സിഗിരിയ – ഒരു ശ്രീലങ്കന്‍ യാത്രാ വിശേഷം

Total
0
Shares

വിവരണം – വർഷ വിശ്വനാഥ്.

ലങ്ക എന്ന രാവണന്റെ സ്വര്‍ണ നഗരി, ആഢ്യനായ കുബേരന്റെ ധനിക സാമ്രാജ്യം, മലയാളികള്‍ ജോലി തേടി പോയിരുന്ന സിലോണ്‍ എന്ന “പഴയ ഗള്‍ഫ്” തുടങ്ങിയ വിശേഷണങ്ങള്‍ കൊണ്ട് സമ്പന്നമായ ഇന്നത്തെ ശ്രീലങ്കയിലേക്കൊരു യാത്ര.

തലസ്ഥാന നഗരിയായ കൊളമ്പോ, ബുദ്ധദേവന്റെ ദന്തം സ്ഥിതി ചെയ്യുന്ന കാന്‍ഡി എന്ന പഴയ തല സ്ഥാനം, പിന്നവാല ആന സങ്കേതം, പ്രസിദ്ധമായ സിലോണ്‍ ചായയുടെ ഉറവിടമായ നുവാര ഈലിയ, ചരിത്രവും പഴയ സംസ്കാരവും ഉറങ്ങുന്ന സിഗിരിയ, അനുരാധപുര, എല്ല റോക്ക് ട്രെക്കിങ്ങ്, ഗാല്ല എന്ന കോട്ട നഗരി, സീതാദേവി ഇരുന്ന പൂങ്കാവനവും ഹനുമാന്‍ തീ കൊളുത്തി ഓടിയ ഇടവും രാവണ ഗുഹയുമൊക്കെ ഉള്ള രാമായണകഥായാത്ര സ്ഥലങ്ങള്‍, പിന്നെ മനോഹരമായ അനേകം ബീച്ചുകള്‍ – എന്നിവയാണ് പ്രധാനമായും സഞ്ചാരികളെ ആകര്‍ഷിക്കുന്ന സ്ഥലങ്ങള്‍ .

ട്രെക്കിങ്ങ്, ഹൈക്കിങ്ങ്, കഥകള്‍ പറയുന്ന സ്ഥലങ്ങള്‍ എന്നിവ ഒരേ പോലെ ഇഷ്ടപ്പെടുന്ന ആളായതുകൊണ്ട് എന്റെ ഈ എഴുത്ത് സിഗിരിയയെ കുറിച്ചാണ്‌. ഈ യാത്രയില്‍ ഏറ്റവു കുറവു ഇന്ത്യാക്കാരെ കണ്ടതും ഈ പ്രദേശത്തു തന്നെ. സിഗിരിയ റോക്ക് – ആയിരത്തിലേറെ പടികള്‍ കേറി മുകളിലെത്താം. കൊളമ്പോയില്‍ നിന്നു ഏതാണ്ട് 170 കി.മി അകലെയുള്ള സിഗിരിയ എന്ന സ്ഥലത്തേക്ക് 4 മണിക്കൂര്‍ കാര്‍ യാത്ര കൊണ്ട് എത്തിച്ചേരാം.

സിഗിരിയയില്‍ എത്തിയപ്പോള്‍ തന്നെ ഹോട്ടല്‍ അധികൃതര്‍ സിലോണ്‍ ചായയുമായി വരവേറ്റു. പാല്‍ ചായയല്ല. കട്ടന്‍. കൂടെ ഒരു കഷ്ണം ശര്‍ക്കരയുമുണ്ട്. പണ്ട് ഈ വിധമുള്ള ചായ കുടിക്കല്‍ നമ്മുടെ നാട്ടിലും പതിവുണ്ടായിരുന്നു എന്നു കേട്ടിട്ടുണ്ട്. എന്നാല്‍ ഞാന്‍ ഈ രീതി കാണുന്നതും ഇതു പോലെ ചായ കുടിക്കുന്നതും ആദ്യമായാണ്‌. ശര്‍ക്കര കടിച്ചു ചൂടു കട്ടന്‍ മോന്തി ഞാന്‍ ചുറ്റും നോക്കി. പ്രകൃതിയെ അധികം വേദനിപ്പിക്കാതെ ഒരു ഗ്രാമത്തിന്റെ മാതൃകയില്‍ ഉണ്ടാക്കിയതാണ്‌ ഞാന്‍ താമസിച്ച ഹോട്ടല്‍. ഒരു വശത്ത് സിഗിരിയ പാറ തല ഉയര്‍ത്തി നില്‍ക്കുന്നത് കാണാം.

സിഗിരിയ റോക്ക് – പുരാതന പട്ടണമായ സിഗിരിയ 1982 തൊട്ട്‌ യുണെസ്കൊ (UNESCO) വിന്റെ ലോക സംസ്കാര – പൈതൃക ആസ്ഥാനങ്ങളിലൊന്നാണ്‌. സിഗിരിയ എന്നു വിളിക്കുന്ന ഈ സ്ഥലത്ത് ഉയര്‍ന്നു നില്‍ക്കുന്ന ഒരു പാറയുണ്ട്. 200 മീറ്ററിലേറെ ഉയരത്തിലുള്ള ഈ പാറയ്ക്ക് ശ്രീലങ്കന്‍ ചരിത്രത്തില്‍ നല്ലൊരു സ്ഥാനമുണ്ട്. ഇവിടെ ചരിത്രം ഉണര്‍ന്നു തന്നെ ഇരിക്കുന്നു എന്നു വേണം പറയാന്‍.

