കെഎസ്ആർടിസിയുടെ ഫാസ്റ്റ് പാസഞ്ചർ തൊട്ട് മുകളിലേക്കുള്ള മിക്ക സർവ്വീസുകളിലും ഇപ്പോൾ സീറ്റ് റിസർവേഷൻ സൗകര്യം ലഭ്യമാണ്. എന്നാൽ ഓർഡിനറി ബസ്സുകളിലും ഈ സൗകര്യം വന്നാലോ? സംഭവം സത്യമായിരിക്കുകയാണ്. കെഎസ്ആർടിസിയുടെ ഓർഡിനറി സർവ്വീസുകളിലെ സ്ഥിരം യാത്രക്കാർക്ക് വേണ്ടി ഇനി മുതൽ സീറ്റ് റിസർവേഷൻ സൗകര്യം ഒരുക്കുന്നു. ഇതിനായി ബസിൽ വെച്ച് തന്നെ 5 രൂപ വിലയുള്ള കൂപ്പൻ ടിക്കറ്റുകൾ കണ്ടക്ടർമാർ യാത്രാക്കാർക്ക് നൽകും.

ഓർഡിനറി സർവ്വീസുകളിൽ യാത്ര ചെയ്യുന്ന മുതിർന്ന പൗരൻമാർ, വനിതകൾ, ഭിന്നശേഷിക്കാർ ഉൾപ്പെടെയുള്ളവർക്ക് രാവിലെയുള്ള യാത്രകളിൽ സീറ്റുകൾ ലഭിക്കുമെങ്കിലും വൈകുന്നേരമുള്ള മടക്ക യാത്രയിൽ സീറ്റു ലഭിക്കാറില്ല എന്ന വ്യാപക പരാതിയെ തുടർന്നാണ് നടപടി. രാവിലെയുള്ള ട്രിപ്പുകളിൽ യാത്ര ചെയ്യുന്നവർ വൈകുന്നേരങ്ങളിൽ തിരിച്ചുള്ള ബസുകളിൽ സീറ്റുകൾ ഉറപ്പാക്കുന്നതിന് വേണ്ടി രാവിലെ തന്നെ കണ്ടക്ടർമാരിൽ നിന്നും കൂപ്പണുകൾ വാങ്ങാവുന്നതാണ്.

എന്നാൽ ഒരു ദിവസം ഒരു ബസിൽ 30 ൽ കൂടുതൽ കൂപ്പണുകൾ നൽകില്ല. ശേഷിക്കുന്ന സീറ്റുകൾ റിസർവേഷൻ കൂപ്പണില്ലാത്ത യാത്രക്കാർക്കായി മാറ്റിവെക്കും. വൈകുന്നേരത്തെ മടക്ക യാത്രയിൽ റിസർവേഷൻ കൂപ്പണുള്ള യാത്രക്കാർക്ക് ബസിൽ കയറുന്നതിനുള്ള മുൻ​ഗണന കണ്ടക്ടർമാർ തന്നെ ഉറപ്പാക്കും. ഒരേ ബസിലെ മുഴുവൻ സീറ്റുകളും മുൻ​ഗണനാ കൂപ്പൻപ്രകാരം യാത്രാക്കർ ആവശ്യപ്പെട്ടാൽ ആ ഷെഡ്യൂഡിൽ അതേ റൂട്ടിൽ പകരം മറ്റൊരു ബസ് കൂടി സർവ്വീസ് നടത്തും. ഇതിനായി യൂണിറ്റ് ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

മുൻ​ഗണന കൂപ്പണുകളിൽ തീയതി, സീറ്റ് നമ്പർ, പുറപ്പെടുന്ന സമയം, ബസ് പുറപ്പെടുന്ന സ്ഥലം എന്നിവ ഉൾപ്പെടെ രേഖപ്പെടുത്തിയിക്കും. സ്ഥിരം യാത്രാക്കാർക്ക് സീറ്റുകൾ ഉറപ്പ് വരുത്തി കൂടുതൽ സ്ഥിരം യാത്രക്കാരെ കെഎസ്ആർടിസി സർവ്വീസുകളിലേക്ക് ആകർഷിക്കുന്നതിന് വേണ്ടിയാണ് ഇത്തരം ഒരു പദ്ധതി നടപ്പിലാക്കുന്നതെന്ന് ബഹു:സി എം ഡി ശ്രീ.ബിജുപ്രഭാകർ ഐഎഎസ് അറിയിച്ചു.

എന്നാൽ ഈ രീതി ഗുണത്തേക്കാളേറെ ദോഷകരമാകുവാനാണ് സാധ്യതയെന്നും സോഷ്യൽ മീഡിയയിൽ പരക്കെ വിലയിരുത്തപ്പെടുന്നുണ്ട്. കാരണം തിരക്കുള്ള റൂട്ടുകളിൽ കണ്ടക്ടർമാർക്ക് ഇതൊക്കെ കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കാതെ ആണ് ഇത്തരം പരിഷ്ക്കാരം പ്രയോഗത്തിൽ വരുത്താൻ ഉദ്ദേശിക്കുന്നത്. പദ്ധതിയുടെ ഉദ്ദേശം ഗുണകരമാണ് എങ്കിലും പ്രയോഗത്തിൽ വരുത്താൻ കണ്ടക്ടർമാർ തന്നെ നന്നായി പാടുപെടണം.

ഒരു സ്ഥലത്ത് നിന്നും കയറുന്ന യാത്രക്കാർ അവരിരിക്കുന്ന സീറ്റിൽ റിസർവ്വ് ചെയ്ത യാത്രക്കാരൻ വരുമ്പോൾ മാറികൊടുക്കേണ്ടി വരും. എന്നാൽ ഇതിനെച്ചൊല്ലി തർക്കങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. തിരക്കുള്ള ഓർഡിനറി ബസ്സിൽ റിസേർവ് ചെയ്ത യാത്രക്കാരനെ പ്രതീക്ഷിച്ചു കാത്തിരിക്കണോ അതോ കിട്ടുന്ന യാത്രക്കാരനെ കയറ്റി സർവീസ് നടത്തണോ? എന്നാണ് ആളുകൾ ചോദിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.