വിവരണം – ശ്രീഹരി, FB Profile – https://bit.ly/2nvs1Fr.
സംഭവം സത്യമാണ്. ഇത്ര ദാരിദ്ര്യംപിടിച്ച എന്റെ കൈയീന്ന് പതിനായിരം ചിലവായതിലെ അത്ഭുതമുള്ളൂ. ഫ്ലൈറ്റ് ടിക്കറ്റ് ഒഴികെയുള്ള കാര്യമാണീ പറയുന്നത്. ആകെയുണ്ടായിരുന്ന മൂന്നരദിവസംവെച്ച് വളരെ വിദഗ്ധമായ ശ്രീലങ്കൻ പ്ലാൻ ഉണ്ടാക്കാൻ കുറച്ച് കഷ്ടപ്പെട്ടു. ജോലിസ്ഥലമായ തായ്‌ലൻഡിൽ നിന്നും ശ്രീലങ്കൻ എയർലൈൻസ് കുറഞ്ഞനിരക്കിൽ കണ്ടപ്പോ പൊട്ടിയ ലഡ്ഡു വാരി കവറിലാക്കിയാണ് അങ്ങോട്ടേക്ക് എഴുന്നള്ളുന്നത്. യാത്രപുറപ്പെടൽ കുറച്ച് റിസ്കി ടാസ്ക് ആയിരുന്നു. വൈകിട്ട് 6 മണിക്ക് ജോലി കഴിയും, 9 മണിക്ക് ഫ്ലൈറ്റ്, എയർപോർട്ടിലേക്ക് കാറിൽപോകാൻ ഒന്നര മണിക്കൂർ നോർമൽ യാത്രസമയം.
വീക്കെൻഡ് ആണ്, ട്രാഫിക് ബ്ലോക്ക് വല്ലതുമുണ്ടെങ്കിൽ പണി പാലുംവെള്ളത്തിൽ കിട്ടും. സ്ഥിരമായി ക്രിട്ടിക്കൽ ടൈമിൽ എയർപോർട്ടിലെത്തുന്നത് ശീലമായതുകൊണ്ട് ഇതൊന്നും ഒരു പുത്തരിയല്ലായിരുന്നു. ഓൺലൈനിൽ ചെക്കിൻ ചെയ്ത് ബോർഡിങ് പാസുമായി നെഞ്ചുംവിരിച്ചാണ് പോക്ക് എന്നതാണ് സമാധാനം. ഇന്നേവരെ നാട്ടിൽപോകാൻപോലും എയർപോർട്ടിലേക്ക് ലോക്കൽ ബസിൽ പോകുന്ന ഞാനാണ് ടാസ്‌കി വിളിച്ച് പോകുന്നതെന്നോർക്കണം; ഒരു യാത്ര പോവാൻ എന്തൊക്കെ ത്യാഗങ്ങൾ സഹിച്ചാലൊക്കും. ട്രിപ്പ് പരമ്പര ദൈവങ്ങൾ കടാക്ഷിച്ചതുകൊണ്ട് ഒരുമണിക്കൂർ മുന്നേതന്നെ എത്തി ബീമാനം പിടിക്കാൻ സാധിച്ചു.
ഈയവസരത്തിൽ പറയാതിരിക്കാൻ കഴിയില്ല, ശ്രീലങ്കൻ എയർലൈൻസ് കിടിലൻ സർവീസ് ആയിരുന്നു. നമ്മുടെ നാട്ടിലെ മഹിളാരത്‌നങ്ങളെപോലെതന്നെ, പക്ഷെ പ്രത്യേകരീതിയിൽ സാരിയുടുത്ത എയർഹോസ്റ്റസുമാർ “ആയു ബൊവാൻ” എന്നുപറഞ്ഞാണ് സ്വാഗതമരുളുക. എല്ലാ ഫ്ലൈറ്റ് അനൗൺസ്മെന്റുകൾക്കൊപ്പവും ഇതേ വാക്ക് പറയുന്നുണ്ടായിരുന്നു. സത്യത്തിൽ ആദ്യത്തെ ഒന്നുരണ്ടുതവണ കേട്ടപ്പോ ‘ങേ വായുഭഗവാനോ, അത് നമ്മുടെ ഹനുമാന്റെ ഫാദർജി അല്ലെ’ എന്നൊക്കെ ചിന്തിച്ചുകൂട്ടി, പിന്നീടാണ് സംഭവം മനസിലായത്; സിംഹളഭാഷയിലെ അഭിവന്ദനം ആണത്. മൂന്നര മണിക്കൂർ പറന്ന് ശ്രീലങ്കൻ സമയം രാത്രി 11 മണിക്ക് കൊളംബോ ബന്ധരനായികേ എയർപോർട്ടിൽ ലാൻഡ് ചെയ്തു. ഇന്ത്യയുടെ അതെ സമയം തന്നെയാണ് ശ്രീലങ്കയിലും.
ലങ്കാദഹനത്തിനു പോകുന്നവർ ശ്രദ്ധിക്കുക, 8 മുതൽ 48 മണിക്കൂർ വരെയുള്ള ട്രാൻസിറ്റ് ആണെങ്കിൽ ഫ്രീയായും അതിൽകൂടുതലുണ്ടെങ്കിൽ 20 USD യും കൊടുത്ത് ETA അഥവാ Eletronic Travel Authorisation എന്നൊരു സാധനം ഓൺലൈനായി ചെയ്തിട്ടുവേണം ഇങ്ങോട്ടേക്ക് കെട്ടിയെടുക്കാൻ. ഇനിയിപ്പോ ഇത് ചെയ്യാതെ വന്നാലും എയർപോർട്ടിലെ കൗണ്ടർ വഴി ഒരാവശ്യോമില്ലാതെ ക്യൂനിന്ന് സമയം മെനക്കെടുത്തിയാൽ ഈപ്പറഞ്ഞ സാധനം കിട്ടും. എനിക്കീ ട്രിപ്പിൽ ഓരോ മിനിറ്റും വിലപ്പെട്ടതായതുകൊണ്ട് നേരത്തെ ഓൺലൈനിൽ ചെയ്തുവന്നു.