ബി.സി. 3-ആം ആണ്ടില്‍ സിഗിരിയ പാറയില്‍ സന്യാസി മഠമായിരുന്നത്രെ ഉണ്ടായിരുന്നത്. പാലി ഭാഷയിലുള്ള “മഹാവംശ” എന്ന ചരിത്രാഖ്യായികയില്‍ ശ്രീലങ്ക ഭരിച്ചിരുന്ന രാജാക്കന്‍മാരെ പറ്റിയും ഈ സിഗിരിയ നഗരത്തെ കുറിച്ചും പരാമര്‍ശിച്ചിട്ടുണ്ട്. അതിന്‍ പ്രകാരം എ.ഡി. 477 തൊട്ടു 495 വരെ കാശ്യപ രാജാവ് സിഗിരിയയില്‍ ഈ വലിയ പാറയുടെ മുകളില്‍ ഒരു കൊട്ടാരം കെട്ടി ഭരിച്ചിരുന്നു.

ഈയൊരു കൊട്ടാരത്തിന്റെ അവശിഷ്ടങ്ങളും ശ്രിലങ്കന്‍ ചിത്രകലയുടെ ശ്രേയസ്സു വിളിച്ചോതുന നൂറ്റാണ്ടുകളോളം പല പല ഋതുക്കളെ അതിജീവിച്ച ചുമര്‍ചിത്രങ്ങളും, പിന്നെ ആ കോട്ടക്കു ചുറ്റും നിര്‍മിച്ചിരിക്കുന്ന പൂന്തോട്ടവും അതിലെ ആധുനിക സാങ്കേതിക വിദ്യകളെ പോലും വെല്ലുവിളിക്കാന്‍ പര്യാപ്തമായ ജലസേചന രീതിയും, കാശ്യപ രാജാവിനെ കുറിച്ചുള്ള അനേകം കഥകളും അതിലേറെ ബഡായികളും ഇവിടത്തെ ആകര്‍ഷണങ്ങളാണ്‌. എങ്കിലും ഇവിടേക്ക് സാഹസികരായ ആളുകളെ ആകര്‍ഷിക്കുന്ന മറ്റൊരു ഘടകം കൂടി ഉണ്ട്.

200 മീറ്ററില്‍ കൂടുതല്‍ ഉയരമുള്ള സിഗിരിയപാറയുടെ മുകള്‍ഭാഗം വരെയുള്ള കയറ്റവും തിരിച്ചുള്ള ഇറക്കവും. 1200-ഇല്‍ പരം പടികളുണ്ടെന്നാണ്‌ പറയപ്പെടുന്നത്. ചിലര്‍ 1500 എന്നും പറയുന്നു. പടികള്‍ കയറുമ്പോള്‍ ഇത് എണ്ണി തിട്ടപ്പെടുത്തണം എന്നാഗ്രഹിച്ചിരുന്നുവെങ്കിലും ശ്രമകരമായ കയറ്റത്തില്‍ ആവുന്നത്ര ഓക്സിജന്‍ വലിച്ചുകേറ്റാന്‍ തത്രപ്പെടുന്നതിന്നിടയ്ക്ക് ഇത് എണ്ണി തിട്ടപ്പെടുത്താന്‍ കഴിഞ്ഞില്ല എന്നതില്‍ ചെറിയ വിഷമമുണ്ട്.

രാവിലെ 7 മണിക്കു തന്നെ ഈ കയറ്റം ആരംഭിക്കുന്നതാണ് ഏറ്റവും നല്ലത് എന്നു സാരഥിയായ കോസല അറിയിച്ചിരുന്നു. നേരം വൈകുന്തോറും വെയിലിന്റെ കാഠിന്യമേറുകയും കയറ്റം കൂടുതല്‍ ആയാസകരമാവുകയും ചെയ്യും. എന്നാല്‍ അന്നേ ദിവസം ചെറിയ മഴക്കാറും പൊടി മഴയും ഉണ്ടായിരുന്നതിനാല്‍ വെയില്‍ തരി പോലും ഉണ്ടായിരുന്നില്ല. അനുമതി ചീട്ടു വാങ്ങി ഒരു വഴികാട്ടിയേയും കൂട്ടി നമ്മള്‍ നടന്നു. ഈ ചരിത്രസ്മാരകത്തിന്റെ പ്രവേശന കവാടം കടന്നാല്‍ ആദ്യം കാണുന്നത് ഒരു കിടങ്ങാണ്‌. പാലം വഴി ആ കിടങ്ങു കടന്നാല്‍ പിന്നെ നീളത്തില്‍ നടപ്പാത കാണാം. ഇരുവശത്തും ഉദ്യാനങ്ങളുള്ള നടപ്പാതയുടെ അറ്റത്ത് ഉയര്‍ന്നു നില്‍ക്കുന്ന സിഗിരിയ പാറയും കാണാം. നീണ്ടു കിടക്കുന്ന നടപ്പാതയില്‍ ഇടക്കിടെ കയറ്റം ആരംഭിക്കുന്നതിന്റെ സൂചന നല്‍കിക്കൊണ്ട് പടികളുമുണ്ട് .

