ശ്രീകൃഷ്ണജയന്തി ദിനത്തിൽ വൈറലായ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ ശ്രീകൃഷ്ണന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കണ്ടപ്പോൾ മനസ്സിൽ തോന്നിയ ഒരു ചെറുകഥയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. തെറ്റുകുറ്റങ്ങളുണ്ടെങ്കിൽ ക്ഷമിക്കുക – പ്രശാന്ത് പറവൂർ.
ജന്മാഷ്ടമി ദിനത്തിൽ ഗുരുവായൂരപ്പനെ കൺതുറന്നു കാണണം, തൻ്റെ എല്ലാ വിഷമങ്ങളും ആ നടയിൽ നടതള്ളണം. അതോടൊപ്പം തന്നെ ഉണ്ണിക്കണ്ണന്മാരുടെ കുസൃതികളും നൃത്തചുവടുകളുമെല്ലാം ആസ്വദിച്ചു ആ നിർവൃതിയിൽ അങ്ങു എല്ലാം മറന്നു നിൽക്കണം. കായംകുളത്തു നിന്നും നിന്നും ഗുരുവായൂരിലേക്കുള്ള കെഎസ്ആർടിസി ബസ്സിൽ കയറുമ്പോൾ അമ്മിണിയമ്മയുടെ ചിന്ത അതായിരുന്നു.
കായംകുളത്തിനടുത്തുള്ള ഒരു ഗ്രാമത്തിലാണ് അമ്മിണിയമ്മയുടെ താമസം. ചെറിയൊരു കൂരയിൽ ഒറ്റയ്ക്കാണ് കഴിയുന്നത്. ആകെയുണ്ടായിരുന്ന മകനെ ഇല്ലാത്ത കാശുണ്ടാക്കി ഗൾഫിലേക്ക് പറഞ്ഞയച്ചതായിരുന്നു. 16 വർഷത്തോളമായി അയാളെക്കുറിച്ച് ഒരു വിവരവുമില്ല. ജീവിച്ചിരിപ്പുണ്ടോയെന്നു പോലും ആർക്കുമറിയില്ല. ഈ എൺപത്തിമൂന്നാം വയസ്സിലും ചില വീടുകളിൽ മുറ്റമടിക്കുവാനും മറ്റും പോകുന്നതിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ടാണ് അമ്മിണിയമ്മയുടെ ജീവിതം. ഈയിടെയായി പണിയൊന്നും എടുക്കുവാൻ വയ്യാതായിരിക്കുന്നു. എങ്കിലും പോകുന്നയത്രയും പോകട്ടെ എന്ന ചിന്തയായിരുന്നു അമ്മിണിയമ്മയ്ക്ക്.
കുറേനാളായി ഗുരുവായൂരിൽ ഒന്നു പോകണം എന്നൊരു മോഹം അമ്മിണിയമ്മയുടെ മനസ്സിലുദിക്കുവാൻ തുടങ്ങിയിട്ട്. ഒടുവിൽ സാക്ഷാൽ ശ്രീകൃഷ്ണന്റെ ജന്മദിനത്തിൽ തന്നെ അതാകാം എന്നു വിചാരിച്ചാണ് ഈ യാത്ര. ബസ് ആലപ്പുഴയും എറണാകുളവും ഒക്കെ പിന്നിട്ട് ഗുരുവായൂരിൽ എത്തിയപ്പോൾ സമയം രാത്രിയായിരുന്നു.
പുലർച്ചെ നിർമ്മാല്യം തൊഴാനുള്ള ആളുകൾ ധാരാളമായി വന്നുകൊണ്ടിരിക്കുന്നു. അണിഞ്ഞൊരുങ്ങി ഗുരുവായൂരപ്പനെ കാണുവാൻ പോകുന്നവർക്കിടയിൽ നിറം മങ്ങിയ നാടനും മുണ്ടുമുടുത്ത് അമ്മിണിയമ്മയും കൂടി. തൊഴാനുള്ള ക്യൂ രാത്രിയിൽത്തന്നെ നീണ്ടു തുടങ്ങിയിരുന്നു. ചെറിയ കുട്ടികളെ കണ്ടപ്പോൾ ഒരുനിമിഷം അമ്മിണിയമ്മയ്ക്ക് മകനെ ഓർമ്മ വന്നു. ഗുരുവായൂരപ്പന് നേര്ച്ച നേർന്നുണ്ടായതിനാൽ ഉണ്ണിക്കൃഷ്ണൻ എന്നായിരുന്നു മകന് പേരിട്ടിരുന്നതും. തനിക്കു ചുറ്റും ക്യൂവിൽ നിൽക്കുന്നവരെല്ലാം കുടുംബവുമായി വളരെ സന്തോഷത്തോടെയാണ് വന്നിരിക്കുന്നതെന്ന കാര്യം അവർ ശ്രദ്ധിച്ചു. നല്ല പട്ടു വസ്ത്രങ്ങൾ ധരിച്ച അവരെല്ലാം നിറംമങ്ങിയ വസ്ത്രം ധരിച്ചു നിന്നിരുന്ന അമ്മിണിയമ്മയിൽ നിന്നും അകലം പാലിക്കുവാൻ ശ്രദ്ധിച്ചിരുന്നു.