ഇമിഗ്രെഷൻ ഓഫിസർമാരൊക്കെ ഇന്ത്യയിൽ ഉള്ളപോലെതന്നെ ചിരിക്കാൻ പോലും കൂട്ടാക്കാത്ത മുരട് സ്വഭാവക്കാരാണെന്നാണ് തോന്നിയത്. ശ്രീലങ്കൻ കറൻസിയുടെ പേരും റുപീസ് എന്നുതന്നെയാണ്. പക്ഷേങ്കിൽ മൂല്യം കുറവായതിനാൽ ഒരു ഇന്ത്യൻ റുപ്യക്ക് രണ്ടര ശ്രീലങ്കൻ റുപ്യ കിട്ടും. എയർപോർട്ടിൽനിന്നുതന്നെ ആവശ്യത്തിന് കറൻസിയും മാറി സിംകാർഡും ഒരെണ്ണം സംഘടിപ്പിച്ച് തൊട്ടുവെളിയിൽ ഷട്ടിൽ ബസിനടുത്തേക്കെത്തി. തലസ്ഥാനമായ കൊളംബോയിൽനിന്നും ഒരുമണിക്കൂർ ദൂരത്തിൽ നെഗൊമ്പോ എന്നയിടത്താണ് എയർപോർട്ട് ഉള്ളത്. അതുകൊണ്ടുതന്നെ കൊളംബോയിലേക്കെത്തുക എന്നതാണ് ആദ്യ ടാസ്ക്.
പാതിരാത്രിയിൽപോലും എയർപോർട്ട് ഷട്ടിൽ ലഭ്യമാണെന്ന് മുൻകൂട്ടി മനസിലാക്കിയിരുന്നു. ശ്രീലങ്കയിലേക്ക് വരുന്നവരൊക്കെയും സാധാരണഗതിയിൽ ഒരു കാറും ഡ്രൈവറെയും വാടകയ്‌ക്കെടുത്താണ് മൊത്തം കറങ്ങുന്നത്, കൂടുതൽ ആളുണ്ടെങ്കിൽ അതൊരു നല്ല സംഗതിതന്നെയാണ്. പക്ഷെ ഞാനിവിടെ പക്കാ ലോക്കൽ ബസുകളിലാണ് യാത്ര. അതിന്റെയൊരു സുഖവും തുച്ഛമായ പൈസ മാത്രം കൈയിൽനിന്നുപോകുമ്പോ ഉണ്ടാവുന്ന ആനന്ദവും ചില്ലറയല്ല. ശ്രീലങ്കയുടെ മുക്കും മൂലയും ബന്ധിപ്പിച്ച് യഥേഷ്ടം ബസുകൾ രാത്രിപകൽ ഭേദമില്ലാതെ തലങ്ങും വിലങ്ങും പായുന്നുണ്ട്. നല്ല കട്ടചുവപ്പുകളറിൽ ഉള്ള ഗവൺമെന്റ് ബസുകളും, ബഹുവർണങ്ങളിലുള്ള പ്രൈവറ്റ് ബസുകളും കാണാൻ തന്നെ പ്രത്യേക ചേലാണ്. അശോക് ലെയ്ലാൻഡ് ബസുകൾ ആണ് ഭൂരിഭാഗവും. ഡ്രൈവിങ് ഒക്കെ നമ്മുടെപോലെ പെപ്പെരപെരപെര ഹോണുമടിച്ച് ചീറിപ്പായൽ തന്നെയാണ്.
ഏകദേശം ഉണ്ടപോലിരിക്കുന്ന ശ്രീലങ്കൻ മാപ്പിന്റെ ഉള്ളിൽ മറ്റൊരു ഉണ്ട വരച്ച് റൂട്ട് മാപ് ആദ്യമേ റെഡിയാക്കിയിരുന്നു. കൊളംബോ എയർപോർട്ടിൽ തുടങ്ങി അവിടെത്തന്നെ അവസാനിക്കുന്ന രീതിയിൽ ഇമ്മിണി ബല്ല്യൊരു വട്ടം. അങ്ങനെ എയർപോർട്ട് ഷട്ടിൽ ബസിൽകയറി പാതിരാത്രി കൊളംബോയിലെ ഏതോ ഒരു ബസ് സ്റ്റാൻഡിൽ ഇറങ്ങി. ഞാൻ മാത്രമായിരുന്നു ടൂറിസ്റ്റ് ആയി ഉണ്ടായിരുന്നത്. പക്ഷെ നമ്മളെ കണ്ടാൽ തനി ശ്രീലങ്കക്കാരുടെ പോലെതന്നെ ഇരിക്കുന്നതിനാൽ ടൂറിസ്റ്റാണെന്ന് ആർക്കും തോന്നില്ല. ലോക്കൽ ആണെന്നുകരുതി ആൾക്കാർ വന്ന് സിംഹളഭാഷയിൽ സംസാരിച്ച കുറെ അനുഭവം ഉണ്ടായി. ഇംഗ്ലീഷ്‌കൊണ്ട് തെറ്റില്ലാത്ത രീതിയിൽ പിടിച്ചുനിൽക്കാൻ സാധിക്കും. സിംഹളഭാഷ കൂടാതെ നമ്മുടെ തമിഴും ഇവിടുത്തെ ഔദ്യോഗികഭാഷ ആണെങ്കിൽക്കൂടി ചോദിച്ചതിൽ മിക്കവർക്കും തമിഴ് അറിയില്ലായിരുന്നു.
