വിവരണം – Lerisa Selin.

ലണ്ടൻ എന്ന് കേൾക്കുമ്പോൾ ചെറുപ്പം മുതൽ എന്റെ മനസ്സിൽ തെളിയുന്ന ഒരു രൂപമുണ്ട്. ആറടി നീളമുള്ള മെലിഞ്ഞ ഒരു മനുഷ്യൻ, വളഞ്ഞു നീണ്ട മൂക്കും ചുണ്ടിൽ പുകയുന്ന പൈപ്പും, അതിങ്ങനെ വലിച്ചു വലിച്ചു നമ്മളെ എങ്ങനെ ചൂഴ്ന്നു നോക്കി സകല കാര്യങ്ങളും പറയുന്ന ഒരു മൈൻഡ് റീഡർ. ഒരു കൊലയാളിയ്ക്കും അദ്ദേഹത്തിന്റെ മുന്നിൽ നിൽക്കാനുള്ള ധൈര്യമുണ്ടാവില്ല. ആർക്കും ഒന്നും ഒളിപ്പിക്കാനും ആവില്ല. അത്രയ്ക്കു സമർത്ഥൻ. നമ്മുടെ എല്ലാവരുടെയും പ്രിയങ്കരനായ ഷെർലക് ഹോംസ് !

എട്ടാം ക്ലാസ്സിലെ വേനൽ അവധിക്കാലത്തും ആണ് ഞാൻ ആദ്യമായി ഷെർലക് ഹോംസ് കഥ വായിക്കുന്നത്. എവിടെന്നോ കണ്ട ഒരു പഴയ ലേബർ ഇന്ത്യ അശ്രദ്ധമായി മറിച്ചു നോക്കുന്നതിന്റെ ഇടയിൽ കണ്ട ഒരു കഥ. അതിന്നു മുന്നേ അതുപോലെ ഒരു കുറ്റാന്വേഷണ കഥ കേട്ടിട്ടുപോലുമില്ലാത്ത ഞാൻ അമ്മയോട് എനിക്ക് ഹോംസിന്റെ ലൈബ്രറി ബുക്ക്സ് കൊണ്ടുതരാൻ ആവശ്യപ്പെട്ടു. അവധികാലം ആയതുകൊണ്ട് യാതൊരു വിധ മടിയുമില്ലാതെ അമ്മ ഒരു കെട്ടുബുക്കും ആയിട്ടാണ് പിറ്റേ ദിവസം ഓഫീസിൽ നിന്ന് വന്നത്. ‘സമ്പൂർണ ഷെർലക് ഹോംസ് കഥകൾ.’

പുഴക്കരയിലെ വീട്ടിലെ പറമ്പിലൊക്കെ ഇരുന്നായിരുന്നു ഓരോ കഥകളും വായിച്ചു തീർത്തത്. ഓരോ പേജ് മറിക്കുമ്പോളും ഓരോ രംഗങ്ങളും ഇങ്ങനെ ഭാവനയിൽ കാണുമായിരുന്നു – സിനിമകളിൽ മാത്രം കണ്ടു പരിചയമുള്ള ലണ്ടൻ, അതും പത്തൊൻപതാം നൂറ്റാണ്ട്, ഹോംസിന്റെ കോട്ട്, തൊപ്പി, കുതിരവണ്ടി, പെട്രോ മാക്സ്, വീട്, ചാരുകസേര അദ്ദേഹത്തിന്റെ പ്രിയ സുഹൃത്ത് വാട്സൺ ഇവരെയൊക്കെ എന്റെ മനസ്സിൽ തോന്നിയപോലെയൊക്കെ വിചാരിച്ചു നല്ല രസത്തിലായിരുന്നു ഓരോ കഥകളും വായിച്ചു തീർത്തത്.

എന്റെ വീടിന്റെ മുന്നിൽ നിന്ന് പുഴയുടെ അക്കരെ അങ്ങ് ദൂരെ കാണുന്ന പഴയ ഒരു ബ്രിട്ടീഷ് ബംഗ്ലാവ് ഹോംസിന്റെ വീട് പോലെ ഉണ്ടല്ലോ എന്നുപോലും ചിന്തിച്ചു. അതുകാണാൻ വേണ്ടി ഒരിക്കൽ അച്ഛനെയും കൂടി ഇറങ്ങിപോയിട്ടുണ്ടായിരുന്നു ഈ ഞാൻ. അത്രയ്ക്കു വലിയ ആരാധിക ആയിരുന്നു.

