ആഡംബരത്തിൻ്റെ പ്രതീകങ്ങളിലൊന്നാണ് റോൾസ്റോയ്‌സ് കാറുകൾ. കോടികൾ വിലമതിക്കുന്ന റോൾസ്റോയ്‌സ് സാധാരണക്കാർക്ക് സ്വപ്നം മാത്രം കാണുവാൻ പറ്റുന്ന ഒരു ലക്ഷ്വറിയാണ്. റോൾസ്-റോയ്സിന്റെ കാറുകളിൽ ഏതെങ്കിലും ഒന്നിൽ ഒരു രാജാവിനെ പോലെ ഒരു കുറച്ചു സമയമെങ്കിലും സഞ്ചരിക്കുന്നത് സ്വപ്നം കാണാത്ത വാഹനപ്രേമികൾ വളരെ ചുരുക്കമായിരിക്കും. പൊതുവെ ലക്ഷക്കണക്കിന് രൂപയാണ് റോൾസ്‌റോയ്‌സ് കാറുകൾ വാടകയ്ക്ക് എടുക്കുവാനായി മുടക്കേണ്ടി വരിക.

എന്നാൽ ഇതേ റോൾസ്റോയ്‌സ് കാറിൽ 25,000 രൂപ മുടക്കി സഞ്ചരിക്കുവാൻ ഒരു അവസരം വന്നാലോ? സംഭവം സത്യമാണ്, അതും നമ്മുടെ കേരളത്തിൽ. പ്രമുഖ ജ്വല്ലറി ബിസിനസ്സുകാരനായ ബോബി ചെമ്മണ്ണൂരാണ് ഇത്തരമൊരു വ്യത്യസ്ത ആശയവുമായി രംഗത്തെത്തിയിട്ടുള്ളത്. ഇതിനായി 14 കോടിയോളം രൂപ വില വരുന്ന റോള്‍സ് റോയ്സ് ഫാന്റം EWB മോഡല്‍ കാർ ടാക്സി പെർമിറ്റ് എടുത്താണ് അദ്ദേഹം തയ്യാറാക്കിയിരിക്കുന്നത്.

ഒരു ദിവസത്തെ വാടകയ്ക്ക് ഏറ്റവും കുറഞ്ഞത് നാല ലക്ഷം രൂപയോളം ചെലവ് വരുന്ന വാഹനത്തിന് 25,000 രൂപയ്ക്ക് മൂന്ന് ദിവസത്തെ ആഢംബര യാത്രയും മൂന്നാർ ഓക്സിജൻ റിസോർട്ടിൽ താമസവുമാണ് അദ്ദേഹം വാഗ്ദാനം ചെയ്യുന്നത്. അതെ സമയം, ബോബി ഓക്‌സിജൻ റിസോർട്സിന്റെ ടൈംഷെയർ മെമ്പർഷിപ് എടുക്കുന്നവർക്ക് റോൾസ് റോയ്‌സ് ടാക്സി ടൂർ സൗജന്യമാണത്രെ!

റോൾസ്‌റോയ്‌സ് കാർ കണ്ടിട്ടോ, അതിൽ കയറിയിട്ടോ ഇല്ലാത്ത സാധാരണക്കാരായ ടൂറിസ്റ്റുകൾക്കു വേണ്ടിയാണ് ഇത്തരമൊരു വ്യത്യസ്തമായ പദ്ധതി കൊണ്ടുവന്നിരിക്കുന്നതെന്നാണ് ബോബി ചെമ്മണ്ണൂർ പറയുന്നത്. വാഹനത്തിന്റെ അകത്തും പുറത്തും നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കൂടാതെ വാഹനം പൂർണ്ണമായും ഗോൾഡൻ നിറത്തിൽ പൊതിഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ ഗോൾഡൻ റോൾസ്‌റോയ്‌സ് ടാക്സി കൂടിയാണിത്.

6 മീറ്ററിലധികം നീളമുള്ള റോള്‍സ് റോയിസ് ഫാന്റം എക്സ്റ്റന്‍ഡഡ് വീല്‍ബേസിന് ഏകദേശം 12 കോടി രൂപയോളം ആണ് വില. 460 പി‌എസും പവറും 720 എൻ‌എം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്ന 6.75 ലിറ്റർ V12 എൻജിനാണ് റോള്‍സ് റോയിസ് ഫാന്റം എക്സ്റ്റന്‍ഡഡ് വീല്‍ബേസിന്റെ ഹൃദയം. 0-100 കിലോമീറ്റർ വേഗത 6.1 സെക്കൻഡിനുള്ളിൽ മറികടക്കാൻ സാധിക്കുന്ന ഈ കാറിന് മണിക്കൂറിൽ 240 കിലോമീറ്റർ ആണ് പരമാവധി വേഗത.

ഒരു പ്രത്യേക പ്ലാറ്റ്ഫോമിലാണ് ഫാന്റം നിർമ്മിച്ചിരിക്കുന്നത്. വാഹനത്തിന്റെ ബോഡി, ഇന്റീരിയർ എന്നിവ പരമ്പരാഗത റോൾസ് റോയ്‌സ് ഡിസൈൻ സൂചകങ്ങൾ നിലനിർത്തുന്നു. ബോഡി കൂടുതലും അലുമിനിയത്തിലാണ് നിർമ്മിച്ചിരിക്കുന്നത്.

ബോഡി, പെയിന്റ്, മരപ്പണികൾ, തുകൽ ജോലികൾ എന്നിവയുൾപ്പെടെയുള്ള അന്തിമ അസംബ്ലി വെസ്റ്റ് സസെക്സിലെ ഗുഡ് വുഡിലുള്ള റോൾസ് റോയ്സ് പ്ലാന്റിൽ ഓരോ ഉപഭോക്താവിന്റെയും വ്യക്തിഗത ആവശ്യങ്ങൾക്ക് അനുസൃതമായി പൂർത്തിയാക്കുന്നു. ചരിത്രപരമായ ഗുഡ്‌വുഡ് മോട്ടോർ റേസിംഗ് സർക്യൂട്ടിന് സമീപമാണ് പ്ലാന്റ്.

വിവരങ്ങൾക്ക് കടപ്പാട് – Drivespark malayalam.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.