ഈയൊരു രാത്രി ഉറക്കം ത്യജിച്ചിട്ടുള്ള പ്ലാൻ ആണുള്ളത്, എങ്കിലേ ഓടിയെത്തുള്ളൂ. ആദ്യം പോകുന്നത് ശ്രീലങ്കയുടെ തെക്കുഭാഗത്തുള്ള കടലോരപ്രദേശമായ മിരിസയിലേക്കാണ്. ശ്രീലങ്കൻ ട്രിപ്പ് പ്ലാൻ ചെയ്യുമ്പോഴേ ഉറപ്പിച്ചതാണ് വേറെ എവിടെ പോയില്ലെങ്കിലും ഇവിടെയുള്ള വെയ്ൽ വാച്ചിങ് ട്രിപ്പ് ചെയ്യണമെന്ന്. അതെ ഭൂമിയിലെ ഏറ്റവും വലിയ ജീവിയെ നേരിട്ട് കാണാൻ പോകുന്നു. ലോകത്ത് വിരലിലെണ്ണാവുന്ന സ്ഥലങ്ങളിലാണ് നമുക്ക് തിമിംഗലത്തെ കാണുന്നതിനുള്ള ടൂർ ഉള്ളത്. അതും മിക്കതും യൂറോപ്, കാനഡ ഒക്കെയാണ്. കൂടാതെ അവിടെയൊക്കെ മുടിഞ്ഞ പൈസയുമാണ്. നമ്മുടെ തൊട്ടടുത്ത് ചീപ്പായി ഇങ്ങനൊരു അവസരമുള്ളപ്പോൾ എന്തിനത് നഷ്ടപ്പെടുത്തണം. അവിടുള്ളതിൽ ഏറ്റവും റിവ്യൂ കണ്ട രാജാ വെയ്ൽവാച്ചിങ് എന്ന ടൂർ കമ്പനി വഴി ഓൺലൈനിൽ നേരത്തേ ബുക്ക് ചെയ്തിരുന്നു. 52 $ ആയിരുന്നു ഞാൻ പോകുമ്പോഴുള്ള നിരക്ക്. അവിടെയെത്തിയതിനുശേഷം പൈസ കൊടുത്താൽ മതി.
കോളംബോയിൽനിന്നും Matara എന്നയിടത്തേക്കുള്ള ബസിലാണ് മിരിസയിൽ പോകാനായി കയറേണ്ടത്. പാതിരാത്രി ആയിട്ടുകൂടി നല്ല തിരക്കായിരുന്നു, ഏറ്റവും പുറകിലെ സീറ്റിൽ കഷ്ടിച്ച് കുറച്ചു സ്ഥലംകിട്ടി. ഈ നേരംകെട്ട നേരത്തും ഉച്ചത്തിൽ പാട്ടുവെച്ചിരിക്കുന്നു. ശ്രീലങ്കയിലെ എല്ലാ ബസുകളിലും മുഴുവൻസമയവും ഡപ്പാംകൂത്ത് സംഗീതം മുഴങ്ങിക്കൊണ്ടിരിക്കും. സത്യം പറഞ്ഞാൽ ആർക്കായാലും ഒന്ന് തുള്ളാൻ തോന്നുന്നതരം ശ്രീലങ്കൻ പാട്ടുകളുടെ ഫാൻ ആയിമാറി ട്രിപ്പിനുശേഷം. രാത്രി 2 മണിക്ക് ബസ് വിട്ടു. കടലിനോട് തൊട്ടുചേർന്നുള്ള പാതയിലൂടെയാണ് മുഴുവൻസമയവും യാത്ര; ഈ യാത്ര പകലാണെങ്കിൽ നല്ലൊരു കാഴ്ചവിരുന്നായിരിക്കുമെന്നുറപ്പ്. മിരിസ എത്താൻ 4 മണിക്കൂറെടുക്കുമെന്നാണ് എന്റെയൊരു ധാരണ. ആറരയ്ക്ക് ബോട്ട് പുറപ്പെടുമെന്നാണ് പറഞ്ഞിട്ടുള്ളത്. സമയത്ത് എത്തുമോ എന്നൊരു ഉത്കണ്ട ഇല്ലാതിരുന്നില്ല. പക്ഷെ ശ്രീലങ്കയിലെ ബസ് ഡ്രൈവർമാർ പുലിക്കുട്ടികളാണ്, അമ്മാതിരി പറപ്പിക്കലാണ്. കൃത്യം 6 മണിക്കുതന്നെ സ്ഥലത്തെത്തി. മെയിൻറോഡിൽനിന്നും കുറച്ചുമാറിയുള്ള അവരുടെ ഓഫീസിലേക്ക് ഓട്ടോ വിളിച്ച് എത്തിച്ചേർന്നു
പലപല രാജ്യങ്ങളിൽനിന്നും എത്തിയ ഒരുകൂട്ടം പേരുമായി അടിപൊളി കടൽയാത്ര ആയിരുന്നു. തിമിംഗലങ്ങളെ കണ്ടെത്തുന്നതിൽ വിദഗ്ധരായ കുറച്ച് ജീവനക്കാരും ബോട്ടിൽ ഒപ്പമുണ്ട്. നിശ്ചിത ഇടവേളകളിൽ ഏതാനും മിനിറ്റുകൾമാത്രമാണ് തിമിംഗലം കടൽപ്പരപ്പിൽ വന്നുപോകുന്നത്, അതും ഭീമാകാരമായ ശരീരത്തിന്റെ ഒരുഭാഗം മാത്രമേ ഉണ്ടാവൂ. സത്യം പറഞ്ഞാൽ ഒരു പൂവ് ചോദിച്ചപ്പോൾ പൂക്കാലം തന്നു എന്നുപറഞ്ഞ അവസ്ഥ ആയിരുന്നു. ഒന്നിനെയെങ്കിലും കാണണേ എന്ന പ്രാർത്ഥനയോടെ പോയിട്ട് തിമിംഗലങ്ങളുടെ ചാകര ആയിരുന്നു. മൊത്തം അഞ്ചാറെണ്ണത്തിനെ ദൂരെയും അടുത്തുമൊക്കെയായി മതിയാവോളം കണ്ടാണ് മടങ്ങിയത്. തിമിംഗലം മാത്രമല്ല കൂട്ടമായി ചാടിക്കളിച്ചുപോകുന്ന ഡോൾഫിനുകളെയും മിക്കദിവസവും കാണാൻ സാധിക്കും. കടൽപ്പരപ്പിലുള്ള ശ്വസനക്രിയകൾക്കുശേഷം തിമിംഗലം ആഴത്തിലേക്ക് ഊളിയിട്ടുപോകുന്നത് കാണാൻ പ്രത്യേക രസമാണ്.