ഇരുവശത്തും ഉദ്യാനങ്ങളാണെന്നു പറഞ്ഞല്ലോ. ആദ്യം തന്നെ ഇരു വശത്തും ദീര്‍ഘ ചതുരാകൃതിയില്‍ വെട്ടി ഉണ്ടാക്കിയ ആഴമേറിയതും അല്ലാത്തതുമായ കുളങ്ങള്‍ കാണാം. അതിലേക്ക് പടവുകളും ചിലതിനടുത്ത് വസ്ത്രം മാറ്റാന്‍ സൌകര്യമുള്ള അറകളുമുണ്ട്. ഈ ജല ഉദ്യാനങ്ങള്‍ക്ക് അനേകം പ്രത്യേകതകളുണ്ട്. അതിലൊന്നാണ്‌ ജലസേചന രീതി. പാറമുകളിലും കൊട്ടാരക്കെട്ടിലും വീഴുന്ന മഴവെള്ളം പോലും പാറയില്‍ വെട്ടിയിരിക്കുന്ന ചെറിയ വെള്ളച്ചാലുകള്‍ വഴി ഈ ഉദ്യാനങ്ങളിലേക്ക് തിരിച്ച് വിട്ടിരിക്കുന്നു. ഉദ്യാനങ്ങളിലുള്ള ഓരോ ജലസംഭരണിയും ഭൂമിക്കടിയിലൂടെ പരസ്പരം ബന്ധിച്ചിട്ടുണ്ട്.

കൂടുതല്‍ മഴയുള്ള സമയത്ത് ഒരു ഫൌണ്ടന്‍ രൂപപ്പെടുന്ന ഭംഗിയുള്ള കാഴ്ച്ച കൂടി കാണാനാകും. എങ്ങനെയെന്നല്ലേ?
നടപ്പാതയുടെ വലതു വശത്ത് വട്ടത്തിലുള്ള ഒരു കല്‍നിര്‍മിതിയുണ്ട്. അതിനകത്ത് 5 ഓട്ടകളും. കുറച്ചു മുമ്പെ പറഞ്ഞ വെള്ളച്ചാലുകളിലൂടെ വരുന്ന വെള്ളം ഈ ഓട്ടകളിലൂടെ മുകളിലേക്ക് പൊന്തി വരുന്ന സംവിധാനമാണ്‌ ഫൌണ്ടനായി രൂപപ്പെടുന്നത്. കൂടുതല്‍ മഴ ലഭിക്കുന്ന സമയത്ത് ഇതിന്റെ ഉയരവും കൂടും.

ഏതാണ്ട് 1500 വര്‍ഷങ്ങള്‍ക്കു മുമ്പെയാണ്‌ ഈ വിധമുള്ള ഒരു നിര്‍മാണം നടന്നിരിക്കുന്നതെന്നോര്‍ത്ത് അന്തം വിട്ടു നിന്നപ്പോള്‍ വഴികാട്ടി എന്റെ ശ്രദ്ധ ഇടത്തു വശത്തെ ഫൌണ്ടനിലേക്കാകര്‍ഷിച്ചു. വലതു ഭാഗത്ത് 5 ഓട്ടകളെങ്കില്‍ ഇടതു ഭാഗത്തുള്ളത് വലുതായിരുന്നു. 9 ഓട്ടകള്‍. പക്ഷെ അത് ഉണങ്ങി കിടന്നിരുന്നു. അതിനു താഴെയുള്ള സംവിധാനം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലായിരിക്കാം.

കാശ്യപ രാജാവിനു മുമ്പും പിമ്പും സന്യാസീ മഠം ആയാണ്‌ സിഗിരിയ പാറ ഉപയോഗിച്ചിരുന്നത്. ചുറ്റും വനപ്രദേശമായതുകൊണ്ട് പിന്നീട്‌ ഈ പാറയും അതിനു ചുറ്റുമുള്ള പ്രദേശങ്ങളും വനത്തിന്റെ ഭാഗമായി മാറി. ഇതിനിടയിലെപ്പോഴോ കൊട്ടാരവും നശിക്കപ്പെട്ടു. അങ്ങനെ കാട്ടിനുള്ളില്‍ ഒതുങ്ങി കൂടിയിരുന്ന ഈ പ്രദേശവും വലിയ പാറയും ബ്രിട്ടീഷ്‌ ഭരണകാലത്തെ മേജറായ ജോനാഥന്‍ ഫോര്‍ബ്‌സിന്റെ ശ്രദ്ധയിലാണ്‌ ആദ്യം പെട്ടത്.

പിന്നീട്‌ പുരാവസ്തു ഗവേഷകര്‍ ഈ സ്ഥലത്തെ കുറിച്ച്‌ കൂടുതല്‍ പഠിച്ചു. ചരിത്രാഖ്യായികകളില്‍ പരമാര്‍ശിച്ചിട്ടുള്ള ഈ സ്ഥലം ശ്രീലങ്കന്‍ സര്‍ക്കാരിന്റെ “കള്‍ച്ചറല്‍ ട്രയാന്‍ഗിള്‍ പ്രൊജക്റ്റിന്റെ” ഭാഗമായി യുണെസ്കോ സഹായത്തോടേ കൂടുതല്‍ ഖനനം നടത്തി വെളിച്ചത്തേക്കു കൊണ്ടു വന്ന ശേഷം ഇവിടെക്കുള്ള സഞ്ചാരികളുടെ വരവു വര്‍ദ്ധിച്ചതായി കാണാം.

ഇനിയും ഖനനം നടത്താന്‍ ഏറെയുണ്ടെന്നാണ്‌ വഴികാട്ടി പറഞ്ഞത്. വീണ്ടും നീണ്ടനടപ്പാതയിലൂടെ പാറയെ ലക്ഷ്യം വെച്ചു ഉദ്യാനങ്ങള്‍ക്കിടയിലൂടെ നടന്നുനീങ്ങി. പടികളും ശിലകളും പച്ചപ്പും പൊയ്കകളും ഒക്കെയായി മനോഹരമായ ഉദ്യാനങ്ങളാണ്‌ ഇരു വശത്തും…