കാലങ്ങൾ കടന്നുപോയി. 2017 ൽ ആദ്യമായി ഇംഗ്ലണ്ടിലേക്കു വരുമ്പോഴും എന്റെ മനസ്സിൽ ‘ഷെർലക് ഹോംസിന്റെ നാട് ‘ എന്ന ചിന്ത മാത്രമായിരുന്നു. ഞാൻ താമസിക്കുന്ന ചെസ്റ്റർ എന്ന സ്ഥലം ഇംഗ്ലണ്ടിലെ വടക്കു പടിഞ്ഞാറു ഭാഗത്താണ്, അതായതു ലണ്ടനിൽ നിന്ന് ഏകദേശം 218 മൈൽ ദൂരം. ട്രെയിനിൽ പോവുകയാണെങ്കിൽ രണ്ടു മൂന്നു മണിക്കൂറിനുള്ളിൽ ലണ്ടനിൽ എത്താം. ‘ഷെർലക് ഹോംസ് മ്യൂസിയം’ എന്ന ഒരു സംഭവം ഉണ്ടെന്നു ഇന്ത്യയിൽ നിന്നെ ഗൂഗിൾ ചെയ്തു മനസിലാക്കിയ ഞാൻ ഇംഗ്ലണ്ടിൽ കാലുകുത്തിയ ഉടനെ ലണ്ടനിൽ പോണമെന്നു പറയാൻ തുടങ്ങിയിരുന്നു.

അങ്ങനെ കാത്തിരുന്ന് കുറച്ചു മാസങ്ങൾക്കു ശേഷം ഒരു ശിശിര കാലത്താണ്, അതായതു ഒക്ടോബര് മാസമാണ് ഞങ്ങൾ ആദ്യമായി ലണ്ടൻ കാണാൻ പോവുന്നത്.
ലണ്ടൻ ഐ, മാഡം തൗസ്സഡ്സ് , ബക്കിങ്ഹാം പാലസ് ഇവയൊക്കെ ഉണ്ടായിരുന്നു എങ്കിലും എനിക്ക് എങ്ങനെയെങ്കിലും ബേക്കർ സ്ട്രീറ്റിൽ പോവണം എന്നെ ഉണ്ടായിരുന്നുള്ളു.

Madam Taussedes, London Eye കോംബോ ടിക്കറ്റ് ആയിരുന്നു എടുത്തത്. അതുകൊണ്ട് അതൊക്കെ ഒരേ ദിവസം കാണാം എന്ന് കരുതി. രണ്ടാമത്തെ ദിവസം ആയിരുന്നു ഹോംസ് മ്യൂസിയം കാണാൻ തിരഞ്ഞെടുത്തത്. സത്യത്തിൽ Madam Taussedes ഷെർലക് ഹോംസ് മ്യൂസിയം ഒരേ സ്റ്റേഷൻ ആയതിനാൽ രണ്ടും ഒരേ ദിവസം കാണുന്നതായിരുന്നു ഏറ്റവും നല്ലതു. ലണ്ടൻ Euston underground ട്രെയിൻ സ്റ്റേഷനിൽ നിന്ന് ഏകദേശം 12 മിനിറ്റ് മാത്രമേ ഉള്ളു മ്യൂസിയത്തിലേക്. ഇറങ്ങേണ്ട സ്റ്റോപ്പ് ‘baker street’ ആണ് .

ഷെർലക് ഹോംസ് മ്യൂസിയം കഥകളിൽ പറയുന്നതു പോലെ ഉണ്ടാക്കി എടുത്തതാണ്. സർ ആർതർ കോനൻ ഡോയൽ 1881 – 1904 കാലഘട്ടത്തിൽ ആയിരുന്നു ഹോംസ് സ്റ്റോറി എഴുതുന്നത്. ഒരുപക്ഷെ കഥാകാരനെക്കാൾ പ്രസിദ്ധി നേടിയ കഥാപാത്രം ലോകചരിത്രത്തിൽ ഹോംസ് ആവാനാണ് സാധ്യത. ഷെർലക് ഹോംസിനെ ബ്രിട്ടണിലൈ റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രി വിശിഷ്ടാംഗത്വം നൽകി ആദരിച്ചു എന്ന് കേൾക്കുമ്പോൾ തന്നെ ഡോയലിന്റെ ഈ അപസർപ്പകനായ കഥാപാത്രം ലോകജനതയെ എത്ര മാത്രം സ്വാധീനിച്ചിരുന്നു എന്ന് മനസിലാക്കാം.

