എഴുത്ത് – പ്രകാശ് നായർ മേലില.

ഇതുവരെ ഒരൊറ്റ കൊറോണാബാധിതരുമില്ലാത്ത ഇന്ത്യയിലെ ഏക സംസ്ഥാനമാണ് സിക്കിം. ചൈനയുൾപ്പെടെ മൂന്നു വിദേശ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന സിക്കിം മറ്റൊരു സംസ്ഥാനമായ പശ്ചിമബംഗാളുമായും അതിർത്തി പങ്കിടുന്നുണ്ട്.

സിക്കിമിലെ നഥുല ചുരം വഴി ചൈനയുമായി ഇന്ത്യയുടെ ഒരു ട്രേഡിംഗ് പോസ്റ്റുമുണ്ട്. ഇതുവഴി ശരാശരി ഒരു ദിവസം 100 ട്രക്കുകൾ ചൈനയിൽനിന്നും സാധനങ്ങളുമായി ഇന്ത്യക്കുവരുന്നുണ്ട്. അരി, ആട്ട, മസാല, ചായ, ഡയറി ഉൽപ്പനങ്ങൾ, പാത്രങ്ങൾ എന്നിവയാണ് ഇതുവഴി ചൈനയിൽനിന്നും കൊണ്ടുവരുന്നത്.

ഹിമാലയത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന സിക്കിം തണുപ്പേറിയ പ്രദേശം കൂടിയാണ്. മാർച്ചുവരെ 10 ഡിഗ്രിക്കു ള്ളിലാണ് താപനില.ഏപ്രിൽ മുതൽ സമ്മർ സീസൺ തുടങ്ങിയാൽ 5 മുതൽ 18 ഡിഗ്രിവരെയാകും ചൂട്. ഇത്രയ്ക്കു തണുപ്പുള്ള പ്രദേശമായിട്ടും ചുറ്റുമുള്ള രാജ്യങ്ങളിലും അയാൾ സംസ്ഥാനമായ പശ്ചിമബംഗാളിലും കോവിഡ് വ്യാപനമുണ്ടായിട്ടും സിക്കിമിനെ അതെന്തുകൊണ്ട് ബാധിച്ചില്ല എന്നതാണ് അതിശയകരമായ വിഷയം. അതാണ് നമ്മൾ മനസ്സിലാക്കേണ്ടതും.

സിക്കിമിന്റെ വടക്കനതിർത്തിയിൽ തിബറ്റ് ആണ്. പടിഞ്ഞാറ് നേപ്പാളും, കിഴക്ക് ഭൂട്ടാനും. തെക്കൻ അതിർത്തിയിൽ പശ്ചിമബംഗാൾ സംസ്ഥാനമാണ്. സിക്കിമിന്റെ മൂന്ന് അയൽ രാജ്യങ്ങളിലും അടുത്ത സംസ്ഥാനമായ പശ്ചിമബംഗാളിലും കോവിഡ് ബാധിതർ നിരവധിയുണ്ട്. ഭൂട്ടാനിൽ 7 പേർ കോവിഡ് ബാധിതരാണ്‌. നേപ്പാളിൽ 48 പേരും.

സിക്കിമിന്റെ GDP യുടെ 8 % വരുമാനം ടൂറിസത്തിൽനിന്നാണ് ലഭിക്കുന്നത്. സംസ്ഥാനത്ത് ഒരു വർഷം ശരാശരി 14 ലക്ഷത്തോളം രാജ്യത്തിനകത്തും പുറത്തും നിന്നുമുള്ള ടൂറിസ്റ്റുകൾ എത്തുന്നുണ്ട്. 2018 ലാണ് അവിടെ ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് ഒരു എയർ പോർട്ട് വരുന്നത്. പാക്യോംഗ് എയർപോർട്ട്.