കാശ്യപ രാജാവിന്റെ കഥകളും ബഡായികളും – കുറച്ച് നടന്നപ്പോള്‍ ഒരു ചെറിയ ഗുഹ. അകത്തേക്ക് ഒരുപാട് സ്ഥലമൊന്നുമില്ല. അവിടെ ഗുഹയാണെന്നു എഴുതിവെച്ചതുകൊണ്ട് മാത്രം ‘ഗുഹ’യെന്നു വിളിക്കാം. അത്ര തന്നെ. ആ ഗുഹയുടെ മേല്‍ക്കൂരയില്‍ ചില ചിത്രങ്ങള്‍ മങ്ങിക്കൊണ്ട് കാണാമായിരുന്നു. സ്ത്രീ മുഖങ്ങള്‍ ആയിരുന്നു അവ. എന്തോ ഒരു വസ്തു വെച്ച് തേച്ചു മായ്ക്കാന്‍ ശ്രമിച്ചതുകൊണ്ടാണ്‌ ആ ചിത്രങ്ങള്‍ ഇന്നു അവ്യക്തമായിരിക്കുന്നതെന്നു ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലാകും.

കാശ്യപ രാജാവിന്റെ കാലത്ത് ഭരണ കേന്ദ്രമായ ഇവിടെ കലകള്‍ക്ക് നല്ല സ്ഥാനമുണ്ടായിരുന്നു. സിഗിരിയയിലെ ചുമര്‍ ചിത്രങ്ങളും ചുമരെഴുത്തുകളും കവിതകളും ഇതിനു സാക്ഷ്യം വഹിക്കുന്നു. എന്നാല്‍ പിന്നീട് ഇവിടെ താമസിച്ച സന്യാസിമാര്‍ക്ക് അര്‍ദ്ധനഗ്നരും സുന്ദരികളുമായ സ്ത്രീ ചിത്രങ്ങള്‍ അവരുടെ താമസ സ്ഥലത്ത് അനുയോജ്യമല്ലെന്നു തോന്നിയതുകൊണ്ടത്രെ അവയെ നശിപ്പിച്ചത്.
നടത്തം തുടരുന്നു. ഇനി ഇതുവരെയുള്ള പോലെയല്ല. വലിയ വലിയ കയറ്റമാണ്‌. പടികള്‍ വൃത്തിയായി വെട്ടിയിട്ടുണ്ട്.

ആദ്യം സന്യാസിമാര്‍ നശിപ്പിക്കാത്തതായ കുറച്ച് ചിത്രങ്ങള്‍ കാണാന്‍ മാത്രമായി കുറച്ച് ഉയരത്തിലുള്ള മറ്റൊരു ഗുഹയിലേക്ക് നടക്കണം. ഈ സ്ത്രീ മുഖങ്ങളെ കുറിച്ച് പറയണമെങ്കില്‍ കാശ്യപരാജാവിനെക്കുറിച്ചും കുറിച്ചും പറയണം. അനുരാധപുര തലസ്ഥാനമായി ശ്രീലങ്ക ഭരിച്ചിരുന്ന ധതുസേന രാജാവിന്റെ യഥാര്‍ത്ഥ കിരീടാവകാശി മൊഗള്ളാന എന്ന മകന്‍ ആയിരുന്നു. എന്നാല്‍ രാജകുടുംബാംഗമല്ലാത്ത മറ്റൊരു സ്ത്രീയില്‍ ജനിച്ച കാശ്യപന്‍ ഒരവസരം കൈവന്നപ്പോള്‍ അച്ഛനെ തുറങ്കിലടച്ചു രാജ്യം സ്വന്തമാക്കി. പിന്നീട് ഒരു നിധിയുടെ പേരിലുള്ള വഴക്കില്‍ സ്വന്തം അച്ഛനെ കൊല്ലുകയും ചെയ്തു. തുടര്‍ന്ന് യഥാര്‍ത്ഥ കിരീടാവകാശിയായ മൊഗള്ളാന അവിടെ നിന്ന് ഇന്ത്യയിലേക്ക് രക്ഷപ്പെട്ടു.

മൊഗള്ളാന തന്നോട് പ്രതികാരം ചെയ്യാന്‍ തിരിച്ചു വരുമെന്ന ഉറപ്പുണ്ടായിരുന്നതു കൊണ്ട് കാശ്യപന്‍ തന്റെ ഭരണ തലസ്ഥാനം അനുരാധപുരയില്‍ നിന്നു കുറച്ചു കൂടെ ഭദ്രമായ സിഗിരിയയിലേക്ക് മാറ്റി. ഇവിടെ സിഗിരിയ പാറയ്ക്കു മുകളില്‍ ഒരു സിംഹത്തിന്റെ രൂപത്തിലുള്ള പ്രവേശന കവാടമുള്ള കൊട്ടാരം പണിതു. ചുറ്റും കോട്ട കെട്ടി ഭരിച്ചു. സിംഹത്തിന്റെ രൂപത്തിലുള്ള പാറ കാരണമാണ്‌ ഈ സ്ഥലത്തിനു സിഗിരിയ (Lion Rock) എന്ന പേരു വന്നതെന്നു വേണം കരുതാന്‍.

ഇവിടത്തെ ചുമര്‍ചിത്രങ്ങളില്‍ 500 വ്യത്യസ്തമായ മുഖങ്ങള്‍ ഉണ്ടായിരുന്നത്രെ. വഴികാട്ടി പറഞ്ഞു തന്നതും പൊതുവെ പ്രചരിച്ചിരിക്കുന്നതുമായ ഒരു കഥ കാശ്യപനു 500 വെപ്പാട്ടികള്‍ ഉണ്ടായിരുന്നെന്നാണ്‌. ഇന്നു വിരലിലെണ്ണാവുന്നത്രയും ചിത്രങ്ങളേ അവശേഷിക്കുന്നുള്ളൂ. ബാക്കിയുള്ളവ നശിക്കുകയോ നശിപ്പിച്ചു കളയുകയോ ചെയ്തിരിക്കുന്നു.

