വിവരണം – Dr. അശ്വതി സോമൻ.
യാത്രകളെ സ്നേഹിക്കുന്ന കൂട്ടുകാർക്ക് വേണ്ടി…. സിംഗപ്പൂർ അഥവാ സിംഗപുര…
ബുധനാഴ്ച രാവിലെ 3 മണിക്ക് എഴുന്നേറ്റു. ഒരു ചെറിയ ആവേശത്തോടും സന്തോഷത്തോടും കൂടിയാണ് മഞ്ചേരിയിൽ നിന്നു പോയത്. നേരെ കൊച്ചി എയർപോർട്ടിലേക്കു. നിര നിരയായി നിൽക്കുന്ന നെറ്റിപ്പട്ടം കെട്ടിയ തൃശ്ശൂർ പൂരത്തിനെ ഓർമിപ്പിക്കുമാർ ഗജ വീരന്മാർ അണിനിരന്നു ഞങ്ങളെ വരവേറ്റു. കുറച്ചു സമയം കൊണ്ട് തന്നെ കുട്ടികൾ 4 പേർ (പാവകുട്ടി അടക്കം) അവിടം മുഴുവൻ ട്രോളി ബൈക്കിൽ യാത്ര തുടങ്ങി. കുറച്ചു കഴിഞ്ഞു ഇന്റർനാഷണൽ ലൗഞ്ചിൽ നിന്നു നല്ല ഭക്ഷണവും കഴിച്ചു.
കുറച്ചു വിശ്രമത്തിനും അവിടുത്തെ ചെറിയ പ്ലേ സ്ഥലത്തു കുട്ടികളുടെ കുറച്ചു കളികൾക്കും ശേഷം എയർ ഇന്ത്യയിൽ നേരെ സിംഹത്തിന്റെ നഗരത്തിലേക്ക്. ബാംഗ്ലൂർ വരെ വലിയ തിരക്കില്ലാതെ പെട്ടെന്ന് എത്തിയെങ്കിലും പിന്നീട് ഫ്ലൈറ്റ് മുഴുവൻ ഫിൽ ആയി. അടുത്ത 4 മണിക്കൂർ കുറച്ചു ബോറടി ആയിരുന്നെങ്കിൽ കൂടി നല്ല ഭക്ഷണവും, കുട്ടികളുമായി കഥ പറച്ചിലും, സിനിമ കാണലും (മുമ്പേ ഡൌൺലോഡ് ചെയ്തവ), ചിത്രം വരയും, ഉറക്കവും ഒക്കെയായി അങ്ങനെ അങ്ങു കൂടി. സിംഗപ്പൂരിൽ രാത്രി 7 മണിയോട് കൂടിയാണ് എത്തിയത്.
നമ്മുടെ സമയവുമായി ഏകദേശം 2-2 30മണിക്കൂർ വെത്യാസം. നമ്മൾ ലേശം പിറകിൽ ആണ്. അവിടെ മുഴുവൻ കണ്ടു കഴിഞ്ഞപ്പോൾ മനസ്സിലായി നമ്മൾ ലേശം അല്ല ഒരുപാട് പിന്നിലാണെന്ന്. ഒരിക്കൽ ബോംബ് വിക്ഷേപണത്തിൽ നാമാവശേഷമായ ഒരു നഗരത്തിനു 200 വർഷം കൊണ്ട് ആളുകളുടെ കഠിന പ്രയത്നവും ,ശരിയായ നഗര ആസൂത്രണവും കൊണ്ടു ലോകത്തിലെ നമ്പർ1 ഹബ് ആയി മാറാൻ സാധിച്ചിട്ടുണ്ടെങ്കിൽ നമ്മൾ ഇന്ത്യക്കാർക്ക് എന്തു കൊണ്ട് ആയിക്കൂട എന്ന ചോദ്യം ഇപ്പോളും മനസ്സിനെ വേട്ടയാടുന്നുണ്ട്.
യാത്രയിലേക്കു തിരിച്ചു വരാം. സ്വന്തമായി വീട്ടിൽ ഇരുന്നു പ്ലാൻ ചെയ്ത ടൂർ ആയതിനാൽ എല്ലാം ശെരിയായി നടക്കുമോ എന്ന ടെൻഷൻ ആദ്യമേ ഉണ്ടായിരുന്നു. ടിക്കറ്റുകളെല്ലാം പ്രീ ബുക്ക് ചെയ്തു ഫോണിൽ ഉണ്ടായിരുന്നു. 2-3 മാസത്തെ ശ്രമം ആയതിനാൽ പല പല ഓഫറുകളിൽ സാധാരണ ടൂർ പാക്കേജുകളെക്കാൾ ചിലവ് കുറവിൽ കൂടുതൽ സ്ഥലങ്ങൾ ഈ 5 ദിവസത്തിൽ കാണാൻ സാധിച്ചത് തന്നെ ഈ പെർഫെക്ട് ബട് കുറച്ചു റ്റീഡിയസ്സ് പ്ലാൻ കാരണം തന്നെയാണ്. ഇതു വായിക്കുമ്പോൾ എനിക്കെവിടെ ഇത്ര സമയം എന്നു കരുത്തിയിരുന്നെങ്കിൽ തെറ്റി. കാരണം മൊത്തമായും ചില്ലറയായും എന്റെ കണവന്റെ പ്ലാൻ ആയിരുന്നു ഇതു. ഞാൻ പണ്ട് പറഞ്ഞ പോലെ ആരോ കപ്പിലിൽ പോയ പോലെ അങ്ങു പോയി എന്ന് മാത്രം. പക്ഷേ കാത്തിരുന്ന കാഴ്ചകൾ അത്ഭുതലോകത്തിലെ ആലീസ് ആക്കി എന്നു മാത്രം.
അനൂപിന്റെ കൊളീഗ് Aswathy Raghunath ഭർത്താവ് രഘുവും മോൻ റിഥ്വിക്കും , ഞങ്ങളുടെ കൊച്ചു കുറുമ്പൻ മാരായ Anirudh Arundhathi കൂടി ഒരു മേളമായിരുന്നു. 7 മണിക്ക് ചങ്കി എയർപോർട്ടിൽ ഞങ്ങൾ എത്തിയതേ കണ്ടത് ആരെയും ആകർഷിക്കുന്ന ഒരു പൂങ്കാവനം ആയിരുന്നു. എയർപോർട്ട് തന്നെ ഏകദേശം 4 മണിക്കൂർ നടന്നു കാണാൻ ഉണ്ട്. (അത് അവസാന ദിവസത്തേക്ക് മാറ്റിവെച്ചു.)
അതിനു ശേഷം വളരെ വേഗം ഇമ്മിഗ്രേഷൻ കഴിച്ചു നേരെ 4 star ഡോർസെറ്റ് (Dorsett) Dorsett Singapore ഹോട്ടലിലേക്ക്. സ്വന്തമായി പ്ലാൻ ചെയ്ത ടൂർ ആയതിനാലും MRT (Mass Rapid Transit) അഥവാ വളരെ വേഗത്തിൽ നീങ്ങുന്ന ട്രെയിൻ ട്ടെർമിനുകളിലേക്ക് നേരിട്ട് കണക്ഷനുകൾ ഉള്ളത് കൊണ്ടും,താമസ സ്ഥലത്തിൽ നിന്നു എല്ലാ അറ്റ്റാക്ഷനുകളിലേക്കും എത്താൻ ഉള്ള സൗകര്യം നോക്കിയും നല്ല ഓഫറിൽ അവരുടെ നല്ല മുറിയായ ലോഫ്ട് റൂമുകൾ വിത് അപ്ഗ്രേഡഡ് പാക്കേജ് ലഭിച്ചതിനാലും ഈ ഹോട്ടൽ തിരഞ്ഞെടുത്തു.അന്ന് വന്നു ഉറക്ക ക്ഷീണവും, ടൈം സോൺ വ്യത്യാസവും വരും ദിവസങ്ങളിലേക്കു വേണ്ട എനർജി ശേഖരണവുമായി വേഗം ഉറങ്ങി..