മനസ്സുനിറയ്ക്കുന്ന സർവീസ് ആയിരുന്നു രാജാ വെയ്ൽവാച്ചിങ് കമ്പനി നൽകിയത്. മിരിസയിൽതന്നെയാണ് താമസമെങ്കിൽ ഫ്രീയായി ഹോട്ടലിൽനിന്നും പിക്ക് ചെയ്യും. പുറപ്പെടുന്നതിനുമുന്പ് കടൽച്ചൊരുക്കിനെ ചെറുക്കാനുള്ള ടാബ്‌ലറ്റ്, യാത്ര തുടങ്ങുമ്പോൾ ഫ്രൂട്ട്സ്, ചായ, ജ്യൂസ്, സിംപിൾ ആയുള്ള ബ്രെക്ഫാസ്റ്റ്, കുടിക്കാൻ വെള്ളം, പിന്നെ അന്നത്തെ ദിവസം കണ്ട തിമിംഗലങ്ങളുടെ അവരുടെ വൈൽഡ് ലൈഫ് ലെൻസ് വച്ചെടുത്ത ഫോട്ടോസും ഇമെയിൽ വഴി അയച്ചുതരും, മാത്രമല്ല തിമിംഗലങ്ങെളെക്കുറിച്ച് നമുക്കറിയാത്ത ഒരുപാടൊരുപാട് കാര്യങ്ങളും വിവരിച്ചു തരും.
90 ശതമാനവും തിമിംഗലത്തെ കാണാൻ കഴിയുമെങ്കിലും, കാണാതെ തിരിച്ചുവരുന്ന സാഹചര്യങ്ങളിൽ നിശ്ചിത തുക മടക്കി നൽകുകയും ചെയ്യും. ഈ ട്രിപ്പിന്റെ പ്രത്യേകത, തിരിച്ചെത്തുന്നതിനു ഒരു നിശ്ചിത സമയം പറയാൻ പറ്റില്ല എന്നതാണ്, അതുകൊണ്ടുതന്നെ അതേദിവസമാണ് തിരിച്ചുള്ള ഫ്ളൈറ്റെങ്കിൽ അവസാന ദിവസം വെയിൽ വാച്ചിങ് പ്ലാൻ ചെയ്യാതിരിക്കുന്നതാണ് അഭികാമ്യം. രാവിലെ ആറരയ്ക്ക് പുറപ്പെട്ട് തിമിംഗലങ്ങളെ തേടി 2 മുതൽ 8 മണിക്കൂർവരെ ഒരുപക്ഷെ കടലിൽ അലയും. എന്നിരുന്നാലും നാലോ അഞ്ചോ മണിക്കൂർ ആണ് പൊതുവെ എടുക്കാറ്.
അങ്ങനെ ഉച്ചയോടെ ഒരു ബേക്കറിയിൽനിന്നും രണ്ട് സ്വീറ്റ് ബണും കോഫിയും കുടിച്ച് അടുത്ത ബസ് പിടിച്ചു, അടുത്തുതന്നെയുള്ള സ്ഥലമായ matara ആണ് ലക്‌ഷ്യം. കൂടുതൽ ദിവസങ്ങൾ കയ്യിലുള്ളവർക്ക് ഇവിടുത്തെ മെയിൻ ബീച്ച് ഡെസ്റ്റിനേഷൻ ആയ Galle ഒരുദിവസം പ്ലാൻ ചെയ്യാവുന്നതാണ്. ശ്രീലങ്കയിലെ ബീച്ചുകളുടെ പ്രത്യേകത സർഫിങ്ങിന് ഉതകുന്ന മനോഹരമായ തിരമാലകളാണ്; വിദേശികളൊക്കെ ഇതിനായിമാത്രം വന്നുപോകാറുണ്ട്. മിരിസയിൽനിന്നും അധികം ദൂരെയല്ലാത്ത Matara ബസ് സ്റ്റാൻഡിലിറങ്ങി തൊട്ടുമുന്നിൽ റോഡ് മുറിച്ചുകടന്ന് അവിടുത്തെ ബീച്ചിലെത്തി. ബീച്ചിനോട് ചേർന്നുള്ള പാർക്കിലെ യൂക്കാലിപ്റ്റിസ് മരങ്ങൾക്കിടയിൽ ഈ നട്ടുച്ചയ്ക്കും സ്വസ്ഥത തേടിവന്ന യുവമിഥുനങ്ങളുടെ തിരക്കായിരുന്നു. ഇവിടെ തന്നെ തീരത്തോടുചേർന്ന് Paravi duwa എന്ന ബുദ്ധക്ഷേത്രവും അതിലേക്കുള്ള കിടിലൻ തൂക്കുപാലവും ഈ സ്ഥലത്തിന്റെ മാറ്റുകൂട്ടുന്നു.
അധികം തത്തിക്കളിച്ച് നിന്നാൽ പ്ലാൻ മൊത്തം തെറ്റും. അതുകൊണ്ട് അടുത്ത ബസ് പിടിച്ച് മുൻസീറ്റിൽ തന്നെ ആസനസ്ഥനായി. നമ്മുടെപോലെ ബസിന്റെ മുൻസീറ്റുകളിൽ സ്ത്രീകൾ മാത്രം ആണോയെന്നൊന്നും അറിയില്ല, കാഴ്ചകൾ കാണാൻ കൊതിച്ചിരിക്കുന്ന എന്നെയെങ്ങാനും എണീപ്പിച്ചാൽ ഞാൻ കരയും. എന്തായാലും അങ്ങനെയൊന്നുമുണ്ടായില്ല. 4 മണിക്കൂറെടുക്കുന്ന യാത്രാസമയമത്രയും, തലേദിവസത്തെ ഉറക്കക്ഷീണം ഉണ്ടായിട്ടുകൂടെ കണ്ണും മിഴിച്ച് കാഴ്ചകൾ കണ്ടിരിപ്പാണ്. അല്ലെങ്കിലും വണ്ടിയിലിരുന്ന് ഉറങ്ങുന്നശീലം പണ്ടേയില്ല, അതിലൊരു ത്രില്ലില്ല. നമ്മുടെ നാട്ടിലെ അതെ ഭൂപ്രകൃതിയും റോഡുകളും വീടുകളുമെല്ലാം മറ്റൊരു സംസ്കാരത്തിൽ ജീവിക്കുന്ന രാജ്യത്ത് കാണുക എന്നത് കൗതുകം തന്നെയാണ്.