കൊറോണാ വ്യാപനവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ തീരുമാനത്തിനുമുൻപേ മാർച്ച് 5 മുതൽ രാജ്യത്തുനിന്നുള്ളതും മാർച്ച് 17 മുതൽ വിദേശത്തുനിന്നുള്ളതുമായ സന്ദർശകർക്ക് സിക്കിം പൂർണ്ണ വിലക്കേർപ്പെടുത്തി. അതായത് സിക്കിം സംസ്ഥാനം മുഴുവൻ മാർച്ച് 17 നുശേഷം സെൽഫ് Quarantine ആയെന്നുപറഞ്ഞാൽ അതിശയോക്തിയില്ല. ഈ വർഷം ഒക്ടോബർ വരെ സന്ദർശകർക്ക് അവിടേക്കു പ്രവേശനവുമില്ല. അതോടൊപ്പം നഥുല ചുരം വഴി ഈ വർഷത്തെ കൈലാസ്‌ മാനസരോവറിലേക്കുള്ള യാത്രയും നിരോധിച്ചിരിക്കുന്നു.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സിക്കിം വളരെ മുമ്പുതന്നെ കൊറോണാ ബാധയുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങളും സ്‌ക്രീനിംഗുകളും ആരംഭിച്ചു കഴിഞ്ഞിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ നിന്നുവന്ന ആളുകളെയും വിദ്യാർത്ഥികളെയും സർക്കാർ വക Quarantine കേന്ദ്രങ്ങളിൽ 14 ദിവസം താമസിപ്പിച്ചശേഷം അവർക്ക് വൈറസ് ബാധയില്ലെന്നുറപ്പിച്ചാണ് വീടുകളിലേക്കയച്ചത്. 87 പേരായിരുന്നു ഇങ്ങനെ നിരീക്ഷണത്തിലുണ്ടായിരുന്നത്.

മറ്റൊരു പ്രധാനകാര്യം ചൈനയിൽ കോവിഡ് വ്യാപനം തുടങ്ങിയപ്പോൾത്തന്നെ 28 ജനുവരിമുതൽ സിക്കിമിലെ രണ്ട് എൻട്രി പോയിന്റുകളായ റാങ്പോ, മെല്ലി എന്നിവിടങ്ങളിൽ സ്ക്രീനിങ് നിർബന്ധമാക്കിയിരുന്നു. ചൈനയിൽനിന്നും വരുന്ന വാഹനങ്ങളെല്ലാം കർശന പരിശോധനയ്ക്കുശേഷമാണ് കടത്തിവിട്ടത്. എയർപോർട്ടും അടച്ചിട്ടു.

ഇന്ത്യയിലെ വളരെ അച്ചടക്കമുള്ള ജനതയാണ് സിക്കിമിലേത്. അവരുടെ പ്രകൃതിയോടിണങ്ങിയുള്ള ചിട്ടയായ ജീവിതരീതികളും,ആതിഥ്യ മര്യാദയും സൗഹൃദവും വളരെ പ്രസിദ്ധമാണ്. സന്ദർശകരോടുള്ള അവരുടെ പെരുമാറ്റം അന്തസുറ്റതാണ്. അവിടെ പോയിട്ടുള്ളവർക്ക് അതേപ്പറ്റി വ്യക്തമായറിയാം.

ഏഴുലക്ഷത്തിലധികമാണ് അവിടുത്തെ ജനസംഖ്യ. സർക്കാർ നിർദ്ദേശങ്ങൾ അക്ഷരം പ്രതി പാലിക്കുന്നവരാണ് സിക്കിമുകാർ. ലോക്ക് ഡൗണിനുശേഷം അനാവശ്യമായി ആരും പുറത്തിറങ്ങാറില്ല. കൃത്യമായ സാമൂഹ്യ അകലം പാലിച്ചാണ് അവർ പച്ചക്കറിയും ഭക്ഷ്യസാധനങ്ങളും വാങ്ങാൻ പോകുന്നത്. അരി, എണ്ണ, ഉരുളക്കിഴങ്ങ് ഉൾപ്പെടെയുള്ള ആവശ്യസാധനങ്ങൾ സർക്കാർ ഏജൻസികൾ വീടുകളിൽ എത്തിച്ചു നൽകുന്നുമുണ്ട്. സിക്കിമിൽ ജോലിക്കുവന്ന എല്ലാ പ്രവാസിതൊഴിലാളികൾക്കും ഭക്ഷ്യധാന്യങ്ങൾ സിക്കിം സർക്കാർ സൗജന്യമായി നൽകിവരുന്നു.

സിക്കിം മുഖ്യമന്ത്രി പി.എൽ ഗോലെ യുടെ വാക്കുകൾ ശ്രദ്ധിക്കാം. “വളരെ കർശനമായ മുൻകരുതൽ മൂലമാണ് സംസ്ഥാനത്ത് കോവിഡ് ബാധ ഒഴിവായത്. ഞങ്ങൾ ഇന്ത്യയിലെ ഒരേയൊരു കോവിഡ് മുക്ത സംസ്ഥാനമാണെന്നതിൽ അഭിമാനമുണ്ട്. ഇതുവരെ ഒരു കേസുപോലും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടില്ല. ഞങ്ങളുടെ പോരാളികളായ ആരോഗ്യപ്രവർത്തകരുടെയും ജനങ്ങളുടെയും കഠിന പരിശ്രമമാണിതിനു പിന്നിൽ. എങ്കിലും ജാഗ്രത ഇനിയും തുടരേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഞങ്ങൾക്ക് വിശ്രമമില്ല.”

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.