രണ്ടാം ദിവസം രാവിലെ ഏകദേശം 6.30ക്കു തന്നെ എഴുന്നേറ്റു ഫുൾ ത്രില്ലിൽ കുട്ടി പട്ടാളങ്ങളെയും വിളിച്ചുണർത്തി സ്വപ്ന യാത്രക്ക് ഒരുങ്ങി. ഇന്ന് പ്ലാൻ ചെയ്തിട്ടുള്ളത് യൂണിവേഴ്സൽ സ്റ്റുഡിയോസും പിന്നെ വിങ്‌സ് ഓഫ് ടൈമും. ഒരിക്കലും മറക്കാത്ത കുറച്ചു കാഴ്ചകൾ ആണ് ഇന്ന് എനിക്ക് ലഭിച്ചത്. യൂണിവേഴ്സൽ സ്റ്റുഡിയോസിൽ പ്രവേശന ടിക്കറ്റ് മുൻകൂട്ടി എടുത്തു വെച്ചിരുന്നു. പക്ഷേ ലോകത്താകമാനമുള്ള ആൾക്കാർ വരുന്ന സ്ഥലമായത് കൊണ്ടു മണിക്കൂറുകളോളം നീണ്ട ഒരു നിര തന്നെയായിരുന്നു മനസ്സിൽ. Express പാസ്സ് ഉണ്ടെങ്കിൽ അതിനു ഏകദേശം 60ഡോളർ വരും ഒരാൾക്ക്. ഓരോ ദിവസവും ഓരോ നിരക്കാണ് ഇതിനു. അപ്പൊ 7പേർക്ക് 420 ഡോളർ എന്നു വെച്ചാൽ 22,000 ഇന്ത്യൻ മണീസ്. എന്തായാലും പോയില്ലേ വേണെങ്കിൽ എടുക്കാം എന്നു തന്നെ മനസ്സിൽ കരുതി. മഴ വന്നാൽ അന്ന് റൈഡുകൾ എല്ലാം നിർത്തി വെക്കും അപ്പൊ അതും നഷ്ടമാകാൻ സാധ്യത ഉണ്ടെന്നു മനസ്സിലാക്കി വേഗം വിഭവസമൃദ്ധമായ ബുഫേ ബ്രേക്ഫാസ്റ്റിലേക്ക് പ്രവേശിച്ചു..
ഇഡലി, ദോശ, പുട്ട്, പൂരി തുടങ്ങിയ ഒരു സാധാനവും അവിടെ ഇല്ലായിരുന്നു. ഇല്ലെങ്കിലെ ഭക്ഷണം കഴിക്കാൻ മടിയുള്ള പിള്ളേര് ഇന്ന് ആർമാധിക്കുമല്ലോ. കാരണം ഒന്നും കഴിക്കാൻ കൊടുക്കാൻ ഇല്ലല്ലോ എന്നു കരുതി.കയ്യിൽ കരുതിയിരുന്ന കോണ് ഫ്ലേക്സും മുട്ടയും ബ്രഡും ജാമും എന്ന ദേശീയ ആഹാരവും വേഗം കൊടുത്തു. പിന്നെ ചിക്കൻ ഹാം,ബീഫ് സലാമി, ബേക്കൺ, ചിക്കൻ സോസേജ്, സണ്ണി സൈഡ് up (ചുമ്മാ നമ്മുടെ ഒറ്റക്കണൻ bulls eye അയിനാണ്) തുടങ്ങിയ സദ്യ. ഞാൻ പണ്ട് മുതലേ ഇതൊക്കെ കഴിച്ചു ശീലിച്ചത് കൊണ്ട് സുഖായി കഴിച്ചു മറ്റുള്ളവർക്ക് ഇത്തിരി ബുദ്ധിമുട്ടായിരുന്നു.
ചന്ദ്രനിൽ ചെന്നാൽ അവിടെ കേശവേട്ടന്റെ ചായ കട ഉണ്ടാകും എന്ന് പറഞ്ഞ പോലെ. അന്നത്തെ ഞങ്ങളുടെ ഷെഫ് തൃശൂർ കാരൻ മനോജ് ആയിരുന്നു. അതുകൊണ്ടു മാത്രമാണ് ഈ മുകളിൽ പറഞ്ഞവ ഒക്കെ പച്ചക്ക് അങ്ങു കടിച്ചു തിന്നത്.എന്തോ അങ്ങേരെ കണ്ടപ്പോൾ ഒരു മലയാളിയെ കണ്ടല്ലോ എന്ന നല്ല സന്തോഷം തോന്നി. ഇതൊക്കെ കഴിച്ചു കാബ് വിളിച്ചു ഞങ്ങൾ യൂണിവേഴ്സൽ സ്റ്റുഡിയോവിലേക്കു.ചെറിയ മഴ ക്കാറുകളും ഞങ്ങൾക്ക് പിറകെ….
UNIVERSAL STUDIO : ചെന്നു ഇറങ്ങിയപ്പോ തന്നെ നമുക്കിഷ്ടപെട്ട സിനിമകളിലെ സ്ഥിരം ചിഹ്നമായ യൂണിവേഴ്സൽ എന്നെഴുതിയ നീല കറങ്ങുന്ന ഗ്ലോബ്. തലങ്ങും വിലങ്ങും ആൾക്കാരെ തള്ളി മാറ്റിയും സെൽഫിയും ഗ്രൂപ്പുമായി ഫോട്ടോ എടുക്കൽ മത്സരമായിരുന്നു അപ്പൊ നടന്നത്. എന്താ ഇപ്പൊ ഈ ഗ്ലോബിനെ ഇത്രക്കും ഫോട്ടോ എടുക്കാൻ എന്നു ചോദിച്ചാൽ അറിയില്ല പക്ഷേ കണ്ടപ്പോ തന്നെ ഇഷ്ടപ്പെട്ട ചില സിനമയിലെ കഥാപാത്രങ്ങളെ ആണ് ഓർമ വന്നത് അതു കാരണം ആകണം. അതു തന്നെ ആകണം അവരുടെ വിജയവും.
ചെന്ന ഉടൻ തന്നെ പുസ്സ് ഇൻ ബൂട്‌സ് ഞങ്ങളെ വരവേറ്റു. (നമ്മുടെ ഷ്റെക്കിന്റെ കഥയിലെ പൂച്ച). ഇംഗ്ലീഷ് സിനിമയിലെ ഫാന്റസി ആനിമേറ്റഡ് കഥകൾ അത്യാവശ്യം നന്നായി കാണാറുള്ളത് കൊണ്ടു എനിക്ക് ഒരുപാടൊരുപാട് ഇഷ്ടമായി.
അന്ന് ഞങ്ങൾ കവർ ചെയ്ത കാഴ്ചകൾ താഴെ ചേർക്കാം ചില കഥകളും വിവരണങ്ങളും. ബാക്കിയുള്ള കഥകൾ വരും ദിവസങ്ങളിലും. ഈ സ്റ്റുഡിയോയെ 6 ആയി തിരിച്ചിരിക്കുന്നു. ഓരോന്നിലും അവരുടേതായ പ്രമേയങ്ങളിൽ ഉള്ള പല ഷോ കളും, കളികളും റൈഡുകളും. ഏറ്റവും ബുദ്ധിമുട്ട് വെയ്റ്റിംഗ് ടൈം തന്നെയാണ്. അതു express പാസ്സ് എടുത്താലും എല്ലാം ഒറ്റ വിസിറ്റിൽ കാണാൻ കഴിയാറില്ല.