ശ്രീലങ്കയിലെത്തുന്ന ടൂറിസ്റ്റുകളുടെ പ്രധാന ഡെസ്റ്റിനേഷനായ Ella എന്ന മലയോരപട്ടണത്തിലേക്കുള്ള യാത്രയാണ്. സൗത്ത് ഭാഗത്തുനിന്നും ഇവിടേക്ക് നേരിട്ട് ബസ് ഇല്ലാത്തതിനാൽ Wellawaya എന്നയിടത്തേക്കുള്ള ബസിലാണിപ്പോ പോയിക്കൊണ്ടിരിക്കുന്നത്. 4 മണിക്കൂറോളം യാത്ര ചെയ്ത് അവിടേക്കെത്തിയാൽ അധികം ദൂരെയല്ലാത്ത Ella യിലേക്ക് യഥേഷ്ടം ബസുകൾ ലഭിക്കും. ചന്നംപിന്നം മഴ നൽകിയ സ്വീകരണം ഏറ്റുവാങ്ങി സന്ധ്യ മയങ്ങുന്നതിനുമുമ്പുതന്നെ Ella എന്ന മലയോര സുന്ദരിയുടെ അടുക്കലെത്തിച്ചേർന്നു.
നമ്മുടെ മൂന്നാർ ടൗണിന്റെയൊക്കെ ഒരു ചെറുപതിപ്പായിട്ടാണ് തോന്നിയത്. ഹോസ്റ്റലിൽ ബാഗ് വെച്ച് ഭക്ഷണം കഴിക്കാനിറങ്ങി. ആദ്യമായി ശ്രീലങ്കയുടെ തനതുഭക്ഷണം രുചിച്ചുനോക്കാൻ പോകുന്നത് ഇപ്പോഴാണ്. മറ്റൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല, ഇവരുടെ ദേശീയഭക്ഷണമായ കൊത്തുപൊറോട്ട തന്നെ കണ്ണുംപൂട്ടി ഓർഡർ ചെയ്തു. വെജ്, മുട്ട, ചിക്കൻ എന്നിങ്ങനെ പല വെറൈറ്റികളിൽ ‘കൊത്തു’ എന്ന ഓമനപ്പേരിലുള്ള ഈ സാധനം ലഭിക്കും. ഒന്നും പറയാനില്ല, നല്ല തറവാടി ഐറ്റം. കുറച്ചധികം ഉണ്ടായിരുന്നതിനാൽ കഷ്ടപ്പെട്ടാണ് കഴിച്ചുതീർത്തത്.
തലേന്ന് കൊതിപ്പിച്ച് കടന്നുകളഞ്ഞ ഉറക്കം മുതലും പലിശയും ചേർത്ത് ഉറങ്ങിത്തീർക്കാൻ ചെന്ന ഞാൻ പെട്ട്. ഡോർമെട്രി ഹോസ്റ്റൽ മുറിയിൽ എന്നെക്കൂടാതെ ഉള്ളവരെയെല്ലാം പരിചയപ്പെട്ടും കൊച്ചുവർത്തമാനം പറഞ്ഞും സമയം അതിന്റെ വഴിക്ക് പൊയ്ക്കൊണ്ടിരുന്നു. യൂറോപ്പിലെ പല രാജ്യങ്ങളിൽനിന്നുള്ളവരാണ് എല്ലാവരും. 3 പേർ പെൺകുട്ടികളും രണ്ട് ആൺകുട്ടികളും. അങ്ങനെ എല്ലാവരും പരിചയപ്പെട്ട് കൂട്ടായി പിറ്റേന്ന് വെളുപ്പിനെ ഒരിടത്തേക്ക് പോവാനും പ്ലാനിട്ടു, അതും 5 കിലോമീറ്ററോളം നടന്നിട്ട്. സബാഷ്, എന്റുറക്കം വീണ്ടും ഗോവിന്ദാ. സത്യം പറഞ്ഞാൽ ഞാൻ മാത്രം വരുന്നില്ല എന്നു പറയാൻ തോന്നിയില്ല. കാരണം ഇതൊക്കെയൊരു പ്രത്യേക അനുഭവമാണ് യാത്രകളിൽ.
അങ്ങനെ വെളുപ്പാൻകാലത്ത് 5 മണിക്ക് മൊബൈൽ ടോർച്ചിന്റെ വെളിച്ചത്തിൽ ഞങ്ങൾ നടത്തം ആരംഭിച്ചു. എല്ലയിലെ ഉയരംകൂടിയ സ്ഥലമായ ലിറ്റിൽ ആദംസ് പീക് ആണ് ലക്ഷ്യം. ഇതിന്റെ മണ്ടയിൽനിന്നുകൊണ്ട് ഉറക്കച്ചടവിൽ സൂര്യൻജി എണീറ്റ് വരുന്നത് കാണണം അയ്‌നാണ്. സംഭവം കുറച്ച് നടന്നലച്ച് കയറാനുണ്ടെങ്കിലും ഇവിടെയെത്തുന്ന എല്ലാരുംതന്നെ പോകാറുണ്ട്. അമ്മാതിരി കിടിലോസ്‌കി കാഴ്ചയാണ് മുകളിൽനിന്നുള്ളത്, സൂര്യോദയം കൂടിയാവുമ്പോ പൂർത്തിയാവും. ഹൈക് ചെയ്ത് മുകളിലെത്തി അടുത്തുള്ള ഒന്നുരണ്ട് കുന്നുകളിലേക്കും കയറാൻ പറ്റും. ഒന്നിൽ രണ്ട് ബുദ്ധപ്രതിമകളൊക്കെ സ്ഥാപിച്ചിട്ടുണ്ട്. നമ്മുടെ നാടിന്റെ തനിപതിപ്പായ ശ്രീലങ്കയിൽ ബുദ്ധമതക്കാരാണ് ഭൂരിഭാഗവും എന്നറിയുമ്പോൾ സത്യത്തിൽ അത്ഭുതം തോന്നാം.