കാശ്യപന്റെ മരണത്തെക്കുറിച്ചും കഥകള്‍ അനവധിയുണ്ട്. 7 കൊല്ലം കൊണ്ടാണ്‌ ഈ കോട്ട പണിതതത്രെ. അതു കഴിഞ്ഞു കാശ്യപന്‍ സിഗിരിയയില്‍ ഇരുന്നു ലങ്ക ഭരിച്ചു. എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം മൊഗള്ളാന സൈന്യസമേതം ഇന്ത്യയില്‍ നിന്നു തിരിച്ചെത്തി കാശ്യപനെ യുദ്ധത്തില്‍ തോള്‍പിച്ച് രാജ്യം തിരികെ പിടിച്ചത്രെ. കാശ്യപന്‍ യുദ്ധത്തില്‍ മരണപ്പെട്ടെന്നും അതല്ല യുദ്ധത്തിലെ തോല്‍വി മണത്തപ്പോള്‍ ആത്മഹത്യ ചെയ്തെന്നും അതൊന്നുമല്ല 500 വെപ്പാട്ടികളില്‍ ഒരാള്‍ കാശ്യപനെ വിഷം കൊടുത്തു കൊന്നുവെന്നും കഥകള്‍ കേള്‍ക്കുന്നു.

ഈ ചിത്രങ്ങളില്‍ അവശേഷിക്കുന്നവ കാണാന്‍ മുകളിലെ ഒരു ഗുഹയിലേക്ക് പോകണമെന്നു പറഞ്ഞല്ലോ. അതിലേക്ക് എത്തിപ്പെടാന്‍ ചുറ്റി ചുറ്റിയുള്ള പടികള്‍ ഏറണം. ഇരു വശവും ഒരു കൂട്ടിലെന്ന പോലെ തടസ്സമുള്ളതുകൊണ്ട് പിടിച്ചു കയറാന്‍ എളുപ്പമാണ്‌. പൂ പിടിച്ചു നില്‍ക്കുന്ന സ്ത്രീ, താഴോട്ടു നോക്കി നില്‍ക്കുന്ന ഒരു സുന്ദരി, ആഭരണങ്ങളണിഞ്ഞു എന്നാല്‍ മേല്‍ വസ്ത്രം ധരിക്കാതെ പിന്നെയും സുന്ദരികള്‍.. ഈ ചുമര്‍ചിത്രകലാ രീതിയ്ക്ക് ഇന്ത്യയിലെ അജന്താ ഗുഹയിലെ ചിത്രങ്ങളുമായി സാമ്യമുണ്ടത്രെ. ഇവിടെ ഫ്ലാഷ് ഇല്ലാതെ മാത്രമേ ഫോട്ടൊ എടുക്കാന്‍ പാടുള്ളൂ. ഇത്രയും കണ്ട ശേഷം നമ്മള്‍ താഴോട്ടിറങ്ങി.

അവിടെ നിന്നു പിന്നീടുള്ള കയറ്റത്തില്‍ ആദ്യം കാണുന്നത് “കണ്ണാടി ചുമര്‍” എന്നു വിളിപ്പേരുള്ള ഒരു ചുമരാണ്‌. അതീവ മിനുസമായിട്ടാണ്‌ ഈ ചുമര്‍ പണിതിരിക്കുന്നത് എന്നതിനാല്‍ ഒരു കണ്ണാടിയെന്ന പോലെ ഇതില്‍ പ്രതിഫലനങ്ങള്‍ കാണാന്‍ പറ്റുമായിരുന്നത്രെ. പണ്ട് സിഗിരിയ കോട്ടാരത്തില്‍ വന്നു പോയ സഞ്ചാരികള്‍ അവരുടെ അഭിപ്രായങ്ങളും അവര്‍ കണ്ട കാഴ്ചകളുമെല്ലാം എഴുതിയിരുന്നതും ഈ ചുമരിലായിരുന്നു. അതെല്ലാം കൊണ്ടാകണം “കണ്ണാടി ചുമര്” എന്ന പേര് ഇന്നു ആ ചുമരിനു അത്ര കണ്ട് യോജ്യമായി എനിക്ക് തോന്നാതിരുന്നത്. എന്നിരുന്നാലും ആ എഴുത്തുകളില്‍ നിന്നൊക്കെയാണ്‌ സിഗിരിയ കൊട്ടാരവും പരിസരവും പണ്ട് എങ്ങിനെ ആയിരുന്നെന്നു ഇന്നു നമുക്ക് മനസ്സിലാക്കാന്‍ സാദ്ധ്യമായിരിക്കുന്നത്.

ഇനി വീണ്ടും കയറ്റം. കൈയ്യിലുണ്ടായിരുന്ന ഗ്ലൂക്കോസും വെള്ളവും അകത്താക്കി ഞങ്ങള്‍ വീണ്ടും നടത്തം തുടര്‍ന്നു. അതു കഴിഞ്ഞെത്തിയത് ഒരു തുറസ്സായ സ്ഥലത്താണ് . മട്ടുപ്പാവെന്ന പോലെ – LION’s PAW TERRACE. അതാണ്‌ കൊട്ടാരത്തിന്റെ പ്രവേശന കവാടം. ചുറ്റുമുള്ള കാഴ്ച്ച ആസ്വദിക്കാനും വേണമെങ്കില്‍ വിശ്രമിക്കാനും സൌകര്യമുണ്ടവിടെ. താഴേക്ക് നോക്കുമ്പോള്‍ മനസ്സിലാകും എത്ര ഉയരത്തിലാണ്‌ നമ്മളെന്ന്‌ . ഒരു സിംഹത്തിന്റെ രൂപത്തിലാണ്‌ പ്രവേശന കവാടം എന്നു പറഞ്ഞിരുന്നല്ലോ. അവിടെയാണ്‌ ഇപ്പോള്‍ എത്തിയിരിക്കുന്നത്. ഇന്നു സിംഹത്തിന്റെ മുഖഭാഗമൊന്നും കാണാനില്ല. അതെല്ലാം നിലം പരിശായവയില്‍ ഉള്‍പ്പെടുന്നു. ആകെയുള്ളത് അതിന്റെ രണ്ട് കാലുകളാണ്‌ .

