വിവരണം – ജിതിൻ ജോഷി.

കോയമ്പത്തൂർ പഠിക്കുന്ന കാലത്ത് മനസ്സിൽ കയറിയ ഒരു സ്ഥലം ഉണ്ടായിരുന്നു. R.S. പുരം. വർഷങ്ങൾ പിന്നിട്ട് ഞാൻ ജമ്മുവിൽ വന്നപ്പോളാണ് ആ പേര് വീണ്ടും കേൾക്കുന്നത്. പക്ഷേ തെക്കുനിന്നും വടക്കു വന്നപ്പോളേക്കും പുരം മാറി പുര ആയെന്ന്മാത്രം. RS പുര.

നിരവധി ചെറുഗ്രാമങ്ങളാൽ ചുറ്റപ്പെട്ട ഈ പ്രദേശം അതിമനോഹരവുമാണ്.. ജമ്മുവിൽ ഞാൻ ജോയിൻ ചെയ്തപ്പോളേ ആദ്യം അന്വേഷിച്ചത് അവിടെ അടുത്തുള്ള അതിർത്തി ഗ്രാമങ്ങളെക്കുറിച്ചാണ്. എന്താണെന്നറിയില്ല എനിക്ക് അതിർത്തി ഗ്രാമങ്ങളോട് ഒരു പ്രത്യേക താല്പര്യം ആണ്. കാരണം അതിർത്തികളിലെ ഓരോ ഗ്രാമങ്ങൾക്കും ഓരോ കഥകൾ പറയാൻ ഉണ്ടാവും. അതിജീവനത്തിന്റെ, കഷ്ടപ്പാടിന്റെ,രായ്ക്കുരാമാനം നടത്തേണ്ടിവരുന്ന പാലായനങ്ങളുടെയൊക്കെ കണ്ണുനനയിക്കുന്ന കഥകൾ.

ജമ്മുവിൽ ഞങ്ങളുടെ ആശുപത്രിയിൽ നിന്നും ഏതാണ്ട് 15 km മാറിയാണ് RS പുര എന്ന അതിർത്തി ഗ്രാമം. അവിടെ നിന്നും ഇത്തിരി ഉള്ളിലേക്ക് പോയാൽ നിരവധി ചെറുഗ്രാമങ്ങൾ കാണാം. അൽപ്പം ചരിത്രം.. ഒരുകാലത്ത് അവിടം ഭരിച്ചിരുന്ന രൺബീർ സിംഗ് എന്ന രാജാവിന്റെ പേരിലാണ് ഇപ്പോൾ ഗ്രാമം അറിയപ്പെടുന്നത്. ജമ്മുതവി റെയിൽവേ സ്റ്റേഷനിൽ നിന്നും 22 കിലോമീറ്ററും എയർപോർട്ടിൽ നിന്നും ഏതാണ്ട് 12 കിലോമീറ്ററും ആണ് ഈ ഗ്രാമത്തിലേക്കുള്ള ദൂരം. ഒരുകാലത്തു ഇന്ത്യയുടെ ഭാഗമായിരുന്ന സിയാൽകോട് ജംഗ്ഷനിലേക്ക് തീവണ്ടിപ്പാതയുമുണ്ട് ജമ്മുവിൽ നിന്നും. എന്നാൽ ഇന്ന് ഈ സിയാൽകോട് പാകിസ്ഥാനിൽ സ്ഥിതി ചെയ്യുന്നു.