സഹമുറിയന്മാരെല്ലാം ഇവിടെവെച്ച് കൈകൊടുത്ത് പിരിഞ്ഞ് വേറെ വഴിക്കുപോയി. ഞാൻ കുന്നൊക്കെയിറങ്ങി ചെന്നപ്പോ അതാ ടൗണിലേക്കുള്ളൊരു ബസ് വരുന്നു, അതിൽ ചാടിക്കയറി ടൗണിലെത്തി. ഇവിടെത്തന്നെയുള്ള റെയിൽവേ സ്റേഷനിലേക്കാണ് നേരെ പോയത്. ഉച്ചയ്ക്കുശേഷം ലോകത്തിലെ തന്നെ മനോഹരമായ ട്രെയിൻ റൂട്ടുകളിൽ ഒന്നിലൂടെയുള്ള യാത്രയ്ക്കായുള്ള ടിക്കറ്റെടുത്തു വെച്ചു.
ബ്രെയ്ക്ഫാസ്റ്റ് കഴിച്ച് ഉച്ചവരേയ്ക്ക് റെന്റിന് സ്കൂട്ടർ ഒരെണ്ണം കൈക്കലാക്കി. എല്ലയിലെ എന്നല്ല ശ്രീലങ്കൻ ടൂറിസത്തിന്റെ തന്നെ ഐകോണിക് ഇമേജ് ആയ Nine Arch Bridge കാണുന്നതിനുള്ള പോക്കാണ് ഇനി. എല്ല ടൗണിൽനിന്നും മനോഹരമായ കാട്ടുവഴികളിലൂടെ നടന്ന് ഇവിടേക്കെത്താമെങ്കിലും സമയപരിധി മൂലമാണ് വണ്ടിയെടുത്തത്. 9 ആർച്ചുകളോടുകൂടിയ 30 മീറ്റർ ഉയരത്തിലുള്ള മനോഹരമായ റെയിൽവേ പാലമാണിത്. ചെറുവനത്തിനുള്ളിൽ, അരികെ തേയിലത്തോട്ടങ്ങളുമൊക്കെയായി നിലകൊള്ളുന്ന ഈ പാലം കാണാൻ സഞ്ചാരികളുടെ തിരക്കാണ്. പ്രത്യേകിച്ച് ഓരോ ദിവസവും ഇതിലൂടെ ട്രെയിൻ കടന്നുപോകുന്ന നിശ്ചിതസമയങ്ങളിൽ.
ഞാനും അരമണിക്കൂറോളം നിന്ന് ആ ഒരു സുന്ദരദൃശ്യം ക്യാമറയിലും മനസിലും പകർത്തിയതാണ് ഇവിടംവിട്ടത്. ഉച്ചയാവാൻ ഇനിയും സമയം ബാക്കിയുള്ളതിനാൽ ഇവിടുത്തെ മറ്റൊരു ആകർഷണമായ രാവണ ഫാൾസ് കാണാൻ പുറപ്പെട്ടു. 8 കിലോമീറ്ററോളം മലമ്പാതയിലൂടെ സഞ്ചരിച്ചുവേണം ഇവിടേക്കെത്താൻ. വളരെ മുകളിൽനിന്നും വരുന്ന ഈ വെള്ളച്ചാട്ടത്തിന്റെ ഭംഗി കുറച്ചുസമയം ആസ്വദിച്ച് വണ്ടിയും തിരികെ കൊടുത്ത് റെയിൽവേസ്റ്റേഷനിലെത്തി. ഈയൊരു കുട്ടിസ്റ്റേഷന്റെ മൊത്തത്തിലുള്ള ആമ്പിയൻസ് കിടുവാണ്.
ശ്രീലങ്കയിലെ എല്ല എന്ന ഈ സുന്ദരിക്കുട്ടിയുടെ അടുത്തുനിന്നും കാൻഡി എന്ന മറ്റൊരു പട്ടണത്തിലേക്കുള്ള 6 മണിക്കൂർ ട്രെയിൻ യാത്ര തികച്ചും അവിസ്മരണീയമാണ്. ശ്രീലങ്കയിലെത്തി ഈയൊരു യാത്ര നടത്താതെ പോകുന്ന സഞ്ചാരികൾക്ക് മാപ്പില്ല. ശ്രീലങ്കയിലെ ഏത് റെയിൽവേസ്റ്റേഷനിൽനിന്ന് വേണമെങ്കിലും ട്രെയിൻ ടിക്കറ്റ് ബുക് ചെയ്യാം. ദിവസേനയുള്ള മൂന്നോ നാലോ സർവീസുകൾ തീർന്നതിനാൽ ടൂറിസ്റ്റുകൾക്കായി പ്രത്യേകം ഒരു ഫുൾ AC ട്രെയിനിനാണ് ടിക്കറ്റ് കിട്ടിയത്. തണുപ്പും മഞ്ഞും നിറഞ്ഞ ഈ പാതയിലൂടെ AC ട്രെയിൻ ഓടിക്കുന്നവനെ മടലെടുത്ത് തല്ലണം. വേറെ നിവൃത്തിയില്ലാത്തതുകൊണ്ടാണ് ഇതെടുത്തത്. മുഴുവൻ സമയമവും സീറ്റിലിരിക്കാതെ രണ്ട് ബോഗിയുടെ ഇടയിലുള്ള വാതിലിനടുത്ത് മനം മയക്കും കാഴ്ചകളും കണ്ട് ശുദ്ധവായു ശ്വസിച്ച് ഇരിക്കുകയായിരുന്നു.
