യേക ബോണസായി വീതിച്ചു കൊടുക്കുകയാണ് അദ്ദേഹം ചെയ്‌തത്. അതിനുള്ള അദ്ദേഹത്തിന്റെ വിശദീകരണം മികച്ച മാനേജ്‌മെന്റ് പാഠമാണ്.” ബിസിനസ് വിജയിക്കണമെങ്കില്‍ ആദ്യം സംരക്ഷിക്കേണ്ടത് ജീവനക്കാരുടെ താല്‍പര്യങ്ങളാണ്. രണ്ടാമത് ഉപഭോക്‌താക്കളെയും അവസാനം മാത്രം മുതല്‍ മുടക്കുന്നവരെയും പരിഗണിക്കുക എന്നതാണ് അദ്ദേഹത്തിന്റെ നയങ്ങൾ…
1992-ൽ അദ്ദേഹത്തിന്റെ വ്യവസായം ചെറിയൊരു സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോയെങ്കിലും അദ്ദേഹം അതിനെ അതിജീവിച്ചു. പിന്നീട് ‘V2’ എന്ന പേരിൽ മറ്റൊരു റെക്കോഡിങ് കമ്പനി ആരംഭിച്ചു. 2004-ൽ ടൂറിസം മേഖലയിലും അദ്ദേഹം കൈവച്ചു. ബിസിനസ് ശൃംഖല കെട്ടിപ്പടുക്കുന്നതോടൊപ്പം അദ്ദേഹം മറ്റനവധി മേഖലകളിലും ശ്രദ്ധചെലുത്തി. ‘ദ റിബൽ ബില്യണയർ’ എന്ന റിയാലിറ്റി ഷോയുടെ വിധികർത്താവായും അദ്ദേഹം ശ്രദ്ധനേടി. ‘വിർജിൻ ഹെൽത്ത് ബാങ്ക്’ ആയിരുന്നു അടുത്ത സംരംഭം.
ഒരിക്കൽ റെക്കോഡിംഗ് സ്റ്റുഡിയോയ്ക്ക് ടാക്‌സ് അടയ്ക്കാത്തതിന്റെ പേരില്‍ ജയിലില്‍ കഴിഞ്ഞിട്ടുണ്ട് ബ്രാന്‍സന്‍. ഒരു രാത്രിക്ക് ശേഷം അമ്മ പണമടച്ച് മോചിപ്പിച്ചു. അവിടെ നിന്നിങ്ങോട്ട് ജീവിതത്തില്‍ ഏതൊരാള്‍ക്കും സെക്കന്‍ഡ് ചാന്‍സ് നല്‍കണം എന്നതാണ് ബ്രാന്‍സന്റെ അഭിപ്രായം. ഇതിനിടെ ഏതൊരു എന്‍ട്രപ്രണറും തകര്‍ന്നു പോകുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് അതിശയകരമായ തിരിച്ചുവരവും നടത്തി സാഹസീകന്‍ കൂടിയായ റിച്ചാര്‍ഡ് ബ്രാന്‍സന്‍. നിലവില്‍ യുകെയിലെ സമ്പന്നരില്‍ മുന്‍നിരയിലാണ് ബ്രാന്‍സന്‍. ടെക്‌നോളജി ബിസിനസിനെ നിയന്ത്രിക്കുന്ന കാലത്തും അതിനൊപ്പം സഞ്ചരിക്കാന്‍ ബ്രാന്‍സന്‍ കാട്ടുന്ന ആവേശമാണ് യുവ തലമുറയ്ക്കിടയില്‍ അദ്ദേഹത്തെ ആരാധനാ പാത്രമാക്കുന്നത്.
അടിമുടി സാഹസികനായ ബ്രാന്‍സണ്‍ പണം സമ്പാദിക്കുന്നതിനേക്കാള്‍ ജീവിതം ആസ്വദിക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നത്. അത് കൊണ്ടുതന്നെ ബിസിനസിനൊപ്പം ജീവിതത്തിലെ പുതിയ ഹരങ്ങള്‍ തേടിയാണ് അദ്ദേഹത്തിന്റെ യാത്ര. 1987ല്‍ അറ്റ്‌ലാന്റിക് സമുദ്രത്തിനു കുറുകേ ബലൂണില്‍ പറന്നു റെക്കോഡിട്ട ബ്രാന്‍സണ്‍ 91ല്‍ പസഫിക്ക് സമുദ്രം മറികടന്ന് സ്വന്തം റെക്കോഡ് തിരുത്തി. വിവിധ രാജ്യങ്ങളിലെ സുഖവാസ കേന്ദ്രങ്ങളില്‍ ബ്രാന്‍സണ് ഒഴിവുകാലം ആസ്വദിക്കാന്‍ സ്വന്തമായി വസതികളുണ്ട്.പോരാത്തതിന് കരീബിയന്‍ കടലില്‍ നേക്കര്‍ എന്ന സ്വകാര്യ ദ്വീപും അദ്ദേഹത്തിനു സ്വന്തമായിട്ടുണ്ട്. 74 ഏക്കര്‍ വരുന്ന ദ്വീപില്‍ അത്യാഢംബര റിസോട്ടുകളാണുള്ളത്.
ബിസിനസുകാരോട് റിച്ചാര്‍ഡ് ബ്രാന്‍സണ്‍ പറയാനുള്ളത് – ”ആരെങ്കിലും ഒരു ബിസിനസ് മോശമായി നടത്തുന്നത് നിങ്ങൾ കണ്ടാല്‍ ശ്രദ്ധിക്കുക. ആ ബിസിനസ് നമുക്ക് തുടങ്ങാന്‍ പറ്റിയ സമയമായിരിക്കുന്നു എന്നതാണ് .”….
എല്ലാ മാതാപിതാക്കളോടും റിച്ചാര്‍ഡ് ബ്രാന്‍സണ്‍ പറയാനുള്ളത് – “പഠനത്തിന്റെ വാതിൽ മുന്നിൽ കൊട്ടിയടഞ്ഞപ്പോഴും പഠന വൈകല്യം തിരിച്ചറിഞ്ഞപ്പോഴും പ്രോത്സാഹനം നൽകി കൂടെ നിൽക്കാൻ മാതാപിതാക്കൾ കാണിച്ച നല്ല മനസ്സാണ് തന്റെ വിജയത്തിലേക്കുള്ള ചവിട്ടുപടിയെന്ന് റിച്ചാർഡ് പിന്നീട് പറയുകയുണ്ടായി. മക്കളുടെ കഴിവില്ലായ്മകളെ ഓർത്ത് നിരാശപ്പെടാതെയും അവരെ കുറ്റപ്പെടുത്താതെയും കൂടെ നിൽക്കാൻ നമുക്ക് കഴിയണം. ഉള്ള കഴിവുകളെ കണ്ടെത്താൻ അവരെ സഹായിക്കണം. ഉന്തി മരം കയറ്റേണ്ട… അവർ സ്വയം കയറട്ടെ… അവരുടെ ഇടം അവർ തന്നെ കണ്ടെത്തട്ടെ… തുണയായി കൂടെ നിന്നാൽ മതി.”