വിവരണം – Muhammed Rashid OK.
യാത്രകളിൽ വ്യത്യസ്ത വഴികളും അനുഭൂതികളും അതിസാഹസികതകളും ഇഷ്ടപ്പെടുന്നുവെങ്കിൽ നിങ്ങളെയും കാത്തിരിക്കുകയാണ് തമിഴ്നാട് കോട്ടക്കലിലെ ചെങ്കോട്ടമല (Sengottaraayar Malai). കഴിഞ്ഞ സന്ധ്യയിൽ ആരോരുമില്ലാതെ ഞങ്ങളും ചെങ്കോട്ടമലയും കിന്നാരം പറഞ്ഞും കിനാക്കൾ കണ്ടും കൂട്ടുകൂടിയതിന്റെ അനുഭൂതികൾ ഞാൻ ഇതെഴുതുമ്പോഴും മനസ്സിൽ നിറഞ്ഞുനിൽക്കുന്നു.
സഞ്ചാരികളിൽ സാഹസികതകൾ ഇഷ്ടപ്പെടുന്നവരാണ് ‘മുള്ളി’ വഴി യാത്ര ചെയ്യാറുള്ളത്. അവിടെ നിന്നും അതിസാഹസികതക്കു ശ്രമിച്ചപ്പോൾ ഞങ്ങളെ തേടിയെത്തിയത് 360 ഡിഗ്രിയിൽ കൂറ്റൻ മലനിരകൾക്കിടയിൽ ഒരു രാഞ്ജിയായി എഴുന്ന് നിൽക്കുന്ന മലയാളികൾക്ക് അധികം പരിചിതമില്ലാത്ത അതിസുന്ദരിയായ ചെങ്കോട്ട മുനമ്പിലെ നയനഹാരിയായ കാഴ്ചകളാണ്. നാലു ഭാഗവും ചെങ്കുത്തായ മലനിരകൾ ചെങ്കോട്ടയുടെ ഉയരവും സൗകുമാരികതയും കണ്ട് പഞ്ചപുച്ഛമടക്കി നിൽക്കുന്നതായി കാണാം. അതിനാൽ ശാന്തത തേടി അണയുന്ന സഞ്ചാരികളുടെ കാഴ്ചകൾക്ക് ഒരു മലനിരയും ഇവിടെ അതിരുകൾ കെട്ടുന്നില്ല.
നമ്മുടെ മുന്നിൽ കാണുന്ന മലനിരകളുടെ അപ്പുറത്തുള്ള വിശാലമായി പരന്നു കിടക്കുന്ന പ്രദേശങ്ങളുടെ അതിർത്തിയിൽ ഉയർന്നു നിൽക്കുന്ന കൂറ്റൻ മലനിരകൾക്കുമപ്പുറത്ത് അതിവിശാലമായ ജനവാസപ്രദേശങ്ങൾ വരേ പരന്നുകിടക്കുന്ന അത്യപൂർവ ചിത്രമാണ് ചെങ്കോട്ട നമുക്കായി ഒരുക്കിയിട്ടുള്ളത്. കണ്ണെത്താദൂരം എന്ന പ്രയോഗം അന്വർത്ഥമാക്കുന്ന കാഴ്ചകൾ, കടലിനെ മാത്രമല്ല കണ്ണെത്താദൂരം കരകളെയും കാണാമെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞ നിമിഷങ്ങൾ, പുഴകളും മേടുകളും ചുരങ്ങളും പട്ടണങ്ങളും കോൾനിലങ്ങളും ഒറ്റ ദൃശ്യത്തിൽ
ഉൾചേർന്നു കിടക്കുന്നു. പാലക്കാടും വാളയാറുമെല്ലാം അതിവിദൂരത്തു നിന്നുള്ള ഈ വിഹഗ വീക്ഷണത്തിൽ കാണാം.
