കായംകുളം ആസ്ഥാനമാക്കി സർവ്വീസ് നടത്തിയിരുന്ന ഒരു ബസ് ഓപ്പറേറ്ററാണ് SPMS. 1932 ൽ മിലിട്ടറി ഉദ്യോഗസ്ഥനായിരുന്ന സി. നാണു എന്ന വ്യക്തിയാണ് SPMS എന്ന പേരിൽ ബസ് സർവ്വീസുകൾ ആരംഭിച്ചത്. ശിവപാലൻ മോട്ടോർ സർവ്വീസ് എന്നായിരുന്നു SPMS ൻ്റെ മുഴുവൻ പേര്. ശിവപാലൻ എന്നത് നാണുവിന്റെ മകന്റെ പേരായിരുന്നു.

കൊല്ലം – ആലപ്പുഴ ഹൈവേ റൂട്ടിലായിരുന്നു SPMS ൻറെ ആദ്യത്തെ സർവ്വീസ്. പിന്നീട് 1960 കാലഘട്ടത്തിൽ കായംകുളത്തു നിന്നും സർവ്വീസുകൾ ആരംഭിച്ചു. കായംകുളം – തിരുവല്ല , കായംകുളം – ചെങ്ങന്നൂർ, കായംകുളം – ഓയൂർ, കുന്നത്തൂർ – ഓയൂർ, കരുനാഗപ്പള്ളി – കുളത്തുപ്പുഴ എന്നിവയായിരുന്നു റൂട്ടുകൾ. ഇവർക്ക് ആലപ്പുഴ, കുന്നത്തൂർ, കായംകുളം എന്നിവിടങ്ങളിൽ ഗാരേജുകൾ ഉണ്ടായിരുന്നു.

സ്റ്റേജ് കാരിയേജ് സർവീസുകൾക്ക് പുറമേ 1968 ൽ SPMS കോൺട്രാക്ട് കാരിയേജ് സർവ്വീസുകളും ആരംഭിച്ചു. ആ സമയത്തു 70 ഓളം ബസുകൾ SPMS നു ഉണ്ടായിരുന്നു. 1969 കാലത്ത് കൊല്ലം – ആലപ്പുഴ റൂട്ട് ദേശസാത്കരണത്തിന്റെ ഫലമായി കെഎസ്ആർടിസി ഏറ്റെടുത്തു.

1975 ൽ SPMS ൻ്റെ അമരക്കാരനായിരുന്ന സി. നാണു അന്തരിച്ചു. അദ്ദേഹത്തിന്റെ കാലശേഷം ബസ് സർവ്വീസുകൾ എല്ലാം മകൻ ശിവപാലനാണുൻ ഏറ്റെടുത്തു നടത്തിയത്. SPMS ഗ്രൂപ്പിന് ബസ് സർവീസുകൾക്ക് പുറമേ സ്വന്തമായി C Nanu & Sons എന്ന പേരിൽ സ്പെയർ പാർട്സ് കടയും, ലോഡ്‌ജും, പെട്രോൾ പമ്പും ലൈത് വർക്ക്‌ഷോപ്പും ഒക്കെ ഉണ്ടായിരുന്നു.

പലതരം ബിസിനസ്സുകൾക്കിടയിലും ബസ് സർവ്വീസുകൾ നല്ലരീതിയിൽത്തന്നെ പൊയ്‌ക്കൊണ്ടിരുന്നു. എന്നാൽ 1992 ൽ തൊഴിൽ തർക്കം വന്നതോടെ SPMS ൻ്റെ പ്രതാപകാലത്തിൻ്റെ അന്ത്യത്തിനു തുടക്കം കുറിച്ചു. കായംകുളം – ഓയൂർ അടക്കമുള്ള പല പെർമിറ്റുകളും കൊടുത്തു. ഈ പെർമിറ്റുകൾ പിന്നീട് വാങ്ങിയത് ഇവരുടെ ചില തൊഴിലാളികൾ തന്നെയായിരുന്നു എന്നാണ് പറയപ്പെടുന്നത്. ഒടുവിൽ 2006 ൽ ശിവപാലൻ അന്തരിച്ചു.

ശിവപാലൻറെ കാലശേഷം ഇളയമകനായ സുരേഷ് ചാറ്റർജിയായിരുന്നു ശേഷിച്ച ബസ് സർവീസുകൾ നോക്കിനടത്തിയിരുന്നത്. പിന്നീട് കാരണങ്ങൾ കൊണ്ടും സ്റ്റേജ് കാരിയേജ് ബസ് സർവ്വീസുകൾ മുന്നോട്ടു കൊണ്ടുപോകുവാൻ ഇവർക്ക് ബുദ്ധിമുട്ടേറി വന്നു. ഒടുക്കം 2015 ൽ SPMS ൻറെ അവസാനത്തെ ബസ്സും റൂട്ടിൽ നിന്നും കളമൊഴിഞ്ഞു. അങ്ങനെ വർഷങ്ങൾ നീണ്ട ജൈത്രയാത്രയ്‌ക്കൊടുവിൽ ഒരു ചരിത്ര ശകടം കൂടി ഓർമ്മയായി മാറി.

SPMS ഓടിയിരുന്ന പെർമിറ്റുകളിൽ ഇന്ന് മറ്റു ബസ്സുകൾ സർവ്വീസ് നടത്തുന്നുണ്ട്. റൂട്ട് ബസ്സുകൾ നിർത്തിയെങ്കിലും SPMS ഇന്നും കോൺട്രാക്ട് കാരിയേജ് ബസ് സർവ്വീസുകൾ നടത്തുന്നുണ്ട്. ഇന്നും കൊല്ലം, കായംകുളം ഭാഗത്തുള്ളവർക്ക് SPMS ഒരു നൊസ്റ്റാൾജിയ തന്നെയാണ്.

വിവരങ്ങൾക്ക് കടപ്പാട് – അക്ഷയ് ജെ, അരുൺ എസ്. രാജ്, ബസ് കേരള, ട്രാവൻകൂർ റൈഡേഴ്‌സ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.