ഒരു ഉച്ചകഴിഞ്ഞ നേരത്താണ് ഞാൻ ഗ്രാമത്തിൽ എത്തുന്നത്. ഗ്രാമത്തിലേക്കുള്ള പാതയും സുന്ദരമാണ്. ഇരുവശവും തണൽ വിരിച്ചു നിൽക്കുന്ന വന്മരങ്ങൾ, മണികിലുക്കി ഓടുന്ന കാളവണ്ടികൾ, പൊടി പറക്കുന്ന റോഡിൽ കളിച്ചുതിമിർക്കുന്ന കുട്ടിക്കൂട്ടങ്ങൾ.. മനോഹരമായ അന്തരീക്ഷം. പക്ഷേ ഒരു അതിർത്തി ഗ്രാമം.. എത്ര മനോഹരമായാലും സൂക്ഷിച്ചുനോക്കിയാൽ കാണാം കണ്ണീർ ഒഴുകിയിറങ്ങിയ പാടുകൾ. ഇവിടുത്തെ കാഴ്ചകളും ഒട്ടും വ്യതസ്തമല്ലായിരുന്നു. വയലുകളിൽ പുല്ലുതിന്നുന്ന മിക്കവാറും പശുക്കളുടെയും ദേഹത്ത് ആഴത്തിൽ തുളച്ചിറങ്ങിയ മുറിവുകൾ ഉണങ്ങിയ പാടുകൾ. വീടുകളുടെ ചുമരുകളിൽ വെടിയുണ്ട തീർത്ത വിള്ളലുകൾ. ആരുടേയും മനസ്സിൽ വേദനയുളവാക്കുന്ന ചിത്രങ്ങൾ.

ഔദ്യോഗികമായി വെടിനിർത്തൽ പ്രഖ്യാപനം നിലവിലുണ്ടെങ്കിലും അത്‌ സഞ്ചാരികൾക്കായി തുറന്നു കൊടുത്തിരിക്കുന്ന രാജ്യാന്തര ഗേറ്റിൽ മാത്രമേ ഉള്ളൂ പോലും. ഗേറ്റ് നിലനിൽക്കുന്ന ചെറിയ ഭാഗം ഒഴിച്ചാൽ ഈ ഗ്രാമം പാകിസ്ഥാനുമായി അതിര് പങ്കിടുന്ന സ്ഥലങ്ങൾ വിജനമാണ്. ഇവിടങ്ങളിലെല്ലാം ഭീകരമായ ഷെൽ ആക്രമണം രൂക്ഷമാണെന്ന് ഗ്രാമവാസികൾ പറഞ്ഞു. അതിന്റെ സാക്ഷ്യപത്രം ആണത്രേ പശുക്കളുടെ ദേഹത്തെ ഉണങ്ങിയ മുറിവുകൾ. വെടിയുണ്ടകളെയും ഷെല്ലുകളെയും പേടിച്ചു മിക്കവാറും വീടുകളിലും ഒരു ഭൂഗർഭ അറ കൂടി നിർമിച്ചിട്ടുണ്ട്. ഓരോ രാത്രിയും ഭീതി നിറഞ്ഞതാണ് ഇവർക്ക്. എപ്പോളാണ് തങ്ങൾക്കുള്ളതെല്ലാം ഇട്ടെറിഞ്ഞു ഗ്രാമം വിട്ട് ഓടേണ്ടിവരിക എന്നറിയില്ല. എപ്പോൾ വേണമെങ്കിലും ഒരു പലായനം പ്രതീക്ഷിക്കുന്നു ഇവർ.

പുറമെ നിന്നും നോക്കുമ്പോൾ മനോഹരവും ശാന്തവുമായി കാണപ്പെടുന്ന ഈ ഗ്രാമങ്ങളിൽ എപ്പോൾ വേണമെങ്കിലും വെടിയൊച്ചകൾ ഉയർന്നേക്കാം. നമ്മുടെ കൂടെ ഇരുന്നു സംസാരിക്കുമ്പോളും ആഹാരം കഴിക്കുമ്പോളും ഇവരുടെ കണ്ണും ശ്രദ്ധയും ആ ഇരുമ്പുവേലിക്ക് അപ്പുറത്താണ്. കാരണം ഇവർക്കറിയാം ഏതുസമയത്തും ഒരു വെടിയുണ്ടയോ ഷെല്ലോ ഇവരുടെ ജീവിതം തകർക്കാൻ പാഞ്ഞുവന്നേക്കാമെന്ന്.

NB: ഇതൊരു ടൂറിസ്റ്റ് സ്ഥലം അല്ല. കുറേ പച്ചയായ മനുഷ്യർ ഭീതിയുടെ നിഴലിൽ ജീവിക്കുന്ന ഒരു കൊച്ചു ഗ്രാമമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.