ഈ മുനമ്പിലേക്കുള്ള ട്രക്കിങ് അനുഭവമാണ് മറ്റൊരു സവിശേഷത. വെറും രണ്ട് കിലോമീറ്റർ ട്രക്കിങ് കൊണ്ട് ഇത്രയും ഉച്ചിയിൽ എത്തുന്ന ഇടങ്ങൾ നന്നേ കുറവ്. മുനമ്പിലേക്ക് എത്തുന്നത് വരെ ഇത്രയും ഉയരങ്ങളിലാണ് നാമിരിക്കുന്നതെന്ന് നമുക്ക് അനുഭവപ്പെടുകയേ ഇല്ല. കാരണം സാധാരണയുള്ള മേടുകളിൽ നിന്നും പാറ കെട്ടുകളിൽ നിന്നും ഭിന്നമായി ഇവിടെ ട്രക്കിങ് വഴിയുടെ 90 ശതമാനവും കോടനിറഞ്ഞ വശ്യതയോടെ അണിഞ്ഞൊരുങ്ങി നിൽക്കുന്ന തേയിലത്തോപ്പുകളാണ്. ശേഷം വെറും 50 മീറ്റർ പാറകൾക്കിടയിലൂടെ മേടുകൾ കയറിയാൽ നിങ്ങളെ സ്ഥബ്ധരാക്കിയുള്ള മനം മഴക്കുന്ന കാഴ്ച്ചകൾ കൺകളിൽ നിറഞ്ഞു തുടങ്ങും. ഇങ്ങനെ നമ്മെ ആശ്ചര്യത്തിൽ കുത്തിനിർത്തി വിസ്മയിപ്പിക്കാൻ ഒരുങ്ങി നിൽക്കുകയാണ് ചെങ്കോട്ട. ട്രക്കിങ്ങിനിടയിൽ കാട്ടുപോത്തിനെയും കാട്ടുകോഴികളെഴും കാണാൻ കഴിഞ്ഞു. വഴിയിടങ്ങളിൽ അടുപ്പുകൂട്ടി ഭക്ഷണം പാകം ചെയ്തതിന്റെ അടയാളങ്ങളും കണ്ടു.
റൂട്ട് തേടിയുള്ള നവ്യാനുഭവങ്ങൾ – ഇരുപത് കിലോമീറ്റർ ഊടുവഴികളിലൂടെ യാത്ര ചെയ്തു രണ്ട് കിലോമീറ്റർ ട്രെക്കിങ്ങും നടത്തി. ഒരു വഴിയടയാളം പോലുമില്ലാത്ത ഈ തുമ്പത്തേക്ക് പ്രതിസന്ധികൾക്കിടയിലും നാഥൻ ഞങ്ങളെ എത്തിച്ചത് അടങ്ങാത്ത ആഗ്രഹം കൊണ്ട് മാത്രമായിരുന്നു. മുള്ളിയും മഞ്ചൂരും സമ്മാനിച്ച ഓഫ് റോഡ്, ചുരം അനുഭവങ്ങൾക്ക് ശേഷം മുന്നിലുള്ള സ്പോട്ടായ ഊട്ടിയിലേക്ക് സാധാരണ സഞ്ചാരികളിൽ ഒരുത്തരായി ചെന്നു കയറാൻ ഞങ്ങൾക്ക് ആഗ്രഹം ഇല്ലായിരുന്നു. അങ്ങനെയാണ് ഗൂഗിൾ മാപ്പിൽ ചാംരാജ് ടീ ഫാക്ടറിയുടെ മുന്നിൽ ഫോട്ടോ പിടുത്തത്തിന് ഇരുന്നനേരം അടുത്ത് കാണുന്ന ടൂറിസ്റ്റ് പ്ലൈസുകൾ ചികയുന്നത്.
വരുന്ന അങ്ങാടിയിലെ ജംഗഷനിൽ (കൈകട്ടി) നിന്നും വിവിധ ദിശകളിൽ തിരിഞ്ഞാൽ രണ്ടു സ്പോട്ടുകൾ ഉണ്ടെന്ന് കണ്ടു. ഒന്ന് പ്രസിദ്ധമായ അവലാഞ്ചേലേക്ക്, രണ്ടാമത് ചെങ്കോട്ട. ഒറ്റനോട്ടത്തിൽ ഇല്ലിക്കൽ കല്ലാണെന്ന് തോന്നിപ്പിക്കുന്ന ഇടം. കിടിലൻ പിക്കുകൾ കണ്ടതോടെ ഉയരങ്ങളെ സ്നേഹിക്കുന്ന ഞങ്ങൾ ചെങ്കോട്ടയെ ലക്ഷ്യമാക്കി വളയം തിരിച്ചു. കഷ്ടിച്ച് കാറിനു കടന്നു പോകാൻ മാത്രം വീതിയിലുള്ള റബ്ബറൈസ്ഡ് പാത. ഇരുവശത്തും വെട്ടിവെടിപ്പാക്കിയ തേയിലത്തോപ്പുകളുടെയും നിരന്നുനിൽക്കുന്ന പാടികളുടെയും സ്വച്ഛന്ദതയിൽ റൂട്ട് മാപ്പിലെ നിർദ്ദേശമനുസരിച്ച് ഇരുപത് കിലോമീറ്റർ ചുരം ഇറങ്ങി ആവേശത്തോടെ ഓടിച്ചു ലക്ഷ്യകേന്ദ്രത്തിലെത്തിയ ഞങ്ങളെ എതിരേറ്റത് ചെങ്കോട്ടയുടെ താഴ്വാരമായിരുന്നില്ല, മറിച്ച് ഒരു സ്വകാര്യതേയില ഫാക്ടറിയും അതിന്റെ ഓഫീസുമായിരുന്നു. ഈ പാത അവസാനിക്കുന്നതും ഇവിടെ തന്നെയാണ്.