മണിക്കൂറുകളോളം കാടിന് നടുവിലൂടെ, അനേകം തുരംഗങ്ങളൊക്കെ കടന്ന് മഞ്ഞുപുതച്ച മലനിരകളിലൂടെ, പൈന്മരങ്ങൾക്കും തേയിലത്തോട്ടങ്ങൾക്കും ചെറു ഗ്രാമങ്ങൾക്കുമിടയിലൂടെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളുമായി ഒരു യാത്ര. ലോകത്തിലേക്കും മനോഹരമായ ട്രെയിൻ റൂട്ടുകളിലൊന്നാണെന്ന് ഇതിനെ പറയുന്നതിൽ തെല്ലും അതിശയോക്തിയില്ല. സന്ധ്യയോടുകൂടി കാൻഡി പട്ടണത്തിലെത്തിച്ചേർന്നു. റെയിൽവേസ്റ്റേഷനിൽനിന്നും ഒരു ഓട്ടോ വിളിച്ച് ഹോസ്റ്റലിലെത്തി. ശ്രീലങ്കൻ യാത്രയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് നമ്മുടെ സ്വന്തം ഓട്ടോറിക്ഷ. നാട്ടിലെപ്പോലെ ന്യായമല്ലാത്ത നിരക്ക് വാങ്ങുന്ന പരിപാടി ഇവിടെയുമുണ്ട്. അതുകൊണ്ടുതന്നെ pickme എന്ന ആപ്പ്ളിക്കേഷൻ വഴി സിമ്പിളായി ഓട്ടോ വിളിക്കുന്നതാണ് ഉചിതം. ഓട്ടോറിക്ഷയെ ഇവർ സ്നേഹത്തോടെ ‘ടുക് ടുക്’ എന്നാണ് വിളിക്കുന്നത്
പിറ്റേന്ന് രാവിലെതന്നെ കാൻഡിയിലെ പ്രശസ്തമായ Temple of the Sacred Tooth Relic ലേക്കെത്തി. പേരുപോലെതന്നെ വളരെ പവിത്രമായി നിലകൊള്ളുന്ന ക്ഷേത്രമാണിത്. ബുദ്ധന്റെ പല്ലിന്റെ ഒരുകഷ്ണം ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. വിശേഷ അവസരങ്ങളിൽ മാത്രമാണ് ഇത് പുറത്തെടുക്കുന്നത്. മുൻപ് മ്യാന്മറിലും സിംഗപ്പൂരും ഇതേ സംഭവം അവിടങ്ങളിലെ ക്ഷേത്രത്തിലും കണ്ടിരുന്നു, മൂപ്പര് പോകുന്നിടത്തെല്ലാം പല്ല് ദാനം ചെയ്യുന്നതെന്തിനാണാവോ. ആ എന്തേലുമാവട്ടെ, നമ്മള് മാന്യമായ രീതിയിൽ വസ്ത്രം ധരിച്ച് അലമ്പൊന്നുമുണ്ടാക്കാതെ വേണം ഇവിടം സന്ദർശിക്കാൻ, എന്തോ പൂജയുടെ സമയത്ത് എത്തിയതിനാൽ ലോക്കൽസിന്റെ തിരക്കായിരുന്നു ഞാൻ ചെല്ലുമ്പോൾ.
ഈ ക്ഷേത്രത്തോട് തൊട്ടുചേർന്നാണ് മനോഹരമായ കാൻഡി ലേക്ക് സ്ഥിതി ചെയ്യുന്നത്. അതിന്റെ ഓരത്തുകൂടി നടന്ന് റോഡിലെത്തി ഓട്ടോ വിളിച്ച് ബസ് സ്റ്റാൻഡിലേക്ക്. കാൻഡിയിൽനിന്നും രണ്ടര മണിക്കൂർ യാത്ര ചെയ്ത് Dambulla എന്ന സ്ഥലത്താണ് അടുത്തതായി എത്തിയത്. എല്ലാരും പോകുന്ന ഇവിടുത്തെ ഗുഹാക്ഷേത്രം സന്ദർശിക്കാനൊന്നും സമയമുണ്ടായിരുന്നില്ല. ഉദ്ദേശം ഒന്നുമാത്രമാണ്, പ്രശസ്തമായ സിഗിരിയ ലയൺ റോക്ക് കാണണം പോണം. ഡംബുള്ളയിൽ ബുക് ചെയ്തിരുന്ന ഹോസ്റ്റലിൽ ബാഗ് വെച്ച് സിഗിരയ്ക്കുള്ള ലോക്കൽ ബസിൽ കയറി. അരമണിക്കൂർ യാത്രയുണ്ട് അവിടേക്ക്.
ഉച്ചയ്‌ക്കു ശേഷമാണ് ഇവിടേക്കെത്തുന്നത്. 30$ ആണ് സിഗിരിയ സന്ദർശിക്കുന്നതിനുള്ള ടിക്കറ്റ് നിരക്ക്. പക്ഷെ ഇന്ത്യയുൾപ്പെടുള്ള സാർക്ക് രാജ്യങ്ങളിലെ ആളുകൾക്ക് ശ്രീലങ്കയിൽ എൻട്രൻസ് ടിക്കറ്റുള്ള എല്ലായിടങ്ങളിലും പകുതി പൈസയെ കൊടുക്കേണ്ടൂ, അതുകൊണ്ട് പാസ്പോർട്ട് എപ്പോഴും കയ്യിൽ കരുതണം. തിരക്കുപിടിച്ച് ഇറങ്ങിയപ്പോ പാസ്പോർട്ട് എടുക്കാൻ മറന്ന എന്റെ കൈയീന്ന് മുഴുവൻ പൈസയും എണ്ണിമേടിച്ചു, ഫോണിൽ കോപ്പി കാണിച്ചിട്ടൊന്നും ഒരു കാര്യവുമില്ല.
വളരെയധികം പ്രത്യേകതകളുള്ള സ്ഥലമായിരുന്നു സിഗിരിയ. വലിയൊരു പ്രദേശത്തിന് ചുറ്റുമായി കിടങ്ങും വമ്പൻ കോട്ടയും പൂന്തോട്ടങ്ങളും നടുവിൽ 200 മീറ്റർ ഉയരത്തിലെ യമണ്ടൻ പാറയ്ക്കുമുകളിൽ കൊട്ടാരവും, ഈയൊരു പാറയുടെ വശങ്ങളിൽ മനോഹരങ്ങളായ ചുവർചിത്രങ്ങളും അങ്ങനെ പോകുന്നു ഇതിന്റെ വിശേഷണങ്ങൾ. അഞ്ചാം നൂറ്റാണ്ടിൽ കശ്യപൻ എന്ന രാജാവ് പണിതതാണ് ഈ മനോഹര പ്രദേശം. അനുരാധപുര എന്ന തലസ്ഥാന നഗരിയിൽവെച്ച് സ്വന്തം തന്തപ്പടിയെ കൊന്ന് സാമ്രാജ്യം പിടിച്ചെടുത്തു, എന്നിട്ട് ശെരിക്കുള്ള അടുത്ത അവകാശിയായ സഹോദരൻ പ്രതികാരം ചെയ്യുമെന്നു പേടിച്ച് ഈപറഞ്ഞ സിഗിരിയയിൽ എത്തി കൂടുതൽ സുരക്ഷിതമായ പുതിയ തലസ്ഥാനനഗരം സെറ്റപ്പാക്കിയെടുത്തു.
