ഈ ഓണ അവധിയിൽ തൃശ്ശൂരിലെ ലളിതകലാ അക്കാഡമിയിൽ വ്യത്യസ്തമായ, അദ്ഭുതകരമായ ഒരു പ്രദർശനം നടന്നു. കാലങ്ങളുടെ പരിശ്രമം കൊണ്ട് ഒരു കലാകാരി ചിപ്പിയിൽ തീർത്ത കലാവിസ്മയം. മുൻകാലങ്ങളിൽ തൂവലിലും കല്ലിലും നിറങ്ങൾകൊണ്ട് കവിത രചിച്ച അനുഗ്രഹീത കലാകാരി ശ്രീജ കളപ്പുരക്കലിന്റെ ലൂമിനസ് 10 എന്ന ചിത്ര പ്രദർശനമാണ് ഇപ്പോൾ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്.
പ്രകൃതി ഭംഗികളും മതസൗഹാർദവുമെല്ലാം ചിപ്പികളിലേക്ക് ആവാഹിച്ചുകൊണ്ടാണ് ലൂമിനസ് 10 ഒരുങ്ങിയിരിക്കുന്നത്. ചണത്തിൽ തീർത്ത ഫ്രെയിമിനുള്ളിൽ ഘടിപ്പിച്ച ചിപ്പികളിലാണ് വര. പക്ഷിമൃഗാദികളും പ്രകൃതിദൃശ്യങ്ങളും 2018 ലെയും 2019 ലെയും പ്രളയത്തിന്റെ ദൃശ്യങ്ങളുമെല്ലാം ചിപ്പികളിലെ വരവർണങ്ങളിൽ തെളിയുന്നു. ചിപ്പികൾ ചേർത്തുവച്ചൊരുക്കിയ വടക്കുംനാഥക്ഷേത്രത്തിന്റെ രൂപമാണ് പ്രദർശനത്തിൽ ഏറ്റവും ശ്രദ്ധേയമായത്. അതുപോലെ തന്നെ അതിരപ്പിള്ളി കാടുകളിലെ വേഴാമ്പലുകളുടെ സംരക്ഷകനായിരുന്ന, അകാലത്തിൽ എല്ലാവരെയും വിട്ടു പിരിഞ്ഞ ബൈജു വാസുദേവൻ എന്ന പ്രകൃതിസ്നേഹിയുടെ ചിത്രവും ഷെൽ പെയിന്റിംഗുകളിൽ ഇടംനേടിയിട്ടുണ്ട്.
45 സെന്റിമീറ്റർ വലുപ്പമുള്ള ചിപ്പിവരെയുണ്ട് ഈ പ്രദർശനത്തിൽ. ചിപ്പിയിൽ ആക്രിലിക് പെയിന്റിലാണ് നിറച്ചാർത്ത്. ചിപ്പിയിൽ പെയിന്റ് പിടിക്കുന്നതിനായി ചേർത്ത മിശ്രിതം രഹസ്യമാണ്. ഒരു ചിപ്പിയിലെ രചനയ്‌ക്ക് കുറഞ്ഞത് മൂന്നുദിവസമെടുക്കുമെങ്കിലും ഒരു ദിവസം കൊണ്ട് പൂർത്തിയായവയും ഉണ്ട്. കേരളത്തിൽ ലഭ്യമല്ലാത്ത തരത്തിലുള്ള ഈ ചിപ്പികൾ കന്യാകുമാരി, രാമേശ്വരം, തൂത്തുക്കുടി, ഗുജറാത്ത്, മുംബൈ, സൂറത്ത് തുടങ്ങി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ചാണ് സമാഹരിച്ചതെന്ന് ശ്രീജ പറയുന്നു. ഏകദേശം മൂന്നു വർഷത്തോളം സമയമെടുത്താണ് ഈ പ്രദർശനത്തിനായുള്ള രചനകൾ പൂർത്തിയാക്കിയത്.
ഓരോ കലാസൃഷ്ടിയും മനസ്സിൽ പതിയുകയും അവരുടേതായ കയ്യൊപ്പുകൾ ചാർത്തുകയും ചെയ്യുന്നത് ആ സൃഷ്ടികൾക്ക് നമ്മുടെ ജീവിതവുമായി ബന്ധങ്ങൾ ഉണ്ടാകുമ്പോൾ ആണ്. തന്റെ യാത്രയിൽ കണ്ണിലുടക്കിയ കാഴ്ചകൾ മാത്രമല്ല പ്രശസ്തരായ പല ഫോട്ടോഗ്രാഫർമാരും ഒപ്പിയെടുത്ത ചിത്രങ്ങളും, ആനുകാലിക പ്രസക്തിയുള്ള പ്രകൃതി ദൃശ്യങ്ങളും ചിപ്പികളിൽ വരച്ചു ചേർക്കാൻ ശ്രീജ ശ്രദ്ധിച്ചിട്ടുണ്ട്. ചിത്രകലയുടെ മേഖലയിൽ നവീനമായ പരീക്ഷണങ്ങൾ കൊണ്ടു വരുന്നതിൽ പ്രത്യേക പ്രാവീണ്യം ലഭിച്ച കലാകാരി കൂടെ ആണ് ശ്രീജ എന്നു പറയാതെ വയ്യ. തൂവൽ, കല്ല് എന്നിവ കൊണ്ടെല്ലാം മുൻപും വിസ്മയങ്ങൾ തീർത്തിട്ടുണ്ട് ഈ കലാകാരി.
ലിംക ബുക്ക് ഓഫ് റെക്കോർഡ് അടക്കം ദേശീയതലത്തിൽ നിരവധി പുരസ്‌കാരങ്ങൾ നേടിയ ശ്രീജയുടെ കലാജീവിതത്തിലെ മറ്റൊരു നാഴികക്കല്ലിനാണ് ലളിതകലാ അക്കാഡമി സാക്ഷ്യം വഹിക്കുന്നത്. സെപ്റ്റംബർ 15 വരെ നടക്കുന്ന ഈ പ്രദർശനം നിങ്ങൾ എല്ലാവരും കാണേണ്ടത് തന്നെയാണ്. അതോടൊപ്പം ഇതുപോലൊരു കലാവിരുന്ന് ഒരുക്കിയ ശ്രീജയെ അഭിനന്ദിക്കുകയും ചെയ്യുന്നു.
കടപ്പാട് – ഷിജു കെ.ലാൽ, ദേശാഭിമാനി.