1)NewYork, 2)Sci-Fi city, 3)Ancient Egypt, 4)The Lost World, 5)Far Far away, 6) Madagascar. മുമ്പ് പോയവരുടെ റീവ്വൂ കൾ വായിച്ചു ഞങ്ങൾ കാണാൻ പ്ലാൻ ചെയ്തത് ഇതിലേ ചിലത് മാത്രം.ഈ റൈഡുകളും, കൊച്ചു 4 ഡി സിനിമകളും മുഴുവനായി മനസ്സിലാക്കാൻ ഹോളിവുഡ് സിനിമകളും, TV ഷോ കളുമായ പരിചയം നിർബന്ധമാണ്. സ്റ്റാർ വാർസ്, ഹോളിവുഡ് വാക് ഓഫ് ഫെയിം, സെസമേ സ്ട്രീറ്റ് എൽമോ ആൻഡ് ഗ്രോവർ, ഹലോ കിറ്റി, ജുറാസിക് പാർക്ക്, മമ്മീസ്, ഷ്റക്ക്, മഡഗാസ്കർ തുടങ്ങിയ സിനിമകൾ കാണണം. സിനിമ അറിയിലെങ്കിലും നമുക്ക് റൈഡുകൾ അതിന്റെ ഭീകരത കൊണ്ടു ഇഷ്ടപ്പെടാൻ സാധ്യത ഉണ്ട് ട്ടോ.
ആഗ്രഹിച്ച റൈഡുകൾ മുഴുവനായി കവർ ചെയ്യാൻ കഴിഞ്ഞു. കണ്ട സംഭവങ്ങൾ അതി ഗംഭീരമായത് കൊണ്ടു കാണാൻ കഴിയാതെ പോയതിനെ കുറിച്ചു ഓർക്കാൻ പോലും തോന്നുന്നില്ല. നമ്മൾ കണ്ടു സ്നേഹിച്ച സിനിമയിലെ കഥാപാത്രങ്ങൾ നമുക്ക് മുമ്പിൽ ജീവനോടെ വരികയും,ആ സിനിമയിലൂടെ ഒന്നു കൂടി ജീവിക്കുകയും ചെയ്ത പ്രതീതി. എന്താണ് 3D ,4D സിനിമകൾ എന്നത് ഈ സ്റ്റുഡിയോകളിലെ സിനിമകൾ കാണുമ്പോൾ മനസ്സിലാകും. നമ്മളെ സിനിമയുടെ മായാമാന്ത്രിക ലോകത്തു എത്തിച്ചു നമ്മളെ അതിലെ ഒരു കാരക്ടർ ആക്കുന്ന വിസ്മയം.
റോളർ കോസ്റ്റർ റൈഡുകൾ ആ സിനിമയെ അനുസ്മരിപ്പിക്കും വിധം തയ്യാറാക്കി ഇരിക്കുന്നു. ഓരോന്നിനെ കുറിച്ചും ഡീറ്റൈൽ ആയി എഴുതാൻ ഒരുപാട് ഉണ്ട്. ചില റൈഡുകളിൽ കുട്ടികളുടെ നീളത്തിനു അനുസരിച്ച് മാത്രം പ്രവേശനം വന്നതിനാൽ കൂടെ ഒരു ഫാമിലി കൂടി ഉള്ളത്തിന്റെ ഗുണം ശെരിക്കും മനസ്സിലാകും. അതും നമ്മളെ മനസ്സിലാക്കുന്ന കൂടെ നിൽക്കുന്ന നല്ല കൂട്ടുകാർ ആണെങ്കിൽ ബഹുരസവും. ചില റൈഡുകൾ നട്ടെലിനു സർജറി കഴിഞ്ഞവർക്ക് പറ്റാത്തത് കൊണ്ട് ബെൽറ്റ് ഒക്കെ ഇട്ടിട്ടാണ് പോയത്. അതു കൊണ്ടു മാത്രം ഹ്യൂമൻ ആൻഡ് സൈക്ലോൺ; ലോകത്തിലെ തന്നെ ഏറ്റവും പേടിപ്പെടുത്തുന്ന റോളർ കോസ്റ്ററിൽ കയറിയില്ല. കാരണം പിന്നീടുള്ള ദിവസങ്ങളിൽ യാത്ര ദുഷ്കരമായലോ എന്നു കരുതി.
മഴ പെയ്യാതിരുന്നതിനാൽ റൈഡുകൾ ഒന്നും ക്യാൻസൽ ആക്കിയിരുന്നില്ല.രാവിലെ വളരെ നേരത്തെ ഒരു വർക്കിങ് ഡേയിൽ എത്തിയത് കൊണ്ടാണോ എന്നറിയില്ല 5, 10 മിൻ മാത്രമായിരു വെയ്റ്റിംഗ് സമയം. അതു കൊണ്ടു തന്നെ express പാസ്സ് ലാഭിച്ചു. അതില്ലാതെ തന്നെ ഇത്രയും കവർ ചെയ്യാൻ സുഖമായി കഴിഞ്ഞു .ജുറാസിക് പാർക്കിൽ മാത്രമാണ് ഒരു 2 മണിക്കൂർ വെയ്റ്റ് ചെയ്തു നഷ്ടം വന്നത്.അതു ഞങ്ങളുടെ അനിരുത്ഥിനെ കയറ്റില്ല എന്നത് കൊണ്ട് മാത്രം.
സ്ഥലങ്ങൾ എല്ലാം വളരെ അധികം വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു. ഒരു തരി മണ്ണ് പോലും നിലത്തില്ല. 200 ഡോളർ അതായത് ഏകദേശം 10,000രൂപ ആണ് നിലത്തു അലക്ഷ്യമായി വല്ലതും വലിച്ചെറിഞ്ഞാൽ ലഭിക്കുന്ന ഫൈൻ, അതു കാരണം തന്നെയാവണം ഇങ്ങനെ.ഇടക്കിടക്ക് വൃത്തിയാക്കുന്നവരെ പോലും കാണാൻ ഇല്ല എന്നിട്ടും ഇത്രക്ക് നീറ്റ് ആയി സ്ഥലങ്ങൾ ഇങ്ങനെ സൂക്ഷിക്കുന്നതിൽ ആ രാജ്യക്കാര്യടെ സെൻസ് ഓഫ് റെസ്പോൻസിബിലിറ്റി ഒരുപാട് വലുതാണ്.മുക്കിനും മൂലക്കും റീസൈക്കിൾ ചെയ്യാൻ ഉള്ള കൊട്ടകളും വേസ്റ്റ് ബിന്നുകളും.
വെള്ളത്തിന്റെ ഒരു കൊച്ചു ബോട്ടിലിന് 4ഡോളർ അതായത് 212രൂപ. ഒരു ചെറിയ കോൽ ഐസ്ക്രീമിനും ഇത്ര തന്നെ വില. ബോട്ടിൽ കയ്യിൽ ഉണ്ടെങ്കിൽ ഓരോ മുക്കിലും മൂലക്കും വെള്ളം നിറക്കാം. വെള്ളം കുടിക്കാൻ ഉള്ള പൈപ്പിൽ വരുന്നത് നല്ല ശുദ്ധമായ വെള്ളമായതിനാൽ ധൈര്യമായി കുടിക്കാം.നമ്മൾ കഴിച്ചു ശീലിച്ച ഭക്ഷണം അല്ലാത്തത് കൊണ്ടു കുട്ടികൾക്ക് കുറച്ചു ബുദ്ധിമുട്ട് വരാം. ഓരോ റൈഡ് കഴിഞ്ഞും ആ കഥയുടെ ഗിഫ്റ്റ് ഷോപ്പിലേക്കാണ് നമ്മൾ എത്തുന്നത്. ആ ഫുൾ എക്സൈറ്റ്മെൻറ്റിൽ നമ്മൾ വലതും ഒക്കെ വാങ്ങി പോകും.വളരെ നല്ല മാർക്കറ്റിങ് തന്ത്രം. പക്ഷേ ഞങ്ങൾ ആരാ മക്കൾ. എന്റെ ഭർത്താവ് എന്നെയും പിള്ളേരെയും വിളിച്ചു അപ്പൊ തന്നെ അടുത്ത റൈഡിനെ കുറിച്ചു പറഞ്ഞു പുറത്തു ചാടിപ്പിക്കും. ഇല്ലെങ്കിൽ സാധനം വാങ്ങി കാർഡ് തേഞ്ഞേനെ.
