പണ്ടു കാലത്തൊക്കെ ആളുകൾക്ക് ആരാധന തോന്നിയിട്ടുള്ളത് (ദൈവങ്ങളെ കൂടാതെ) സിനിമാ താരങ്ങളോടും, സ്പോർട്സ് താരങ്ങളോടും, രാഷ്ട്രീയ നേതാക്കളോടുമൊക്കെയായിരുന്നു. എന്നാൽ ഇക്കാലത്ത് എന്തിനും ഏതിനും വരെ ആരാധകരാണുള്ളത്. അതിനു ഏറ്റവും വലിയ ഉദാഹരണമാണ് കെഎസ്ആർടിസിയെ ജീവനോളം സ്നേഹിക്കുന്ന, ആരാധിക്കുന്ന ആളുകൾ നമ്മുടെ സമൂഹത്തിൽ ധാരാളമുണ്ടെന്നുള്ളത്. അതെ, ഏതൊരു വ്യക്തിയേക്കാളും ആരാധിക്കപ്പെടേണ്ടതു തന്നെയാണ് നമ്മുടെ കെഎസ്ആർടിസിയും. കാരണം കെഎസ്ആർടിസി വെറുമൊരു യാത്രാമാർഗ്ഗം മാത്രമല്ല നമുക്ക്. അത്യാവശ്യ ഘട്ടങ്ങളിൽ രക്ഷകനായും പഴയ നൊസ്റ്റാൾജിക് ഓർമ്മകളിൽ നായകനും വില്ലനുമൊക്കെയാണ് കെഎസ്ആർടിസി മലയാളികളുടെ മനസ്സിൽ പ്രധാനപ്പെട്ട ഒരു സ്ഥാനം നേടിക്കഴിഞ്ഞിരിക്കുന്നു എന്നുവേണം പറയുവാൻ.
ആൺ – പെൺ വ്യത്യാസമില്ലാതെ പ്രായഭേദങ്ങളില്ലാതെ ധാരാളമാളുകളുണ്ട് ഇന്ന് കെഎസ്ആർടിസി പ്രേമികളായിട്ട്. ഇവരെല്ലാം ഒത്തുചേർന്നതും പരിചയപ്പെട്ടതുമെല്ലാം കെഎസ്ആർടിസി ബ്ലോഗ് പോലുള്ള സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ മുഖേനയാണ്. എന്നാൽ ഇനി പറയുവാൻ പോകുന്നത് ഈ പറഞ്ഞവരെക്കാളും അൽപ്പം വ്യത്യസ്തനായ ഒരു ആനവണ്ടി പ്രേമിയെക്കുറിച്ചാണ്. അതെ, കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ആനവണ്ടി പ്രേമി.. തൃശ്ശൂർ ഇരിങ്ങാലക്കുട സ്വദേശിയും മാധ്യമ പ്രവർത്തകനുമായ യദു നാരായണന്റെയും ചിഞ്ചുവിന്റേയും മകൻ ‘സഹ്യൻ’ ആണ് ആ കൊച്ചു താരം.
യാത്രകളോടും ആനവണ്ടിയോടുമൊക്കെ ഇഷ്ടമുള്ള അച്ഛനമ്മമാരുടെ സ്വഭാവം മകനിലേക്കും പകർന്നു കിട്ടിയതിൽ ഒട്ടും അത്ഭുതപ്പെടാനില്ല. ജനിച്ചു കഴിഞ്ഞു വെറും ആറുമാസം പ്രായമുള്ളപ്പോഴാണ് സഹ്യൻ അവൻ്റെ ജീവിതത്തിലെ ആനവണ്ടി യാത്രകൾ ആരംഭിക്കുന്നത്. അന്ന് പോയതോ? കേരളത്തിലെ ഏറ്റവും ദുർഘടം പിടിച്ച കെഎസ്ആർടിസി റൂട്ടുകളിൽ ഒന്നായ പത്തനംതിട്ട – ഗവി – കുമളിയിലേക്കും. സഹ്യൻ്റെ യാത്രയുടെ തുടക്കം മാസ്സായിരിക്കണം എന്ന് മാതാപിതാക്കളായ യദുവിനും ചിഞ്ചുവിനും നിർബന്ധമുണ്ടായിരുന്നു. അങ്ങനെ ഏറെക്കാലമായി അവർ മനസിൽ താഴിട്ടു പൂട്ടിവച്ച മോഹത്തിനു ചിറകു മുളച്ചു. യാത്ര ഗവിയിലേക്കു തന്നെ, അതും നമ്മടെ സ്വന്തം ആനവണ്ടിയിൽ. പോരേ പൂരം.
ഉറങ്ങിയും ഉണർന്നും കാഴ്ചകൾ കണ്ടും ‘ബ്രൂം…ബ്രൂം…” വണ്ടി ഓടിച്ചും അപ്പേടേം അമ്മേടേം കൈയ്യിലേക്ക് ചാടിയുമൊക്കെ കുഞ്ഞു സഹ്യൻ അവൻ്റേതായ രീതിയിൽ യാത്ര ആസ്വദിച്ചു. അങ്ങനെ സ്വപ്ന സമാനമായ, സഹ്യൻ്റെ ആദ്യ കാനനയാത്ര അഡാറ് ഐറ്റം തന്നെയായിരുന്നു. ഒറ്റ വാക്കിൽ പറഞ്ഞാൽ കെഎസ്ആർടിസിയിൽ ഒരു കിടിലൻ ഓഫ് റോഡ് ട്രിപ്പ്. ആദ്യ യാത്ര തന്നെ യാതൊരു പിണക്കവും ബുദ്ധിമുട്ടുകളും കൂടാതെ സഹ്യൻ ആസ്വദിച്ചാണ് കണ്ടപ്പോൾ അച്ഛനും അമ്മയും ഉറപ്പിച്ചു; ഇവൻ ഒരു ഒന്നൊന്നര ആനവണ്ടി പ്രേമി തന്നെ. ഇതിനു ശേഷവും ധാരാളം ആനവണ്ടി യാത്രകൾ സഹ്യൻ തൻ്റെ മാതാപിതാക്കളോടൊപ്പം വിജയകരമായി നടത്തുകയുണ്ടായി.