തലേദിവസം ഉച്ച കഴിഞ്ഞു ഒന്നും കഴിക്കാതെയായിരുന്നു അമ്മിണിയമ്മയുടെ ഗുരുവായൂർ യാത്ര. അതിനിടയിൽ വെള്ളം മാത്രം കുടിച്ചുകൊണ്ട് അവർ വിശപ്പിനെ ആട്ടിയോടിക്കുവാൻ പരിശ്രമിച്ചു കൊണ്ടിരുന്നു. തിരികെപ്പോകുവാനുള്ള ബസ് ചാർജ്ജ് മാത്രമേ ഇനി കയ്യിലുള്ളൂ. ജീവിതത്തിൽ ആദ്യമായി ഗുരുവായൂരപ്പനെ നിർമ്മാല്യം തൊഴാൻ പോകുന്നതിനുള്ള സന്തോഷത്താൽ അമ്മിണിയമ്മ ചുറ്റിനുമുള്ളതെല്ലാം മറന്നു ഒരു നിർവൃതിയിൽ അങ്ങനങ്ങു ആ ക്യൂവിൽ നിന്നു.
കണ്ണു തുറക്കുമ്പോൾ അമ്മിണിയമ്മ കിഴക്കേ നടയുടെ അരികിലെ ഏതോ കടയുടെ അടുത്ത് കിടക്കുകയായിരുന്നു. എന്താണ് നടന്നതെന്ന് ഓർത്തെടുക്കാനാകാതെ അവർ കുഴങ്ങി. അവിടെയുണ്ടായിരുന്ന ഒരു കളിപ്പാട്ട വിൽപ്പനക്കാരൻ പറഞ്ഞാണ് തലകറങ്ങി വീഴുകയും, ആരൊക്കെയോ ചേർന്ന് എടുത്ത് ഇവിടെ കൊണ്ടിരുത്തുകയും വെള്ളം കൊടുക്കുകയുമൊക്കെ ചെയ്തുവെന്നും ക്ഷീണം കാരണം അവിടെക്കിടന്നു ഉറങ്ങുകയായിരുന്നുവെന്നും അമ്മിണിയമ്മ മനസ്സിലാക്കുന്നത്. പക്ഷേ ഒന്നും ഓർമ്മയിൽ വരുന്നുമില്ല.
നിർമ്മാല്യം തൊഴലെല്ലാം അപ്പോഴേക്കും കഴിഞ്ഞിരുന്നു. നേരം പുലർന്നു വെളിച്ചം വീണു തുടങ്ങിയിരുന്നു. നേരത്തെ കണ്ട ആ കളിപ്പാട്ട വിൽപ്പനക്കാരൻ അമ്മിണിയമ്മയ്ക്ക് ചായയും രാവിലത്തെ ഭക്ഷണവും വാങ്ങിക്കൊടുത്തു. അങ്ങനെ തൊട്ടരികിൽ വരെ ചെന്നിട്ട് ഗുരുവായൂരപ്പനെ കാണുവാനാകാതെ, നിറഞ്ഞ കണ്ണുകളുമായി, “ഭഗവാന് തന്നെ കാണണംന്നുണ്ടാകില്ല, അതായിരിക്കാം ഇങ്ങനയൊക്കെ” എന്ന് ആത്മഗതം പറഞ്ഞുകൊണ്ട് അമ്മിണിയമ്മ വേച്ചുവേച്ച് തിരികെ മടങ്ങുവാനായി കെഎസ്ആർടിസി സ്റ്റാൻഡിലേക്ക് നടന്നു.