വൈകുന്നേരം 7 മണി വരെ അവിടെ ചിലവഴിച്ചു ,ക്ഷീണിച്ചു,തളർന്നു സെന്റോസ എക്സ്പ്രസ്സിൽ വിങ്‌സ് ഓഫ് ടൈം എന്ന ഒരു ലൈറ്റ് ആൻഡ് സൗണ്ട് ഷോക്ക്…. നമ്മുടെ നാട്ടിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോകൾ കണ്ടത് കൊണ്ട് ഇതു സംഭവമാണോ എന്നു മനസ്സിൽ തോന്നാതിരുന്നില്ല .എന്നാലും ഏതായാലും എത്തിയതല്ലേ ഒന്നു കണ്ടേക്കാം എന്നു കരുതി.
സെന്റോസ എകസ്പ്രെസ്സിൽ യൂണിവേഴ്സൽ സ്റ്റുഡിയോസിൽ നിന്നു ഒരു ശാന്ത സുന്ദരമായ ഒരു കടൽ തീരത്തേക്ക് . കുറച്ചു നേരത്തെ എത്തിയത് കൊണ്ടു നല്ല സ്ഥലം കിട്ടി. അവിടെ സ്വച്ഛമായ കുളിർ കാറ്റേറ്റു കിന്നാരം ചൊല്ലുന്ന ചെറു തിരമാലകൾ.ചെറിയ ഒരു ഗാനം എവിടെ നിന്നോ ഒഴുകിവരുന്നു. മനസ്സിനെ ശാന്തമാക്കുന്ന ചെറിയ വെളിച്ചം.ഇരിക്കാൻ മണ്ണ് കൊണ്ടുള്ള ഭിത്തികൾ. അച്ചടക്കത്തോട് കൂടി വലിയ ആർപ്പുവിളികൾ ഇല്ലാതെ നിറയുന്ന ജന സാഗരം. എത്ര ആൾക്കൂട്ടത്തിനു നടുവിലും നമുക്ക് പ്രിയപ്പെട്ടവരെ മാത്രം കണ്ട് നമുക്കായി മാത്രം കിട്ടുന്ന സ്വകാര്യത .ഇതൊക്കെ തന്നെ ഒരുപാട് മനോഹരമാണ് അല്ലെ.പോരാതെ രാത്രി വിശാലമായ ഈ ആകാശത്തു ചെറിയ നക്ഷത്രങ്ങൾ കൂടി കൂട്ടിനുണ്ടെങ്കിലോ.. മനസ്സു നിറയാൻ വേറെ എന്തെങ്കിലും വേണോ…
ഈ ഒരു ബാക്ക് ഡ്രോപ്പിൽ നമുക്കായി കുറച്ചു നിറമുള്ള വെളിച്ചങ്ങളും, ശബ്ദങ്ങളും, ചെറു ചിത്രങ്ങളും കൂടി ഒരു കഥ പറഞ്ഞു തന്നിരുന്നെങ്കിലോ.. നമ്മളെ സമയത്തിന്റെ ചിറക്കിലേറ്റി കാലങ്ങൾക്കു പിറകിലേക്കു കൊണ്ടു പോയിരുന്നെങ്കിലോ…
യുദ്ധവും നഷ്ടങ്ങളും, സിൽക്ക് റൂട്ടും, കടലിന്റെ അടിയിലെ മായാകാഴ്ചകളും , ആഫ്രിക്കൻ കാടുകളും എല്ലാം ചേർന്നു നമ്മുടെ കണ്മുമ്പിൽ തീർക്കുന്ന ഒരു മാസ്മരിക ലോകം ഉണ്ട്. എത്ര പറഞ്ഞാലും വാക്കുകൾക്ക് അതീതമായി നമ്മെ വീണ്ടും വീണ്ടും ആ കാലത്തിലേക്ക്.. സമയത്തിന്റെ യവനികയിലേക്കു തിരിച്ചു പറക്കാൻ പ്രേരിപ്പിക്കുന്ന ഒരു അനുഭൂതി… അതാണ് വിങ്‌സ് ഓഫ് ടൈം അഥവാ സമയത്തിന്റെ ചിറകുകൾ.
ഒരുപാട് കാലം പഴക്കമുള്ള കുറച്ചു പാറക്കല്ലുകൾ കിടക്കുന്ന ഒരു കടൽ തീരത്തേക്ക് രണ്ടു സുഹൃത്തുക്കൾ , റേച്ചലും ഫെലിക്സും എത്തുകയാണ് (ശെരിക്കുമുള്ള 2 ആക്ടർസ് അതിനു ശേഷം അവർ ഈ ഷോയിലേക്കു കയറി പോകും) .ആ കല്ലുകളുടെ അടുത്തേക്ക് ആരും പോകാറില്ല .അവിടെ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട്. പക്ഷേ സഹസികയായ റേച്ചൽ അതു പിടിച്ചു കയറുമ്പോൾ ആ കല്ലുകൾക്കിടയിലേക്കു വഴുതി വീഴുകയാണ്. തന്റെ പ്രിയ കൂട്ടുകാരിയെ രക്ഷിക്കാനായി വളരെ അധികം ഭയം ഉണ്ടെങ്കിൽ കൂടി ഫെലിക്‌സും അവിടേക്ക് എത്തി ചേരുന്നു.
പെട്ടന്നാണ് അതു സംഭവിച്ചത്. ആ കല്ലുകൾക്കതാ രൂപ മാറ്റം സംഭവിക്കുന്നു. അവയ്ക്കിടയിൽ നിന്നു ചരിത്രാതീത കാലത്തെ ഓരോ കൂറ്റൻ സംസാരിക്കുന്ന ആല്ബട്രോസ് പക്ഷി ‘ഷഹബാസ്’ പറന്നുയരുകയാണ്. താൻ 21സെഞ്ചുറി വരെ ഉറക്കമായതിൽ അത്ഭുതപ്പെട്ടു അവരെയും തോളിലേറ്റി തന്റെ വലിയ ചിറകുകൾ വിരിച്ചു സമയത്തിനെ കീറി മുറിച്ചു തന്റെ കാലത്തേക്ക് യാത്ര പുറപ്പെടുകയാണ്. അവരുടെ സാഹസിക യാത്രയുടെ തുടക്കം.നമ്മളുടെ സ്വപ്നത്തിന്റെയും..