ള്ളിലേക്ക് എന്ന രീതിയില്‍ ആയിരുന്നത്രെ മുകളിലേക്കുള്ള പടവുകള്‍ ഉണ്ടായിരുന്നത്. സിംഹത്തിന്റെ കാലിന്റെ അടുത്തു നിന്നു പടം എടുത്ത ശേഷം വീണ്ടും മുകളിലേക്ക്. ഇനി കൊട്ടാരം നിന്നിരുന്ന ഭാഗമാണ്. ഒരല്‍പം കഠിനമായ കയറ്റം. ഈ പടികള്‍ യുണസ്കോ ഏറ്റെടുത്ത ശേഷം ഉണ്ടാക്കിയതാണ്‌ . അത് എത്തിച്ചേരുന്നത് കൊട്ടാര മുറ്റത്തേക്കാണ്‌.

സിഗിരിയ പാറയ്ക്കു മുകളില്‍ കൊട്ടാരത്തിന്റെ അടിത്തറ മാത്രമേ ഇന്നു അവശേഷിക്കുന്നുള്ളു എന്നതുകൊണ്ട് മുകള്‍ ഭാഗം ഒരു പരന്ന സ്ഥലമായി കാണാം. ഇവിടെ 360 ഡിഗ്രിയില്‍ കാഴ്ച്ച കാണാം എന്നതു തന്നെയാണ്‌ ഏറ്റവും മുഖ്യമായ ഖടകം. ആദ്യം തന്നെ അവിടെയുള്ള ഒരു കല്ലില്‍ കേറി നില്‍ക്കാന്‍ വഴികാട്ടി പറഞ്ഞു. ഇപ്പോള്‍ ഈ പാറയുടെ ഏറ്റവും ഉയര്‍ന്ന ഭാഗത്താണ്‌ നമ്മള്‍ നില്‍ക്കുന്നതത്രെ.

ഇവിടെ കൈകള്‍ ഉയര്‍ത്തി നിന്നു നമ്മള്‍ ഈ കയറ്റം ആഘോഷിച്ചു. പിന്നെ ചുറ്റും നോക്കി. 1.5 ഹെക്ടറില്‍ മേലേ വ്യാസമൂണ്ട് കൊട്ടാരം സ്ഥിതി ചെയ്യുന്ന ഈ പാറയുടെ മുകള്‍ ഭാഗത്തിനു. അവിടെ നിന്നു താഴേക്കു നോക്കുമ്പോള്‍ ഉദ്യാനത്തില്‍ നമ്മള്‍ നടന്നു നീങ്ങിയ നീണ്ട നടപ്പാത കാണാം. ഇത്ര ദൂരം നടന്നുവല്ലോ എന്നു ഞാന്‍ അത്ഭുതപ്പെട്ടു. പിന്നെ ദൂരങ്ങളിലേക്ക് നോക്കിയാല്‍ വെളുത്ത നിറത്തില്‍ ഒരു ബുദ്ധപ്രതിമയും കാണാം. കൊട്ടാരത്തിന്റെ അടിത്തറക്കു പുറമെ അവിടെ ഒരു കുളവും ആ കുളത്തിന്റെ അടുത്ത് ഒരു ഇരിപ്പിടവും ഉണ്ട്. ഈ കോട്ട വളപ്പിലേക്ക് കയറിയതു മുതല്‍ എത്ര കുളങ്ങള്‍ കണ്ടെന്നോ.. ഇപ്പോള്‍ ഏറ്റവും മുകളില്‍ മറ്റൊരെണ്ണം.

അതു കഴിഞ്ഞു ഇറങ്ങാന്‍ തുനിയുമ്പോ തൊട്ടാവടി ചെടി കാണിച്ച് എന്നെ അത്ഭുതപ്പെടുത്താന്‍ വഴികാട്ടി ഒരു ശ്രമം നടത്തി. അയാളെന്നോട് പറഞ്ഞു ഇലയിലൊന്നു തൊടാന്‍. കോങ്ങാട്ടിലും ചങ്ങരംകുളത്തുമായി വളര്‍ന്ന എനിക്ക് തൊട്ടാവാടി അറിയാതിരിക്കുമോ? നല്ല കഥ. ‘ഇതു തൊട്ടാവാടിയല്ലെ, തൊട്ടാല്‍ വാടുമല്ലോ’ എന്നു പറഞ്ഞു ഞാന്‍ തൊട്ടു കൊടുത്തു. അത് വാടി.. അയാളുടെ മുഖവും വാടി. സായിപ്പന്‍മാരില്‍ പലര്‍ക്കും ഈ ചെടി അത്ഭുതമാണത്രെ.

താഴേക്കിറങ്ങി വീണ്ടും സിംഹ കവാടത്തിലെത്തി. ഇനി ബാക്കി ഇറങ്ങുന്നത് മറ്റൊരു വഴിയിലൂടെയാണ്‌ എന്നു വഴികാട്ടി പറഞ്ഞു. അല്ലെങ്കിലും പോകുന്ന വഴി തന്നെ തിരിച്ചു വരുന്നത് രസമുള്ള കാര്യമല്ല. കൂടുതല്‍ കാഴ്ചകള്‍ തേടികൊണ്ട് നമ്മള്‍ വഴികാട്ടിയുടെ പുറകെ നടന്നു. പടവുകള്‍ ഇറങ്ങിയും നിരപ്പായ പാതകളിലൂടെ നടന്നും നമ്മള്‍ ചുറ്റും കല്ലുകളുള്ള ഒരു സ്ഥലത്തെത്തി.

