വിവരണം – Sahad Palol‎. ദുബായിൽ നിന്ന് കോഴിക്കോടേക്ക്‌ പോകാനാണ്‌ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തത്‌.. നിർഭാഗ്യവശാൽ ടിക്കറ്റ്‌ കാൻസൽ ആവുകയും യാത്ര മുടങ്ങുകയും ചെയ്തു. എങ്ങനെയെങ്കിലും അന്ന് തന്നെ നാട്ടിലേക്ക്‌ പുറപ്പെടണം എന്ന വാശിയിലാണ്‌ ടിക്കറ്റുകൾ നോക്കിക്കൊണ്ടിരുന്നത്‌. സ്കൂളുകൾക്ക്‌ വേനലവധി ആയതിനാൽ കുടുംബങ്ങൾ ഒക്കെ നാട്ടിലേക്ക്‌ പോകുന്ന സീസൺ ആയതിനാൽ മുപ്പത്തയ്യായിരം രൂപയിൽ കുറഞ്ഞ ഒരു ടിക്കറ്റും നാട്ടിലേക്കില്ല.. ഇന്ത്യയിലെ ഏത്‌ ഏർപ്പോർട്ടിലും നിരക്ക്‌ കുറഞ്ഞ്‌ കിട്ടിയാൽ പോകും എന്ന തിരച്ചിലിലാണ്‌ കിഴക്കൻ ആഫ്രിക്കയുടെ ഭാഗമായ സീഷെൽസ്‌ എന്ന രാജ്യം വഴി ബോംബെയിലേക്കൊരു ടിക്കറ്റ്‌.

അന്ന് തന്നെ യാത്ര പുറപ്പെടാം പക്ഷെ ഒരു പകൽ മുഴുവൻ സീഷെൽസിൽ തങ്ങേണ്ടി വരും. ടിക്കറ്റ്‌ എടുക്കുന്നതിന്‌ മുൻപ്‌ സീ ഷെൽസ്‌ എമ്പസിയിൽ ജോലി ചെയ്യുന്ന സുഹൃത്ത് അനീസുദ്ധീൻ സാഹിബിനെ (Aneesudheen CH)വിളിച്ച്‌ ആവിടുത്തെ ഓൺ അറൈവൽ വിസയെ കുറിച്ച് ചോദിച്ചറിഞ്ഞു. ഇന്ത്യൻ പാസ്പോർട്ടിന്‌ സൗജന്യമായി വിസയടിച്ച്‌ കിട്ടും എന്നറിഞ്ഞതോടെ മറിച്ചൊന്നാലോചിക്കാതെ ടിക്കറ്റെടുത്തു..

എയർ സീഷെൽസിൽ പുലർച്ചെ രണ്ട്‌ മണിയോടെ അബ്ദാബിയിൽ നിന്നും പുറപ്പെട്ട്‌ രാവിലെ ഏഴ്‌ മണിയോട്‌ കൂടി സീഷെൽസിലെ മഹി ദ്വീപ്‌ ഏർപ്പോർട്ടിൽ ഇറങ്ങി. പുറത്തിറങ്ങാൻ അനേഷിച്ചപ്പൊ ഹോട്ടൽ ബുക്കിംഗ്‌ ഇല്ലാതെ വിസ കിട്ടില്ല എന്ന മറുപടിയാണ്‌ എമിഗ്രേഷനിൽ നിന്നും ലഭിച്ചത്‌. ഉടൻ ഓൺലൈൻ വഴി ഏറ്റവും ചീപ്പായ ഒരു ഹോട്ടൽ ബുക്ക്‌ ചെയ്തു പുറത്തിറങ്ങി. ഹോട്ടലിൽ നിൽക്കുകയായിരുന്നില്ലല്ലോ ലക്ഷ്യം ഒന്ന് ഫ്രഷാവാൻ ഹോട്ടലിൽ കയറണം എന്ന് മാത്രം.