സുഹൃത്തുമൊത്ത് , മനോഹരമായ ഭൂപ്രകൃതികളും, കാലഘട്ടത്തിന്റെ നിഗൂഡമായ രഹസ്യങ്ങളിലൂടെയും സഞ്ചരിച്ചു. വ്യാവസായിക വിപ്ലവം, സിൽക്ക് റോഡ് കാലഘട്ടങ്ങൾ, മായൻ പിരമിഡുകൾ, അണ്ടർവാട്ടർ വേൾഡ്, ആഫ്രിക്കൻ വനാന്തരങ്ങൾ ..തുടങ്ങിയവയുടെ കലാരൂപങ്ങളെക്കുറിച്ച് വളരെ കലാപരമായി വിവരിക്കുന്നു. ഷഹബാസിന്റെ സുഹൃത്തുക്കൾ തങ്ങളെക്കുറിച്ച് (ഉല്പത്തിയെ, അവരുടെ പുരോഗതിയെ) കൂടുതൽ കണ്ടെത്തുന്നത് പോലെ, തങ്ങൾ ആരാണെന്നും അവർ കണ്ടെത്തുമോ? കാലത്തിന്റെ പിറകിലേക്ക് നീങ്ങിയ ഇവർക്കു വീട്ടിലേക്കുള്ള വഴി കണ്ടെത്താൻ കഴിയുമോ? യാത്രയുടെ അവസാനത്തിൽ ഫെലിക്സും റേച്ചലും യഥാർത്ഥ സ്നേഹം കണ്ടെത്തുമോ?
എപിക് ഷോ…വാട്ടർ, ലേസർ , ഫയർഇഫക്റ്റുകൾ എന്നിവയുടെ ഒരു ഭീതിദമായ പ്രദർശനം, അതിശയകരമായ സംഗീതവും അതി ഗംഭീരമായ ഉജ്ജ്വലതയോട് കൂടിയ പനോരമയും. തുറന്ന കടലിൽ സജ്ജീകരിച്ചിരിക്കുന്ന ലോകത്തിലെ ഒരേയൊരു സ്ഥിരമായ നൈറ്റ് ഷോയാണ് ഇതു.
ലോകമെമ്പാടുമുള്ള 25 വർഷക്കാലം മൾട്ടിമീഡിയപ്രദർശനങ്ങൾ സൃഷ്ടിക്കുകയും വികസിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന , അവാർഡ് നേടിയ ഫ്രഞ്ച് ഷോ കമ്പനിയായ ECA 2 സെന്റോസയുമായി ചേർന്നാണ് വിങ്സ് ഓഫ് ടൈം സൃഷ്ടിച്ചത്.20 മിനിറ്റ് ദൈർഘ്യമുള്ള സമകാലിക കഥാഖ്യാവിഷയം നമ്മുടെ മുമ്പിൽ അവതരിപ്പിക്കപ്പെടുമ്പോൾ , ധൈര്യവും, നിഗൂഢതയും മാന്ത്രികതയുമുള്ള സമയത്തിന്റെ, കാലത്തിന്റെ ഇതിഹാസ ചിറകുകൾ നമ്മളെ സീറ്റിൽ തന്നെ പിടിച്ചിരുത്തുന്നു. സമയംകൊണ്ട് പല വിചിത്രമായ വിസ്താരങ്ങളിലൂടെ ഒരു മാന്ത്രിക സാഹസികത നമ്മളെ നമ്മൾ അറിയാതെ ആവരണം ചെയ്യുന്നു.
സൗന്ദര്യം നിറഞ്ഞ സംവിധാനം, വെള്ളം, പ്രൊജക്ഷൻ മാപ്പിങ്, വർണശബളമായ ലേസർ ഇമേജുകളുടെ സഹായത്തോടെ വിവരിക്കുന്ന സൗഹൃദത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും ധീരതയുടെയും ഈ മാന്ത്രികത നിറഞ്ഞ കഥക്ക് കടലിന്റെ ലളിതമായ പശ്ചാത്തലവും പിരമിഡ് പോലുള്ള കെട്ടിടങ്ങളുടെ ഒരു പരമ്പരയും ഫലപ്രദമായി ഉപയോഗിചിരിക്കുന്നു. അവയിൽ നിറം, മിസ്റ്റിക്കൽ വാട്ടർ ജെറ്റുകൾ, ജലധാരകൾ, ജ്വാലകൾ, തീപ്പന്തങ്ങൾ, ലേസർ ലൈറ്റുകൾ , അതിശയകരമായ സംഗീതം ഇവ പല വൈകാരിക മുഹൂർത്തങ്ങളെയും ഇളക്കിവിടും. രാത്രിയിൽ പ്രദർശനം നടക്കുന്നതിനാൽ, സാവധാനം ഇരുണ്ട ആകാശം, കഥയുടെ തിയറ്ററുകൾ മനോഹരമായ ലൈറ്റുകളുടെ ഇഫക്റ്റുകളും പൈറേറ്റനിസവും കൂടി ഒരു മൾട്ടി സെൻസറി അപ്പ്രോച്ച് ആണിത്.
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ മനസ്സുനിറക്കുന്ന ഒരു അത്ഭുതഷോ…..
അതു കണ്ടു മനസ്സു നിറഞ്ഞു പുറത്തു സെന്റോസ എകസ്പ്രെസ്സിൽ കയറിയപ്പോളാണ് വയറു നിറയാത്ത കാരണം ഓർത്തത്. വിവോ സിറ്റിയിൽ ഇറങ്ങി നേരെ മുമ്പിൽ കണ്ട ഒരു മാളിൽ കയറി. എന്തൊരു ആശ്വാസം …ദേ നമ്മുടെ ശരവണൻ. അതേ ശരവണ ഭവൻ..ദോശയുടെ ആർമാധിക്കുന്ന മണം.. ഒന്നും ഓർത്തില്ല പോരട്ടെ 4പ്ലേറ്റ്.. ബാക്കി പിന്നെ. ഒരു വട,കുറച്ചു ഉപ്പുമാവ്, കുറച്ചു കേസരി ഒരു കൊച്ചു ദോശ.. എല്ലാം കൂടി 12ഡോളർ അതായത് 636രൂപ. ശോ ഞാൻ കണക്ക് കൂട്ടി മടുത്തു.
ഒന്നും കഴിക്കില്ല എന്നു മുദ്രകുത്തപ്പെട്ട മക്കൾ അന്ന് അതു മുഴുവനും കഴിച്ചു ഇനിയും ഉണ്ടോ എന്ന ഭാവത്തിൽ ഒരു നോട്ടം.ഇല്ലേലും വീടുവിട്ടിറങ്ങിയാ അങ്ങനെ അല്ലേ. അപ്പോഴേക്കും ശരവണ ഭവനും മറ്റു ഭവനുകളും എല്ലാം ക്ലോസ്.സമയം 11 മണിയോടടുത്തു. എനിക്കാണങ്കിൽ വിശന്നിട്ടു നോ രക്ഷ. അവസാനം അവിടം മുഴുവൻ മണ്ഡി നടന്നു ഒരു കൊറിയൻ ഭക്ഷണം ‘കിംച്ചി ഫ്രൈഡ് റൈസ് ‘ കിട്ടി. ഇങ്ങോട്ടു കടിക്കാത്തത് കൊണ്ടു ദൈര്യമായി ഞാനും ഭർത്താവും കൂടി അതിനെ പങ്കിട്ടു.അതിലെ മുട്ട മുക്കാലും ഞാനും എടുത്തു. ഫോട്ടോ ഒന്നും പിടിച്ചില്ല.വിശപ്പ് കാരണം അതങ്ങു വയറ്റിൽ എത്തിയിരുന്നു.
