കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ദുബായിൽ നിന്നും വന്ന എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം റൺവേയിൽ നിന്നും തെന്നിമാറി 35 അടിയോളം താഴേക്ക് പതിക്കുകയും, നിലവിൽ 18 ഓളം ജീവനുകൾ പൊലിയുകയും ചെയ്തതിന്റെ ആഘാതത്തിലാണ് നമ്മളെല്ലാം.

ഈ വിമാനാപകടത്തിൽ മരണപ്പെട്ട കോഴിക്കോട് കുന്നമംഗലം പിലാശ്ശേരി സ്വദേശി ഷറഫു, യാത്രയ്ക് മുൻപ് വിമാനത്തിനുള്ളിൽ വെച്ച്, പിപിഇ കിറ്റ് അണിഞ്ഞ്, ഭാര്യയോടും മകളോടും ഒപ്പം അവസാനമായി പകർത്തിയ സെൽഫിയാണ് ഇപ്പോൾ നൊമ്പരമാവുന്നത്. ‘ബാക് ടു ഹോം’ എന്ന അടിക്കുറിപ്പോടെ വിമാനത്തിലിരിക്കുന്ന പടം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യുമ്പോൾ ഷറഫു കരുതിയിരിക്കില്ല, ഇത് അവസാനത്തെ യാത്രയാണെന്ന്.

ദുബായിയിലെ നാദക്കിൽ ജോലി ചെയ്തിരുന്ന ഷറഫു സാമൂഹിക രംഗത്തും, സോഷ്യൽ മീഡിയയിലും സജീവമായിരുന്നു. വിമാന അപകടമുണ്ടായ ഉടന്‍ തന്നെ ഷറഫുവിന്റെ യുഎഇയിലെ ബന്ധുക്കളും സുഹൃത്തുക്കളും ഞെട്ടലിലായിരുന്നു. മിക്കവരും നാട്ടിലേയ്ക്ക് വിളിച്ച് അപകട വിവരം ആരായുമ്പോഴും തങ്ങളുടെ പ്രിയ സുഹൃത്തിന് അപകടമൊന്നും പറ്റരുതേ എന്ന പ്രാര്‍ഥനയിലായിരുന്നു. എന്നാൽ ഏവരെയും ഞെട്ടിച്ചു കൊണ്ട് മരണപ്പെട്ടവരുടെ കൂട്ടത്തിൽ ഷറഫുവിൻ്റെ പേരും വന്നു.

ഷറഫുവിന്റെ സുഹൃത്ത് ഷാഫി പറക്കുളത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ – “എന്റെ കൂട്ടുകാരൻ ഷറഫു ഇന്നത്തെ ഫ്‌ലൈറ്റ് അപകടത്തിൽ മരണപ്പെട്ട വാർത്ത വളരെ വേദനയോടെയാണ് കേട്ടത്. നാട്ടിലേക്ക് പുറപ്പെടും മുമ്പ് യാത്ര പറയാൻ എന്റെ ഹോട്ടലിൽ വന്നിരുന്നു. എന്തോ എന്നത്തേക്കാളും ഇന്നൊരു പ്രത്യേക ടെൻഷൻ തോന്നുന്നു എന്നൊക്കെ പറഞ്ഞു കരഞ്ഞു. എന്തോ ഒരപകടം മുൻകൂട്ടി കണ്ടപോലെ.

പോകുന്ന സമയത് പാവപ്പെട്ടവർക്ക് ഭക്ഷണം കൊടുക്കണം എന്ന് പറഞ്ഞിട്ട് ഒരു സംഖ്യ എന്നെ ഏല്പിച്ചിട്ടാണ് അവൻ പോയത്. കൊറോണ സമയത്തും ഷറഫു പാവങ്ങൾക്ക് ഭക്ഷണം കൊടുക്കാൻ പൈസ ഏൽപ്പിച്ചിരുന്നു. ഒരു വലിയ പുണ്യം ചെയ്തിട്ടാണ് ഷറഫു യാത്രയായത്. അള്ളാഹു എന്റെ സുഹൃത്തിന്റെ സ്വദഖ സ്വീകരിക്കട്ടെ, അതിന്റെ പുണ്യം അള്ളാഹു അവന്റെ ഖബറിലേക്ക് എത്തിക്കട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ.”

