മൊബൈൽ ഫോൺ ഉപയോഗിച്ചുകൊണ്ട് വാഹനം ഓടിക്കുന്നത് കുറ്റകരമാണെന്ന് എല്ലാവര്ക്കും അറിയാമല്ലോ. എന്നാൽ നമ്മളിൽ പലരും വാഹനമോടിക്കുന്നതിനിടയിൽ മൊബൈൽഫോൺ ഉപയോഗിക്കുന്നതായി കണ്ടു വരുന്നുണ്ട്. പോലീസ് പിടിക്കാതിരിക്കുവാൻ കാറിൽ ആണെങ്കിൽ ഒന്നുകിൽ സ്പീക്കർ ഓൺ ചെയ്തുകൊണ്ട് സംസാരിക്കും. അല്ലെങ്കിൽ ബ്ലൂടൂത്ത് ഹെഡ്സെറ്റ് ഉപയോഗിക്കും. ബൈക്കിൽ ആണെങ്കിൽ ചിലർ ഹെൽമറ്റിനുള്ളിൽ മൊബൈൽഫോൺ തിരുകിക്കയറ്റി വെക്കും, എന്നിട്ടാണ് സംസാരിച്ചു കൊണ്ടുള്ള സഞ്ചാരം. ഇങ്ങനെയൊക്കെ ചെയ്യുവാനാണെങ്കിൽ പിന്നെ എന്തിനാണ് ഈ നിയമം? മൊബൈൽഫോൺ ഉപയോഗിച്ച് റേഡിയേഷൻ കാരണം ആളുകൾക്ക് ആപത്തുണ്ടാകാതിരിക്കുവാനല്ല ഇത്തരത്തിൽ നിയമം ഭേദഗതി ചെയ്തിരിക്കുന്നത്. വാഹനമോടിക്കുന്നതിനിടയിൽ അയാളുടെ ശ്രദ്ധ തെറ്റി അപകടമുണ്ടാകാതിരിക്കുവാനാണ്. അതുകൊണ്ട് ബ്ലൂടൂത്ത് ഹെഡ്സെറ്റ് ഉപയോഗിച്ചാലും ഹെൽമറ്റിനിടയിൽ വെച്ചാലും കുറ്റം തന്നെയാണ് എന്ന് അറിഞ്ഞിരിക്കുക.

ഇപ്പോഴിത് പറയുവാൻ കാരണം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ കണ്ടതുകൊണ്ടാണ്. സംഭവം നടക്കുന്നത് തൃശ്ശൂർ ജില്ലയിൽ എവിടെയോ ആണ്. കൂട്ടുകാരുമായി ബൈക്ക് റൈഡിനു പോകുകയായിരുന്ന ഒരു യുവാവ് ബൈക്ക് ഓടിക്കുന്നതിനിടെ ഇന്റർകോം (കൂട്ടത്തോടെ ട്രിപ്പ് പോകുന്ന ബൈക്ക് റൈഡർമാർ തമ്മിൽ ആശയവിനിമയം നടത്തുവാൻ ഉപയോഗിക്കുന്ന ഉപകരണം) ഉപയോഗിച്ചു. ഇത് ശ്രദ്ധയിൽപ്പെട്ട പോലീസ് ആ യുവാവിനെയും ബൈക്കിനെയും തടയുകയും ചെയ്തു. ഇത് സ്വാഭാവികം… സാധാരണ ഇങ്ങനെയൊരു അവസരത്തിൽ ബൈക്കുകാർ പോലീസിനോട് അപേക്ഷിക്കാറാണ് പതിവ്. ചിലപ്പോൾ ഫൈൻ ഒഴിവാക്കി ഉപദേശിച്ചു വിടുന്ന പോലീസുകാരും ഉണ്ട്. അതൊക്കെ നമ്മുടെ സംസാരരീതിയും പോലീസുകാരുടെ മൂഡും പോലിരിക്കും. എന്നാൽ ഇവിടെ സംഭവിച്ചത് മറ്റൊന്നാണ്.