അതു കഴിഞ്ഞു പുറത്തു ഉഷാറായി ഇറങ്ങിയ ഞങ്ങൾ 4 വരും അവിടുത്തെ മാസ്കോട്ട് (ഭാഗ്യം കൊണ്ട് തരുന്ന) ടോയ്‌സിനെ കണ്ടു.2006ൽ Michael “PunchMan” ചുംഗ്, പഞ്ച് ബഡീസ് എന്ന പേരിൽ ഇറക്കിയ പല നിറങ്ങളിലുള്ള ടോയ്‌സ്.രാവിലെ നേരത്തു ഇവർ നമ്മളെ ഗ്രീറ്റ് ചെയ്യാൻ വരാറുണ്ട്. വിവോസിറ്റി സന്ദർശിക്കുന്നവർക്ക് പരിചിതമായ ചില മുഖങ്ങൾ. അപ്പൊ അവിടെയും വിടാതെ പോട്ടം പിടിച്ചു നേരെ ഹാർബർ ഫ്രണ്ട് MRT യിൽ നിന്നു ഔട്ട്റാം സ്റ്റേഷനിലേക്ക്. ലിഫ്റ്റ് ഇറങ്ങി നേരേ ഡോർസെറ്റ് ഹോട്ടലിൽ 214 ലോഫ്ട് റൂമിലേക്ക്. കണ്ട കാഴ്ചകളുടെ ഭാരവും, കാലുകളുടെ ക്ഷീണവും എല്ലാമായി കിടന്നതേ ഓർമയുള്ളൂ. സമയത്തിന്റെ ചിറകിലേറി നാളെ ജുറോങ് ബേർഡ് പാർക്ക്, zoo, നെറ്റ് സഫാരി, റിവർ സഫാരി, പാണ്ടയെ കാണൽ, ആൻഡ് ക്രീഛേർസ് ഓഫ് നെറ്റ് ഷോ എന്നിവക്ക് പോകണം.
രാവിലെ എഴുന്നേൽക്കുമ്പോൾ കൂട്ടായി എത്തിയ ചെറിയ ക്ഷീണത്തെ അതിജീവിച്ചു, കോണ്ടിനെന്റൽ ബ്രേക്ക്ഫാസ്റ്റും കഴിച്ചു MRT മുഖേന വേഗം ഞങ്ങൾ ബസ് ഹബ്ബിൽ എത്തി. പോകാൻ ഉള്ള സ്ഥലത്തിന്റെ കൃത്യമായ നമ്ബർ രേഖപെടുത്തിയ ടിക്കറ്റ് വാങ്ങി ബസ്സിൽ ഞങ്ങൾ ജുറോങ് ബേർഡ് പാർക്കിലേക്കു. നമ്മുടെ സ്വന്തം KSRTC യെ ഓർക്കാതിരുന്നില്ല. ആകെ ഒരു ഡ്രൈവർ ഉണ്ട് ഇവിടെ ബസ്സിൽ. പ്രൈവറ്റ് ബസ്സുകളിലെ പോലെ ഒരു കണ്ടക്ടർ, 2 കളീനർ, ഒരു ചെക്കർ ഒന്നും ഇല്ല. വലിയ സംസാരം ഇല്ല. നമ്മുടെ കാർഡ് അവിടെയുള്ള ഇലക്ട്രോണിക് റീഡിങ് മെഷീനിൽ മാർക് ചെയ്തിരിക്കും. ആവശ്യമുള്ള സ്റ്റോപ്പുകളിൽ നിർത്തുമ്പോൾ ഇറങ്ങാം.
ബേർഡ് പാർക്ക് എന്നതിനേക്കാൾ ഒരു കൊച്ചു കാട്ടിൽ എത്തിയ അവസ്‌ഥ. ഞങ്ങളുടെ ടിക്കറ്റുകൾ പരിശോധിച്ചു കൈയ്യിൽ സ്റ്റാമ്പ് ആക്കി അതിനെ മാറ്റി.
അകത്തു കടന്നതേ കണ്ടത് വലിയ ഒരു കപ്പലിന്റെ ആകൃതിയിൽ പണിത ശീതീകരിച മുറിക്കുള്ളിൽ പെൻഗിനുകളെ ആണ്. കണ്ടു കഴിഞ്ഞു ട്രാം എടുത്തു ഓരോ സ്റ്റോപ്പിലേക്കും. അവർ പക്ഷി സംരക്ഷണത്തിനായി നടത്തിയ ചെറിയ വീഡിയോകൾ നമ്മൾ വരി നിൽക്കുമ്പോൾ കാണാം. കാൻസർ ബാധിച്ച ഹോർണബില്ലിന് ആർട്ടിഫിഷ്യൽ കൊക്ക് വെച്ചു കൊടുക്കുന്നു, അവക്ക് ഭക്ഷണം കൊടുക്കുന്നു, തുടങ്ങിയവ. ഓരോ ട്രാമിലും കയറി അടുത്തുള്ള പക്ഷി കൂടാരങ്ങൾ സഞ്ചരിച്ചു അടുത്ത ട്രാമിൽ അടുത്ത സ്റ്റോപ്പിലേക്ക്.
പക്ഷികളെ തുറന്ന അന്തരീക്ഷത്തിൽ പാർപ്പിച്ച ഒരു ഫീൽ ഉണ്ട്. അവരുടെ കൂടുകളുടെ അതിരുകൾ നമ്മൾക്കും കാണാൻ കഴിയില്ല. നമുക്ക് അവരുടെ കൂട്ടിലേക്ക് പ്രവേശിക്കാം എന്നുള്ളത് കൊണ്ടും, അവരുടെ സ്വാഭാവിക ആവാസ വ്യവസ്ഥയെ ധ്വനിപ്പിക്കുമാര് ഒരു കൊച്ചു കാട് അതിനുള്ളിൽ പണിതത്തിനാലും നമ്മൾ കൂട്ടിലകപ്പെട്ട തോന്നൽ നമുക്കു ഉണ്ടാകില്ല. അതു തന്നെ പക്ഷികൾക്കും. ഓരോ പക്ഷിക്കും കാലിൽ ഒരു കൊച്ചു bracelet ഉണ്ട്. അതിനാൽ തന്നെ ഇലക്ട്രിക്ക് ഫെൻസിനപ്പുറം അവർക്ക് പറക്കാൻ ആകില്ല എന്നതായിരിക്കും അവർ ആ ഒരു സ്ഥലത്തു തന്നെ നിൽക്കാൻ കാരണം എന്ന് കരുതുന്നു.
ലോറി ലോഫ്ട് എന്ന ഇനം പക്ഷികൾക്ക് ഒരു കപ്പിൽ കുറച്ചു ഭക്ഷണവും ആയി എത്തിയാൽ അവ നമ്മളെ വിടാതെ പിന്തുടരും. അവയെ തൊട്ടാൽ കൊത്തും കിട്ടും(അനുഭവം ഗുരു). ഒരു പക്ഷിക്കു എന്നോടുള്ള സ്നേഹം കൂടി തലയിൽ വരെ കയറിയിരുന്നു. കുറച്ചു മുടി അതിന്റെ കാലിൽ പിണഞ്ഞപ്പോൾ കളി കാര്യമായി എന്നു തോന്നാതിരുന്നില്ല. തലക്ക് 4 കൊത്തു കിട്ടിയാൽ തീർന്നു.അതിനെ വേഗം പറത്തി വിട്ട് അടുത്ത പക്ഷിക്കടുത്തേക്കു.
പാർക്കിനകത്തു ഒരു കൊച്ചു വെള്ളച്ചാട്ടം ഉണ്ട്. ജുറോങ് മലനിരകളുടെ ഒരു വലിയ പീക്കിനെ ഉപയോഗിച്ചു കെട്ടി പടുത്ത വലിയ ഒരു വെള്ളച്ചാട്ടം. വാട്ടർ ഫാൾ ഏവീയറി . ശെരിക്കും നമ്മൾ കാട്ടിനുള്ളിൽ എത്തി പെട്ട പോലത്തെ അന്തരീക്ഷം.