അങ്ങനെയിരിക്കെയാണ് ആനവണ്ടി ബ്ലോഗിന്റെ 2018 ലെ മീറ്റ് കുമളിയിൽ വെച്ചു നടക്കുന്നത്. മീറ്റിൽ പങ്കെടുക്കുവാൻ കുഞ്ഞു സഹ്യനും അവൻ്റെ അച്ഛനമ്മമാരോടൊപ്പം എത്തി. ഏതാണ്ട് 85 ഓളം ആളുകൾ പങ്കെടുത്ത മീറ്റിൽ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായത് നമ്മുടെ കുഞ്ഞു സഹ്യൻ തന്നെയായിരുന്നു. എല്ലാവരുടെയും അടുത്തു പോകുവാൻ സഹ്യന് തെല്ലും മടിയുണ്ടായിരുന്നില്ല. തിരുവല്ല ഡിപ്പോയിലെ (ഇന്ന് ചങ്ങനാശ്ശേരി ഡിപ്പോയിൽ) ഡ്രൈവര്‍ സന്തോഷ് കുട്ടന്‍ സഹ്യനെ മടിയിലിരുത്തി കെഎസ്ആർടിസി ബസ്സിന്റെ സ്റ്റീയറിംഗ് വീലിൽ പിടിപ്പിച്ചു. ഏതാണ്ട് വിദ്യാരംഭം പോലെ തന്നെ. എല്ലാം കഴിഞ്ഞപ്പോഴും സഹ്യനാകട്ടെ അശോക് ലെയ്‌ലാൻഡിൻ്റെ സ്റ്റീയറിംഗ് വീലിൽ നിന്നു പിടി വിടുന്നുമില്ല. ഇതു കണ്ടപ്പോൾ എല്ലാവരും ഒന്നടങ്കം പറഞ്ഞു “ഇവൻ ആള് ഒരു പുലി തന്നെയാണ്..”
കുമളി മീറ്റിലെ വീഡിയോകളും ചിത്രങ്ങളും വിവരണങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായതോടെ കൂട്ടത്തിൽ സഹ്യനും പുറംലോകത്തിനു പരിചിതനായി. ‘ഏറ്റവും പ്രായം കുറഞ്ഞ ആനവണ്ടിപ്രേമി’ എന്നായിരുന്നു എല്ലാവരും സഹ്യനെ വിശേഷിപ്പിച്ചതും. അങ്ങനെ ഒരു വർഷത്തോളം കടന്നുപോയി. സഹ്യന് ഏതാണ്ട് ഒന്നര വയസ്സോളമായി. അപ്പോഴാണ് 2019 ലെ ആനവണ്ടി മീറ്റ് കണ്ണൂരിൽ വെച്ചു നടക്കുന്നത്. അതിലും സഹ്യനും അച്ഛൻ യദുവും അമ്മ ചിഞ്ചുവും കൂടി പങ്കെടുക്കുകയുണ്ടായി. മീറ്റിനിടയിൽ വെച്ച് ആനവണ്ടി പ്രേമികളുടെ വക ചെറിയൊരു സമ്മാനം സഹ്യന് കൈമാറി; ഒരു കെഎസ്ആർടിസി സൂപ്പർ എക്സ്പ്രസ്സിന്റെ കളിപ്പാട്ട മോഡൽ. കെഎസ്ആർടിസി ആനവണ്ടി ഫാൻ കോഴിക്കോട് ഘടകം ശ്രീ സ്വരൂപ്, അനീഷ് പൂക്കോത്ത് എന്നിവർ ചേർന്ന് അത് സഹ്യനു കൈമാറുകയും ചെയ്തു.
സഹ്യന്റെ ആനവണ്ടിപ്രേമവും യാത്രകളുമൊക്കെ ഇന്നും തുടർന്നു കൊണ്ടേയിരിക്കുന്നു. താൻ പ്രശസ്തനായതിൻറെ തലക്കനമൊന്നുമില്ലാതെ കെഎസ്ആർടിസി ബസ്സിന്റെ മുന്നിലെ സീറ്റിൽ അമ്മയുടെ മടിയിലിരുന്നുകൊണ്ട്, ഡ്രൈവർ മാമൻ സ്റ്റീയറിംഗ് തിരിക്കുന്നതും ഗിയർ ഇടുന്നതുമൊക്കെ കണ്ടുകൊണ്ട് സഹ്യൻ എന്ന കുഞ്ഞു കെഎസ്ആർടിസി പ്രേമി തൻ്റെ ബാല്യം ആസ്വദിക്കുകയാണ്. സഹ്യനെപ്പോലുള്ള കുഞ്ഞു ആനവണ്ടിപ്രേമികൾ ചിലപ്പോൾ ഇനിയും ഉണ്ടാകും. നമ്മുടെ കെഎസ്ആർടിസിയെ ഉയർത്തുവാൻ, ഉന്നതിയിലെത്തിക്കുവാൻ പുതിയ തലമുറയ്ക്കു കൂടി കഴിയട്ടെ…