പ്രത്യേഗിച്ച്‌‌ പ്ലാനുകൾ ഒന്നും തന്നെ ഇല്ലാത്തതിനാൽ ഏർപ്പോർട്ടിൽ കണ്ട ഒരാളോട്‌ കാര്യങ്ങൾ ഒക്കെ അന്യേഷിച്ച്‌ പോകേണ്ട സ്ഥലങ്ങളുടെ ഏകദേശ രൂപം തയ്യാറാക്കി. പോകേണ്ട സ്ഥലങ്ങളും ബസ്‌ റൂട്ടും പരിചയപ്പെട്ട സുഹൃത്തിൽ നിന്നും എഴുതി വാങ്ങി. പുറത്തിറങ്ങിയത്‌ മുതൽ നയന മനോഹര കാഴ്ചകൾ കൊണ്ട്‌ ധന്യമായിരുന്നു മഹി ദ്വീപ്‌.

ഇന്ത്യയിലെ പോലെ ഇടത്‌ വശം ചേർന്നാണ്‌ ഡ്രൈവിംഗ്‌. ദ്വീപിലെ എവിടേക്ക്‌ പോയാലും ബസ്സിന്‌ ഏഴ്‌ സീഷെൽസ്‌റുപ്പിയാണ്‌ ( മുപ്പത്തി അഞ്ച്‌ ഇന്ത്യൻ രൂപ) ചാർജ്. ആഫ്രിക്ക എന്ന് കേട്ടപ്പോൾ മനസ്സിൽ ഉണ്ടായിരുന്ന ഒരു ചിത്രമേ അല്ല അവിടെ ഇറങ്ങിയപ്പോൾ കാണാനായത്‌. ചുറ്റും പച്ചയിൽ പുതച്ച പുൽ മേടുകളും മല നിരകളും.. വെളുത്ത മണൽ നിറഞ്ഞ കടൽ തീരങ്ങൾ ഇളം തണുപ്പോട്‌ കൂടിയ കാറ്റും‌. കൂടാതെ നമ്മുടെ നാട്ടിൽ കാണുന്ന തേങ്ങ, കശുവണ്ടി, ബദാം , കറുവപ്പട്ട തുടങ്ങി എല്ലാം കൺ കുളിർമ്മ നൽകുന്ന കാഴ്ചകൾ.. പെട്ടെന്ന് കണ്ടാൽ വയനാട്ടിലോ മൂന്നാറിലോ ആണോ നാം ഇറങ്ങിയത്‌ എന്ന് കരുതിപ്പോവും.

വസ്ത്ര ധാരണം കൊണ്ടും ജീവിത ശൈലി കൊണ്ടും നമ്മളുമായി പുല ബന്ധം പോലുമില്ല എന്നത്‌ വേറെ കാര്യം. അൻപത്‌ വർഷം മുൻപ്‌ വരെ ബ്രിട്ടീഷുകാരുടെ അധീനതയിലായിരുന്ന രാജ്യം വസ്ത്ര ധാരണ രീതി കൊണ്ട് മൊഡേൺ രീതിയാണ്‌ പിൻ തുടരുന്നത്‌. മാത്രമല്ല എൺപത്‌ ശതമാനം പേർക്കും നന്നായി ഇംഗ്ലീഷ്‌ സംസാരിക്കാനറിയാം എന്നത്‌ ടൂറിസ്റ്റുകളെ കൂടുതൽ അവിടേക്ക്‌ ആകർഷിക്കുന്നു.

പ്രകൃതി കൊണ്ട്‌ നമ്മളുമായി സാമ്യമുണ്ടെങ്കിലും പരിസര വൃത്തി കൊണ്ട്‌ നമ്മളേക്കാൾ എത്രയോ മുകളിലാണ്‌ അവരുടെ സ്ഥാനം വഴി നീളെ വെയ്സ്റ്റ്‌ കുട്ടകൾ വച്ച്‌ കൃത്യമായി പരിചരിക്കാൻ അവർ ശ്രദ്ദിക്കുന്നുണ്ട്‌. ഇങ്ങനെയൊക്കെയാണെങ്കിലും ഒറ്റ ടോയിലറ്റിലും വെള്ളത്തിന്റെ പൈപ്പ്‌ ഇല്ലാത്തത്‌ കുറച്ചൊന്നും അല്ല ബുദ്ദിമുട്ടിയത്‌. എല്ലാ ബാത്‌ റൂമുകളിലും ടിഷ്യൂ കൃത്യമായി വച്ചിട്ടുണ്ട്‌. അത്‌ കൊണ്ട്‌ നമ്മുടെ കാര്യം നടക്കില്ലല്ലോ…

