മൽസ്യത്തൊഴിലാളികൾ അല്ലാതെ സാധാരണക്കാര്‍ക്ക് കടലില്‍ പോകാന്‍ അനുവാദം കിട്ടാറില്ല, അനുവാദം ഇല്ലാതെ പോയാല്‍ കോസ്റ്റ് ഗാര്‍ഡ്‌സ് പിടികൂടുമെന്ന് ഉറപ്പാണ്. കൊച്ചിയിൽ 350 രൂപയ്ക്ക് ക്രൂയിസിൽ യാത്ര ചെയ്യാം എന്നത് ഭൂരിഭാഗം കൊച്ചിക്കാർക്ക് പോലും അറിയാവുന്ന കാര്യമല്ല.

KSINC അഥവാ കേരള ഷിപ്പിങ് ആൻഡ് ഇന്ലാന്ഡ് നാവിഗേഷൻ എന്ന പൊതു മേഖല സ്ഥാപനത്തിന്റെ സാഗര റാണി എന്ന ക്രൂയിസ് വെസ്സലിലാണ് എല്ലാ ദിവസവും വൈകുന്നേരം കടലിലേക്ക് യാത്ര ഒരുക്കിയിരിക്കുന്നത്. അവധി ദിവസങ്ങളിൽ 400 രൂപയും മറ്റു ദിവസങ്ങളിൽ 350 രൂപയുമാണ് യാത്ര നിരക്ക്. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല 13 വര്‍ഷമായി കേരള സര്‍ക്കാര്‍ ഇത്തരം ഒരു പദ്ധതി നടത്തുന്നുണ്ട്. പക്ഷെ നമ്മളില്‍ പലര്‍ക്കും ഈ കാര്യത്തെക്കുറിച്ച് വലിയ അറിവില്ല എന്നതാണ് സത്യം.

എറണാകുളം ഹൈക്കോടതി ജംഗ്‌ഷന്‌ എതിർ വശമുള്ള ബോട്ട് ജെട്ടിയിൽ നിന്നുമാണ് ഈ ക്രൂയിസ് വെസ്സലിന്റെ യാത്ര ആരംഭിക്കുന്നത്. കൊച്ചിക്കായലിലും അഴിമുഖത്തും എല്ലാം നിരവധി ബോട്ട് സർവ്വീസുകൾ ഉണ്ടെങ്കിലും ഐ ആർ എസ് ക്ലാസുള്ള സാഗര റാണി എന്ന വെസ്സലിനു മാത്രം ആണ് കടലിൽ കൂടുതൽ ദൂരത്തേക്ക് പോകുവാൻ അനുവാദം ഉള്ളത്. കൊച്ചിയുടെ വ്യത്യസ്തമായ സഞ്ചാര അനുഭവം ഓരോ സഞ്ചാരികൾക്കും ഈ യാത്രയിലൂടെ കരസ്ഥമാക്കാം.

മഴവിൽ പാലം, കെട്ട് വള്ളം പാലം, ബോൾഗാട്ടി പാലസ്, രാമൻ തുരുത്ത്, കൊച്ചി തുറമുഖം, വില്ലിംഗ്ട്ടൺ ഐലൻഡ്, താജ് മലബാർ ഹോട്ടൽ, വൈപ്പിൻ ദ്വീപ്, ഫോർട്ട്കൊച്ചി എന്നിവയെല്ലാം പിന്നിട്ടാണ്  ക്രൂയിസ് ബോട്ട് കടലിലേക്ക് എത്തിച്ചേരുന്നത് . അറബിക്കടലിലേക്ക് കുതിക്കുന്ന സാഗര റാണിയുടെ പ്രയാണം ഹൃദ്യമായ ഒരു അനുഭവം തന്നെയാണെന്ന് അതനുഭവിച്ച സഞ്ചാരികൾ തുറന്നു പറയുന്നു.

കേരള വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ കീഴില്‍ ജലഗതാഗതത്തിന് നിരവധി ബോട്ടുകള്‍ ഉണ്ടെങ്കിലും കടലിലേക്ക് പോകാന്‍ അനുമതിയുള്ള രണ്ടു ബോട്ടുകള്‍ ഇത് മാത്രമാണ്. യാത്രക്കാർക്ക് മുകളിലെ നിലയിലും താഴെയുമായി കടൽ – കായൽ സൗന്ദര്യങ്ങൾ ആസ്വദിക്കുവാൻ സാധിക്കും. യാത്ര പുറപ്പെടുന്നതിനു വളരെ മുൻപേ എത്തിയാൽ ഇഷ്ടമുള്ള സീറ്റുകൾ ആദ്യമേ തന്നെ കരസ്ഥമാക്കാം.

