അന്തർ സംസ്ഥാന സ്വകാര്യ ബസ് ഓപ്പറേറ്റർമാരുടെ കുത്തക അവസാനിപ്പിക്കുവാനായി കെഎസ്ആർടിസിയ്ക്കൊപ്പം ഇന്ത്യൻ റെയിൽവേയും രംഗത്ത്. ബെംഗളുരുവിലേക്ക് സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ് ഓപ്പറേറ്റർമാർ യാത്രക്കാരെ വെല്ലുവിളിച്ചുകൊണ്ട് നടത്തുന്ന അക്രമങ്ങൾക്കും അമിത ചാർജ്ജുകൾക്കും തിരിച്ചടി കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇപ്പോൾ ഇങ്ങനെയൊരു ട്രെയിൻ സർവ്വീസ് ഇന്ത്യൻ റെയിൽവേ ആരംഭിക്കുന്നത്. തിരുവനന്തപുരം കൊച്ചുവേളിയിൽ നിന്നും ബെംഗളൂരു കൃഷ്ണരാജപുരത്തേക്കാണ് സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുക. ഞായറാഴ്ചകളിലായിരിക്കും ഈ സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുന്നത്.
കൊച്ചുവേളിയിൽ നിന്നും ഞായറാഴ്ചകളിൽ വൈകുന്നേരം അഞ്ചു മണിയ്ക്ക് പുറപ്പെടുന്ന ഈ സുവിധ ട്രെയിൻ (Train No 82644) പിറ്റേദിവസം രാവിലെ 8.40 നു കൃഷ്ണരാജപുരത്ത് എത്തുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. വൈകുന്നേരം 5 മണിയ്ക്ക് കൊച്ചുവേളിയിൽ നിന്നും യാത്രയാരംഭിക്കുന്ന ഈ ട്രെയിൻ കൊല്ലം 5.52 pm, കായംകുളം 6.38 pm, കോട്ടയം 8.07 pm, എറണാകുളം 9.20 pm, തൃശൂർ 10.42 pm, പാലക്കാട് 12.05 pm, കോയമ്പത്തൂർ 1.20 am, ഈറോഡ് 3.10 am, ബംഗാരപേട്ട് 7.38 am, വൈറ്റ്ഫീൽഡ് 8.29 am വഴിയാണ് കൃഷ്ണരാജപുരത്ത് എത്തുന്നത്. മടക്ക ട്രെയിൻ (Train No 06027) തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ കൃഷ്ണരാജപുരത്തു നിന്നും പുറപ്പെട്ട് പിറ്റേദിവസം രാവിലെ 6 മണിയോടെ കൊച്ചുവേളിയിൽ എത്തിച്ചേരും. എട്ടു സ്ലീപ്പര്‍, രണ്ട് തേഡ് എസി, രണ്ട് ജനറല്‍ എന്നിങ്ങനെയായിരിക്കും ഈ ട്രെയിൻ സർവ്വീസിലെ കോച്ചുകൾ. ചാർജ്ജ് അധികമാണെങ്കിലും ഈ സ്പെഷൽ ട്രെയിനിലെ ടിക്കറ്റുകൾ ബുക്കിങ് തുടങ്ങി ആദ്യ മണിക്കൂറിൽ തന്നെ വിറ്റു തീർന്നു.