ഈ പക്ഷികളുടെ സാധാരണ ഉള്ള ആവാസ സ്ഥലങ്ങൾ എന്തു മനോഹരം. മനുഷ്യന്റെ അമിതമായ കടന്നു കയറ്റത്തിന്റെ സൂചികയായി ഇവരെല്ലാം വലിയ രീതിയിൽ ഇന്ന് വംശനാശം നേരിടുകയാണ്.
ട്രെയിൻ ചെയ്യപ്പെട്ട ഹോർണബില്ലുകളുമായി കൊച്ചു സംസാരം, പക്ഷികൾക്ക് തീറ്റ കൊടുക്കൽ, ഒറ്റ കാലിൽ നിൽക്കുന്ന ഫ്ലെമിഗോകൾ , പെല്ലിക്കൻസ്, ബേർഡസ് ഓഫ് പ്രേ എല്ലാം കണ്ടു എത്തിയത് ബേർഡ് ഓഫ് പ്ലേയ് എന്നു പേരിട്ടിട്ടുള്ള കളിസ്ഥലത്തേക്കാണ്. ഒരു കൊച്ചു വെള്ളത്തിൽ കളി.വെള്ളം കണ്ടതും കുട്ടികൾ രണ്ടും അതിൽ ചാടി. അതിൽ നിന്നു പിടിച്ചു കൊണ്ടുവരാൻ ആയിരുന്നു പണി. പോരണ്ടേ…
പക്ഷികളെ നല്ല സ്നേഹമുള്ളവർക്കും, സമയം എടുത്തു എല്ലാം വായിച്ചു സാവകാശത്തിൽ അനന്ദിച്ചു നടന്നു വരാൻ സമയമുള്ളവർക്കും വളരെ നല്ല ഒരു അനുഭവമാണ്. കൂടിനകത്തേക്കു കയാറുമ്പോളും ഇറങ്ങുമ്പോളും ഉള്ള സാനിറ്റൈസർ ഉപയോഗം അനാവശ്യ അസുഖങ്ങളിൽ നിന്നും നമ്മെ രക്ഷിക്കും. പക്ഷികൾക്ക് വരെ നല്ല വൃത്തിയാണെന്നാ തോന്നുന്നത്. അവിടെയും ഇവിടെയും ഒരു പക്ഷിപോലും കാഷ്ടിച്ചിട്ടത് കാണാൻ സാധിച്ചില്ല. എത്ര കുറച്ചു പക്ഷികളെ ഉള്ളു വെങ്കിൽ കൂടി അവർക്ക് വേണ്ടി മനോഹരമായ ഒരു ഇടം നല്ല പ്ലാനിംഗ് കൊണ്ടു ഒരുക്കിയിരിക്കുന്നു. നമ്മുടെ നാട്ടിലും ഇതു പോലെ സുഖമായി ഒരുക്കാം,പക്ഷെ മെനകേടണം എന്ന തോന്നൽ ആണ് ഉണ്ടായത്.
ഉച്ചക്കുള്ള ഭക്ഷണവും വിശപ്പിന്റെ വിളികാരണം ഒരാൾക്ക്15 ഡോളർ എന്ന കണക്കിന് വാങ്ങിയ ബിരിയാണിയിൽ ഒതുക്കി. പക്ഷികളെ കണ്ടു, കൊച്ചു വാട്ടർ പാർക്കിൽ കളിച്ചു ക്ഷീണിച്ചു, ഭക്ഷണവും കഴിച്ചു അവിടെ നിന്നു വേഗം എത്തിയത് സിംഗപ്പൂർ zooവിലേക്കാണ്. അവിടവിടെയായി ഉണ്ടാക്കി വെച്ച ഹിപ്പോയുടെയും, കരടിയുടെയും, ആമയുടെയും, കങ്കാരുവിന്റെയും പല മൃഗങ്ങളുടേയും രൂപങ്ങൾ തന്നെ ഒരു അട്രാക്ഷൻ ആയിരുന്നു.
ഡ്രാഗൻസ് ആൻഡ് beasts ഒരു വ്യത്യസ്തമായ കാഴ്ച്ച സമ്മാനിച്ചു. ഗെയിം ഓഫ് ത്രോൺസിലെ രൂപങ്ങൾ. പക്ഷേ അതിന്റെ ഒറ്റ എപ്പിസോഡ് പോലും കാണാതത് കൊണ്ടു ഏതു ഡ്രാഗൺ എപ്പോ വന്നു എന്ന് ചോദിച്ചാൽ ഞാൻ മേലോട്ടു നോക്കും. അത്രയേ ഉള്ളു. പിന്നെ ചെടികൾക്കിടയിൽ ഒളിച്ചിരിക്കുന്ന രീതിയിൽ ഒരുക്കിയിരിക്കുന്ന 2 തലയുള്ള ഡ്രാഗൺ, വായിൽ നിന്ന് തീയും പുകയും വമിക്കുന്ന ഘോര ശബ്ദം പുറപ്പെടുവിക്കുന്ന ഡ്രാഗൺ, ഒറ്റകണ്ണൻ ഡ്രാഗൺ തുടങ്ങിയ കാഴ്ചകൾ കുട്ടികൾക്ക് വളരെ അധികം രസിച്ചു.
നമ്മുടെ നാട്ടിലെ തൃശൂർ ആൻഡ് തിരുവനന്തപുരം സൂ കണ്ടത് കൊണ്ടാണോ എന്നറിയില്ല ഒരുപാട് സ്ഥലം എടുത്തു ആ മൃഗങ്ങളുടെ ആവാസ വ്യവസ്ഥയോട് യോജിക്കുന്ന തരത്തിൽ, കുറങ്ങൻമാർക്കൊക്കെ തൂങ്ങി ആടാൻ വള്ളികൾ വരെ വെച്ചു കൊടുത്തു വളരെ നല്ല രീതിയിൽ zoo സജ്ജമാക്കിയിരിക്കുന്നു. പിഗ്മി ഹിപ്പോ, ഒരാങ്ങോട്ടാൻ, കങ്കാരൂ തുടങ്ങിയ വയെ ഒക്കെ ആദ്യമായി കണ്ടത് ഇന്നാണ്. കാംഗരൂ ചാടി പോകില്ലേ എന്നു സംശയിക്കാമെങ്കിലും അവരുടെ കൂടു വളരെ വലിയ സ്ഥലതായതിനാൽ ഇല്ല എന്നു പ്രതീക്ഷിക്കാം.
പക്ഷികളെയും, റാകൂണുകളെയും, പല നിറത്തിലുള്ള ചിത്ര ശലഭങ്ങളും എല്ലാത്തിനേയും തരം തിരിച്ചു ഒന്നിച്ചു പാർപ്പിച്ചിരുക്കുന്നു.നമ്മൾ നടന്നു പോകുമ്പോൾ ജുറാസിക് പാർക്ക് സിനിമയിലെ പോലെ ഒരു ഫീൽ.ശെരിക്കും ഇവരുടെ കാട്ടിൽ അകപ്പെട്ട പോലെ. മരങ്ങളും ചെടികളും ഒക്കെ ആയി. അതിന്റെ ഇടക്കൊക്കെ പല പക്ഷി മൃഗാദികളും ഉണ്ട് താനും നമ്മളും അവർക്കൊപ്പം ജീവിക്കുന്നു എന്നു തോന്നും. എന്നിട്ടും നമ്മുടെ പ്രവർത്തികൾ കാരണം ആ പാവം ജീവികൾ വംശനാശം അനുഭവപ്പെടുന്നു. അതൊക്കെ മനസിനെ ഇരുത്തി ചിന്തിപ്പിക്കുന്ന കാര്യങ്ങളാണ്.