ഞാന്‍ ഇപ്പോള്‍ നടക്കുന്നത് പണ്ടു രാജാവു ജനങ്ങളോട് സമ്പര്‍ക്കം പുലര്‍ത്താനായി ഉപയോഗിച്ചിരുന്ന സ്ഥലത്താണ്‌. അവിടെ മലര്‍ത്തിവെച്ച ചീനചട്ടി കണക്കെ എന്നാല്‍ മുകളില്‍ നിരപ്പായ ഒരു പാറക്കല്ലുണ്ട്. അതായിരുന്നത്രെ രാജാവു ജനങ്ങളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ ഇരുന്നിരുന്ന ഇടം. സിഗിരിയയില്‍ നാം ശ്രദ്ധിക്കേണ്ട മറ്റൊരു സംഗതിയുണ്ട്. പ്രകൃത്യാ ഉള്ള പാറകളുടെയും മറ്റു ശിലകളുടെയും രൂപത്തിനനുസരിച്ച്, അവയ്ക്കു വലിയ മാറ്റം വരുത്താതെ പല പല ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നതായി കാണാം.

അതിനു തൊട്ടടുത്ത് രാജാവിനു വിശ്രമിക്കാനായൊരിടം. അവിടെ കസേര പോലും പാറ കൊണ്ടാണ്‌ ഉണ്ടാക്കിയിരിക്കുന്നത്. അതു കഴിഞ്ഞു മൂര്‍ഖന്റെ പത്തി പോലുള്ള ഒരു പാറയുണ്ട് – അതിനെ ഒരു പ്രവേശനകവാടമാക്കി മാറ്റിയിരിക്കുന്നതായി കാണാം.
അങ്ങനെ പ്രകൃതിയെ താലോലിച്ചുകൊണ്ട് നിലനിന്നിരുന്ന സിംഹ പാറയും സിഗിരിയ കൊട്ടാരവും കണ്ട് പുറത്തെത്തി. ചെറുതായി മഴ പൊടിഞ്ഞു തുടങ്ങിയിട്ടുണ്ടായിരുന്നു അപ്പോള്‍. പുറത്തും അകത്തും.

വാല്‍ക്കഷ്ണം: എന്റെ സിഗിരിയ യാത്ര കഴിഞ്ഞ ശേഷമാണ്‌ ടി.ഡി. രാമകൃഷ്ണന്റെ “സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി” എന്ന നോവല്‍ ഇറങ്ങുന്നതും ഞാന്‍ വായിക്കുന്നതും. ഈ നോവലില്‍ സിഗിരിയ നിറഞ്ഞു നില്‍പുണ്ട്. പിന്നീട് വീണ്ടും അടുത്ത ട്രെക്കിങ്ങിനായി ശ്രീലങ്കയിലേക് പോയപ്പോള്‍ ആ സുഗന്ധി എന്റെ മനസ്സില്‍ നിറഞ്ഞു നിന്നിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

കേരളത്തിനകത്തെ തമിഴ് പറയുന്ന ഗ്രാമമായ ‘വട്ടവട’യിലേക്ക്

വിവരണം – സന്ധ്യ ജലേഷ്. മലഞ്ചെരുവുകളെ തഴുകി വരുന്ന കാറ്റേറ്റ് സ്‌ട്രോബറിയും, ആപ്പിളും, കാരറ്റും, കാബേജും, ക്വാളിഫ്‌ലവറും, ഉള്ളിയും, ഉരുളക്കിഴങ്ങും, വെളുത്തുള്ളിയും വിളഞ്ഞു നില്‍ക്കുന്ന തോട്ടങ്ങളും, അലഞ്ഞുതിരിഞ്ഞു നടക്കുന്ന കോവര്‍ കഴുതകളും, തീപ്പെട്ടികൂടുപോലെ നിറമുള്ള വീടുകളും, ചെങ്കുത്തായ മലനിരകള്‍ക്കു നടുവില്‍ ജ്യാമിതീയ…
View Post

ജോസഫ് കോനി – ഒരുകാലത്ത് ജനങ്ങളുടെ പേടിസ്വപ്നമായ ആഫ്രിക്കൻ ഭീകരൻ

എഴുത്ത് – ടിജോ ജോയ്. വളരെ യാദൃച്ഛികമായാണ് നാഷണൽ ജിയോഗ്രഫിയില്‍ Warlords Of Ivory എന്നൊരു ഫീച്ചർ കാണാനിടയായത്. രാത്രി പന്ത്രണ്ടുമണി വരെ നീണ്ട ആ ഫീച്ചറില്‍ നിന്നാണ് ഉഗാണ്ടയിലെ LRA യെ കുറിച്ചും ജോസഫ് കോനിയെ കുറിച്ചും അറിഞ്ഞത്. കൂടുതൽ…
View Post