അങ്ങനെ നടന്നു നടന്നു അമ്മിണിയമ്മ കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തിച്ചേർന്നു. അവിടെ വെച്ചാണ് മിടുക്കനായ ഒരു പയ്യനെ അമ്മിണിയമ്മയ്ക്ക് കൂട്ടുകിട്ടുന്നത്. ഏകദേശം 20 – 21 വയസ്സു കാണും. പേര് കണ്ണൻ. മലയാളിയാണെങ്കിലും കർണാടകയിലെ ഉഡുപ്പിയിലാണ് വീട്. അവർ പരസ്പരം പലതും സംസാരിച്ചു. ഗുരുവായൂരിൽ വന്നതും, തലകറങ്ങി വീണതും, ദർശനം കിട്ടാതെ പോയതുമെല്ലാം വിഷമത്തോടെ കണ്ണൻ കേട്ടിരുന്നു. അതിനിടയിൽ സ്റ്റാൻഡിലെ ചായക്കടയിൽ നിന്നും അമ്മിണിയമ്മയ്ക്ക് ചൂടുള്ള ചായയും അവൻ വാങ്ങി നൽകി.
അമ്മിണിയമ്മയ്ക്ക് പോകുവാനായി കായംകുളം ഭാഗത്തേക്കുള്ള ബസ് എപ്പോഴാണെന്ന് അവൻ സ്റ്റാൻഡിലെ പലരോടും അന്വേഷിച്ചു മനസിലാക്കി. കുറച്ചു സമയം കൊണ്ട് അമ്മിണിയമ്മയ്ക്ക് എന്തോ ഒരു ഊർജ്ജം കൈവന്നപോലെ. തൻ്റെ പേരക്കിടാവാകുവാൻ പ്രായമുള്ള ഒരു കുട്ടിയാണ് ഈ ആശ്വാസത്തിനു കാരണമെന്ന് അവർ ഒരു നെടുവീർപ്പോടെ ഓർത്തു. അങ്ങനെ കുറേക്കഴിഞ്ഞപ്പോൾ അമ്മിണിയമ്മയ്ക്ക് പോകുവാനുള്ള, കായംകുളം വഴി തിരുവനന്തപുരത്തേക്കുള്ള ബസ് പുറപ്പെടുവാൻ തയ്യാറായി സ്റ്റാൻഡിൽ വന്നുനിന്നു. അമ്മിണിയമ്മ കണ്ണനോട് യാത്രപറഞ്ഞുകൊണ്ട് വേഗം കയറി സീറ്റൊക്കെ പിടിച്ചുകൊണ്ടിരിപ്പായി. അപ്പോഴേക്കും കോഴിക്കോട് ഭാഗത്തേക്കുള്ള ഒരു സൂപ്പർഫാസ്റ്റിൽ കണ്ണനും കയറി.
ബസ്സിലെ കണ്ടക്ടർ ടിക്കറ്റെടുക്കാൻ അരികിൽ വന്നപ്പോൾ കാശിനായി അമ്മിണിയമ്മ തൻ്റെ തുണിസഞ്ചിയിൽ തപ്പി. കാശും കൊടുത്ത് ടിക്കറ്റും വാങ്ങി തിരികെ സഞ്ചിക്കകത്തേക്ക് വെക്കുന്നതിനിടെയാണ് അവരുടെ കയ്യിൽ എന്തോ തടഞ്ഞത്. സഞ്ചി പരിശോധിച്ചു നോക്കിയപ്പോൾ ഒരു മഞ്ഞപ്പട്ടുതുണിയിൽ പൊതിഞ്ഞ നിലയിൽ രണ്ടു സ്വർണ്ണവളകൾ, കൂടാതെ മനോഹരമായ ഒരു മയിൽപ്പീലിയും…
അപ്പോഴേക്കും അമ്മിണിയമ്മയുടെ ബസ് സ്റ്റാൻഡിൽ നിന്നും പതിയെ നീങ്ങിത്തുടങ്ങിയിരുന്നു. അമ്പരപ്പോടെ അമ്മിണിയമ്മ കണ്ണൻ കയറിയ ബസ്സിലേക്ക് നോക്കി. അവിടെയതാ, ചിത്രങ്ങളിൽ കണ്ടിട്ടുള്ളതുപോലത്തെ സാക്ഷാൽ ശ്രീകൃഷ്ണൻ ചിരിച്ചുകൊണ്ട് അമ്മിണിയമ്മയെ നോക്കി കൈവീശിക്കാണിക്കുന്നു… അപ്പോഴേക്കും അമ്മിണിയമ്മ കയറിയ ബസ് ആ കാഴ്ച മറച്ചുകൊണ്ട് സ്റ്റാൻഡിൽ നിന്നും പുറത്തുകടന്നിരുന്നു.
ചിത്രങ്ങൾ – Gokul Das K S.