മൊബൈൽഫോൺ ഉപയോഗിച്ചതിന് പൊക്കിയ പോലീസുകാരോട്, അതും സ്ഥലം എസ്.ഐ.യോട് ഈ യുവാവ് നിന്ന് തർക്കിക്കുകയാണ്. “എൻ്റെ ലൈസൻസ് വേണെങ്കിൽ തരാം. സാർ വേണമെങ്കിൽ ഒരു കോപ്പി എടുത്തു വെച്ചോളൂ..” എന്നാൽ വളരെ മാന്യമായാണ് പോലീസുകാർ യുവാവിനോട് പെരുമാറിയത്. എന്നാൽ യുവാവ് അനാവശ്യമായി പോലീസുകാരോട് അൽപ്പം ധിക്കാരത്തോടെയാണ് സംസാരിച്ചത്. ഇതോടെ പോലീസ് യുവാവിന്റെ മൊബൈൽഫോൺ പിടിച്ചു വാങ്ങി. ഇതിനെ യുവാവ് ചെറുക്കുവാനും ശ്രമിക്കുന്നുണ്ടായിരുന്നു. “മോനെ മൊബൈൽ കട്ട് ചെയ്തിട്ട് പോ.. എന്നു പറഞ്ഞാൽ മതി ഞാൻ കേട്ടേനെ. ഇങ്ങനെ ഫോൺ പിടിച്ചു വാങ്ങണോ” എന്നാണു യുവാവ് തർക്കിക്കുന്നതിനിടെ പറഞ്ഞ രസകരമായ വാക്കുകൾ.

തെറ്റ് ചെയ്തു എന്ന് യുവാവ് പോലീസിനോട് ഇതിനിടെ സമ്മതിക്കുന്നുമുണ്ട്. എന്നാൽ പോലീസുകാരോട് വളരെ ധാർഷ്ട്യത്തോടെയായിരുന്നു യുവാവിന്റെ പെരുമാറ്റം. അതാണ് പണി കിട്ടുവാൻ കാരണവും. തർക്കിക്കുന്നതിനിടെ എസ്.ഐ.യോട് ഇംഗ്ളീഷിലും യുവാവ് ന്യായങ്ങൾ നിരത്തി, എന്നാൽ ഇംഗ്ലീഷ് നന്നായി അറിയുന്ന എസ്.ഐ. അതേ നാണയത്തിൽ തിരിച്ചു സംസാരിച്ചതോടെ ആ തീയും കെട്ടടങ്ങുകയായിരുന്നു. ഈ സംഭവങ്ങളൊക്കെ യുവാവിന്റെ ഹെല്മറ്റിൽ ഘടിപ്പിച്ചിരുന്ന ഗോപ്രോ ക്യാമറയിൽ റെക്കോർഡ് ചെയ്യുന്നുണ്ടായിരുന്നു. ആ യുവാവ് തന്നെയായിരുന്നിരിക്കണം ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തതും. അതിപ്പോൾ തിരിച്ചു പണിയായിരിക്കുകയാണ് എന്നുമാത്രം.

ശരിക്കും ഈ അവസരത്തിൽ യുവാവ് അൽപ്പം സംയമനം പാലിച്ചിരുന്നെങ്കിൽ, കുറച്ചു ഭവ്യതയോടെ സംസാരിച്ചിരുന്നെങ്കിൽ ഇത്രയും പ്രശ്നങ്ങൾ ഒന്നുംതന്നെ ഉണ്ടാകുമായിരുന്നില്ല. മിക്കവാറും പോലീസ് അയാളെ വെറുതെ വിട്ടേനെ. ഇത് ഒരു കാര്യവുമില്ലാതെ അൽപ്പം ധിക്കാരത്തോടെയുള്ള പെരുമാറ്റമായതു കൊണ്ട് അവസാനം ക്ഷമ കെട്ടപ്പോൾ പോലീസ് ആക്ഷൻ എടുക്കുകയാണുണ്ടായത്. ആ ചെറുപ്പക്കാരനോട് പറയാൻ ഉള്ളത് – താങ്കൾ ബൈക്ക് ഓടിക്കുമ്പോൾ മൊബൈൽ ഉപയോഗിച്ചാൽ താങ്കൾക്ക് മാത്രമല്ല പ്രശ്നം, ഒരു അപകടം ഉണ്ടാക്കിയാൽ ഒരുപാട് നിരപരാധികൾ റോഡിൽ ഉണ്ട്. എന്തായാലും ചെറുപ്പക്കാരന് പോലീസിന്റെ വക മുട്ടൻ പണി കിട്ടുമെന്ന് ഉറപ്പാണ്.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.