ഒയ്മ്യക്കോന്‍ – സ്ഥിരജനവാസമുള്ള ഭൂമിയിലെ ഏറ്റവും തണുത്ത പ്രദേശം

എഴുത്ത് – ബക്കർ അബു (എഴുത്തുകാരൻ, നാവികൻ എന്നീ നിലകളിൽ പ്രശസ്തനാണ്). കൊറിയയില്‍ നിന്ന് നോര്‍ത്ത് ജപ്പാനിലെ ഹോക്കൈടോ സ്ട്രൈറ്റ്‌ വഴി ഈസ്റ്റ്‌ സൈബീരിയന്‍ സീയിലെ തണുത്ത കാറ്റും കൊണ്ട് സൂര്യനെയൊന്നും കാണാതെ അലൂഷ്യന്‍ ദ്വീപിന്‍റെ ഉത്തരഭാഗത്തുള്ള കൊടുങ്കാറ്റു കാലാവസ്ഥയില്‍ അമേരിക്കയിലേക്ക്…
View Post

കോന്നി വനമേഖലയോട് അതിർത്തി പങ്കിടുന്ന ഒരു സുന്ദര ഗ്രാമം

വിവരണം – Sulfiker Hussain. കോന്നി വനമേഖലയോട് അതിർത്തി പങ്കിടുന്ന സുന്ദര ഗ്രാമം. ഗ്രാമത്തിലെ ആരുമറിയാത്ത സ്വപ്ന കാഴ്ചകൾ… പുന്നക്കുടിയും വണ്ടണികോട്ടയും പൂമലകോട്ടയും ചുറ്റി അടിവാരം തീര്‍ത്തിരിക്കുന്ന കൊല്ലം, പത്തനംതിട്ട ജില്ലകളുടെ അതിർത്തിയിലാണ് പാടം എന്ന കൊച്ചു ഗ്രാമം. പത്തനംതിട്ട ജില്ലയിലെ…
View Post

ഡൽഹി – മുംബൈ റോഡ് മാർഗ്ഗം ഇനി 13 മണിക്കൂറിൽ ഓടിയെത്താം

ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയിൽ നിന്നും വാണിജ്യ തലസ്ഥാനമായ മുംബൈയിലേക്ക് എളുപ്പത്തിൽ എത്തുവാൻ ഒരു എക്സ്പ്രസ്സ് വേ. വെറും പദ്ധതി മാത്രമല്ല, സംഭവം ഉടനെ യാഥാർഥ്യമാകും, 2023 ജനുവരിയിൽ. ആദ്യം 2021 ല്‍ പൂര്‍ത്തിയാക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രവൃത്തികള്‍ നീളുകയായിരുന്നു. ഈ…
View Post

13 ലക്ഷത്തിന് രണ്ടുനില വീട്… സാധാരണക്കാർക്കായി ആ രഹസ്യം…

എഴുത്ത് – അഭിലാഷ് പി.എസ്. ഞാൻ എൻ്റെ വീടിൻ്റെ ഈ ഫോട്ടോ കഴിഞ്ഞയാഴ്ച പോസ്റ്റ് ചെയ്തതാണ്. 13 ലക്ഷം രൂപയ്ക്കാണ് ഈ വീട് ഈ കാണുന്ന രൂപത്തിൽ ആക്കിയത്. ഈ പോസ്റ്റ് കണ്ടപ്പോൾ പലരും കളിയാക്കി ചിലർ പുച്ഛിച്ചു ചിലർ അത്ഭുതപെട്ടു…
View Post

“എനിക്ക് ടീച്ചറാവണം. പക്ഷെ വനജ ടീച്ചറേ പോലൊരു ടീച്ചറാവണ്ട…”

എഴുത്ത് – സുബി. “എനിക്ക് ടീച്ചറാവണം. പക്ഷെ വനജ ടീച്ചറേ (പേര് സാങ്കല്പികം) പോലൊരു ടീച്ചറാവണ്ട.” 8 ആം ക്ലാസ്സ് കഴിഞ്ഞ് ഇത്രയൊക്കെ വർഷങ്ങളായിട്ടും വനജ ടീച്ചർ എന്ന പേര് മനസ്സിൽ ഇങ്ങനെ വരഞ്ഞു കൊണ്ടിരിക്കുന്നു. എന്തുകൊണ്ടാണെന്നറിയില്ല ടീച്ചർക്ക് എന്നെ ഇഷ്ടമേ…
View Post

സ്വകാര്യ ബസുകൾ ഇനി റോഡിലെ അപൂർവ കാഴ്ചയായി മാറുമോ?

കഴിഞ്ഞ വർഷത്തെ ലോക്ഡൗൺ കാലം മുതൽ വളരെ കഷ്ടത്തിലാണ് സ്വകാര്യ ബസ് ഉടമകളുടെയും ജീവനക്കാരുടെയും ജീവിതം. ആദ്യഘട്ട ലോക്‌ഡൗണിനു ശേഷം കളക്ഷൻ കുറവാണെങ്കിലും സർവ്വീസ് നടത്തി ഒന്ന് ഉയർന്നു വരുന്നതിനിടെയാണ് ഇടിത്തീ പോലെ നമ്മുടെ നാട്ടിൽ കോവിഡ് വീണ്ടും പടർന്നത്. വീണ്ടും…
View Post

കെ.പി.എൻ. ട്രാവൽസ് – ഒരു ക്ലീനർ തുടങ്ങിവെച്ച ബസ് സർവ്വീസ് സംരംഭം

ഹൈവേകളിലും മറ്റും നിങ്ങൾ കണ്ടിട്ടുണ്ടാകും KPN എന്ന് പേരുള്ള ബസ്സുകളെ. അതെ, സൗത്ത് ഇന്ത്യയിലെ പേരുകേട്ട ബസ് ഓപ്പറേറ്ററാണ് KPN ട്രാവൽസ്. 1972 ൽ തമിഴ്‌നാട് സ്വദേശിയായ കെ.പി. നടരാജൻ രൂപം നൽകിയ സ്ഥാപനമാണ് കെ.പീ.എൻ ട്രാവൽസ്. വെറും ഏഴാം ക്ലാസ്…
View Post