വിവരണം – അനൂപ നാരായണൻ.

കുറെ കാലമായി സാഗരറാണിയിലെ അസ്തമയ ക്രൂയിസ് യാത്രയെ കുറിച്ചറിഞ്ഞിട്ടു. അന്നേ കരുതി പോണമെന്നു. ഇന്ന് അങ്ങു തീരുമാനിച്ചു പോയേക്കാം. സാഗരറാണിയുടെ സൈറ്റിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ചു 2 ടിക്കറ്റ് ബുക്ക്‌ ചെയ്തു. 5 മണിക്ക് മുന്നേ റിപ്പോർട്ട്‌ ചെയ്യണമെന്ന് പറഞ്ഞത്കൊണ്ട് ഞങ്ങൾ 4. 30 മണിക്ക് തന്നെ എത്തി.

ഹൈകോർട്ട് ജെട്ടിയ്ക്ക് അടുത്താണ് സാഗരറാണി പാർക്ക്‌ ചെയ്തിരിക്കുന്നത്. ഒരാൾക്ക് 350 രൂപയാണ് ചാർജ്. 2 മണിക്കൂറാണ് യാത്ര 5.30 മുതൽ 7.30 വരെ. ഉൾകടലിലേക്കു സഞ്ചാരികളെയും കൊണ്ട് പോകാൻ അനുമതിയുള്ള ഒരേഒരു ക്രൂയ്‌സ്ആണ് സാഗരറാണി. ക്രൂയിസ്എന്നൊക്കെ കേൾക്കുമ്പോൾ ഇംഗ്ലീഷ് സിനിമയിൽ കണ്ട പ്രതീക്ഷയൊന്നും വെച്ച് ചെന്നേക്കരുത്. ഇതു പാവങ്ങളുടെ ക്രൂയിസ് അല്ലേൽ വലുപ്പമുള്ള ബോട്ട്.

എത്തിയപ്പോൾ തന്നെ ടിക്കറ്റ് തന്നു കയറി ഇരുന്നോളാൻ പറഞ്ഞു. മുകളിൽ 70ഓളം കസേരകൾ ഇട്ടിട്ടുണ്ട്. നേരത്തെ എത്തിയത് കൊണ്ടു സൈഡിൽ തന്നെ സീറ്റ്‌ കിട്ടി. നല്ല കാറ്റ് ഉണ്ടായിരുന്നു. ഒരു 5 മണി ആയപ്പോൾ ഒരു ചേട്ടൻ വന്നു,രണ്ടു സൈഡിലുമുള്ള സ്‌പീക്കർസ് ഇന്റെ കവർ മാറ്റി. പിന്നെ നൊസ്റ്റാൾജിയ ഫീൽ തരുന്ന പഴയ മലയാളം മെലഡി ഗാനങ്ങൾ ഒഴുകാൻ തുടങ്ങി. 5.30 മണിക്ക് മാത്രമേ ക്രൂയിസ് യാത്ര തുടങ്ങു. അതുവരെ നല്ല മെലഡി പാട്ടും കേട്ടിരിക്കാം.

പറഞ്ഞ സമയത്തു തന്നെ യാത്ര തുടങ്ങി. ആദ്യം ജലപാതയിലും പിന്നെ അറബിക് കടലിലേക്കു കപ്പൽച്ചാലിലൂടെയും ആയിരുന്നു യാത്ര. വൈപ്പിനും ബോൾഗാട്ടി പാലസും വെല്ലിങ്ടqൺ ഐലൻഡും മട്ടാഞ്ചേരിയും ഫോർട്ട്‌ കൊച്ചിയും ഒക്കെ പിന്നിട്ടു യാത്ര തുടർന്നു. തിരകളെ വെട്ടിമാറ്റി അസ്തമയസൂര്യനെ ലക്ഷ്യമാക്കി ക്രൂയിസ് നീങ്ങുമ്പോൾ,പശ്ചാത്തലത്തിൽ “ലൈലാകമേ..” എന്ന ഗാനം വിപിനെന്ന ഗായകൻ മനോഹരമായി ആലപിക്കുണ്ടായിരുന്നു.