സംഭവം പുള്ളി കാണിച്ചത് തെണ്ടിത്തരം ആണെങ്കിലും അതുകൊണ്ട് ഇതുപോലൊരു കിടിലൻ സ്ഥലം രൂപംകൊണ്ടു. ഭൂരിഭാഗവും തകർന്നുപോയെങ്കിലും അന്നത്തെ ആ മഹത്സൃഷ്ടികളുടെയെല്ലാം ശേഷിപ്പുകൾ നമുക്കിവിടെ കാണാം. ഭീമൻ പാറയുടെ മുകളിൽവരെ കയറിയിറങ്ങുക എന്നത് കുറച്ചു അധ്വാനം വേണ്ട പണിയാണ്, ക്ഷീണിച്ച് ഊപ്പാടിളകും. 3 മണിക്കൂറെങ്കിലും വേണം ഇവിടം മൊത്തം കണ്ടുതീർക്കാൻ. മുകളിലേക്ക് കയറുന്നവഴി പഴയ ചുവർചിത്രങ്ങൾ കാണാനുള്ള സൗകര്യവും ഉണ്ട്. പകുതി കയറി എത്തിയാലുള്ള സമതലഭാഗത്തുനിന്നും വീണ്ടും മുകളിക്കുള്ള വഴി വലിയൊരു സിംഹത്തിന്റെ രൂപത്തിൽ ഉണ്ടാക്കിവെച്ചിട്ടുണ്ട്. ഈ സ്ഥലത്തിന്റെ പേരിലെ ഗുട്ടൻസും ഇതാണ്.
സിംഹഗിരി അഥവാ Lion rock ആണ് പിന്നീട് സിഗിരിയ എന്ന പേരിലേക്കെത്തിയത്. കഷ്ടപ്പെട്ട് ഏറ്റവും മുകളിൽ വലിഞ്ഞുകയറിയാൽ നമ്മൾ അത്ഭുതപ്പെട്ടുപോകും എങ്ങനെ ഇത്ര ഉയരത്തിൽ ഒരു കൊട്ടാരം പണിതെടുത്തു എന്ന്, ഒരു നീന്തൽക്കുളം വരെയുണ്ട്. എത്രയോ മനുഷ്യരുടെ അധ്വാനം ആയിരുന്നിരിക്കണം. മുകളിൽനിന്നുള്ള 360 വ്യൂ ഒരു രക്ഷയുമില്ല. സന്ധ്യ ആവാറായതിനാൽ സൂര്യാസ്തമയംകൂടി കണ്ടാണ് മടങ്ങിയത്. ഡംബുള്ള – സിഗിരിയ റൂട്ടിലെ ബസുകൾ 6 മണി വരെയേ ഉള്ളതിനാൽ തിരിച്ച് ഓട്ടോ വിളിക്കേണ്ടി വന്നു.
ഡംബുള്ളയിലെ ഹോസ്റ്റലെത്തി, അതിന്റെ ഓണർ സംസാരിച്ച് മുട്ടൻ കമ്പനി. അവസാനം എന്നെം കൊണ്ട് അടുത്തുള്ള നല്ല ഭക്ഷണം കിട്ടുന്ന കടയിലെത്തി ഓർഡർ ചെയ്യാൻ വരെ സഹായിച്ചു. സിഗിരിയ കയറിയ ക്ഷീണം കാരണം നല്ല പോളിംഗ് ആയിരുന്നു. നമ്മുടെ പോലെ ചോറും പല കറികളും തന്നെയാണ് ശ്രീലങ്കയിലെയും പ്രധാനഭക്ഷണം. തേങ്ങാച്ചമ്മന്തി മസ്റ്റ് ആണിവർക്ക്. അതുപോലെ തേങ്ങാപ്പീരയിട്ട മീനും സൂപ്പറായിരുന്നു. നോൺവെജ് കറികളിലൊക്കെ എണ്ണയുടെ അതിപ്രസരവും നല്ല സൊയമ്പൻ എരിവും ആണ്.
അവസാനദിവസമായ പിറ്റേന്ന് രാവിലെ 6 മണിക്കുമുമ്പുതന്നെ ഇവിടുന്ന് കൊളംബോയ്ക്കുള്ള ബസ് പിടിച്ചു. 4 മണിക്കൂർ യാത്രയുണ്ട്. വെറും 2 മണിക്കൂർ മാത്രമേ കൊളംബോ കറങ്ങാൻ സമയമുള്ളൂ, രണ്ടരയ്ക്ക് തിരിച്ചുള്ള ഫ്ലൈറ്റ് പിടിക്കണം. കൊളംബോയിലെ Pettah എന്നയിടത്തെ തെരുവുകളിലൂടെ വെറുതെ തെക്കുവടക്ക് നടന്നു. ഇവിടെയുള്ള കിടിലനൊരു പള്ളി കാണാൻ കയറി. റെഡ് മസ്ജിദ്. ചുവപ്പും വെള്ളയും നിറക്കൂട്ടുകളുടെ പൊലിമയിൽ മനോഹരമായൊരിടം. അങ്ങനെ മൂന്നര ദിവസത്തെ ശ്രീലങ്കൻ ഓട്ടപ്രദക്ഷിണത്തിന് തിരശീലയിട്ടുകൊണ്ട് ഷട്ടിൽ ബസിൽ കയറി എയർപോർട്ടിലേക്ക്.
Expenses in INR : Bus (total) – 550, Tuk Tuk (total) – 830, Train ticket – 580, Simcard – 310, Wale watching – 3600, Sigiriya ticket – 2100 (actual 1050), Kandy temple – 300, Bike rent – 350, 3 night stay – 1300, Food – 700. AC അല്ലാത്ത ട്രെയിനും സിഗിരിയയിൽ പാസ്‌പോർട്ടും എടുത്തിരുന്നെങ്കിൽ പതിനായിരം പോലും ആവൂല്ലാരുന്നു.