മുന്നിലുള്ള ഓഫീസിൽ കയറി കാര്യം തിരക്കിയപ്പോളാണ് ഞങ്ങൾക്ക് പിണഞ്ഞ അമളി വെളിവായത്. യഥാർത്ഥ വഴി അഞ്ചു കിലോമീറ്റർ മുകളിലുള്ള കൊളകൊമ്പയിൽ നിന്നും വലത്തോട്ടു തിരിഞ്ഞു സഞ്ചരിച്ചാലെത്തുന്ന കോട്ടക്കൽ പ്രദേശത്താണത്രെ. വഴിയാത്രികരിൽ നിന്നും തൃപ്തികരമായ മറുപടികൾ ലഭിക്കാത്തതിനാൽ തന്നെ ഗൂഗ്ലിനോടുള്ള അരിശം അല്പം കുറഞ്ഞു. ഞങ്ങൾ എത്തിനിൽക്കുന്ന ഈ പാതയുടെ അവസാനഭാഗങ്ങൾ പൂർണമായും ഓഫ് റോഡുകളാണ്. വഴിയാത്രക്കാരോട് മാത്രം ചോദിച്ചു തിരിച്ചു കയറി കോട്ടക്കലിലെത്തി.
ആ സമയത്ത് ഗൂഗിൾ മാപ്പ് പരിശോധിച്ചപ്പോൾ ബസ് സർവീസൊക്കെയുള്ള ഈ പ്രധാന വഴി അടയാളപ്പെടുത്തിയിട്ടു പോലുമില്ല. എന്നാൽ അടയാളപ്പെടുത്തിയ വഴികളൊക്കെ സ്വകാര്യ ഉടമകളുടെ തൊട്ടങ്ങളിലൂടെയുള്ള വഴികളായിരുന്നു. കോട്ടക്കൽ എന്നത് ടീ ഫാക്ടറികൾ സ്ഥിതി ചെയ്യുന്ന ഒരിടമാണ്. ദുനിയാവിന്റെ ഒരറ്റമെന്നു പറയാം. ആളും ആരവങ്ങളുമില്ലാത്ത ചെറിയൊരു ബസ് സ്റ്റാൻഡ് ഒഴിച്ചാൽ ഒരു കട പോലുമില്ല. ഈ പ്രതിസന്ധികൾക്കിടയിലും മനസ്സിൽ തെളിഞ്ഞു കണ്ടിരുന്നത് ചെങ്കോട്ടയുടെ ഉച്ചിയിൽ ഞങ്ങൾ വിജയശ്രീലാളിതരായി എഴുന്ന് നിൽക്കുന്ന ചിത്രങ്ങളായിരുന്നു.
അങ്ങനെയാണ് തേടിയ വള്ളി കാലിൽ ചുറ്റിയെന്ന പോലെ ഈ സംഘർഷങ്ങൾക്കിടയിൽ വഴിയരികിലൂടെ നടന്നുനീങ്ങുന്ന ഒരു യുവാവിനെ കാണുന്നത്. മലയാളിയാണെന്നറിഞ്ഞപ്പോൾ അതിയായ സന്തോഷം. പുള്ളിക്ക് ഇവിടം കുടുംബം ഉണ്ട്. ഞങ്ങൾ ചെങ്കോട്ട മല കാണാൻ വന്നതാണെന്ന് പറഞ്ഞപ്പോൾ ആശ്ചര്യം. ഇവിടെ മലയാളികളൊന്നും എത്തിപ്പെടാറില്ലെന്നും നിങ്ങൾ എങ്ങനെ എത്തിയെന്നുമെന്നതായി അടുത്ത ചോദ്യം. ശേഷം വഴി പറഞ്ഞു തന്നു, “നേരെ പോയാൽ ഈ റോഡ് ഒരു ചെറിയ ക്രിസ്ത്യൻ പള്ളിക്കു മുമ്പിൽ അവസാനിക്കും. അതിന്റെ വലതു വശത്തിലൂടെയുള്ള മൺപാതയിലൂടെ രണ്ട് കിലോമീറ്റർ ട്രക്കിങുണ്ട്.” വഴി തെറ്റാൻ സാധ്യതയുണ്ട്, അവിടെയുള്ള തോട്ടംതൊഴിലാളികളോട് ചോദിച്ചു പോകണമെന്ന നിർദേശവും തന്നു. കിടു സ്പോട്ടാണെന്നും സ്റ്റിൽ എടുക്കാൻ പറ്റിയ ഇടമാണെന്നുമുള്ള പിന്തുണ കൂടി ലഭിച്ചതോടെ ഹർഷോന്മാദത്തോടെ ചെങ്കോട്ടയെ പുണരാനുള്ള യാത്ര തുടർന്നു.