ഹോംസ് കഥകളിൽ വിവരിച്ചതെല്ലാം കോർത്തിണക്കി നിർമിച്ച ഒരു ജോർജിയൻ ടൌൺ ഹൌസ് ആണ് ഈ മ്യൂസിയം. കോനൻ ഡോയൽ തന്റെ ഭാവനയിൽ സൃഷ്ടിച്ച കഥാപാത്രങ്ങളും കഥകളിൽ പറഞ്ഞിട്ടുള്ള അതെ വീട്ടുപകരണങ്ങളും , ഹോംസിന്റെ തോക്കുകൾ, പുകവലിക്കുന്ന പൈപ്പ്, ഫെല്ട് കൊണ്ടുണ്ടാക്കിയ തൊപ്പികൾ, ഭൂതക്കണ്ണാടി, വയലിൻ അതുപോലെ പല കേസുകളും തെളിയിക്കാൻ ഹോംസ് ഉപയോഗിച്ച രാസപഥാർത്ഥങ്ങൾ, എന്തിനു ബ്രേക്ക് ഫാസ്റ്റ് ടേബിൾ വരെ റെഡി ആക്കി സന്ദർശകരെ ആകർഷിക്കാൻ ഒരുക്കി വച്ചിട്ടുണ്ട്.

മൂന്നു നിലകളിൽ ആയാണ് ഇതു പണിതിരിക്കുന്നത്. ഏറ്റവും മുകൾ നിലയിൽ ഹോംസ് കഥകളിലെ കഥാപാത്രങ്ങളുടെ മെഴുകു പ്രതിമകൾ ആണ് ഉള്ളത്. ഷെർലക് ഹോംസിന്റെ ഏറ്റവും വലിയ ശത്രു ആയ പ്രൊഫസർ മൊരിയാർട്ടിയെ ഒരു ക്രൂര മുഖത്തിൽ തന്നെ കൊത്തിവച്ചിട്ടുണ്ട്. ഇവരൊക്കെ വെറും സാങ്കൽപ്പിക കഥാപാത്രങ്ങൾ ആണല്ലോ എന്ന് വിശ്വസിക്കാൻ എനിക്ക് ഇപ്പോളും പ്രയാസമാണ് .

സന്ദർശകർക്ക് അവിടെ ചെന്നാൽ മാത്രമേ ടിക്കറ്റ് കിട്ടുകയുള്ളു. ഓണ്ലൈനിൽ എടുക്കാൻ സാധ്യമല്ല. 15 പൗണ്ട് ആണ് ടിക്കറ്റ് നിരക്ക്. 16 വയസ്സിൽ താഴെ ഉള്ള കുട്ടികൾക്ക് 10 പൗണ്ട് ആണ്. മ്യൂസിയത്തിന്റെ തൊട്ടടുത്തുള്ള ഗിഫ്റ് ഷോപ്പിൽ നിന്ന് ടിക്കറ്റ് വാങ്ങുവാൻ കഴിയും മാത്രമല്ല ഹോംസ് കഥകളുമായി ബന്ധമുള്ള പലതരത്തിലുള്ള സ്മാരകങ്ങളും കൗതുക വസ്തുക്കളും ആവശ്യമുള്ളവർക്ക് അവിടെ നിന്ന് വാങ്ങിക്കാം.  മ്യൂസിയം എല്ലാ ദിവസവും രാവിലെ 9.30 മുതൽ വൈകിട്ട് 6 മണി വരെ പ്രവർത്തിക്കുന്നതാണ്.

എല്ലാവരുടെയും താൽപര്യത്തിൽ ഉള്ള ആകർഷണീയത ഇല്ലാത്തത് കൊണ്ടോ എന്തോ ഞങ്ങൾ പോയ ദിവസം അത്ര തിരക്ക് കണ്ടില്ല. എന്നാൽ എന്നെപ്പോലെയുള്ള ഹോംസ് ആരാധകർ ലോകമെമ്പാടും ഉള്ളതുകൊണ്ട് തിരക്ക് ഒട്ടും ഇല്ലാതെയുമില്ല. ഇത് എല്ലാവര്ക്കും ഇഷ്ടപ്പെടണം എന്നില്ല. എന്നാൽ ഷെർലക് ഹോംസിനെയും വാട്സനെയുമൊക്കെ ഇഷ്ടമുള്ള എന്നെപോലുള്ളവർക്ക് കഥകളിൽ വായിച്ചറിഞ്ഞ ഒരു ലോകം കണ്ണുകൊണ്ടു കണ്ട അനുഭവം ആയിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.