തുടക്കത്തിൽ ഏപ്രിൽ 28 മുതൽ ജൂൺ 30 വരെയാണ് ഈ സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുക. കൂടുതൽ ലാഭകരമാണെന്നു തോന്നിയാൽ ഈ റൂട്ടിൽ സ്ഥിരം സർവ്വീസ് ആരംഭിക്കുവാനുള്ള നടപടിക്രമങ്ങൾ എടുക്കുമെന്നും റെയിൽവേ അധികൃതർ അറിയിച്ചിട്ടുണ്ട്. ഇതുകൂടാതെ ഞായറാഴ്ചകളിൽ കൊച്ചുവേളി – ബാനസവാടി ഹംസഫർ എക്സ്പ്രസ് താൽക്കാലിക സർവ്വീസ് നടത്തുവാനുള്ള സാധ്യതയും റെയിൽവേയുടെ പരിഗണനയിലാണ്. എന്നാൽ അടിസ്ഥാന സൗകര്യങ്ങളും തുടർ യാത്രാ സൗകര്യങ്ങളും കുറവായ ബാനസവാടിയിൽ നിന്നും മാറ്റി കൃഷ്ണരാജപുരം വരെ സർവ്വീസ് നടത്തിയാലും മതി എന്നാണു യാത്രക്കാർ ആവശ്യപ്പെടുന്നത്.
കേരളത്തിൽ നിന്നും ബെംഗളൂരുവിലേക്ക് കൂടുതൽ പ്രതിദിന ട്രെയിനുകൾ വേണമെന്ന് കേരളം ശക്തിയായി മുമ്പ് വാദിച്ചുവെങ്കിലും ഇത് റെയിവെ അംഗീകരിച്ചിരുന്നില്ല. എന്നാൽ ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്റെ നിര്‍ദ്ദേശ പ്രകാരം ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ റെയില്‍വേ ബോര്‍ഡുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സ്‌പെഷ്യല്‍ ട്രെയിന്‍ ഓടിക്കാന്‍ തീരുമാനമായത്. ആയിരക്കണക്കിന് മലയാളികളുള്ള ബംഗളൂരുവില്‍നിന്ന് സംസ്ഥാനത്തേക്ക് കൂടുതല്‍ ട്രെയിനുകള്‍ ആരംഭിക്കണമെന്നത് യാത്രക്കാരുടെ ദീര്‍ഘകാലമായ ആവശ്യമാണ്.
ഇപ്പോള്‍ ആരംഭിച്ച രണ്ട് ട്രെയിനുകളും ഉയര്‍ന്ന ടിക്കറ്റ് നിരക്കുള്ള ട്രെയിനാണ്. കൊള്ളനിരക്ക് റെയില്‍വെയും ഈടാക്കുമ്പോഴാണ് യാത്രക്കാര്‍ സ്വകാര്യ ബസുകളെ ആശ്രയിക്കേണ്ടി വരുന്നത് എന്നതിനാല്‍ കുറഞ്ഞ നിരക്കിലുള്ള ട്രെയിനുകള്‍ കൂടുതലായി സര്‍വീസ് നടത്തണമെന്നാണ് പാസഞ്ചര്‍ അസോസിയേഷനുകളുടെ ആവശ്യം. നിലവിൽ അഞ്ച് ട്രെയിനുകൾ കേരളത്തിൽ നിന്നും ബെംഗളൂരുവിലേക്ക് നിത്യേന സർവീസ് നടത്തുന്നുണ്ട്. എന്നാൽ, പ്രതിവാര തീവണ്ടികൾ പലതും ദിവസേനയുള്ള സർവീസാക്കി മാറ്റണമെന്ന ആവശ്യം കാലങ്ങളായി റെയിൽവേക്ക് മുന്നിലുണ്ടെങ്കിലും ഇതേവരെ അനുകൂലമായ നടപടികളൊന്നുമുണ്ടായിട്ടില്ല. കേരളത്തിന്റെ സമ്മർദ്ദം മൂലം അനുവദിച്ച സ്പെഷൽ ട്രെയിൻ അവസാന നിമിഷം സുവിധയാക്കിയതിനു പിന്നിലും യാത്രക്കാരെ ട്രെയിനിൽ നിന്നകറ്റാനുളള ആസൂത്രിത നീക്കം സംശയിക്കുന്നതായി യാത്രക്കാർ ആരോപിക്കുന്നു.
വിവരങ്ങൾക്ക് കടപ്പാട് – വിവിധ ഓൺലൈൻ മാധ്യമങ്ങൾ.