ഇതൊക്കെ കേട്ടിട്ട് ഒരു ദിവസം നേരെ  ഓടിച്ചെന്നു ബോട്ടിൽക്കയറി ടിക്കറ്റെടുത്ത് അങ്ങു യാത്ര പോകാം എന്നു കരുതരുതേ. ടിക്കറ്റുകൾ മുന്‍കൂട്ടി ബുക്ക് ചെയ്താല്‍ മാത്രമേ ഇതിൽ യാത്ര ചെയ്യാന്‍ പറ്റുകയുള്ളൂ. ഒരുമിച്ചു ബുക്ക് ചെയ്യുകയാണെങ്കില്‍ സ്‌കൂള്‍ – കോളേജ് വിദ്യാര്‍ഥികള്‍ക്ക് ടിക്കെറ്റ് റേറ്റില്‍ കുറവുമുണ്ട്. ഫാമിലികളായും വലിയ ടൂർ ഗ്രൂപ്പായും വരുന്നവർക്ക് വേണമെങ്കിൽ ഏതെങ്കിലും ട്രിപ്പ് മൊത്തമായും ബുക്ക് ചെയ്യാവുന്നതാണ്. വിശദവിവരങ്ങൾ അറിയുവാനായി http://www.sagararani.in സന്ദർശിക്കുക.

92 പേർക്കും 75 പേർക്കും സഞ്ചരിക്കാവുന്ന രണ്ടു വെസ്സലുകൾ ആണ് ഈ റൂട്ടിൽ സർവീസ് നടത്തുന്നത്. ഒരിക്കൽ യാത്ര ചെയ്തവർ വീണ്ടും വീണ്ടും സഞ്ചരിക്കാൻ കൊതിക്കുന്ന ഒരു യാത്രയാണ് സാഗര റാണി നൽകുന്നത്. പാട്ട്, ഡാൻസ് തുടങ്ങി വിവിധ വിനോദങ്ങളും സഞ്ചാരികൾക്കായി സാഗര റാണിയിൽ ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരിൽ പാടാനും ഡാൻസ് കളിക്കാനും അറിയുന്നവർക്ക് തങ്ങളുടെ പ്രകടനം കാഴ്ചവെക്കുകയും ചെയ്യാം. കൂടാതെ യാത്രക്കാർക്ക് വെള്ളവും ചായയും ലഘുഭക്ഷണവും ഒക്കെ ഫ്രീയായി ലഭിക്കുകയും ചെയ്യും. ഇതെല്ലാം നമ്മുടെ ടിക്കറ്റ് ചാർജ്ജിൽ അടങ്ങിയിട്ടുള്ളതാണ്.

വൈകുന്നേരം അഞ്ചു മണിക്കുള്ള യാത്രയിൽ സൂര്യൻ അസ്തമിക്കുന്നതിന്റെ കാഴ്ചയും കൊച്ചിയുടെ രാത്രി കാഴ്ചയും കണ്ടു മടങ്ങാം. സാധാരണ ബോട്ടു യാത്രയിൽ നിന്നും ഏറെ വ്യത്യസ്തമായ ഒരു യാത്ര അനുഭവം ആണ് സാഗരറാണി ഒരുക്കുന്നത്.

അപ്പോൾ ഇനി കൊച്ചിയിൽ വരുമ്പോൾ ഈ കടൽയാത്ര ഒന്ന് പോയി നോക്കുക. ഇതിനായി മുൻകൂട്ടി പ്ലാൻ ചെയ്തശേഷം വരുന്നതായിരിക്കും നല്ലത്. ഈ സംഭവത്തെക്കുറിച്ച് അറിയാത്ത കൊച്ചിക്കാർക്കും ഇതൊന്നു പരീക്ഷിച്ചു നോക്കാവുന്നതാണ്.

വിവരങ്ങൾക്ക് കടപ്പാട് – വിവിധ ഓൺലൈൻ മാധ്യമങ്ങൾ, കേരള ഷിപ്പിങ് ആൻഡ് ഇന്ലാന്ഡ് നാവിഗേഷൻ. ചിത്രം – സുരേഷ് ചന്ദ്രൻ.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.