റൂട്ട് മാപ്പ് : 1. മുള്ളി – മഞ്ചൂർ – മേളൂർ – കോട്ടക്കൽ. യഥാർത്ഥ വഴി ഇതാണ്, ഞങ്ങൾ തിരിച്ചു പോന്നത് ഇതു വഴിയാണ്. ഒന്നു കൂടി പ്രകൃതിരമണീയത ആസ്വദിക്കാൻ കഴിയുന്ന റൂട്ട് ചെങ്കോട്ടയിലേക്ക് പോകുന്ന സമയത്ത് ഈ വഴിയിൽ കടന്നിരുന്നുവെങ്കിലും ഇടക്ക് വെച്ച് ഗൂഗിളിൽ വഴി അപ്രതക്ഷമായതിനാൽ തിരിച്ചു ഊട്ടി റോഡിൽ എത്തി കൈകട്ടി ജംഗഷനിൽ പോയി കൊള കൊമ്പ വഴി യാത്ര തുടർന്നു. ശ്രദ്ധിക്കുക ഈ വഴി ആരംഭിക്കുന്നത് കൊളകൊമ്പയിലേക്ക് ജംഗഷനുള്ള അങ്ങാടിയുടെ തൊട്ട്മുമ്പ് വലതുവശത്തിലൂടെ താഴോട്ടുപോകുന്ന പാതയിലൂടെയാണ്.
റൂട്ട് 2. മുള്ളി – മഞ്ചൂർ – കൈകട്ടി ജംഗഷൻ – ഹരുഗുച്ചി റോഡ് – കോളകൊമ്പ – കോട്ടക്കൽ (വഴി തെറ്റിയ അനുഭവങ്ങൾ സമ്മാനിച്ച റൂട്ട്) : ജീവിതത്തിന്റെ സംഘർഷങ്ങളിൽ നിന്നും ശാന്തതയുടെ തുരുത്തുകൾ തേടുന്നവർ ഈ മുനമ്പിലെത്തേണ്ടതു തന്നെയാണ്. വഴി തെറ്റാനുള്ള സാധ്യതകൾ കൂടുതലാണ്. ചോദിച്ചു പോകുക.
ചെങ്കോട്ട മലയുടെ പരിസരങ്ങൾ മലിനമാക്കാതെ ശ്രദ്ധിക്കുമല്ലോ. ട്രക്കിങ് സ്നേഹികൾ പ്രകൃതി സ്നേഹികളാകാതിരുന്നാൽ ഭൂമിയുടെ സുന്ദരമായ കോണുകളും കൂടി മലിനമാക്കപ്പെടുന്ന ഭീകരദിനങ്ങൾ നാം കാണേണ്ടി വരും. അതിഗൗരവത്തോടെ ഈ വിഷയത്തെ സമീപിക്കുമെന്ന് കരുതുന്നു.
മീശപ്പുലിമലയും, പൊന്മുടിയും, രാമക്കൽമേടും, റാണിപുരവും കയറി മടുത്ത ട്രക്കിംഗ് സഹോദരങ്ങളെ ഇനി ഇതിലേ… ഇതിലേ… ചെങ്കോട്ടയിലേക്ക് ഇനി യാത്ര തിരിക്കുക. വാക്കുകൾക്ക് ആ ഓർമകളെ എഴുതി തീർക്കാൻ ക്ഷാമം അനുഭവപ്പെടുന്നു. ഇനി നേരിട്ട് അനുഭവിക്കാനുള്ള ഒരുക്കങ്ങളാകട്ടെ.