“Roshini Misbah Hijabi Biker” ഇതാണ് ഡല്‍ഹിയുടെ ഹിജാബി ബൈക്കര്‍ ഗേള്‍.!തലയില്‍ തട്ടമിട്ടു (ഹിജാബ് ) , ജീന്‍സും ,ലെതര്‍ ജാക്കറ്റും ഹൈ ഹീല്‍ഡ് ഷൂസും ധരിച്ചു 250 CC ഹോണ്ട അല്ലെങ്കില്‍ Enfield – 500 ബൈക്കുകളില്‍ കോളേജ് കാമ്പസ്സില്‍ മിന്നല്‍ പോലെ പറന്നുവരുന്ന യുവസുന്ദരി. ആരെയും കൂസാത്ത പ്രകൃതം , അച്ചടക്കമുള്ള പെരുമാറ്റം.. യുവാക്കൾക്ക് ഇവള്‍ ഹരമാണെങ്കില്‍ പെണ്‍കുട്ടികള്‍ക്ക് ഇവളോട് ആരാധനയോ അസൂയയോ ഒക്കെയാണ്.

നടപ്പും നില്‍പ്പും ശൈലിയുമൊക്കെ ആണുങ്ങളെപ്പോലെ തന്നെ. എല്ലാവരോടും സൗഹൃദം. സ്ത്രീ അബലയെന്ന പഴഞ്ചന്‍ ചിന്താഗതിക്കുള്ള പരസ്യമായ മറുപടിയാണ് ‘റോഷ്നി മിസ്ബാഹ്’ എന്ന ഈ തന്റേടിയായ പെണ്‍കുട്ടി.

ഡല്‍ഹിയിലെ ജാമിയ യൂണിവേഴ്സിറ്റിയില്‍ ആരോബിക് കള്‍ച്ചര്‍ സ്റ്റഡീസില്‍ MA വിദ്യാര്‍ഥിനി യാണ് രോഷ്നി. വീട്ടില്‍ നിന്ന് 40 കി.മീറ്റര്‍ ദൂരമുണ്ട് കോളേജിലേക്ക്. ഒറ്റക്കാണ് പോക്കും വരവും. ഇതുവരെ മോശം അനുഭവങ്ങള്‍ ഒന്നുമുണ്ടായിട്ടില്ല. മറ്റു പെണ്‍കുട്ടികള്‍ ഗിയറില്ലാത്ത സ്‌കൂട്ടി ഓടിക്കുന്നത് കാണുമ്പോഴും, വലിയ ബൈക്കുകളാണ് റോഷ്നിയെ ആകര്‍ഷിച്ചത്. ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ആദ്യമായി ബൈക്കോടിച്ചത്. പിതാവിന്റെ മോട്ടോര്‍സൈക്കിളിലും കുറെകാലം ചുറ്റിനടന്നു.

ബൈക്കുകള്‍ക്ക് ലിംഗഭേദമൊന്നുമില്ലെന്നും പെണ്‍കുട്ടികള്‍ക്കും ഇത് നന്നായി ഇണങ്ങുമെന്നും രോഷ്നി പറയുന്നു.തലയില്‍ തട്ടമിടുന്നത് മൂലം മുടിയും മുഖവും നന്നായി സംരക്ഷിക്കാന്‍ കഴിയുമെന്നും തട്ടമിട്ടാല്‍ പെണ്‍കുട്ടികള്‍ക്ക് ബൈക്ക് ഓടിക്കാന്‍ കഴിയില്ലെന്നുമുള്ള ധാരണ മാറ്റുകയാണ് തന്‍റെ ലക്ഷ്യമെന്നും രോഷ്നി പറഞ്ഞു.. രോഷ്നി തന്‍റെ ബൈക്ക് അനുഭവങ്ങള്‍ ഇതിനകം നിരവധി കോളേജു കളിലെ പെണ്‍കുട്ടികളുമായി പങ്കുവച്ചു കഴിഞ്ഞു.