ബ്രിട്ടീഷുകാരുടെ ആധിപത്യത്തിലുള്ള സ്ഥലമായിരുന്നത്‌ കൊണ്ടായിരിക്കണം കറുത്തവരും വെളുത്തവരുമായ നാട്ടുകാരെ നമുക്ക്‌ കാണാൻ കഴിയും. മാത്രമല്ല ഫ്രഞ്ചുമായി വളരെ അടുപ്പം പുലർത്തുന്ന അവരുടെ ഭാഷയും തമ്മിൽ വളരെ സാദൃശ്യം ഉണ്ട്‌. മാത്രമല്ല സ്കൂളുകളിൽ മൂന്നാം വിഷയമായി ഫ്രഞ്ച്‌ കൂടി അവർ പഠിപ്പിക്കുന്നുണ്ട്‌. പ്രകൃതിയേയും ടൂറിസത്തേയും എത്രമാത്രം അവർ സംരക്ഷിക്കുന്നു എന്നതിനുദാഹരണമാണ്‌ അവിടുത്തെ കെട്ടിടങ്ങൾ. മൂന്ന് നിലയിൽ കൂടുതൽ കെട്ടിടങ്ങൾ ഉയർത്താൻ അവിടെ അനുമതിയില്ല. ഏറ്റവും കൂടുതൽ ഉയരമുള്ള കെട്ടിടം അവിടെ നാല്‌ നിലയാണ്‌ . അത്‌ തന്നെ അവിടുത്തെ പ്രധാന സിറ്റിയായ വിക്ടോറിയയിൽ മാത്രമേ നാല്‌ നിലക്കുള്ള അനുമതിയുള്ളൂ..

നൂറ്റി അഞ്ചോളം ചെറിയ ദ്വീപുകൾ ചേർന്നതാണ്‌ സീ ഷെൽ എന്ന രാജ്യം ഒരു ദ്വീപിൽ നിന്ന് മറ്റ്‌ ദ്വീപുകളിലേക്ക്‌ പോകാൻ ബോട്ട്‌ സൗകര്യവും ചിലതിലൊക്കെ വിമാന സൗകര്യവും ഉണ്ട്‌. വൈകുന്നേരമായാൽ ഒരു ചായ കുടിക്കാം എന്ന് വിചാരിച്ചാൽ നടക്കില്ല. അവിടെയുള്ള മിക്ക റസ്റ്റോറന്റുകളിലും ചായയോ കാപ്പിയോ ലഭ്യമല്ല. ലഭ്യമായ അപൂർവ്വം റസ്റ്റോറന്റുകളിൽ ഒരു ചായക്ക്‌ 100 ഇന്ത്യൻ രൂപയാണ്‌.

ചായ ഇല്ലെങ്കിലും ബിയറിനും ലിക്വറിനും ഒരു പഞ്ഞവുമില്ല. അവിടത്തെ നാട്ടുകാർ സ്വന്തം മീൻ പിടിച്ചും കൃഷി ചെയ്തും ഭക്ഷണം സ്വയം ഉണ്ടാക്കി കഴിക്കുന്ന ശീലമായതിനാൽ പുറമേ ലഭിക്കുന്ന ഭക്ഷണങ്ങളേല്ലാം വലിയ വില നൽകണം. വൈകിട്ട്‌ ഏഴ്‌ മണിയോടെ ഏർപ്പോർട്ടിലേക്ക്‌ തിരിച്ചെത്തുമ്പോൾ കഴിഞ്ഞ മണിക്കൂറുകൾ എനിക്ക്‌ നഷ്ടമായില്ല എന്ന സംതൃപ്തിയോടെ നാട്ടിലേക്ക്‌ വണ്ടി കയറി..

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.