മറ്റൊരു സുഹൃത്തായ അസീസ് പിലാശ്ശേരി പോസ്റ്റ് ചെയ്ത കുറിപ്പ് ഇങ്ങനെ – “ഞാൻ കണ്ടിരുന്നു ഷറഫുനിൻ്റെ Back to home പോസ്റ്റ്. എന്തോ എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. എങ്കിലും ഞാൻ ഒരു care ഇമോജി ഓർമ്മപെടുത്തിയിരുന്നു. കാരണം നിൻ്റെ കുഞ്ഞിൻ്റെ നിഷ്കളകമായ മുഖം ഞാൻ കണ്ടിരുന്നു. ഒരു ആശ്വസ തീരത്തേക്കുള്ള യാത്രയെ നിൻ്റെ കുടുംബത്തിൻ്റെ കണ്ണിൽ നിന്നും വായിക്കാൻ കഴിഞ്ഞിരുന്നു. ദുരന്തവാർത്ത ആദ്യ കേട്ടപ്പോൾ പ്രാർത്ഥിച്ചത് ലാൻ്റ് ചെയ്ത് ആളൊഴിഞ്ഞ വിമാനമാവട്ടെയെന്നാണ്. അവിടെ നിന്നും ദുരന്തത്തിൻ്റെ വ്യാപ്തി അറിയുംതോറും ഭയമായിരുന്നു. ഒരോ ആഗ്രഹങ്ങളും സ്വപ്നങ്ങളുമാണ് ആ വിമാനത്തിൽ ഉണ്ടായിരുന്നത്. ദുഃഖ വാർത്ത അറിഞ്ഞപ്പോൾ ഞാൻ ആദ്യം ഓർതത്തും നിൻ്റെ Back to home പോസ്റ്റാണ്. അതു മനസിൽ വെച്ചാണ് ഒരോ ഫോൺ കോളിനും മറുപടി നൽകിയത്. മ്ലാനതയാണ്… ആകെ ഒരു തരo മരവിപ്പ് ഒരോ വാർത്തയും തരുന്നത്.

അപകടത്തിൽ പരിക്കേറ്റ ഭാര്യ കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. പാസഞ്ചേഴ്സ് ലിസ്റ്റിൽ ഫാത്തിമ ഇസ(2), അമീന ഷെറിൻ (23) എന്നീ പേരുകളാണ് ഷറഫുവിന്റെ അടുത്ത് വരുന്നത്. വെള്ളിയാഴ്ച രാത്രി 7.40 നാണു കരിപ്പൂർ വിമാനത്താവളത്തിൽ റൺവേയിൽ നിന്ന് വിമാനം തെന്നിമാറി അപകടമുണ്ടായത്. ടേബിൾ ടോപ് റൺവേ ആയതിനാൽ വിമാനം നിയന്ത്രിക്കാൻ കഴിയാതെ പോയതാണ് അപകട കാരണമെന്നാണു പ്രാഥമിക നിഗമനം.

പാതി വഴിയിൽ വീട്ടിലേക്കുള്ള യാത്ര അവസാനിപ്പിക്കേണ്ടി വന്ന പ്രിയ സഹോദരങ്ങൾക്ക് അന്ത്യാഞ്ജലി. അപകടവുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് എയർപോർട്ടിൽ കൺട്രോൾ റൂം തുറന്നു ഫോൺ: 04832719493. ദുബായ് ഹെല്‍പ് ലൈന്‍ ദുബായിലെ ഇന്ത്യന്‍ എംബസി ഹെല്‍പ് ലൈന്‍ ആരംഭിച്ചു. 0565463903, 0543090572, 054309.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.