Kapok tree : മരിച്ചു കഴിഞ്ഞവർ 60m കൂടുതൽ നീളം വെക്കുന്ന ഈ മരത്തിൽ കയറി സ്വർഗത്തിൽ എത്തും എന്നും. മരിച്ച ചിലരുടെ ആത്മാവ് ഇന്നും ഈ വൃക്ഷത്തിൽ ആവസിക്കുന്നു എന്നും മായൻ കാലഘട്ടത്തിലെ ആൾക്കാർ വിശ്വസിച്ചു പോന്നിരുന്നു. 1972ൽ ഈ zoo തുറക്കും മുമ്പ് അവരുടെ വിശ്വാസം ആയി കോർത്തിണക്കി ഇവിടെ പ്ലാന്റ് ചെയ്ത ഒരു വൃക്ഷമാണ് കപോക് മരം. ഇപ്പോ അത്യാവശ്യം വലിപ്പം ഉണ്ട്. ആത്മാക്കളെ കാണാൻ ഒത്തില്ല ട്ടോ.
River Ganga : ഇന്ത്യയിലെ മഹാനദിയെക്കുറിച്ച്, പുണ്യ നദിയെക്കുറിച്ച്, അതിന്റെ മഹിമയെ കുറിച്ചു, അതു നശിപ്പിക്കുന്നതിനേയും, മോശമാക്കുന്നതിനേയും അതു സംരക്ഷിക്കേണ്ടതിന്റെയും ആവശ്യകതയെ കുറിച്ചു ആദ്യമായി ഒരിടത്തു കണ്ടത് ഈ സൂ വിലാണ്. ഒരു ഗ്ലാസ്സ് വെള്ളം വരെ പൈസ കൊടുത്തു ഇമ്പോർട് ചെയ്യണ്ട അവസ്ഥയിൽ നിന്നു ഇത്ര മനോഹരമായി വെള്ളം പല വിധത്തിൽ ഉപയോഗിച്ചു ശുദ്ധമായ വെള്ളം അവിടവിടെ ഉള്ള ടാപ്പുകളിൽ കൂടി വരുന്ന വളരെ നല്ല സമ്പ്രദായം കൊണ്ടു വന്ന സിംഗപ്പൂർകാർക്ക് വെള്ളത്തിന്റെ അത്യാവശ്യത്തെ കുറിച്ച് നല്ല വണ്ണം അറിയാം. അല്ലെങ്കിലും കണ്ണുള്ളപ്പോൾ അതിന്റെ വില അറിയില്ലല്ലോ. നമ്മൾ നഷ്ടപ്പെടുത്തുന്ന സൗഭാഗ്യങ്ങളെ കുറിച്ചുള്ള ഒരു കൺ തുറക്കൽ ആയിരുന്നു ഈ യാത്ര.
ഇതു കഴിഞ്ഞതും ഓടി എത്തിയത് റിവർ സഫാരിക്കാണ്.അവിടെ അനിരുത്ഥിന്റെ നീളം ഒരു പ്രശ്നമായത് കൊണ്ടു കയറ്റിയില്ല. അതു കൊണ്ടു ആരും കയറിയില്ല.പിന്നെ ചുമ്മാ ഒരു റിവർ റൈഡിൽ പോയി. നല്ല കാറ്റും, വൃത്തിയുള്ള പുഴയും. അതിനു ശേഷം അക്വാറിയം. വളരെ വലിയ അക്വാറിയം ആയതിനാൽ നമ്മൾ കടലിനടിയിൽ എത്തിയ പോലെ. നമുക്ക് ചുറ്റും ചെറുത്തും, വലുതുമായ പല നിറങ്ങളിൽ ഉള്ള ഒട്ടനവധി മൽസ്യങ്ങളും. ആദ്യമായി കാണുന്നവർക്ക് തീർത്തും മനസ്സു നിറക്കുന്ന കാഴ്ചകളായിരുന്നു ഇത്.
Night safari : ഒരു ചെറിയ ട്രാമിൽ ഇരുണ്ട വെളിച്ചത്തിൽ മൃഗങ്ങളെ കാണാൻ പോവുക. ചിലതു ഉറക്കമാവും,ചിലത്തു മുരണ്ടു നടക്കുന്നുണ്ടാവും, ചില മാനുകൾ കൂട്ടം കൂട്ടമായി നമുക്കറിലേക്കു വരുന്നുണ്ടാവും. ദൂരെ സിംഹങ്ങളും, തൊട്ടടുത്തു കൂട്ടിൽ അങ്ങോട്ടും ഇങ്ങോട്ടും മുരണ്ടു നടക്കുന്ന കടുവയും.അങ്ങനെ പലതും.ഫ്ലാഷ് ഉപയോഗിക്കാതെ അത്ര മനോഹരമായ ഫോട്ടോസ് കിട്ടാത്തത് കൊണ്ടു അധികം എടുക്കാൻ പറ്റിയില്ല.
Creatures of night : ഇതിനു ശേഷമാണ് രാത്രി മൃഗങ്ങളെ വെച്ചുള്ള ക്രീചേർസ് ഓഫ് നെറ്റ് ഷോയ്ക്കു എത്തിയത്. യാമിനി എന്ന ആങ്കറുടെ പ്രെസെന്റേഷൻ വളരെ മനോഹരമായിരുന്നു. മൂങ്ങകളും, ഓപ്പോസവും, ഹൈനയും എല്ലാം കൂടി ഒരു ചെറിയ കഥ അവതരിപ്പിച്ചു. പെട്ടന്നാണ് ഒരു മൃഗം ചാടിപ്പോയത്. ഞങ്ങളുടെ കാലിന്റെ അടിയിൽ ഒക്കെ ചെക്ക് ചെയ്യാൻ പറഞ്ഞു. അവസാനം രണ്ടു ആൾക്കാരെ തിരഞ്ഞെടുത്തു അവർ പോയി കൊണ്ടു വന്നു. ഒരു വലിയ പെരുമ്പാമ്പ്. അതു അവരുടെ ഒരു നമ്പർ ആയിരുന്നു. പക്ഷെ നമ്മളെ അതു ഷോയിൽ പിടിച്ചിരുത്തി.
അവർ കാണിച്ച ഷോയിൽ മൃഗങ്ങൾ വരെ use, reuse, recycle എന്ന മന്ത്രത്തിൽ ജീവിക്കുന്നു. എന്നിട്ടും നമ്മൾ എന്തു കൊണ്ട് അത് ചെയ്യുന്നില്ല? നമ്മുടെ വീട്ടിലെ പ്ളാസ്റ്റിക് മാലിന്യങ്ങൾ, ഭക്ഷണ വേസ്റ്റുകൾ തുടങ്ങിയവ നമ്മൾ സോർട് ചെയ്തു സംസ്കരിച്ചാൽ അല്ലെങ്കിൽ അതിനെ രൂപ മാറ്റം വരുത്തി ഉപയോഗിച്ചാൽ എന്തു മാത്രം ഈ ലോകം രക്ഷപെടും. വളരെ അധികം ഇൻസൈറ്റ് തരുന്ന ഒരു പ്രോഗ്രാം.
അതിനു ശേഷം Thumbukar perfomance. അവരുടെ നേറ്റീവ് ട്രൈബൽസ് ഫ്രം ബോർണിയോ. തീ കഴിക്കുന്ന, നൃത്തം വെക്കുന്ന ഒരു കൂട്ടം ഒറിജിനൽ ട്രൈബൽസ് എന്ന രീതിയിൽ ഒരു പരമ്പരാഗത മ്യൂസിക്കിന് നൃത്തം വെക്കുന്ന ചിലർ . നിർബന്ധമായും കാണേണ്ടതല്ലെങ്കിൽ കൂടി രസം ഉണ്ടായിരുന്നു. അതും കണ്ടിറങ്ങി നേരെ റൂമിൽ പോയി ക്റാഷ് ചെയ്തു .