കേരള സര്‍ക്കാര്‍ പൊതുഗതാഗത ശാക്തീകരണത്തിന് ‘അനസ്യൂതയാത്ര കൊച്ചി’ എന്ന ബൃഹത്പരിപാടിയുടെ ഭാഗമായി കൊച്ചിയില്‍ ആരംഭിച്ച ‘സ്മാര്‍ട്ട് ബസ് പദ്ധതി’യ്ക്ക് കേന്ദ്ര സര്‍ക്കാറിന്റെ പുരസ്‌ക്കാരം.
കേന്ദ്ര നഗര-ഭവന മന്ത്രാലയം വര്‍ഷന്തോറും നടത്തി വരുന്ന അര്‍ബന്‍ മൊബിലിറ്റി ഇന്ത്യ കോണ്‍ഫ്രന്‍സില്‍ മികച്ച നഗര ബസ് സേവന പദ്ധതിയ്ക്കുള്ള പുരസ്‌ക്കാരമാണ് സ്മാര്‍ട്ട് ബസ് പദ്ധതിയ്ക്ക് ലഭിച്ചത്.
വിവിധ സംസ്ഥാനങ്ങളില്‍ നടത്തി വരുന്ന പൊതുഗതാഗത സംരഭങ്ങളില്‍ സ്തുത്യര്‍ഹ സംരഭം എന്ന നിലയിലാണ് ഈ അവാര്‍ഡ്. നവംബര്‍ 17-ന് ലക്നൗവില്‍ വെച്ച് നടന്ന അര്‍ബന്‍ മൊബിലിറ്റി കോണ്‍ഫ്രറന്‍സിന്റെ സമാപന സമ്മേളത്തില്‍ വെച്ച് പുരസ്‌ക്കാരം ഏറ്റുവാങ്ങി.
2017-ലാണ് സംസ്ഥാന സര്‍ക്കാര്‍ പൊതുഗതാഗത ശാക്തീകരണത്തിന് വിവിധ മാര്‍ഗ്ഗങ്ങള്‍ പരീക്ഷാണാടിസ്ഥാനത്തില്‍ കൊച്ചിയില്‍ ആരംഭിക്കുന്നതിന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനെ ചുമതലപ്പെടുത്തുകയും അതിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയിലെ 1000 ത്തോളം ബസ്സുകളെ സേവന മേഖല തിരിച്ച് ഏഴ് ബസ് കമ്പനികളാക്കി സ്മാര്‍ട്ട് ബസ് പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്.
എല്ലാ ബസ്സുകളിലും ജി.പി.എസ് അധിഷ്ഠിത വെഹിക്കിള്‍ ട്രാക്കിംഗ് സംവിധാനവും യാത്രാ ആസുത്രണ ആപ്ലിക്കേഷനും പ്രാവര്‍ത്തികമാക്കുകയും ചെയ്തു. കൂടാതെ എല്ലാ യാത്രയ്ക്കും ഒരേ യാത്രാക്കാര്‍ഡ് എന്ന നിലയില്‍ കൊച്ചി മെട്രോയില്‍ ഉപയോഗിക്കുന്ന ‘കൊച്ചി വണ്‍ കാര്‍ഡ്’ ബസ്സുകളിലേക്ക് വ്യാപിപ്പിച്ചു.
നിലവില്‍ കൊച്ചിയിലെ 150 ബസ്സുകളില്‍ കൊച്ചി വണ്‍ കാര്‍ഡ് സംവിധാനം സ്വീകരിക്കും വിധമുള്ള ഇലക്ട്രോണിക് ടിക്കറ്റിംഗ് മെഷീന്‍ ലഭ്യമാക്കി. ഈ ബസ്സുകള്‍ യാത്രാസൗഹൃദമാക്കുന്നതിനായി യാത്ര വിവര സഹായസംവിധാനം എന്ന നിലയില്‍ ബസ്സിനുള്ളില്‍ സ്‌ക്രീന്‍ ഘടിപ്പിക്കുകയും അതിലൂടെ യാത്രികര്‍ക്ക് തല്‍സമയ വാര്‍ത്തകളും റോഡ് സുരക്ഷ അറിയിപ്പുകളും യാത്രാവിവരണങ്ങളും നല്‍കി.
ബസ്സിനുള്ളിലും പുറത്തും ഓരോ നിരീക്ഷണ ക്യാമറകള്‍ ഘടിപ്പിച്ച് സുരക്ഷാ സംവിധാനം ശക്തമാക്കി. ബസ് യാത്രയുടെ മുഴുവന്‍ വിവരങ്ങളും ബസ് ഉടമസ്ഥനും പോലീസിനും തല്‍സമയം ലഭ്യമാക്കുന്ന സംവിധാനം ഏര്‍പ്പെടുത്തി. കാര്‍ഡ് ഉപയോഗിക്കുന്ന ബസ് യാത്രികര്‍ക്ക് അഞ്ച് ശതമാനം ഇളവ് ലഭ്യമാക്കി. ഈ സംവിധാനം കൊച്ചിയിലെ കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെ മുഴുവന്‍ ബസ്സുകളിലേക്കും ബോട്ടുകളിലേക്കും ഓട്ടോറിക്ഷകളിലേക്കും വ്യാപിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.
കൊച്ചി വണ്‍ കാര്‍ഡ് നിലവില്‍ യാത്രയ്ക്കും ഷോപ്പിംഗിനും ഇളവുകളോടെ ഉപയോഗിക്കാന്‍ കഴിയുന്നു. ഇതേ പോലെ കേരളത്തിലെ എല്ലാ അനുബന്ധ ആവശ്യങ്ങള്‍ക്കും ഒറ്റകാര്‍ഡ് എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നു. യാത്രയ്ക്കും ഷോപ്പിംഗിനും ഉപയോഗിക്കുന്ന കാര്‍ഡ് തന്നെ ഡ്രൈവിംഗ് ലൈസന്‍സിനായി ഉപയോഗിക്കാന്‍ പറ്റും വിധമുള്ള ഗോഡ്സ് ഓണ്‍ കണ്‍ട്രി ട്രാന്‍സിറ്റ് കാര്‍ഡ് (GOT) കൊണ്ടു വരുന്നതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു.
കടപ്പാട് – AK Saseendran, ഗതാഗതമന്ത്രി.