എനിക്ക് ബൈക്ക് വാങ്ങിത്തരരുതെന്ന് പറഞ്ഞ് ബന്ധുക്കളെല്ലാം ഉപ്പയെ ഉപദേശിച്ചിരുന്നു. അത് പെണ്‍കുട്ടികള്‍ക്കുള്ളതല്ലെന്നാണ് അവര്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നത്, പക്ഷേ, ഉപ്പ അവര്‍ പറയുന്നതെന്നും കേള്‍ക്കാനേ പോയില്ല.. എനിക്ക് ബൈക്ക് വാങ്ങിത്തന്നു – റോഷ്നി പറയുന്നു. കോളേജില്‍ പോകാനായി പപ്പാ സ്കൂട്ടിയാണ് വാങ്ങാന്‍ ഉദ്ദേശിച്ചത്. പക്ഷേ തനിക്കു ബുള്ളറ്റ് വേണമെന്ന വാശിയിലായിരുന്നു.ഒടുവില്‍ വീട്ടുകാര്‍ക്ക് വഴങ്ങേണ്ടി വന്നു. ഇപ്പോള്‍ ഹോണ്ടയും ബുള്ളറ്റുമായി രണ്ടു ബൈക്കുകള്‍ റോഷ്നിക്ക് സ്വന്തമായുണ്ട്. ബുള്ളറ്റില്‍ ഒരു തവണ ഒറ്റയ്ക്ക് ലഡാക്ക് വരെ പോകണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് രോഷ്നി വെളിപ്പെടുത്തി.

തട്ടമിട്ടു ബൈക്കോടിക്കുന്നത് പലരും എതിര്‍ത്തു. ചിലര്‍ വിമര്‍ശനവുമായി രംഗത്ത് വന്നു. മതവിശ്വാസങ്ങളുടെ ലംഘനമാണെന്ന് വരെ ആക്ഷേപമുയര്‍ന്നു. എന്നാല്‍ പിന്തിരിപ്പന്‍ ചിന്താഗതികളെ നഖശിഖാന്തം എതിര്‍ക്കുന്ന സ്വന്തം പിതാവിന്‍റെ ഉറച്ച നിലപാടുകളും പിന്തുണയും അവള്‍ക്കു കരുത്തേകി. അദ്ദേഹമാണ് രോഷ്നിയുടെ റോള്‍ മോഡല്‍. രോഷ്നിക്ക് പിതാവിനെപ്പറ്റി പറയുമ്പോള്‍ നൂറു നാവാണ്.

റോഷ്നിയുടെ തന്റേടത്തെ പുകഴ്ത്തുന്നവരും ഏറെയാണ്. ബൈക്കോടിച്ച് വരുന്ന ഒരു പെണ്‍കുട്ടിയെ കണ്ട് കോളേജിലെല്ലാവര്‍ക്കും അത്ഭുതമായിരുന്നു. കൂടെ ഹിജാബും. ബൈക്ക് ഓടിക്കൂ… ആസ്വദിക്കൂ എന്ന് ഞാനെന്റെ എല്ലാ കൂട്ടുകാരികളോടും പറയാറുണ്ട്. താന്‍ എല്ലാ ട്രാഫിക് നിയമങ്ങളും പാലിച്ചാണ് ബൈക്ക് ഓടിക്കാറ് എന്നും അവള്‍ കൂട്ടിച്ചേര്‍ക്കുന്നു. ബുദ്ധ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ പങ്കെടുത്ത്, ഒരു സൂപ്പര്‍ ബൈക്കറാകുകയെന്നതാണ് തന്റെ അടുത്ത ആഗ്രഹമെന്ന് റോഷ്നി പറയുന്നു.

ഇന്ന് ഉത്തരേന്ത്യന്‍ കാമ്പസ്സുകളില്‍ പെണ്‍കുട്ടികള്‍ക്ക് മൊത്തത്തില്‍ ഒരു പ്രേരണയും കരുത്തുമാണ് രോഷ്നി മിസ്വാഹ് എന്ന ഈ ചുണക്കുട്ടി . നിരവധി കാംബസ്സുകളിലേക്ക് Inspirational Speech നല്‍കാന്‍ രോഷ്നി ക്ഷണിക്കപ്പെട്ടിട്ടുണ്ട്. MA കഴിഞ്ഞ ശേഷം Arab Culture ല്‍ Phd എടുക്കുകയാണ് റോഷ്നിയുടെ അടുത്ത ലക്‌ഷ്യം. വിവാഹം കഴിഞ്ഞാലും.

കടപ്പാട് – മീഡിയ വൺ, മറുനാടൻ മലയാളി തുടങ്ങിയ വിവിധ ഓൺലൈൻ മാധ്യമങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.