പെട്ടന്നാണ് ആ മനോഹരകാഴ്ച മനസ്സ് കുളിർപ്പിച്ചത്. ക്രൂയിസിന് ചുറ്റും ഭംഗിയുള്ള ഒരുപാട് പക്ഷികൾ പറന്ന് നടക്കുന്നു. അത് സീഗേൾ ആണെന് ആരൊക്കെയോ പറയുന്നത് കേട്ടു. അതേ സമയം ഒരുപാട് മൽസ്യങ്ങൾ ജല്പരപ്പിലൂടെ തുള്ളികളിക്കുന്നത് കാണാമായിരുന്നു. പാറിപ്പറന്നു പക്ഷികളും, തുള്ളിച്ചാടി മത്സ്യങ്ങളും അവരുടെ സായാഹ്നം ആഘോഷിക്കുന്നത് പോലെ തോന്നി. വർണാതീതമായിരുന്നു ആ ഒരു കാഴ്ച!! തിരകളെ വെട്ടിമാറ്റി ക്രൂയിസ് മുൻപോട്ടു പോയികൊണ്ടേയിരുന്നു. അപ്പോളേക്കും സൂര്യൻ വിടവാങ്ങി കഴിഞ്ഞിരുന്നു.

ഒരു ചായ കിട്ടിയിരുന്നെകിൽ കലക്കിയേനെ എന്നു ചിന്തിച്ചപ്പോഴേക്കും ഞങ്ങൾക്കു ചായയും പലഹാരങ്ങളും കൊണ്ട് ക്രൂയിസിലെ ചേട്ടന്മാർ വന്നു. അത് പാക്കേജിൽ ഉള്ളതാണത്രേ. അതുപോലെ വെള്ളം ഒന്നും നമ്മൾ കരുതണ്ട കാര്യമില്ല. എത്രവേണമെങ്കിലും വെറുതെ കിട്ടും. പെട്ടന്നു മൈക്കിലൂടെ ചേട്ടൻ വിളിച്ചു പറഞ്ഞു. എല്ലാവരും എഴുന്നേറ്റു മുൻപോട്ടു വരാൻ. ആഘോഷം തുടങ്ങട്ടെ എന്നു. പിന്നെ ഡപ്പാംകൂത്തു പാട്ടുകളായിരുന്നു. സഞ്ചാരികളിൽ കുറെപേർ ഡാൻസ് കളിച്ചു തുടങ്ങി.

അതുവരെ നൊസ്റ്റാൾജിയ ആയിരുന്നെങ്കിൽ പെട്ടെന്ന് എല്ലാവര്ക്കും ആഘോഷത്തിന്റെ മൂഡായി. പിന്നീട് യാത്രക്കാരിൽ താല്പര്യമുളവർക്ക് പാടാൻ അവസരം കൊടുത്തു. സമയം ജെറ്റ് വേഗതയിലാണോ പോകുന്നതെന്ന് തോന്നിപോയി. ക്രൂയിസ് അപ്പോഴേക്കും മടക്കയാത്ര തുടങ്ങി കഴിഞ്ഞായിരുന്നു.

ഇരുൾ മൂടികഴിഞ്ഞപ്പോൾ കൊച്ചി കൂടുതൽ സുന്ദരി ആയോ എന്നൊരു സംശയം. തണുത്തകാറ്റും പ്രണയാതുരമായ ഗാനങ്ങളും ഏതു മനുഷ്യനിലും പ്രണയമുണർത്തും. തീരം കണ്ടു തുടങ്ങിപ്പോഴാണ് സമയം നോക്കിയത്. കൃത്യം 7.30.രണ്ടുമണിക്കൂർ പോയത് അറിഞ്ഞേയില്ലന്നുള്ളത് അതിശയോക്തിയല്ല. ഒരുകാര്യം ഉറപ്പാണ്. ആസ്വദിക്കാൻ ഉള്ള മനസുണ്ടങ്കിൽ ഈ അസ്തമയ ക്രൂയിസ്‌യാത്ര അവിസ്മരണീയമായിരിക്കും തീർച്ച!!!

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.